Home/Engage/Article

ഡിസം 08, 2022 367 0 കെ.ജെ. മാത്യു
Engage

സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ?

ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്‍റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന് മുദ്ര കുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവപുത്രന്‍റെ വരവോടെ ചിത്രം മാറി. പരമ്പരാഗതമായ ദൈവസങ്കല്പങ്ങളെ പൊളിച്ചെഴുതിയ യേശുക്രിസ്തു, ദൈവം ആഢ്യവര്‍ഗത്തിന്‍റെമാത്രം സ്വത്തല്ലെന്നും ഏത് സാധാരണക്കാരനും ദൈവസന്നിധിയില്‍ സ്വീകാര്യനാണെന്നും പ്രഖ്യാപിച്ചു. ആചാരങ്ങളില്‍നിന്ന് ആന്തരികസത്തയിലേക്കുള്ള ഒരു പ്രയാണമാണ് പ്രധാനപ്പെട്ടത് എന്ന് യേശു പഠിപ്പിച്ചു.

സാധാരണക്കാരായ നമുക്ക് ദൈവികദര്‍ശനം സാധ്യമാണെങ്കില്‍ അതിനുവേണ്ടി നാമെന്താണ് ചെയ്യേണ്ടത്? ഉത്തരം ലളിതമാണ്. പരിശുദ്ധനായ ദൈവത്തിന്‍റെ പരിശുദ്ധിക്ക് ചേര്‍ന്നൊരു ജീവിതത്തെ സ്വന്തമാക്കുക. എന്നാല്‍ എന്താണ് വിശുദ്ധി? അതിന് ചില പടികള്‍ കര്‍ത്താവുതന്നെ സൂചിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത് വായുടെ അല്ലെങ്കില്‍ അധരങ്ങളുടെ വിശുദ്ധിയാണ്. ബാഹ്യമായ ക്ഷാളനത്തിന് പ്രാധാന്യം നല്കിയിരുന്നവരെ തിരുത്തിക്കൊണ്ട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: “വായിലേക്ക് പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്” (മത്തായി 15/11).

വിശുദ്ധിയില്‍ ജീവിക്കുവാനാഗ്രഹിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ട ആദ്യത്തെ കാര്യം അവന്‍റെ അധരങ്ങളെ മാലിന്യമുക്തമാക്കുക എന്നതത്രേ. അതുകൊണ്ടാണല്ലോ ദൈവികദര്‍ശനത്തിന് യോഗ്യതയില്ലാത്ത അശുദ്ധമായ അധരങ്ങളുള്ള ഒരു ദുര്‍ഭഗനാണ് താനെന്ന് വിലപിച്ച ഏശയ്യായുടെ അടുത്തേക്ക് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി സെറാഫുകളിലൊന്നിനെ ദൈവം അയച്ചത്. ഏശയ്യായുടെ അധരങ്ങളെ തീക്കനല്‍കൊണ്ട് വിശുദ്ധീകരിക്കുന്ന ആ സെറാഫ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക: “ഇത് നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു.”

നാവിന്‍റെ ദുരുപയോഗമാണ് പലപ്പോഴും നമ്മെ അശുദ്ധിയിലേക്ക് നയിക്കുന്നത്. അത് ആത്മപ്രശംസയില്‍നിന്നാരംഭിച്ച് പരദൂഷണത്തിലേക്കും അശുദ്ധ ഭാഷണത്തിലേക്കും എത്തിക്കുന്നു. ഇതുവഴി എത്രയോ പേരുടെ സല്‍പേര് നശിച്ചിട്ടുണ്ട്. സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇതിനാല്‍ നരകതുല്യമായി മാറിയിട്ടുണ്ട്. ‘നാവ് തീയാണ്’ എന്ന് വിശുദ്ധ യാക്കോബ് നമ്മെ അനുസ്മരിപ്പിക്കുന്നു. തീ നല്ലതാണ്, അതിന് പല നല്ല ഗുണങ്ങളുമുണ്ട്. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ അത് വലിയ നാശത്തിന് കാരണമാകും. ഇതുപോലെതന്നെയാണ് നാവും. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ അത് വലിയ അനുഗ്രഹത്തിന് നിദാനമാകും. എന്നാല്‍ ദുരുപയോഗിച്ചാലോ വലിയ വിപത്തിലേക്ക് നയിക്കുകയും ചെയ്യും.

ശരീരം മുഴുവനെയും മലിനമാക്കുവാന്‍ നാവിന് സാധിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഉചിതമായ മൗനം പാലിക്കുവാന്‍ ശീലിക്കുന്നവനാണ് മുനി. അങ്ങനെയുള്ള ഒരാളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരമാണ് പറയുന്നത്: “സംസാരിക്കേണ്ടത് എപ്പോഴെന്ന് അറിയാവുന്നതുകൊണ്ട് മൗനം പാലിക്കുന്നവനുമുണ്ട്. ഉചിതമായ സമയം വരെ ബുദ്ധിമാന്‍ മൗനം പാലിക്കും” (പ്രഭാഷകന്‍ 20/7). സമയനോട്ടമില്ലാതെ സംസാരിക്കുന്നവന്‍ പൊങ്ങച്ചക്കാരനും ഭോഷനുമാണെന്ന് ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

അതിനാല്‍ മിതഭാഷണം ഒരു ജീവിതശൈലിയാക്കുക. അത് ഒരു വ്യക്തിയെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കും. കാരണം ദൈവം പറയുന്നത് കേള്‍ക്കുവാനും ദൈവത്തോട് സംസാരിക്കുവാനും അവന് സമയം കണ്ടെത്തുവാന്‍ സാധിക്കുന്നു. അങ്ങനെ ദൈവത്തിനായി സമയം നല്കി കാത്തിരിക്കുന്ന ഒരാളെ ദൈവം തന്‍റെ ജ്ഞാനത്താല്‍ അനുഗ്രഹിക്കും. ജ്ഞാനത്തെക്കുറിച്ച് ഇപ്രകാരം ദൈവവചനം അറിയിക്കുന്നു: “അത്യുന്നതന്‍റെ നാവില്‍നിന്ന് പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു” (പ്രഭാഷകന്‍ 24/3).

ഭൂമിയെ ആവരണം ചെയ്യുന്ന ജ്ഞാനം ആരില്‍ വിശ്രമസങ്കേതം കണ്ടെത്തണമെന്ന് ആലോചിക്കുന്നു. അപ്പോള്‍ ദൈവം കല്പന കൊടുക്കുന്നു: “യാക്കോബില്‍ വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക” (പ്രഭാഷകന്‍ 24/8). മറ്റുള്ളവരെക്കാള്‍ ദൈവത്തിന് പ്രഥമസ്ഥാനം നല്കുന്ന, ദൈവത്തിന്‍റെ സ്വന്തമായ ഇസ്രായേലായി മാറുന്ന ഒരുവനിലാണ് ദൈവികജ്ഞാനം വസിക്കുന്നതും വളരുകയും ചെയ്യുന്നത്. ആ വ്യക്തിക്ക് ക്രമാനുസൃതമായ ഒരു വളര്‍ച്ച ജ്ഞാനം നല്കുന്നുണ്ട്: “ഞാന്‍ എന്‍റെ ഉപവനം നനയ്ക്കുകയും തോട്ടം കുതിര്‍ക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞു. ഇതാ, എന്‍റെ തോട് നദിയായി, എന്‍റെ നദി സമുദ്രമായി” (പ്രഭാഷകന്‍ 24/31). തോട് നദിയായും നദി സമുദ്രമായും മാറുന്നതുപോലെയുള്ള ഒരു അതിശയകരമായ ആത്മീയവളര്‍ച്ച ദൈവത്തിനായി സമയം നീക്കിവയ്ക്കുന്ന ഒരു വ്യക്തിക്ക് സംലഭ്യമാകും, തീര്‍ച്ചതന്നെ.

ഈ ബാഹ്യനിശബ്ദത ഒരു ആന്തരികനിശബ്ദതയുടെ അടയാളമായിരിക്കണം. ദൈവികദര്‍ശനത്തിന് കുറെക്കൂടെ ആഴമായ ഒരു പരിവര്‍ത്തനത്തിലേക്ക് ദൈവം നമ്മെ നയിക്കുന്നുണ്ട്. അത് ഹൃദയത്തിന്‍റെ തലത്തിലുള്ള ഒരു സമൂലമായ രൂപാന്തരീകരണമാണ്. ഹൃദയത്തിലുള്ളതാണ് അധരങ്ങളിലൂടെ പുറത്തുവരുന്നത്. “എന്നാല്‍ വായില്‍നിന്ന് വരുന്നത് ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്. ദുഷ്ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍നിന്നാണ് പുറപ്പെടുന്നത്” (മത്തായി 15/18-19).

യഹൂദപ്രമാണികള്‍ ബാഹ്യമായ വിശുദ്ധി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഹൃദയത്തിന്‍റെ തലത്തിലുള്ള ഒരു മാറ്റത്തിന് അവര്‍ ഒരിക്കലും തയാറാകാതിരുന്നതിനാല്‍ അവര്‍ക്ക് യഥാര്‍ത്ഥ ദൈവികദര്‍ശനം അന്യമായി. അതിനാല്‍ ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നവയുഗ ദൈവമക്കള്‍ ഒരു ആന്തരികമാറ്റത്തിനായി അനുദിനം തീവ്രമായി അഭിലഷിക്കേണ്ടതുണ്ട്. ദൈവത്തിന്‍റെ കൃപ സമൃദ്ധമായി ലഭിച്ചാലേ ഈ ആന്തരികപരിണാമം നടക്കുകയുള്ളൂ. കാരണം പാപത്തില്‍ ജനിക്കുകയും പാപസാഹചര്യങ്ങളില്‍ വസിക്കുകയും ചെയ്യുന്ന നമുക്ക് അശുദ്ധിയിലേക്ക് ഒരു ചായ്ച്ചിലുണ്ട്. അതിനാല്‍ ദൈവപുത്രന്‍ തന്നെ അതിന് മുന്‍കൈ എടുക്കണമേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കുക. “യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല” (യോഹന്നാന്‍ 13/8).

പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പാപപങ്കിലമായ നമ്മുടെ ഹൃദയത്തെ പ്രതിഷ്ഠിക്കാം. അമ്മയുടെ അതിശക്തമായ മധ്യസ്ഥംവഴി രക്ഷകനായ യേശുവും അവിടുത്തെ പരിശുദ്ധാത്മാവും നമ്മെ അനുദിനം വിശുദ്ധീകരിക്കുമ്പോള്‍ അവിടുത്തെ സ്വപ്നം പൂവണിയും: “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5/8).

നമുക്ക് പ്രാര്‍ത്ഥിക്കാം

“പരിശുദ്ധാരൂപിയേ, എന്‍റെ ഹൃദയത്തിലേക്ക് വരണമേ. അതിനെ ജ്ഞാനത്താല്‍ പ്രകാശിപ്പിക്കണമേ. അങ്ങനെ ഞാന്‍ ദൈവത്തിന്‍റെ കാര്യങ്ങള്‍ കാണട്ടെ. പരിശുദ്ധാരൂപിയേ, എന്‍റെ മനസിലേക്ക് വരണമേ, ഞാന്‍ ദൈവത്തെപ്പറ്റി അറിയട്ടെ. പരിശുദ്ധാരൂപിയേ, എന്‍റെ ആത്മാവിലേക്ക് വരണമേ; അങ്ങനെ ഞാന്‍ ദൈവത്തിന്‍റേത് മാത്രമായിരിക്കട്ടെ. ഞാന്‍ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം വിശുദ്ധീകരിക്കണമേ. അവയെല്ലാം ദൈവമഹത്വത്തിനായി ഭവിക്കട്ടെ.

ഓ, മറിയമേ, എന്‍റെ ഹൃദയത്തെ അവിടുത്തേതുപോലെ രൂപപ്പെടുത്തണമേ” (വിമലഹൃദയപ്രതിഷ്ഠാപ്രാര്‍ത്ഥനയില്‍നിന്നും).

Share:

കെ.ജെ. മാത്യു

കെ.ജെ. മാത്യു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles