Trending Articles
ദൈവവുമായുള്ള സ്ഥായിയായ ബന്ധം ഒരു ആത്മീയമനുഷ്യന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് അവന്റെ ആത്മീയജീവനെ നിലനിര്‍ത്തുന്ന പ്രാണവായുവാണ്. ആ ബന്ധം കുറയുകയോ ഉലച്ചില്‍ തട്ടുകയോ ചെയ്യുമ്പോഴൊക്കെ അവന്‍ ജീവവായു കുറയുന്നതുമൂലം പിടയേണ്ടിവരും. ഇതൊക്കെ നമുക്കറിയാവുന്ന കാര്യമാണെങ്കിലും ജീവിതവ്യഗ്രത നമ്മെ ഗ്രസിക്കുമ്പോള്‍ പ്രാര്‍ത്ഥനയോടുള്ള ആഭിമുഖ്യം കുറയും, പിന്നെ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്ന സമയം പാഴാണെന്ന ചിന്ത വളര്‍ന്നുവരും. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് നീക്കിവച്ചുകൊണ്ടിരിക്കുന്ന സമയംപോലും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്ന അപകടാവസ്ഥയില്‍ എത്തിച്ചേരും. ഇതിനിടയില്‍ ദൈവം നല്‍കുന്ന ചില അപായസൂചനകളെ അവഗണിച്ചുകൊണ്ടും സ്വയം ന്യായീകരണം നടത്തിയുമായിരിക്കും നാം മുന്നോട്ടുപോകുന്നത്. ദൈവത്തിന്റെ വലിയ കൃപ ലഭിക്കുവാന്‍ ഇടവന്നാല്‍ മാത്രമേ ഇത് തിരിച്ചറിയുവാനും തിരുത്തുവാനും സാധിക്കുകയുള്ളൂ.
ഈ മേഖലയില്‍ എനിക്കുണ്ടായ ഒരു പരാജയം പങ്കുവയ്ക്കട്ടെ. വിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് കുറച്ചുസമയം ഉള്ളില്‍ വന്ന ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഒരു പതിവ് എനിക്കുണ്ടായിരുന്നു. അതിനുശേഷം ‘ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, അങ്ങ് എന്റെ സ്‌നേഹമായിരിക്കണമേ’ എന്ന തിരുഹൃദയ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. അതിനാല്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തുവാന്‍ അല്പസമയം കൂടുതലെടുക്കും. എല്ലാ ദിവസവും ശാലോമില്‍ പോകുന്നതിനുമുമ്പ് ഏതാണ്ട് അരമണിക്കൂറെങ്കിലും വീടും പരിസരങ്ങളും അടിച്ചുവാരുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യാറുണ്ട്.
വീട് കര്‍ത്താവിന്റേതാകയാല്‍ കര്‍ത്താവിന്റെ മഹത്വത്തിനും ആനന്ദത്തിനുംവേണ്ടി എന്ന നിയോഗത്തോടെയാണ് അത് ചെയ്തുവരുന്നത്. ഒരു ദിവസം എന്റെ മനസില്‍ ഒരു പ്രലോഭനചിന്ത ഉണ്ടായി. വളരെ യുക്തിപൂര്‍വമായി എന്റെ മനസിനെ കീഴടക്കുന്ന നിലയിലായിരുന്നു അത്. എന്തിനാണ് ദൈവാലയത്തില്‍ അഞ്ചുമിനിട്ട് കൂടുതലെടുക്കുന്നത്. നേരത്തേ പോയാല്‍ ജോലിയെല്ലാം ഭംഗിയായി തീര്‍ത്ത് നേരത്തെ ശാലോമില്‍ എത്താമല്ലോ. എന്നാല്‍ പ്രാര്‍ത്ഥന മുടക്കേണ്ടതില്ല. ശാലോമിലേക്ക് പോകുന്ന വഴിയില്‍ വാഹനത്തിലിരുന്ന് ചൊല്ലിയാല്‍ മതിയല്ലോ. എത്ര യുക്തിഭദ്രമായ ചിന്ത. ഇതൊരു പ്രലോഭനമാണെന്നുപോലും തോന്നുകയില്ല. അതില്‍ ഞാന്‍ വീണുപോയി.
ആദ്യദിവസം പോകുന്ന വഴിക്ക് പ്രാര്‍ത്ഥന ചൊല്ലി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞാനതു ചെയ്തില്ല.
മനഃപൂര്‍വമല്ല, ഓര്‍ത്തില്ലെന്നുമാത്രം. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര നേരത്തേ ശാലോമില്‍ എത്തിയില്ല എന്നുമാത്രമല്ല, ചിലപ്പോള്‍ അല്പം താമസിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഈ കെണി തിരിച്ചറിയുവാന്‍ കര്‍ത്താവ് കൃപ നല്‍കിയത്. ഞാന്‍ അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥന കൂടുതല്‍ സ്‌നേഹത്തോടെ ചൊല്ലി. വീട്ടിലെത്തി ജോലികള്‍ ചെയ്യാനാരംഭിച്ചു. പതിവിലും കൂടുതല്‍ വൃത്തിയാക്കാന്‍ അന്ന് സാധിച്ചു. കുളിച്ച് തിടുക്കത്തില്‍ ശാലോമിലേക്ക് പോയി. എത്തുന്നതിന് അല്‍പംമുമ്പ് വാച്ചില്‍ നോക്കി. ബെല്ലടിക്കുവാന്‍ അഞ്ചുമിനിറ്റ് ബാക്കി! ഒരു കാര്യം പകല്‍പോലെ വ്യക്തമായി. പ്രാര്‍ത്ഥനയുടെ സമയം കവര്‍ന്ന് പ്രവൃത്തി ചെയ്താല്‍ അതൊരു അനുഗ്രഹമാവുകയില്ല. ചെയ്യുന്ന പ്രവൃത്തിയില്‍ ദൈവകൃപ കുറയും. അനുഭവത്തില്‍നിന്ന് ഈ പാഠം പഠിപ്പിച്ച ദൈവത്തിന് നന്ദി.
നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ രണ്ട് വ്യക്തികളുണ്ട്. ഒരു മര്‍ത്തായും ഒരു മറിയവും. ജീവിതവ്യഗ്രതകള്‍ നിറഞ്ഞ ആളാണ് മര്‍ത്താ. എന്തുമാത്രം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട് എനിക്ക്! എല്ലായ്‌പ്പോഴും അതാണ് മര്‍ത്തായുടെ മനസിനെ മഥിക്കുന്ന ചിന്ത. അതിനാല്‍ അവള്‍ എപ്പോഴും പ്രവര്‍ത്തനനിരതയാണ്. കര്‍ത്താവിനെ പ്രസാദിപ്പിക്കുവാനാണ് അത് ചെയ്യുന്നതെന്നോര്‍ക്കണം. എന്നാല്‍ കര്‍ത്താവിന്റെ അടുത്ത് ഇരിക്കുവാന്‍, അവിടുത്തെ പ്രകാശപൂര്‍ണമായ തിരുമുഖത്തേക്ക് നോക്കുവാന്‍, അവിടുത്തെ വചനങ്ങള്‍ കേള്‍ക്കുവാനും ധ്യാനിക്കുവാനും, സമയം കിട്ടാതെ പോകുന്നു. അവസാനം ഒപ്പിച്ചുള്ള ഒരു പ്രാര്‍ത്ഥനമാത്രം. സമര്‍പ്പിത ജീവിതത്തില്‍, കര്‍ത്താവിനായി ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരുടെ ജീവിതത്തില്‍ ഇത് വലിയൊരു കുറവാണ്, ചിലപ്പോള്‍ അപകടകരവുമാകാം. ഭ്രമണപഥത്തില്‍നിന്ന് തെന്നിമാറിപ്പോകാന്‍ ഇത് കാരണമായേക്കാം.
പ്രവൃത്തി അത്യാവശ്യമാണ്. എന്നാല്‍ മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുക്കുവാന്‍ ശ്രമിക്കുമ്പോഴേ പ്രവൃത്തികള്‍ കൃപ നിറഞ്ഞവയാകുകയുള്ളൂ. വിളിച്ചവന്റെ കൈയൊപ്പ് അത്തരം പ്രവൃത്തികളുടെമേല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ രണ്ട് വ്യക്തിത്വങ്ങളുടെ ഒരു അനുഗൃഹീതസമവായം ഈ ലോകജീവിതം നയിക്കുന്ന എല്ലാവര്‍ക്കും അത്യന്താപേക്ഷിതമത്രേ. എന്നാല്‍ മറിയത്തെപ്പോലെ പ്രാര്‍ത്ഥനാജീവിതം മാത്രം നയിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ അതിനോട് വിശ്വസ്തത പുലര്‍ത്തട്ടെ. നാം എന്തു ചെയ്യുന്നുവെന്നതല്ല ദൈവസന്നിധിയില്‍ പ്രധാനം. നമുക്ക് ലഭിച്ച വിളിയോട് എങ്ങനെ വിശ്വസ്തത പുലര്‍ത്തുന്നു എന്നതാണ്. അതിനാല്‍ കൃപയ്ക്കായി ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം.
എന്നെ സ്‌നേഹിച്ച്, എന്റെ പേരുചൊല്ലി വിളിച്ച ഈശോയേ, അങ്ങയെ ഞാന്‍ അത്യധികമായി സ്‌നേഹിക്കുന്നു. എനിക്കുള്ള സകലതും അങ്ങയുടെ ദാനമാണെന്ന് തിരിച്ചറിഞ്ഞ് അങ്ങയുടെ മുമ്പില്‍ അവയെല്ലാം അടിയറവ് വയ്ക്കുന്നു. അങ്ങയുടെ പാദത്തിലിരിക്കുവാന്‍ എന്നെ എപ്പോഴും വിളിക്കണമേ. അതേസമയം അവിടുന്ന് എനിക്ക് നല്‍കിയ ചുമതലയോട് വിശ്വസ്തത പുലര്‍ത്തുവാനും കൃപ നല്‍കിയാലും. എല്ലാം അങ്ങയുടെ മഹത്വത്തിനായി മാത്രം ചെയ്യുവാന്‍ അനുഗ്രഹിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഈ കൃപ ലഭിക്കുവാന്‍ എനിക്കായി ഇപ്പോള്‍ത്തന്നെ മാധ്യസ്ഥ്യം വഹിക്കണമേ, ആമ്മേന്‍.
കെ.ജെ. മാത്യു
Want to be in the loop?
Get the latest updates from Tidings!