Home/Engage/Article

ജൂണ്‍ 11, 2024 185 0 Shalom Tidings
Engage

ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച കന്യാസ്ത്രീയുടെ ജീവിതം

”ഞാന്‍ സ്വര്‍ഗരാജ്ഞിയായ മാതാവിനെ കണ്ടു!” സന്തോഷകരമായ ഈ അനുഭവം കാതറൈന്‍ പലരോടും പറഞ്ഞു. ബാല്യത്തില്‍ത്തന്നെ ദര്‍ശനങ്ങളിലൂടെ കാതറൈന് ദൈവികമായ അറിവുകളും ഉള്‍ക്കാഴ്ചകളും ലഭിച്ചിരുന്നു. സ്വര്‍ഗ്ഗരാജ്ഞിയായ ദൈവമാതാവിനെ പലപ്പോഴും ദര്‍ശിച്ചു. കര്‍ത്താവിനോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടുമെല്ലാം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അവള്‍.

വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ അവള്‍ വിവരിക്കുന്നതുകേട്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്കിലും, ചില കേള്‍വിക്കാരുടെ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും ലളിതമനസുള്ള അവളുടെ മനസ്സമാധാനത്തെ ഉലച്ചു. സാവധാനം കാതറൈന്‍ ഒരു കാര്യം മനസിലാക്കി, എല്ലാം എല്ലാവരോടും പങ്കുവയ്ക്കാനുള്ളതല്ല. അതിനുശേഷമാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് നല്ലതെന്ന തീരുമാനത്തില്‍ അവള്‍ എത്തിയത്.
1774 സെപ്തംബര്‍ 8-നായിരുന്നു ജര്‍മ്മനിയില്‍ കോസ്‌ഫെല്‍ഡ് എന്ന സ്ഥലത്തുനിന്ന് ഏകദേശം ഒന്നരമൈല്‍ ദൂരെയുള്ള ഫ്‌ളാംസകെ എന്ന ഗ്രാമത്തില്‍ ആന്‍ കാതറൈന്‍ എമറിച്ച് എന്ന കാതറൈന്‍ ജനിച്ചത്. ബര്‍ണ്ണാര്‍ഡ് എമറിച്ച്, ആന്‍ഹില്ലര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ ദരിദ്രമായ ഒരു കര്‍ഷക കുടുംബമായിരുന്നു അവരുടേത്. എന്നാല്‍ നന്മയിലും ഭക്തിയിലും അവര്‍ സമ്പന്നരായിരുന്നു.

നന്മതിന്മകളെ സ്വഭാവേന തിരിച്ചറിയാനുള്ള സ്വാഭാവികവും ആത്മീയവും ആയ സിദ്ധി ശൈശവം മുതലേ കാതറിന് ഉണ്ടായിരുന്നു. വളരെ അസാധാരണമായ അനുഗ്രഹങ്ങളും ദൈവത്തില്‍നിന്ന് അവള്‍ക്ക് ലഭിച്ചു. എങ്കിലും, സാധാരണ കര്‍ഷക പെണ്‍കുട്ടിയെപ്പോലെ കഠിനാദ്ധ്വാനം ചെയ്താണ് അവള്‍ ജീവിച്ചത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പാഠശാലയിലായിരുന്നു പഠനം. അത്യാവശ്യത്തിനുമാത്രം ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്തു. പതിവായി അവള്‍ രാത്രി വളരെ സമയം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

ഒരു സന്യാസിനി ആകണം എന്ന് വളരെ ചെറുപ്പം മുതല്‍ ആഗ്രഹിച്ച കാതറൈന്‍ പ്രായപൂര്‍ത്തി ആയപ്പോള്‍ മൂന്ന് മഠങ്ങളില്‍ പ്രവേശനം അന്വേഷിച്ചു. എന്നാല്‍ കുടുബത്തിലെ ദാരിദ്ര്യവും ആ മഠങ്ങളുടെ അവസ്ഥയും തടസമായിരുന്നു. ആന്തരികപ്രചോദനത്താല്‍ പ്രേരിതയായി തയ്യല്‍ ജോലിയിലും സംഗീതപഠനത്തിലും ഏര്‍പ്പെട്ട് സല്‍പ്രവൃത്തികളിലും പ്രാര്‍ത്ഥനയിലും മുഴുകി കോഫെല്‍ഡില്‍തന്നെ അവള്‍ കഴിഞ്ഞുകൂടി.
പിന്നീട് ഡല്‍മനിലെ അഗസ്റ്റീനിയന്‍ സന്യാസിനികള്‍ അവളെ സ്വീകരിക്കാന്‍ സന്നദ്ധരായതോടെ സന്യാസം സ്വീകരിക്കണമെന്ന കാതറൈന്റെ ആഗ്രഹം സഫലമായി. 1802 നവംബര്‍ 13ന് ആന്‍ കാതറൈന്‍ നോവിഷ്യേറ്റില്‍ പ്രവേശിച്ചു. 1803 നവംബര്‍ 13-ന് കാതറൈന്‍ ഈശോയുടെ മണവാട്ടിയായി വ്രതം ചെയ്തു. ഇരുപത്തിയൊമ്പത് വയസായിരുന്നു അപ്പോള്‍.

മെലിഞ്ഞും ക്ഷീണിച്ചും കാണപ്പെട്ട ആന്‍ കാതറൈന്‍ മഠത്തിലെ ജീവിതകാലത്ത് പലവിധ രോഗങ്ങള്‍ക്കും അടിപ്പെട്ടു. ശാരീരികവും മാനസികവുമായ ക്ലേശങ്ങളെല്ലാം അവള്‍ വളരെ ക്ഷമയോടെ സഹിച്ചു. അവളുടെ സഹനങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോയ ചിലര്‍ അവളെ കുറ്റപ്പെടുത്തിയെങ്കിലും അവരോട് തികഞ്ഞ സ്‌നേഹത്തോടെയാണ് കാതറൈന്‍ പെരുമാറിയിരുന്നത്. തീക്ഷ്ണമായ പരസ്‌നേഹത്തിന്റെ ഫലമായി ലഭിച്ചവയായിരുന്നു അവളുടെ അസുഖങ്ങള്‍ ഏറെയും. ക്ഷമയോടെ സഹിക്കുന്നതിന് സാധിക്കാത്തവരുടെ രോഗങ്ങളും പാപങ്ങളും അവള്‍ ഏറ്റെടുത്തിരുന്നു. പാപത്തിന് പരിഹാരം ചെയ്യുന്നതിനായും മറ്റുള്ളവരുടെ വേദനകള്‍ക്ക് ശമനം ലഭിക്കുന്നതിനായും തന്നെത്തന്നെ അവള്‍ ദൈവതൃക്കരങ്ങളിലേക്ക് വിട്ടുകൊടുത്തിരുന്നു. അവളുടെ ബലി സ്വീകരിച്ചുകൊണ്ട് തന്റെ പീഡാനുഭവത്തിന്റെ യോഗ്യതയില്‍ പങ്കുചേരാനും തിരുമുറിപ്പാടുകള്‍ കാതറൈന്റെ ശരീരത്തിലും നല്‍കാനും അവിടുന്ന് തിരുമനസ്സായി.

1812 ഡിസംബര്‍ 29-ാം തിയ്യതി ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അവള്‍ യേശുനാഥന്റെ സഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നാഥനോടുകൂടി സഹിക്കുവാന്‍ തന്നെയും അനുവദിക്കണമെന്ന് അപേക്ഷിച്ച്, കൈകള്‍ നീട്ടി, സ്‌നേഹപാരവശ്യത്തോടെ അവളുടെ ചെറിയ മുറിയില്‍ കിടക്കുകയായിരുന്നു. ഈശോയുടെ അഞ്ച് തിരുമുറിവുകളെ മനസില്‍ കണ്ടുകൊണ്ട് സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം അഞ്ചു പ്രാവശ്യം അവള്‍ ചൊല്ലി, ഹൃദയം ദൈവസ്‌നേഹത്താല്‍ ഉജ്ജ്വലിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു പ്രകാശം അവളുടെ നേര്‍ക്ക് ഇറങ്ങിവന്നു. അതിനുള്ളില്‍ ക്രൂശിതനായ രക്ഷകന്റെ രൂപം അവള്‍ കണ്ടു. യേശുവിന്റെ തിരുമുറിവുകള്‍ തീജ്വാലപോലെ പ്രകാശിച്ചപ്പോള്‍ അവളുടെ ഹൃദയം സന്തോഷത്താലും ദുഃഖത്താലും നിറഞ്ഞു കവിഞ്ഞു.

കര്‍ത്താവിനോടൊത്ത് സഹിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ ഈ ദര്‍ശനം പൂര്‍വ്വാധികം വര്‍ദ്ധിപ്പിച്ചു. രക്തത്തിന്റെ നിറമുള്ള അമ്പുപോലെ കൂര്‍ത്ത കതിരുകള്‍, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകളില്‍നിന്നും പുറപ്പെട്ട്, കൈകാലുകളിലും ശരീരത്തിന്റെ വലതുവശത്തും തുളച്ചു കയറുന്നതായി അവള്‍ക്കനുഭവപ്പെട്ടു. മുറിവുകളില്‍നിന്നും രക്തത്തുള്ളികള്‍ ഒഴുകുവാന്‍ തുടങ്ങി. അവള്‍ ബോധരഹിതയായിത്തീര്‍ന്നു. ബോധം തെളിഞ്ഞപ്പോള്‍ തന്റെ ഉള്ളംകൈയ്യില്‍നിന്നും രക്തം ഒഴുകുന്നത് ആശ്ചര്യത്തോടെയാണ് അവള്‍ കണ്ടത്. തിരുമുറിവുകള്‍ ഏറ്റുവാങ്ങിയശേഷം കൂടുതല്‍ രോഗിയായിത്തീര്‍ന്ന അവള്‍ക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കുക പ്രയാസമായിത്തീര്‍ന്നു.

1813 ആഗസ്റ്റ് 25-ന് അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ മധ്യസ്ഥനായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ദിവസം ദിവ്യനാഥന്‍ കാതറൈന് പ്രത്യക്ഷപ്പെട്ട് വലതുകൈകൊണ്ട് അവളുടെ ശരീരത്തില്‍ ഒരു കുരിശ് വരച്ചു. അപ്പോള്‍മുതല്‍ അവളുടെ ഹൃദയഭാഗത്ത് മൂന്നിഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള കുരിശടയാളം ഉണ്ടായി. ആദ്യം ബുധനാഴ്ചകളിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഈ കുരിശടയാളത്തില്‍ നിന്ന് രക്തം ഒഴുകിത്തുടങ്ങി. 1814 ആയപ്പോള്‍ രക്തത്തിന്റെ ഒഴുക്ക് ഇടയ്ക്കിടെ മാത്രമായി. പക്ഷേ കുരിശ് എല്ലാ വെള്ളിയാഴ്ചകളിലും അഗ്‌നിപോലെ ജ്വലിച്ചുകൊണ്ടിരുന്നു.

അനേകം ഡോക്ട്ടര്‍മാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആന്‍ കാതറൈന്‍ എമറിച്ച് എന്ന സന്യാസിനിയെ സന്ദര്‍ശിച്ച് അവളില്‍ നടക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ കണ്ട് ബോധ്യപ്പെട്ടു. വിവരിക്കാന്‍ സാധിക്കാത്ത സഹനം തിരുമുറിവുകള്‍ അവള്‍ക്കു നല്‍കി. ചിലപ്പോള്‍ രഹസ്യമായ വഴക്കുകളും പരസ്യമായ അധിക്ഷേപങ്ങളും ഡോക്ടര്‍മാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും അവള്‍ക്ക് ലഭിച്ചിരുന്നു. നാളുകള്‍ കഴിയുന്നതനുസരിച്ച് വേദന വര്‍ദ്ധിച്ചുകൊണ്ടിരുന്നെങ്കിലും അതില്‍ അവള്‍ നിര്‍വൃതി കണ്ടെത്തി. രക്തം അവളുടെ മുഖത്തും കഴുത്തിലും ഒഴുകിയെത്തുകയും ചിലപ്പോള്‍ അവളുടെ തലമുണ്ട് അതില്‍ നനയുകയും ചെയ്തിരുന്നു. 1819 ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച അവളുടെ അഞ്ച് മുറിവുകളില്‍നിന്നും രക്തം ഒഴുകി.

യേശുവിന്റെയും മറിയത്തിന്റെയും ജീവിതം, തിരുസഭയുടെ അവസ്ഥ മുതലായ കാര്യങ്ങളെക്കുറിച്ചും വ്യക്തിപരമായ പല അനുഭവങ്ങളെക്കുറിച്ചും ദര്‍ശനങ്ങളിലൂടെ അവള്‍ മനസ്സിലാക്കി. 1823-ലെ പെസഹാവ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും അതായത്, മാര്‍ച്ച് 27നും 28നും അവള്‍ക്ക് പീഡാനുഭവത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ലഭിക്കുകയും, തത്‌സമയം അവളുടെ മുറിവുകളില്‍നിന്ന് രക്തം പ്രവഹിക്കുകയും ചെയ്തു. ഈശോയുടെ പരസ്യജീവിതകാലത്തു നടന്ന (സ്വര്‍ഗാരോഹണം വരെ) സംഭവങ്ങള്‍ക്ക് പുറമെ, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം, അപ്പസ്‌തോലന്‍മാരുടെ ഏതാനും ആഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ അവള്‍ കാണുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

അവള്‍ക്ക് ലഭിച്ച ദര്‍ശനങ്ങള്‍ വെറുമൊരു ആധ്യാത്മിക അനുഭൂതിയായിട്ടുമാത്രമല്ല അവള്‍ കണക്കാക്കിയത്, ക്രിസ്തുവിന്റെ യോഗ്യതകള്‍ തിരുസഭയ്ക്ക് നല്കുന്നതിനായി അരൂപിയില്‍ നിറഞ്ഞ് ദൈവത്തോട് നടത്തിയ ഹൃദയംഗമമായ പ്രാര്‍ത്ഥനയായിട്ടാണ്. ലഭിച്ചിരുന്ന ദര്‍ശനങ്ങള്‍ ഒരിക്കലും അവളുടെ ക്രിസ്തീയജീവിതത്തിന്റെ ബാഹ്യരൂപത്തെ സ്വാധീനിച്ചിരുന്നതായി നാം കാണുന്നില്ല. അവളുടെ ജീവിതത്തില്‍ അവയ്ക്കു വലിയ പ്രാധാന്യം നല്‍കപ്പെട്ടിരുന്നുമില്ല. എമറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: ‘നിങ്ങള്‍ വായിക്കേണ്ടത് ബൈബിള്‍ മാത്രമാണ്. അതില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു.’

1823 അവസാനമായപ്പോള്‍, ഇനിയും ഏറെനാള്‍ താന്‍ ഈ ലോകത്തില്‍ കാണുകയില്ല എന്ന് അവള്‍ മനസ്സിലാക്കി. വളരെ ക്ഷീണിതയായിരുന്നെങ്കിലും ദര്‍ശനങ്ങളുടെ വിവരണം പൂര്‍ത്തിയാക്കുവാന്‍ അവള്‍ ആഗ്രഹിച്ചു ആ വര്‍ഷത്തെ നോമ്പുകാലധ്യാനവിഷയമായി യേശുവിന്റെ പീഡാനുഭവം അവള്‍ തെരഞ്ഞെടുത്തു. ‘യേശുവിന്റെ പീഡാനുഭവരംഗങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ രണ്ട് വാല്യങ്ങളില്‍ നമ്മള്‍ വായിക്കുന്നത് ഈ ധ്യാനവേളകളില്‍ അവള്‍ക്കുണ്ടായ ദര്‍ശനങ്ങളാണ്.

എമറിച്ചിന്റെ ജീവിതത്തിലെ അവസാനത്തെ പതിനാലു ദിവസം അവള്‍ക്കു സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനവര്‍ഷത്തെ ഏതാനും സംഭവങ്ങളുടെ വിവരണം നമുക്ക് ലഭിച്ചിട്ടില്ല. 1824 ഫെബ്രുവരി 9-ാം തീയതി രാത്രി 8.30-ന് അവളുടെ സഹനജീവിതം സമാപിച്ചു. 49 വയസായിരുന്നു അവള്‍ക്കപ്പോള്‍. പിന്നീട് അവളുടെ ജീവിതം തിരുസഭ പഠനവിധേയമാക്കി. അതിന്റെ ഫലമായി 2004 ഒക്‌ടോബര്‍ 3-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആന്‍ കാതറൈന്‍ എമറിച്ചിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles