Home/Engage/Article

നവം 28, 2024 12 0 ആന്‍ മരിയ ക്രിസ്റ്റീന
Engage

വേപ്പിന്‍തൈയ്ക്ക് ഒരു വീഡിയോകോള്‍

”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്‍റെ ഒരു സുഹൃത്തിന്‍റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം.

നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന്‍ തൈ അവരുടെ വീടിനകത്ത് ചെടിച്ചട്ടിയില്‍ നട്ടിരുന്നു. സാധിക്കുന്ന വിധത്തിലെല്ലാം അതിനെ പരിപാലിച്ചു. മണ്ണും വളവും സൂര്യപ്രകാശം ലഭിക്കാനുള്ള സാഹചര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നു. അത്രയും സംരക്ഷിച്ചിട്ടും വേപ്പിന്‍തൈയുടെ ഇലകള്‍ ഏറെക്കുറെ കൊഴിഞ്ഞു വീണു. അവശേഷിക്കുന്നവ ഇളം മഞ്ഞ നിറത്തില്‍ കൊഴിയാറായി നില്‍ക്കുന്നു. ഒരുപാട് പ്രതീക്ഷയില്‍ വളര്‍ത്തിയ ചെടിയായതു കൊണ്ടുതന്നെ നഷ്ടപ്പെടുന്നതിന് വേദന കാണുമല്ലോ.

ആ സങ്കടത്തില്‍നിന്ന് വന്ന വാക്കുകളാണ് ആദ്യം എഴുതിയത്. കുറെ പരിശ്രമിച്ചു, പ്രാര്‍ത്ഥിച്ചു, ഇനി എന്ത് ചെയ്യണം എന്നറിയില്ല എന്ന നിലയില്‍ എത്തിയപ്പോഴാണ് പ്രശ്‌നം കൂട്ടുകാരിയായ എന്‍റെ നേര്‍ക്ക് നേരെ തിരിച്ചു വിടുന്നത്. നീ നിന്‍റെ നസ്രായനോട് പറഞ്ഞ് ഒരു പരിഹാരം വാങ്ങിത്തരണം എന്നതാണ് വെല്ലുവിളി. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഈശോയുടെ പേരില്‍ വെല്ലുവിളി നേരിടുമ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുണ്ട്. പിന്നെ ഈശോയെ എങ്ങനെയും ‘സോപ്പിട്ട്’ കാര്യം നേടിയെടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഈ പ്രശ്‌നം സാധാരണ രീതിയില്‍നിന്നെല്ലാം വ്യത്യസ്തമായൊരു പ്രാര്‍ത്ഥനാസഹായം ആണല്ലോ…. എന്‍റെ മറുപടിക്കായി അവര്‍ ഫോണില്‍ കാത്തുനില്‍ക്കുകയാണ്….

മനസ്സില്‍ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നെങ്കിലും ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഞാന്‍ ഫോണുമായി വന്നിരുന്നു. അല്‍പനിമിഷങ്ങള്‍ ഈശോയുടെ കണ്ണുകളിലേക്കു നോക്കി. ഒരു ചെറുചമ്മലോടെ എന്‍റെ നിസ്സഹായാവസ്ഥ ഈശോയോടു പറഞ്ഞു, ‘ഈശോയേ, എങ്ങനെയും ഈ പ്രശ്‌നം പരിഹരിച്ചുകൊടുക്ക്. ഇല്ലെങ്കില്‍ നമുക്ക് നാണക്കേടാകും കേട്ടോ’ എന്നൊരു ഭീഷണിയും. ഓരോ ദിവസവും ഇവള്‍ എന്തൊക്കെ പണികളാണ് എനിക്ക് വാങ്ങിത്തരുന്നതെന്ന് ഒരു ദീര്‍ഘനിശ്വാസത്തില്‍ ഈശോ ഓര്‍ത്തിരിക്കാം.
മനസ്സില്‍ ലഭിച്ച പ്രേരണയനുസരിച്ചു അവരോട് വീഡിയോ കാള്‍ ചെയ്തു മൊബൈല്‍ ഫോണ്‍ വേപ്പിന്‍തൈയുടെ അടുത്ത് വച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടു. മുപ്പതു മിനിറ്റില്‍ നൂറു ദൈവവചനങ്ങള്‍ വേപ്പിന്‍തൈയോട് പറഞ്ഞുകേള്‍പ്പിച്ചു. മനസ്സിന്‍റെ സമനില തെറ്റിയ ചിലരുടെ പ്രവൃത്തികള്‍ പോലെ അവര്‍ക്കു തോന്നിക്കാണും, സ്വാഭാവികം.

ജീവിതത്തില്‍ ആദ്യമായി ഒരു ചെടിയോട് വചനപ്രഘോഷണം നടത്തിയ സന്തോഷം ആയിരുന്നു എന്‍റെ മനസ്സില്‍. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞനിറത്തില്‍ കൊഴിയാറായി നില്‍ക്കുന്ന ഇലകള്‍ മാത്രമുള്ള ചെടിയില്‍ പച്ച നിറത്തിലുള്ള പുതിയ ഇലകള്‍ മുളപൊട്ടാന്‍ തുടങ്ങി. ഏഴാം ദിവസം എല്ലാ മഞ്ഞ ഇലകളും ഇല്ലാതായി. വേപ്പിന്‍തൈ പുതുജീവന്‍ പ്രാപിച്ചു. പുതിയ നാമ്പുകള്‍ മുള പൊട്ടി. ഒരു ചട്ടിയില്‍മാത്രമായിരുന്ന ചെടി പിന്നീട് വളര്‍ന്നു വലുതായി മൂന്ന് ചട്ടികളിലേക്കുകൂടി പറിച്ചു നടേണ്ടി വന്നു. വേപ്പിന്‍തൈയുടെ വളര്‍ച്ചയെല്ലാം കാണിക്കുന്ന ഫോട്ടോകളും മറ്റ് മെസേജുകളും അവര്‍ അയക്കുമായിരുന്നു.

എന്തായാലും ഈശോയോട് പറഞ്ഞാല്‍ തീരാത്ത അത്രയും നന്ദിയും സ്‌നേഹവും ഉണ്ട്, എന്‍റെനേര്‍ക്ക് വരുന്ന വെല്ലുവിളികള്‍പോലും ഏറ്റെടുത്ത് ചെയ്ത് എന്നെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുന്നതിന്. ”ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).

മറ്റൊരു സംഭവംകൂടി പറയാം. ഗോവയിലുള്ള ഒരു കുടുംബം ഒരിക്കല്‍ പ്രാര്‍ത്ഥനാസഹായവുമായി സമീപിച്ചു. അവരുടെ നാല് വയസ്സുള്ള മകന്‍ സംസാരിക്കുന്നില്ല. പല ഡോക്ടര്‍മാരുടെയും അടുത്ത് പോയി. ചികിത്സകള്‍ നടത്തി. പക്ഷേ പ്രത്യേകിച്ച് ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല. വളരെ നിരാശയോടെ അമ്മ കരയുകയാണ്. ചിലപ്പോഴെങ്കിലും ഞാനും എന്‍റെ ഈശോയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മറ്റുള്ളവരുടെ സങ്കടത്തിന്‍റെ പേരില്‍ ആയിരിക്കും.
കുറച്ച് ദൈവവചനങ്ങള്‍ അവര്‍ക്കു നല്‍കി. മകനെ മടിയിലിരുത്തിക്കൊണ്ട് ഇരുചെവികളിലും ആ വചനങ്ങള്‍ പല തവണ ആവര്‍ത്തിച്ചു ഉറക്കെ പറയാന്‍ ഈശോ നല്‍കിയ പ്രേരണയാല്‍ നിര്‍ദേശിച്ചു. മൂന്നു മാസങ്ങള്‍ക്കു ശേഷം ആ മകന്‍ ചെറിയ വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി. ഇന്ന് അവന്‍ സ്‌കൂളില്‍ പഠിക്കുന്നു. ഈശോയുടെ സ്‌നേഹവും കരുതലും ഒരിക്കലും വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ സാധ്യമല്ല!

ചുമന്നുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ട് തളര്‍വാത രോഗിയെ ഈശോ സുഖപ്പെടുത്തിയ സംഭവം നമുക്കോര്‍ക്കാം. തളര്‍വാത രോഗിയെ വഹിച്ചുകൊണ്ട് വന്നവരുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ പലതായിരുന്നു. പക്ഷേ പ്രതികൂലങ്ങള്‍ക്കുമുന്നില്‍ തങ്ങള്‍ വന്നതിന്‍റെ ഉദ്ദേശ്യം മാറ്റിവച്ച് അവര്‍ തിരിച്ചു പോയില്ല. തങ്ങളുടെ നിയോഗത്തിനൊപ്പം അത് നേടാനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുകകൂടി ചെയ്തു. ഇന്നത്തേതുപോലെ കോണ്‍ക്രീറ്റ് ഒന്നും അല്ലാത്ത ആ ഭവനത്തിന്‍റെ മേല്‍ക്കൂരയിലേക്ക് തളര്‍വാത രോഗിയെയുംകൊണ്ട് അവര്‍ കയറി എന്ന് പറയുമ്പോള്‍ സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കാം. പിന്നീട് മേല്‍ക്കൂര പൊളിച്ച് ഓടിളക്കി, കിടക്കയോടെ താഴോട്ടിറക്കി എന്ന് നാം വായിക്കുന്നു.

ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കു നടുവില്‍ നിരാശപ്പെട്ടു പിന്മാറരുത്. വചനമാകുന്ന ആത്മീയ വാളെടുത്തു പൊരുതി ജയിക്കാന്‍ ഈശോയുടെ സ്‌നേഹവും കരുണയും നമ്മെ സഹായിക്കട്ടെ. ”നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” (2 മക്കബായര്‍ 8/18).

സംസാരതടസം മാറുവാന്‍ പ്രാര്‍ത്ഥിക്കാവുന്ന വചനക്കൊന്ത

”ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12). (ഒരു പ്രാവശ്യം)
”തത്ക്ഷണം അവന്‍റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊï് സംസാരിക്കാന്‍ തുടങ്ങി” (ലൂക്കാ 1/64).
(പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം….” (ഒരു പ്രാവശ്യം)
”കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ! എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51/15). (പത്ത് പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്തു” (ജ്ഞാനം 10/21).
(പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”അവന്‍ എന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിട്ട് പറഞ്ഞു: ഇത് നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു; നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശയ്യാ 6/7). (പത്തു പ്രാവശ്യം)
”ദൈവത്തിന്‍റെ വചനം…” (ഒരു പ്രാവശ്യം)
”അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു”
(ദാനിയേല്‍ 10/19). (പത്തു പ്രാവശ്യം)

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles