Trending Articles
പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുള്ള യുവാവ്. പഠനത്തില്‍ സമര്‍ത്ഥന്‍. വേട്ടയാടാനും കുതിരപ്പുറത്ത് സവാരി ചെയ്യാനും ഇഷ്ടം. ഭംഗിയായി വസ്ത്രം ധരിക്കും. ഇതൊന്നും കൂടാതെ നന്നായി നൃത്തം ചെയ്യും. ഇക്കാരണങ്ങള്‍കൊണ്ടെല്ലാംതന്നെ എല്ലാവരും കൂട്ടുകൂടാനിഷ്ടപ്പെടുന്ന യുവാവായിരുന്നു ഫ്രാന്‍സിസ്. പല പെണ്‍കുട്ടികളും അവന്‍റെ ഹൃദയം കീഴടക്കാന്‍ ആഗ്രഹിച്ചു.
അങ്ങനെ യുവത്വത്തിന്‍റെ പ്രസരിപ്പില്‍ മുഴുകി ജീവിക്കവേ, രണ്ടു തവണയാണ് ഗുരുതരമായ രോഗം ഫ്രാന്‍സിസിന് പിടിപെട്ടത്. അസുഖം ഭേദമാവുകയാണെങ്കില്‍ വൈദികനാകുമെന്ന് ഓരോ പ്രാവശ്യവും പരിശുദ്ധ അമ്മക്ക് വാക്കുകൊടുത്തു. പക്ഷേ, സുഖമായപ്പോള്‍ ആ വാഗ്ദാനം മറക്കുകയാണുണ്ടായത്.
സുപ്രീം കോടതി ജഡ്ജിയായിരുന്ന സാന്‍റെ പോസ്സെന്‍റിയുടെയും ആഗ്നസിന്‍റെയും പതിമൂന്നു മക്കളില്‍ പതിനൊന്നാമനായിരുന്നു ഫ്രാന്‍സിസ്. 1838ല്‍ അസ്സീസ്സിയില്‍ ജനിച്ചു. നാലാമത്തെ വയസ്സില്‍ത്തന്നെ അമ്മയെ അവന് നഷ്ടമായി. പിന്നീട് ചേച്ചി മരിയ ലൂയിസയുടെ സംരക്ഷണയിലാണ് ഫ്രാന്‍സിസ് വളര്‍ന്നത്.
എന്നാല്‍ അവന് പതിനേഴ് വയസോളം പ്രായമുള്ളപ്പോള്‍ 1855ല്‍ പടര്‍ന്നുപിടിച്ച കോളറ ഫ്രാന്‍സിസിന്‍റെ ചേച്ചി മരിയ ലൂയിസയുടെ ജീവന്‍ കവര്‍ന്നു. ഈലോകജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് ചിന്തിക്കാന്‍ ആ മരണം ഫ്രാന്‍സിസിന് പ്രേരണ നല്കി. തന്‍റെ ദൈവവിളിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ അവന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ വൈദികനാകാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് പിതാവിന്‍റെ സമ്മതം ചോദിച്ചെങ്കിലും ആ അഭ്യര്‍ത്ഥന നിരസിക്കപ്പെടുകയാണ് ചെയ്തത്.
അതിനിടയില്‍ മറ്റൊരു സംഭവം നടന്നു. അന്നത്തെ ആര്‍ച്ചുബിഷപ്പിന്‍റെ ആഹ്വാനപ്രകാരം കോളറ പകര്‍ച്ചവ്യാധി ഒഴിഞ്ഞുപോയതിന്‍റെ നന്ദിസൂചകമായി, പരിശുദ്ധ അമ്മയുടെ ഒരു ചിത്രം എഴുന്നള്ളിച്ചുള്ള ഘോഷയാത്ര നടന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശുദ്ധ ലൂക്ക വരച്ചതെന്നു കരുതപ്പെടുന്ന, ബൈസാന്‍റിയന്‍ കാലത്തെ പരിശുദ്ധ അമ്മയുടെ ചിത്രം വഹിച്ചാണ് ആ പ്രദക്ഷിണം നടത്തപ്പെട്ടത്. മാതാവിന്‍റെ ചിത്രം തന്നെ കടന്നുപോകുമ്പോള്‍ മുട്ടുകുത്തിയ ഫ്രാന്‍സിസ് അവന്‍റെ ഹൃദയത്തിന്‍റെ അഗാധതയില്‍ പരിശുദ്ധ അമ്മ ഇങ്ങനെ പറയുന്നത് വ്യക്തമായി കേട്ടു, ‘ഫ്രാന്‍സിസ്, നീയെന്താണ് ഇപ്പോഴും ലോകത്തില്‍ത്തന്നെ ആയിരിക്കുന്നത്? നിനക്കുവേണ്ടിയുള്ളതല്ല അത്. നിന്‍റെ ദൈവവിളി പിന്‍ചെല്ലൂ.”
ഈ ചിന്ത മനസില്‍ ശക്തമായതോടെ, പിതാവിനോട് അവന്‍ വീണ്ടും സമ്മതം ചോദിച്ചു. പക്ഷേ പിതാവ് അനുവാദം നല്കിയില്ല. മാത്രവുമല്ല, അവനെ പിന്തിരിപ്പിക്കാന്‍ ചില ബന്ധുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഫ്രാന്‍സിസിന്‍റെ കത്തിന് മറുപടിയായി, അവനെ സ്വീകരിക്കാന്‍ തങ്ങള്‍ക്കു സമ്മതമാണെന്നു പറഞ്ഞ് പാഷനിസ്റ്റ് സഭയില്‍നിന്ന് അയച്ചിരുന്ന എഴുത്ത് പിതാവ് ഒളിച്ചുവച്ചു.
പക്ഷേ, കുറെ നാള്‍ കാത്തിരുന്നിട്ടും പാഷനിസ്റ്റ് സന്യാസസഭയില്‍നിന്ന് മറുപടി ലഭിക്കുന്നില്ലെന്ന് കണ്ട ഫ്രാന്‍സിസ് അപേക്ഷ സമര്‍പ്പിക്കാനായി നേരിട്ട് അവര്‍ക്കടുത്തേക്ക് പോയി. ആ യാത്രക്ക് പിതാവും ബന്ധുക്കളും ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവന്‍റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ മുട്ടുമടക്കി. ഒടുവില്‍ ഫ്രാന്‍സിസിനെ കണ്ട നോവിസ് മാസ്റ്റര്‍ അവനെ സന്തോഷത്തോടെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു, “നിന്നെ കാണാമെന്ന എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു, ഫ്രാന്‍സിസ്!”
പാഷനിസ്റ്റുകളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ ദ്യോതിപ്പിക്കുന്ന കുരിശും മുള്ളുകൊണ്ടുള്ള മുടിയും ‘എളിമപ്പെടുക, ക്രിസ്തുവിനെ പ്രതി എല്ലാവര്‍ക്കും വിധേയനായിരിക്കുക’ എന്ന ഉപദേശവും ഒരു ചടങ്ങില്‍ വച്ച് ഫ്രാന്‍സിസ് സ്വീകരിച്ചു. വ്യാകുലമാതാവിന്‍റെ ഗബ്രിയേല്‍ (Confrater Gabriel of Our Lady of
Sorrows) എന്ന പേരാണ് ഫ്രാന്‍സിസ് സ്വീകരിച്ചത്.
നല്ല ഭക്തിയുള്ള, എല്ലാ നിയമവും കര്‍ശനമായി പാലിക്കുന്ന, ചെയ്യുന്നതിലെല്ലാം പൂര്‍ണ്ണമനസ്സ് വയ്ക്കുന്ന ഒരാളായിരുന്നു അവന്‍. അവന്‍റെ നോട്ടുബുക്കില്‍ അവനിങ്ങനെ എഴുതി, ‘ഓരോ ദിവസവും എന്‍റെ ഇഷ്ടങ്ങള്‍ ചെറിയ കഷണങ്ങളായി ഒടിക്കാന്‍ ഞാന്‍ പരിശ്രമിക്കും. എന്‍റെയല്ല, ദൈവത്തിന്‍റെ തിരുവിഷ്ടം നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
അവന്‍റെ അഗാധമായ എളിമയും ചെറിയ ചെറിയ സന്തോഷങ്ങള്‍ വേണ്ടെന്നു വെക്കാനുള്ള പരിശ്രമവും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവനെപ്പോഴും സന്തോഷവാനായിരുന്നു. ‘അവസാനിക്കാത്ത ആനന്ദമാണ് എന്‍റെ ജീവിതത്തില്‍’ എന്നവന്‍ തന്‍റെ പിതാവിനെഴുതി.
അവന് പരിശുദ്ധ അമ്മയോടുള്ള ഭക്തി നാളുകള്‍ ചെല്ലുംതോറും കൂടിക്കൂടി വന്നു. അവളില്‍ അവന്‍ കണ്ടെത്തിയതെല്ലാം നോട്ടുബുക്കില്‍ കുറിച്ചുവച്ചു. ഒരിക്കല്‍ തന്‍റെ സഹോദരന്‍ മൈക്കിളിന് അവനെഴുതി, ‘മറിയത്തെ സ്നേഹിക്കൂ, അവള്‍ സ്നേഹയോഗ്യയാണ്, വിശ്വസ്തയാണ്, മാറ്റമില്ലാത്തവളാണ്. സ്നേഹത്തില്‍ അവളെ മറികടക്കാന്‍ ഒരിക്കലും കഴിയില്ല. നീ അപകടത്തിലാണെങ്കില്‍ നിന്നെ രക്ഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ വരും. നീ വിഷമിച്ചിരിക്കുമ്പോള്‍ അവള്‍ നിന്നെ ആശ്വസിപ്പിക്കും. നീ രോഗിയാണെങ്കില്‍ അവള്‍ ശാന്തിവാഹിനിയാണ്. നിന്‍റെ ആവശ്യങ്ങളില്‍ നിന്നെ സഹായിക്കും. നിത്യതയിലേക്കുള്ള യാത്രയില്‍ നിനക്ക് കൂട്ടായി അവള്‍ അടുത്തുണ്ടാകും.’
നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയിരുന്ന ഗബ്രിയേല്‍ മികച്ച രീതിയില്‍ പഠനം തുടരുന്നതിനിടയില്‍ ക്ഷയരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അസുഖം വിശുദ്ധനെ തെല്ലും വിഷമിപ്പിച്ചില്ലെന്നു മാത്രമല്ല ആത്മീയമായി ഒരുങ്ങുന്നതിനുവേണ്ടി സാവധാനം സഹിച്ചുകൊണ്ടുള്ള ഒരു മരണത്തിനു വേണ്ടി അവന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. എപ്പോഴും പ്രസന്നമായ മുഖം നിലനിര്‍ത്തിയ ഗബ്രിയേല്‍ തന്‍റെ കടമകള്‍ ചെയ്യുന്നതില്‍ മുടക്കമൊന്നും വരുത്തിയില്ല. മൈനര്‍ സഭയില്‍ അംഗമായപ്പോഴേക്ക് ആരോഗ്യം വളരെ മോശമായി. എപ്പോഴും ചിരിക്കുന്ന മുഖം ആയിരുന്നതുകൊണ്ട് അവിടെയുള്ള സഹോദരര്‍ അവന്‍റെ സഹനത്തിന്‍റെ ആധിക്യം അറിഞ്ഞില്ല. അവന്‍റെ അടുത്ത് വന്നിരിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു, മരണക്കിടക്കയില്‍ പോലും. ദൈവവുമായുള്ള അവന്‍റെ ആന്തരികഐക്യം കഠിനമായ വേദനക്കിടയിലുള്ള മുറിയാത്ത പ്രാര്‍ത്ഥനക്കും പാപികള്‍ക്ക് വേണ്ടി അവനെത്തന്നെ ഒരു ബലിയായി അര്‍പ്പിക്കുന്നതിലേക്കും വഴിമാറി.
താന്‍ അഹങ്കരിക്കുമോ എന്ന ഭയത്താല്‍, തന്‍റെ ആത്മീയമായ എഴുത്തുകള്‍ കത്തിച്ചുകളയാന്‍ മരണക്കിടക്കയില്‍ വച്ച് ഗബ്രിയേല്‍ പറഞ്ഞു. കര്‍ത്താവിന്‍റെ പുരോഹിതനാകുന്നതിന് ഒരു വര്‍ഷം മുന്‍പേ, തന്‍റെ ഇരുപത്തിമൂന്നാം വയസ്സില്‍ ഗബ്രിയേല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1862 ഫെബ്രുവരി 27-നായിരുന്നു ആ സ്വര്‍ഗീയയാത്ര. സഭാംഗങ്ങളുടെ സാന്നിധ്യത്തില്‍ വ്യാകുലമാതാവിന്‍റെ ചിത്രം തന്നോട് ചേര്‍ത്തുപിടിച്ചുകൊണ്ട്, ശാന്തമായ ഒരു പുഞ്ചിരിയോടെ, വ്യാകുലമാതാവിന്‍റെ വിശുദ്ധ ഗബ്രിയേല്‍ അന്ത്യയാത്ര പറഞ്ഞു.
മരണവേളയില്‍ അവന്‍ കിടക്കയില്‍ ഇരുന്നു, മുഖം പ്രകാശമാനമായി, അവനു മാത്രം കാണാവുന്ന ആരോ മുറിയില്‍ പ്രവേശിച്ചാലെന്ന വിധം മുന്നോട്ടാഞ്ഞു. ചുറ്റും കൂടിയിരുന്നവരാണ് പിന്നീട് ഇക്കാര്യങ്ങളെല്ലാം സാക്ഷ്യപ്പെടുത്തിയത്. പരിശുദ്ധ അമ്മ തന്‍റെ പ്രിയമകനെ കൊണ്ടുപോവാന്‍ എത്തിയതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
1908 ല്‍ വാഴ്ത്തപ്പെട്ടവനായും 1920 ല്‍ വിശുദ്ധനായും ഗബ്രിയേല്‍ ഉയര്‍ത്തപ്പെട്ടു. വിശുദ്ധ ജെമ്മ ഗല്‍ഗാനി രോഗക്കിടക്കയിലായിരിക്കുമ്പോള്‍ വ്യാകുലമാതാവിന്‍റെ വിശുദ്ധ ഗബ്രിയേലിന്‍റെ ദര്‍ശനം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. തിരുഹൃദയനൊവേന ചൊല്ലാനും വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനോട് പ്രാര്‍ത്ഥിക്കാനുമെല്ലാം ആവശ്യപ്പെട്ട വിശുദ്ധനിലൂടെ അവള്‍ക്ക് രോഗസൗഖ്യവും ലഭിച്ചു.
യുവജനങ്ങളുടെയും അതോടൊപ്പം, സന്യാസാര്‍ത്ഥിനികളുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ഗബ്രിയേല്‍.
Jills Joy
Want to be in the loop?
Get the latest updates from Tidings!