Home/Engage/Article

നവം 24, 2021 558 0 Shalom Tidings
Engage

വെള്ളി പൊതിഞ്ഞ സുവിശേഷത്തിന്‍റെ കഥ

ഒരു സാധകന്‍റെ സഞ്ചാരം’ എന്ന പുസ്തകത്തില്‍ സാധകന്‍ ഒരു സംഭവം വിവരിക്കുന്നു. യാത്രയിലെ ഒരു സാഹചര്യത്തില്‍ കണ്ടുമുട്ടിയ ഒരു പട്ടാള ഉദ്യോഗസ്ഥന്‍ സാധകനോട് തന്‍റെ കഥ പറയുകയാണ്.

വിശ്വസ്തനായ എന്നെ മേലധികാരികള്‍ക്ക് ഇഷ്ടമായിരുന്നു. നല്ല നിലയിലുമായിരുന്നു. എന്നാല്‍ മദ്യപാനത്തില്‍ ആസക്തനായിത്തീര്‍ന്നതോടെ ആറാഴ്ചയ്ക്കകം എന്നെ ഒന്നിനും കൊള്ളാത്ത അവസ്ഥയായി. തരം താഴ്ത്തി ശിപായിയായി പാളയത്തില്‍ നിയമിച്ചു. അവിടെയും മദ്യപാനം നിമിത്തമുള്ള മോശം പെരുമാറ്റത്താല്‍ എന്നെ തടങ്കല്‍പ്പാളയത്തിലേക്കയക്കാന്‍ തീരുമാനമായി. ആ സമയത്താണ് ഒരു വൈദികന്‍ അതിലേ വന്നത്. എന്‍റെ അവസ്ഥ കണ്ട് അദ്ദേഹം കാരണം അന്വേഷിച്ചു. കാര്യമറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്‍റെ സ്വന്തം സഹോദരനും ഇങ്ങനെയായിരുന്നു. അവന് ഒരു പുരോഹിതന്‍ സുവിശേഷത്തിന്‍റെ പ്രതി നല്കി. മദ്യം കുടിക്കണമെന്ന് തോന്നുമ്പോഴെല്ലാം അതില്‍നിന്ന് ഒരധ്യായം വായിക്കണമെന്ന് പറഞ്ഞു. അങ്ങനെ ചെയ്യാന്‍ തുടങ്ങിയതോടെ അധികം വൈകാതെ അവന്‍റെ മദ്യാപാനാസക്തി വിട്ടുപോയി. പതിനഞ്ച് കൊല്ലമായി ഇപ്പോള്‍ അവന്‍ മദ്യപാനം നിര്‍ത്തിയിട്ട്. അദ്ദേഹം പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധിച്ചുകേട്ടു. എന്നിട്ട് ചോദിച്ചു, എന്‍റെ പ്രയത്നങ്ങളും സകലവിധ ചികിത്സകളും വെറുതെയായി. ഇനി ഈ സുവിശേഷംകൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ്?

അതുവരെയും സുവിശേഷം വായിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ല. അതിനാലാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. അദ്ദേഹം പറഞ്ഞു, ഇത് നിങ്ങളെ സഹായിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. പിറ്റേന്നുതന്നെ അദ്ദേഹം എനിക്ക് സുവിശേഷം കൊണ്ടുവന്നുതന്നു. അത് തുറന്നുനോക്കിയിട്ട് പള്ളിയിലെ പ്രാകൃതഭാഷ എനിക്ക് മനസിലാവില്ല എന്നെല്ലാം ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. ആദ്യം മനസിലായില്ലെങ്കിലും സശ്രദ്ധം തുടര്‍ന്ന് വായിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ഒരു സന്യാസി പറഞ്ഞിട്ടുണ്ട്, കര്‍ത്താവിന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകുന്നില്ലെങ്കിലും പിശാചുക്കള്‍ക്ക് മനസിലാകും. അവര്‍ വിറയ്ക്കുകയും ചെയ്യും. നിങ്ങളുടെ മദ്യപാനാസക്തി നിശ്ചയമായും പിശാചിന്‍റെ ചെയ്തിയാണ്.

എന്തായാലും ഞാന്‍ ആ സുവിശേഷത്തിന്‍റെ പ്രതി വാങ്ങി ഒരു പെട്ടിയിലിട്ടു. കുറച്ചുനാള്‍ കഴിഞ്ഞ് മദ്യപാനത്തിനുള്ള ജ്വരം എന്നെ ബാധിച്ചു. മദ്യശാലയിലേക്ക് പോകാന്‍ പണത്തിനായി പെട്ടി തുറന്നതും മുന്നില്‍ സുവിശേഷപുസ്തകം. വൈദികന്‍ പറഞ്ഞത് എന്‍റെ മനസിലേക്കോടി വന്നു. ഞാന്‍ സുവിശേഷമെടുത്ത് മത്തായിയുടെ സുവിശേഷം ഒന്നാമധ്യായം വായിക്കാന്‍ ആരംഭിച്ചു. ഒന്നും മനസിലായില്ല. എന്നാലും വൈദികന്‍റെ വാക്കുകള്‍ ഓര്‍ത്ത് തുടര്‍ന്ന് വായിച്ചു. അങ്ങനെ മൂന്നാം അധ്യായമെത്തി, അപ്പോള്‍ പാളയത്തിലെ മണിയടിച്ചു. പിന്നെ ആര്‍ക്കും പുറത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല, ഉറങ്ങാന്‍ പോകണം.

പിറ്റേന്ന് വെളുപ്പിന് വീഞ്ഞിനായി പോകാന്‍ തുടങ്ങുമ്പോഴും പെട്ടെന്നൊരാലോചന, സുവിശേഷം വായിച്ചാലോ? അന്നും രണ്ടധ്യായം വായിച്ചു. അന്നുമുതല്‍ ഞാന്‍ ആ ശീലം തുടങ്ങി. പിന്നെപ്പിന്നെ മദ്യത്തോട് എനിക്ക് വെറുപ്പായി. എന്‍റെ മാറ്റം കണ്ട് എല്ലാവര്‍ക്കും അത്ഭുതം. മൂന്ന് വര്‍ഷത്തിനകം എന്നെ പട്ടാളത്തില്‍ ആദ്യതസ്തികയില്‍ തിരികെ നിയമിച്ചു. നല്ല ഭാര്യയെ കിട്ടി. ഇപ്പോള്‍ ഉദ്യോഗസ്ഥനായ മകനുമുണ്ട്. എന്നും സുവിശേഷം പാരായണം ചെയ്യും എന്ന പ്രതിജ്ഞയിലാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്. നന്ദിയായും ദൈവമഹത്വത്തിനായും ഞാനിത് വെള്ളിയില്‍ പൊതിഞ്ഞു. സദാ എന്‍റെ കീശയില്‍ മാറോട് ചേര്‍ത്ത് കൊണ്ടുനടക്കുന്നു.

“ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ് “
ഹെബ്രായര്‍ 4/12

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles