Home/Engage/Article

മാര്‍ 20, 2024 295 0 ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Engage

വളരെക്കുറച്ച് പേര്‍ക്കുമാത്രം അറിയാവുന്നത്…

ആ ദുര്‍ദിനങ്ങള്‍ വന്നെത്തുംമുമ്പ് നാം ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍

അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്‍ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഇനി വരിക. വീട്ടില്‍നിന്നും ബസ്സ്റ്റോപ്പ് വരെ ഏകദേശം അഞ്ഞൂറ് മീറ്റര്‍ കാണും. അവിടെയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നടന്നു പോകുന്നതും നോക്കി അമ്മ റോഡിലിറങ്ങി നില്‍ക്കുകയാണ്. പണ്ട് ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴും അമ്മ ഇങ്ങനെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴാകട്ടെ, എനിക്ക് പ്രായമായി, പഠനമൊക്കെ കഴിഞ്ഞു ജോലിയായി. എന്നിട്ടും അമ്മയ്ക്ക് ഞാന്‍ ഇന്നും ആ പഴയ കുഞ്ഞുതന്നെ. അമ്മ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടും അതുവരെ തിരിഞ്ഞുനോക്കാതിരുന്നിട്ട് എത്താറാകുമ്പോള്‍ തിരിഞ്ഞുനോക്കി ഒരു റ്റാറ്റാ കൊടുക്കലുണ്ട്. അതില്‍ ഇനിയുള്ള രണ്ടുമാസത്തെ സ്നേഹം നിറച്ചു വച്ചിട്ടുണ്ട്.

‘സൃഷ്ടിക്ക് തന്‍റെ സ്രഷ്ടാവിനെ സാന്ത്വനിപ്പിക്കാമെന്നും ഒരു നിസാര സൃഷ്ടിയുടെ, തന്‍റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരുവന്‍റെ, സാന്ത്വനം ദൈവം ആഗ്രഹിക്കുന്നു എന്നും വളരെക്കുറച്ച് ആത്മാക്കള്‍ക്കാണ് അറിവുള്ളത്.’ ഇത് ഞാന്‍ വായിച്ചത് ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍നിന്നാണ് (പേജ് 285).

നമ്മുടെ ഈ ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്? എത്ര തിക്കും തിരക്കുമാണ് നമ്മള്‍ കൂട്ടുന്നത്? ഇതിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം, ഒരു സാന്ത്വനിപ്പിക്കല്‍; ജീവിതത്തിന്‍റെ നടന്നുകൊണ്ടിരിക്കുന്ന ഈ വഴി കഴിയും മുന്‍പ് നാം കൊടുക്കേണ്ടണ്ടതില്ലേ?

ഒരിക്കല്‍ പ്രായമായ ഒരു വല്ല്യപ്പന്‍റെ മരണക്കിടക്കയില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. മൂന്ന് സങ്കടങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. നല്ല പ്രായത്തില്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞില്ല. ദൈവത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ദൈവത്തെ ഒട്ടുംതന്നെ സ്നേഹിച്ചുമില്ല. നമ്മുടെ അനുതാപം, ഉറച്ച തീരുമാനം, ദൈവത്തോട് സ്നേഹത്തോടെയുള്ള സംഭാഷണം, ദൈവത്തെ ഏറ്റുപറയുന്നത് ഇവയെല്ലാം ആ തിരിഞ്ഞുനോട്ടത്തില്‍ വരും.

അമ്മ വഴിയിലിറങ്ങി നില്‍ക്കുന്നതുപോലെ, സൂക്ഷിച്ചു നോക്കുന്നതുപോലെ പിതാവായ ദൈവം നമ്മെ നോക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ഭാഗത്തുനിന്നും ഒരു തിരിഞ്ഞുനോട്ടം, അതിനെക്കുറിച്ചാണ് പറയുന്നത്. നമ്മള്‍ അത്ഭുതവും അനുഗ്രഹവും അവിടെനിന്നും സ്വീകരിച്ചതുകൊണ്ട് മാത്രമാകുന്നില്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമാകരുത്. നമ്മള്‍ ദൈവത്തെ ദൈവമായിത്തന്നെ കണ്ടുകൊണ്ടു എങ്ങനെ അവിടുത്തെ സ്നേഹിക്കുന്നു എന്നതാണ് സര്‍വ്വപ്രധാനം. പിതാവ് ലോകത്തിലേക്ക് അയച്ച യേശുവില്‍ പൂര്‍ത്തിയായത് ആ സ്നേഹമല്ലേ? അതിനൊരു പ്രതിസ്നേഹം നമ്മള്‍ കാണിക്കുന്നുണ്ടോ?

ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദിവസങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ്, ഈ യൗവ്വനത്തില്‍ത്തന്നെ നമ്മള്‍ കര്‍ത്താവിനെക്കുറിച്ചു ചിന്തിക്കണം. അവനെ അറിയാന്‍ ശ്രമിക്കണം. അവനെ സ്നേഹിക്കണം. അവനുവേണ്ടി ജീവിക്കണം. അതിനുവേണ്ടി നീ നിന്‍റേതായ രീതി കണ്ടെത്തിക്കൊള്ളുക. നിനക്ക് യോജ്യമായ വിധത്തില്‍ അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ മറ്റെന്തിനെക്കാളും ആരെക്കാളും സ്നേഹിക്കുകയും ചെയ്യുക. സ്നേഹിക്കുക! അതില്‍ അടങ്ങിയിട്ടുണ്ട് എല്ലാം!

“തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്” (പ്രഭാഷകന്‍ 34/19).

Share:

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles