Home/Engage/Article

ജുലാ 03, 2024 3 0 ആന്‍സി ജോര്‍ജ്
Engage

യുട്യൂബ് വീഡിയോയും മാലാഖയും

എനിക്ക് ഒരു കാവല്‍മാലാഖ ഉണ്ട് എന്ന ബോദ്ധ്യം ചെറുപ്പത്തില്‍ ത്തന്നെ കിട്ടിയിരുന്നു. എങ്കിലും ആ മാലാഖയോട് പ്രാര്‍ത്ഥിക്കണം എന്ന് തോന്നിയിട്ടില്ല. ഒരിക്കല്‍ യു ട്യൂബില്‍ ഒരു വീഡിയോ കാണാനിടയായി. വിശുദ്ധ ബലിയുടെ സമയത്ത് ”സഹോദരരേ, മിശിഹായുടെ സ്‌നേഹത്തില്‍ നിങ്ങള്‍ പരസ്പരം സമാധാനം ആശംസിക്കുവിന്‍” എന്ന പ്രാര്‍ത്ഥന കഴിയുമ്പോള്‍ കാവല്‍മാലാഖയ്ക്കും നാമഹേതുക വിശുദ്ധയ്ക്കും ആദ്യം സമാധാനം ആശംസിക്കണം എന്നതായിരുന്നു അതിന്‍റെ ഉള്ളടക്കം. അന്ന് മുതല്‍ എല്ലാ ദിവസവും ദിവ്യബലിയുടെ സമയത്ത് ഞാന്‍ എന്‍റെ കാവല്‍മാലാഖയ്ക്കും നാമഹേതുക വിശുദ്ധയായ അന്നാ പുണ്യവതിക്കും സമാധാനം ആശംസിക്കാന്‍ തുടങ്ങി.

കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ കാവല്‍മാലാഖയുടെ സാന്നിധ്യം ഞാന്‍ അറിയാന്‍ തുടങ്ങി. അതെങ്ങനെയെന്നോ? കണ്ണടയ്ക്കുമ്പോള്‍ കണ്‍പോളകളില്‍ക്കൂടി സൂര്യവെളിച്ചത്തെക്കാള്‍ തിളക്കമുള്ള വെളിച്ചം വരുന്ന അനുഭവം. ഈ പ്രകാശം ഏറ്റവും പ്രകടമായി കാണുന്നത് ദിവ്യബലിയില്‍ പങ്കെടുക്കുമ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ജപമാല ചൊല്ലുമ്പോഴും ഒക്കെയാണ്. ഇപ്രകാരം മാലാഖമാരുടെ സാന്നിധ്യത്തിന്‍റെ പല അടയാളങ്ങളും ലഭിച്ചു. അതുവഴി കാവല്‍മാലാഖയും ഞാനും തമ്മിലുള്ള ബന്ധം വളര്‍ന്നുകൊണ്ടിരുന്നു. മാലാഖയോട് സംസാരിക്കുന്ന ശീലവും വളര്‍ത്തിയെടുത്തു. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താനും മറന്നുപോയത് ഒര്‍മ്മിച്ചെടുക്കാനും എന്നെ കാവല്‍മാലാഖ പലപ്പോഴും സഹായിച്ചിട്ടുണ്ട്.

2020 ഈസ്റ്റര്‍ സമയം. കോവിഡ് കാലമായിരുന്നതുകൊണ്ട് തേങ്ങ പറിക്കാന്‍ ആരും വന്നിരുന്നില്ല. വീടിന്‍റെ മുറ്റത്ത് ഒരു തെങ്ങുണ്ട്. ഓശാനയുടെ ദിവസം മുതല്‍ തെങ്ങിന്‍റെ സമീപത്ത് നടക്കുമ്പോഴൊക്കെ ഞാന്‍ കാവല്‍മാലാഖയോട് ‘പച്ചത്തേങ്ങ കിട്ടിയിരുന്നെങ്കില്‍ പെസഹാഅപ്പം ഉണ്ടാക്കാമായിരുന്നു’ എന്ന് പറയും. ആ പെസഹായുടെ തലേദിവസം ഒരു തേങ്ങ വീണു. ഞാന്‍ അതുകൊണ്ട് അപ്പം ഉണ്ടാക്കാന്‍ തീരുമാനിച്ചു. പിറ്റേന്നും ഒരു തേങ്ങ വീണു. അങ്ങനെ പെസഹാപാല്‍ കാച്ചാനുള്ള തേങ്ങയുമായി. ദു:ഖശനിയാഴ്ച ഒരു കുല തേങ്ങയാണ് വീണത്. ഈസ്റ്ററിനുവേണ്ട വിഭവങ്ങള്‍ക്ക് ആവശ്യമുള്ളതിലധികം തേങ്ങ അങ്ങനെ ലഭിച്ചു. കാവല്‍മാലാഖയോട് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ലായിരുന്നു.

മറ്റൊരു സംഭവം പങ്കുവയ്ക്കട്ടെ. എനിക്ക് വര്‍ഷങ്ങളായി മിക്കവാറും ദിവസവും ഉദരസംബന്ധമായ രോഗങ്ങള്‍ വരുമായിരുന്നു. ഏത് ഭക്ഷണമാണ് അലര്‍ജി എന്ന് മനസിലായിരുന്നില്ല. അസുഖം വല്ലാതെ കൂടുതലാകുമ്പോള്‍ മരുന്ന് കഴിക്കും. ഒരു ദിവസം ഞാന്‍ കാവല്‍മാലാഖയോട് പറഞ്ഞു, ”നോക്ക്, എത്ര നാളുകളായി ഞാന്‍ അസുഖംകൊണ്ട് കഷ്ടപ്പെടുന്നു. ഇതിന്‍റെ കാരണം എനിക്ക് ഇന്നുതന്നെ അറിയണം.” അന്ന് വൈകുന്നേരം യു ട്യൂബില്‍ ഒരു വീഡിയോ കണ്ടു. പാലിന്‍റെ ഉപയോഗവും അലര്‍ജിയും ആയിരുന്നു വിഷയം. ഞാനൊന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. പാലിന്‍റെ ഉപയോഗം കുറച്ചു. അത്ഭുതമെന്നുപറയട്ടെ, അന്നുമുതല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ മാറി.

നമ്മുടെകൂടെ നടക്കുന്ന ഒരു കാവല്‍ക്കാരന്‍, സ്വര്‍ഗം അയച്ചുതരുന്ന കാവല്‍ക്കാരന്‍, അതാണ് കാവല്‍മാലാഖ. നമ്മുടെ ജീവിതത്തിന് അദൃശ്യമായ കാവല്‍ ഒരുക്കി ആ മാലാഖ നമ്മുടെ ചാരത്തുണ്ട്, ഏറ്റവും വിശ്വസ്തനായ സുഹൃത്തായി.
സങ്കീര്‍ത്തനം 34/7: ”കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.”

Share:

ആന്‍സി ജോര്‍ജ്

ആന്‍സി ജോര്‍ജ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles