Home/Evangelize/Article

ഏപ്രി 29, 2024 135 0 Simmi Santosh
Evangelize

മിന്നലിനുമുമ്പ് മറ്റ് ചിലത് സംഭവിച്ചിരുന്നു…

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഒരു ചൊവ്വാഴ്ച. ഞാന്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഭര്‍ത്താവും ഇളയ മോനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് ഒരു വലിയ ഇടിവെട്ടി. വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റുമുതല്‍ മീറ്റര്‍ വരെയുള്ള മുഴുവന്‍ വയറും കത്തിപ്പോയി. മീറ്ററും ഭാഗികമായി കത്തി നശിച്ചു. അതിന്‍റെ മുകളിലായുള്ള സണ്‍ഷെയ്ഡും കുറച്ച് പൊട്ടിപ്പോയി. പിന്നെ നാശനഷ്ടമുണ്ടായത് അടുക്കളഭാഗത്താണ്. അവിടെനിന്നും വിറകുപുരയിലേക്ക് വലിച്ചിട്ടിരുന്ന വയറും അവിടെയുള്ള ബള്‍ബുമെല്ലാം കത്തിനശിച്ചു. പക്ഷേ അവിടെ ശേഖരിച്ചുവച്ചിരുന്ന വിറകിലും ചൂട്ടിലുമൊന്നും ഒരു തീപ്പൊരിപോലും വീണില്ല.

പിന്നീട് നോക്കിയപ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധയില്‍പ്പെട്ടു. അതിരുചേര്‍ന്ന് 50 മീറ്ററോളം നീളത്തില്‍ മണ്ണിലൂടെ വഴിവെട്ടിയതുപോലെ ഇരിക്കുന്നു! ഇടിമിന്നലേറ്റതാണ്! മിന്നല്‍ ആ പാതയിലൂടെ പോകുമ്പോള്‍ ഒരു വലിയ കരിങ്കല്ല് അടുക്കളഭാഗത്തേക്ക് തെറിച്ചുവീഴുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ അടുത്താണ് ഗ്യാസ് സിലിണ്ടര്‍ ഇരുന്നതെങ്കിലും ഒരു അപകടവും ഉണ്ടായില്ല. മാത്രവുമല്ല, മീറ്ററില്‍നിന്ന് വീടിനുള്ളിലേക്കുള്ള ഒരു വയറുപോലും കത്തി നശിക്കുകയോ മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് കേടുവരുകയോ ചെയ്തില്ല. മൂന്ന് ഫാന്‍ മാത്രമാണ് പോയത്.

ഭര്‍ത്താവ് ആ സമയം ലാപ്ടോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷേ ഒരു നിസാര ഷോക്ക്പോലും ഉണ്ടായില്ല എന്നതും വലിയ അത്ഭുതമായിരുന്നു. ആ മിന്നലിന്‍റെ സമയത്ത് ഞങ്ങള്‍ ആരും പ്രത്യേകപ്രാര്‍ത്ഥനയൊന്നും നടത്തിയിട്ടില്ല. പക്ഷേ അതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ രൂപം എടുത്ത് വീടിനു ചുറ്റും ജപമാലറാലി നടത്തിയിരുന്നു. അതോടുചേര്‍ന്ന് തിരുരക്തത്തിന്‍റെ സംരക്ഷണം ചോദിച്ചുകൊണ്ട് മുന്‍വാതിലിലും പിന്‍വാതിലിലും വിശുദ്ധ കുരിശാല്‍ മുദ്രണം ചെയ്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ആ പ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ പ്രേരണ അനുസരിക്കാനുള്ള കൃപയും നല്ല ദൈവം ഞങ്ങള്‍ക്ക് നല്കി. അതിലൂടെ, ഞങ്ങളുടെ ഭവനത്തിന് വലിയ സ്വര്‍ഗീയസംരക്ഷണം നല്‍കിയ ഈശോയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.

“കര്‍ത്താവിന്‍റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും അത് അഭയമായിരിക്കും” (ഏശയ്യാ 4/6).

Share:

Simmi Santosh

Simmi Santosh

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles