Home/Evangelize/Article

ഡിസം 08, 2024 1 0 ബിഷപ് ജോസഫ് കുന്നത്ത് സി.എം.ഐ.
Evangelize

മാനസാന്തരങ്ങളുടെ പിന്നിലെ രഹസ്യം

നക്‌സലൈറ്റ് പ്രസ്ഥാനം വളരെ ശക്തിയാര്‍ജിച്ചുനിന്ന കാലം. അഴിമതിക്കാരെ കണ്ടെത്തിയാല്‍ അവര്‍ മുന്നറിയിപ്പ് നല്കും. അനുസരിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിനാല്‍ത്തന്നെ ഭയം നിമിത്തം നക്‌സലൈറ്റുകള്‍ വില്ലേജില്‍ വന്നാല്‍ ഗ്രാമവാസികള്‍ അവരെ സല്‍ക്കരിക്കും. അക്കാലത്ത് ഞാന്‍ ചാന്ദാ രൂപതയില്‍ മന്ദമാരി സ്‌കൂളില്‍ സേവനം ചെയ്യുകയാണ്. സ്‌കൂളിനോടുചേര്‍ന്നുതന്നെയാണ് താമസം. ഒരു ഡ്രൈവര്‍മാത്രമാണ് എന്നെക്കൂടാതെ അവിടെയുള്ളത്. ഒരു രാത്രിയില്‍ പതിവുപോലെ മുറ്റത്തെ കട്ടിലില്‍ ഞാന്‍ കിടന്നുറങ്ങുകയാണ്. ഏതാണ്ട് രണ്ടുമണിയായപ്പോള്‍ നാലുപേര്‍ വന്ന് ഡ്രൈവറെ വിളിച്ചു.
അടുത്തുചെന്നപ്പോള്‍ മുറ്റത്ത് കട്ടിലില്‍ കിടക്കുന്നതാരാണെന്ന് അവനോട് അന്വേഷിച്ചു. വൈദികനാണെന്നു പറഞ്ഞപ്പോള്‍ വിളിക്കണമെന്നായി. അവന്‍ വിളിക്കാനെത്തിയപ്പോഴേക്കും അവരെന്‍റെ കട്ടിലിന്‍റെ അരികില്‍ വന്നു.

ഞാന്‍ ചോദിച്ചു, ”എന്താ വേണ്ടത്?”
നക്‌സലൈറ്റ്‌സ് ആണെന്നു മറുപടി. അവര്‍ക്ക് പണം വേണം.
”നിങ്ങളെ കണ്ടിട്ട് നക്‌സലൈറ്റ് ആണെന്നു തോന്നുന്നില്ലല്ലോ. അവര്‍ എന്നെ ശല്യപ്പെടുത്തുകയില്ല. അവരുടെ പിള്ളേരെ ഞാന്‍ പഠിപ്പിക്കുന്നതാണ്.”
”പിന്നെന്താ ഞങ്ങള്‍ കള്ളന്മാരാണോ?”
”അത് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി! ഏതായാലും പണം തരാന്‍ ഉദ്ദേശിക്കുന്നില്ല.”
ഉടനെ നാലുപേരും തോക്കെടുത്തു. ഒരാള്‍ എന്‍റെ മുമ്പിലും ഒരാള്‍ പുറകിലും മറ്റു രണ്ടുപേര്‍ തോക്ക് നീട്ടിപ്പിടിച്ചും നില്‍പായി. മുമ്പില്‍ പിടിച്ച തോക്ക് ഞാന്‍ കൂസലില്ലാതെ പിടിച്ചുമാറ്റി. ‘ഈ നാടകമൊന്നും നിങ്ങള്‍ കളിക്കേണ്ട, പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെ’ന്ന് ഞാന്‍ വീണ്ടും പറഞ്ഞു. അപ്പോള്‍ അവര്‍ തോക്ക് സഞ്ചിയിലിട്ടിട്ട് കത്തിയെടുത്തു. വലിയ കത്തിയെടുത്ത് ഒരെണ്ണം എന്‍റെ പുറത്തും മറ്റൊന്ന് എന്‍റെ കഴുത്തിലും കുത്തിപ്പിടിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ”കൊല്ലാന്‍ വന്നതാണെങ്കില്‍ കൊന്നിട്ട് പൊക്കോ. പണം തരാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഇവിടെ മരിക്കാന്‍ വന്ന ആളാണ്. അതെനിക്ക് എളുപ്പമായി, എന്‍റെ കാര്യം നേരത്തേ നടക്കും!”
ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. ഒരു മിഷനറി മരിക്കാന്‍ തയാറായിത്തന്നെയാണ് മിഷന് ഇറങ്ങുന്നത്. പിന്നെ കൊല്ലുമെന്ന് പറഞ്ഞ് മിഷനറിയെ പേടിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം!

ഒടുവില്‍ സഹികെട്ട് ഒരുവന്‍ ആ മുറ്റത്ത് ഇരുന്നു. മറ്റ് മൂന്നുപേര്‍ പോകാം എന്നുപറഞ്ഞ് വിളിക്കുന്നുണ്ട്. പക്ഷേ അവന്‍ എഴുന്നേറ്റില്ല. അപ്പോള്‍ വേറൊരുവന്‍ ദേഷ്യം തീര്‍ക്കാന്‍ ഒരു ഇഷ്ടിക എടുത്ത് എന്നെ എറിഞ്ഞു. ഏറ് എന്‍റെ ചങ്കിലാണ് കൊണ്ടത്. ആ ഒച്ച കേട്ട് അപ്പുറത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന സിസ്റ്റേഴ്‌സ് ഉറക്കം തെളിഞ്ഞു. അവര്‍ ഉറക്കെ നിലവിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് കള്ളന്മാര്‍ ഓടിപ്പോയി.
കുറച്ചുകഴിഞ്ഞ് സിസ്റ്റേഴ്‌സ് എന്‍റെയടുത്ത് വന്ന് കാര്യമന്വേഷിച്ചു. ഞാന്‍ പറഞ്ഞു, ”ഒന്നും പറ്റിയില്ല. നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കൊള്ളൂ.” കള്ളന്‍മാര്‍ ഇനി ഇങ്ങോട്ട് വരില്ല എന്നു ഞാന്‍ ഉറപ്പിച്ച് പറഞ്ഞതോടെ സിസ്റ്റേഴ്‌സ് മടങ്ങി. പക്ഷേ അവര്‍ കിടന്നില്ല. പകരം, ചാപ്പലില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ കട്ടിലില്‍ത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഞാന്‍ നടന്ന് അടുത്ത വില്ലേജില്‍ കുര്‍ബാനയ്ക്ക് പോയി.

ചങ്കുറപ്പിനുപിന്നില്‍…

മിഷനുവേണ്ടി ഇറങ്ങുമ്പോള്‍ ദൈവം തരുന്ന ചങ്കുറപ്പിന്‍റെയും സംരക്ഷണത്തിന്‍റെയും മറക്കാനാവാത്ത ഒരു ഓര്‍മ്മയാണിത്. വന്ന അക്രമികളെക്കാളും ആരോഗ്യമൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും ദൈവം തന്ന ധൈര്യത്തിലാണ് അവരെ ഞാന്‍ നേരിട്ടത്. കര്‍ത്താവിനുവേണ്ടി അവിടുത്തെ വയലില്‍ ഇറങ്ങിയവനെ സംരക്ഷിക്കുന്നത് അവിടുന്നുതന്നെ.
മിഷനറിമാരെല്ലാം ജനങ്ങളോടുചേര്‍ന്ന് അവരുടെ ജീവിതസാഹചര്യങ്ങളില്‍ത്തന്നെ ജീവിച്ചു. ആന്ധ്രാപ്രദേശിലെ അദിലാബാദിലും മഹാരാഷ്ട്രയിലെ ചാന്ദാ, വാര്‍ധാ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടന്ന ചാന്ദാ രൂപതയില്‍ ഇത്തരത്തില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തമായി നടക്കാന്‍ കാരണം ഈ രീതിതന്നെയായിരുന്നു.
ജനങ്ങള്‍ താമസിച്ചിരുന്നതുപോലുള്ള വാസസ്ഥലങ്ങളാണ് ഞങ്ങളും നിര്‍മിച്ചിരുന്നത്. വാര്‍പ്പുകെട്ടിടങ്ങള്‍പോലും കാര്യമായി പണിതിരുന്നില്ല. ഈ മിഷന്‍ ദര്‍ശനം പകര്‍ന്നുതന്നത് രൂപതയുടെ പ്രഥമമെത്രാനായിരുന്ന ബിഷപ് ജാനുവാരിയൂസ് പാലത്തുരുത്തി സി.എം.ഐയാണ്. അദ്ദേഹം എപ്പോഴും പറയും, ”ജനങ്ങളുടെ സഹകരണത്തോടുകൂടി ഒന്നിച്ചു ജീവിക്കണം. നാം അവിടെപ്പോയി വലിയ കെട്ടിടം ഉണ്ടാക്കരുത്. അവിടെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നമ്മളും ജീവിക്കണം. എന്നാലേ നമുക്ക് സുവിശേഷം പ്രസംഗിക്കാന്‍ കഴിയുകയുള്ളൂ. അതായിരുന്നു യേശുവിന്‍റെ രീതി.”

ഫിലിപ്പി 2/7-8 വചനങ്ങളില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതുപോലെ യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ അര്‍ത്ഥം മനസിലാക്കിയ ആളായിരുന്നു ജാനുവാരിയൂസ് പിതാവ്. ”ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതേ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.”

അതാണല്ലോ ക്രിസ്മസിന്‍റെ ചൈതന്യം. അത് മനസിലാക്കിയ പിതാവ് എല്ലാ മിഷനറിമാരെയും ആ ചൈതന്യത്തില്‍ ജീവിക്കാന്‍ പ്രചോദിപ്പിച്ചു. അപ്രകാരം ജനങ്ങളോട് താദാത്മ്യപ്പെട്ട് ജീവിച്ചപ്പോള്‍ സുവിശേഷം അവര്‍ പെട്ടെന്ന് സ്വീകരിക്കുകയും ധാരാളം മാനസാന്തരങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതായിരുന്നു മിഷന്‍റെ വിജയം.
ഗ്രാമവാസികളുടെ എല്ലാ സന്തോഷങ്ങളിലും വേദനകളിലും മിഷനറിവൈദികര്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് രോഗം വന്നാല്‍ അവരെ കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ആശുപത്രിവരെ കൂടെ വൈദികരും പോകും. അവരുടെ എല്ലാ കാര്യത്തിനും വൈദികരുടെ സാന്നിധ്യം ഉറപ്പായിരുന്നു.

അദിലബാദ് മിഷന്‍

പിന്നീട് ചാന്ദാ രൂപത വിഭജിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1999-ല്‍ അദിലബാദ് മിഷന്‍ രൂപത പ്രഖ്യാപിച്ചു. 1999 ഒക്‌ടോബര്‍ ആറിനായിരുന്നു രൂപതാമെത്രാനായി ഞാന്‍ അഭിഷേകം ചെയ്യപ്പെട്ടത്. ചാന്ദാ രൂപതയില്‍നിന്നുള്ള ഏതാനും വൈദികര്‍ ആരംഭകാലത്ത് എനിക്കൊപ്പം വന്നു.

അല്മായരുടെ ആഗ്രഹം

രൂപതയിലെ അല്മായരെ വിളിച്ചുകൂട്ടി സംസാരിച്ചപ്പോള്‍ അവരെല്ലാം ഏകസ്വരത്തില്‍ ആവശ്യപ്പെട്ട പ്രധാനകാര്യം ഇതായിരുന്നു: ”മിഷന്‍പ്രവര്‍ത്തനത്തിന് ഞങ്ങളെക്കൂടി കൂട്ടണം. ഞങ്ങള്‍ മാമോദീസ മുങ്ങിയത് ഈ സുവിശേഷം പ്രസംഗിക്കാനാണ്.” അദിലാബാദ് രൂപതയുടെ വിജയത്തിന്‍റെ അടിസ്ഥാനം അതാണെന്നാണ് എന്‍റെ അഭിപ്രായം. ഏറെപ്പേരുടെ സഹായങ്ങളും കിട്ടി. ആദ്യം ചെറിയൊരു ബിഷപ്‌സ് ഹൗസ് പണിതു. പിന്നെ മൈനര്‍ സെമിനാരിയും പാസ്റ്ററല്‍ സെന്ററും തുടങ്ങി. സാവധാനം അദിലാബാദിലെ പള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു.
ഇവിടത്തെ മൈനര്‍ സെമിനാരിയില്‍ പ്രവേശനം നേടിയവരും പഠിച്ചവരുമായ വൈദികര്‍തന്നെയാണ് ഇന്ന് ഈ രൂപതയിലുള്ള നാല്‍പതില്‍പരം ഇടവകവൈദികര്‍. അതുകൂടാതെ സന്യാസ സഭകളില്‍നിന്നുള്ള വൈദികരുമുണ്ട്. ഈ രൂപതയിലെ യുവജനങ്ങള്‍ക്കിടയില്‍ ജീസസ് യൂത്തിന്‍റെയോ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയോ ശക്തമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ യുവജനമുന്നേറ്റം ശക്തമാണ്.
ആണ്ടിലൊരിക്കല്‍, ആയിരം പേരോളം വരുന്ന യുവജനസമ്മേളനങ്ങള്‍ നടത്തുമായിരുന്നു. ഭക്ഷണം, അച്ചടക്കം, പ്രാര്‍ത്ഥനയുടെ സമയം തുടങ്ങി അവരുടെ കാര്യങ്ങളെല്ലാം അവര്‍തന്നെ ക്രമീകരിക്കും. ഇന്നും അതങ്ങനെ തുടരുന്നു.

ആദ്യകാലം മുതല്‍ ചെയ്തിട്ടുള്ള മറ്റൊരു കാര്യമാണ് ബോര്‍ഡിങ്ങുകള്‍ നടത്തുക എന്നത്. പഠിക്കാന്‍ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ പള്ളിയോടു ചേര്‍ന്നുള്ള ബോര്‍ഡിങ്ങില്‍ താമസിപ്പിച്ച്, അടുത്തുള്ള സ്‌കൂളില്‍ വിട്ട് പഠിപ്പിക്കും. ബോര്‍ഡിങ്ങില്‍നിന്ന് പ്രാര്‍ത്ഥനകളും വിശ്വാസകാര്യങ്ങളും പഠിക്കുന്ന കുട്ടികള്‍ അവധിക്ക് ചെല്ലുമ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കും. ഇപ്പോഴത്തെ യുവജനങ്ങളില്‍ ഏറെപ്പേരും ബോര്‍ഡിങ്ങുകളില്‍ പഠിച്ചുവന്നവരാണ്. ഇവിടത്തെ അച്ചന്മാരില്‍ ഏറെപ്പേരും അവരില്‍നിന്നുള്ളവര്‍തന്നെ. വൈദിക-സന്യസ്ത ദൈവവിളികള്‍ ധാരാളം.

ഇപ്രകാരം സമ്പന്നമായ അദിലബാദ് മിഷനില്‍ മെത്രാനടുത്ത ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ 2015-ല്‍ 75-ാം വയസില്‍ വിരമിക്കുന്നതുവരെയും എനിക്ക് സാധിച്ചു. ഇപ്പോഴും രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ താമസിച്ചുകൊണ്ട് മിഷനില്‍ പങ്കുചേരുന്നു.

Share:

ബിഷപ് ജോസഫ് കുന്നത്ത് സി.എം.ഐ.

ബിഷപ് ജോസഫ് കുന്നത്ത് സി.എം.ഐ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles