Trending Articles
ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്‍റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്‌സ്റ്റ് മെസേജ് അയച്ചു, ”ഇനി പരസ്പരം ഒരു കൂടിക്കാഴ്ച ഉണ്ടാവില്ല!”
അത് അയച്ചിട്ട് വീണ്ടും ഞാന്‍ യേശുവിന്‍റെ മുഖത്തേക്ക് നോക്കി ഇരുന്നു. അവിടുന്ന് എന്നെയും നോക്കിക്കൊണ്ടിരിക്കുകയാണ്. ആണ്‍സുഹൃത്തിനോടൊപ്പമുള്ള കൂടിക്കാഴ്ചകള്‍ വീണ്ടും എന്നേക്കുമായി നിര്‍ത്താന്‍ അവിടുന്ന് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഞാനത് നിര്‍ത്തിയതാണ്. എന്നിട്ട് വീണ്ടും തുടങ്ങി. എന്നാല്‍ ഇത്തവണ ഈശോ എന്നെ നിര്‍ബന്ധിക്കുന്നത് അത്തരം കൂടിക്കാഴ്ചകള്‍ എന്നേക്കുമായി നിര്‍ത്താന്‍മാത്രമല്ല, അവിടുന്നുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍വേണ്ടിയുമാണ്.
ഒരു കത്തോലിക്കയായി വളരുകയും നിരവധി കോണ്‍ഫറന്‍സുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഓരോരുത്തരെയും വ്യക്തിപരമായി ദൈവം എങ്ങനെയാണ് പിന്തുടരുന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് തലച്ചോറുകൊണ്ട് ഞാന്‍ വിശ്വസിച്ചിരുന്നെങ്കിലും ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളില്‍ അത്തരത്തിലുള്ള അനുഭവം എനിക്കുണ്ടായി; ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഈശോ എന്നെ വിളിക്കുന്ന അനുഭവം. അതിനാല്‍ യുവസുഹൃത്തുമായുള്ള കൂടിക്കാഴ്ച നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു.
അങ്ങനെ അത് നിര്‍ത്തിയിട്ട് ഈശോയുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍ തുടങ്ങി. മറ്റൊരാളുമൊത്ത് ഒരു കോഫി കഴിക്കുന്നതിനുപകരം കോഫി കഴിച്ചിട്ട് ദിവ്യകാരുണ്യ ആരാധനയില്‍ ഈശോയോടൊപ്പം ഇരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യാന്‍ തുടങ്ങി. ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ ഈശോയോടൊത്ത് എന്നത് നാളുകള്‍ക്കുമുമ്പുതന്നെ ഞാന്‍ പരിശീലിച്ചിരുന്നെങ്കിലും ഇത് വ്യത്യസ്തമായിരുന്നു. മുമ്പ് ഞാന്‍ ഈശോയൊടൊത്തിരുന്ന് വായിക്കുകയോ ജപമാല ചൊല്ലുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോള്‍ വെറുതെ അവിടുത്തെ നോക്കി ഇരിക്കും, എന്നെ ‘ശരിക്കും’ നോക്കാന്‍ അവിടുത്തെ അനുവദിച്ചുകൊണ്ട്.
ഇതിലൂടെ എനിക്ക് മനസിലായ കാര്യമിതാണ്, നമ്മെ അവിടുന്ന് തന്‍റെ ‘മണവാട്ടി’യാക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ അവിടുന്ന് സുന്ദരിയും സ്‌നേഹിക്കാന്‍ കൊള്ളാവുന്നവളും കൂടുതല്‍ മനസിലാക്കപ്പെടേണ്ടവളും മറ്റുള്ളവരോട് സുന്ദരിയാണെന്ന് പറയാവുന്നവളും സ്‌നേഹിക്കപ്പെടേണ്ടവളും ഒക്കെയായി കാണുന്നു.
ഇക്കാര്യം ഹൃദയത്തിന്‍റെ ആഴത്തില്‍ ഞാന്‍ മനസിലാക്കണമെന്നും മറ്റേതൊരു യുവാവുമായി ബന്ധം പുലര്‍ത്തുന്നതിനെക്കാള്‍ അവിടുത്തെ മണവാട്ടി എന്ന തിരിച്ചറിവില്‍ ഞാന്‍ ജീവിക്കണമെന്നും ആ സ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിക്കണമെന്നുമെല്ലാം അവിടുന്ന് ആഗ്രഹിക്കുന്നു.
മണവാട്ടി എന്ന എന്‍റെ സ്‌ത്രൈണസ്ഥാനം വിവാഹിതയാണോ സമര്‍പ്പിതയാണോ ഇപ്പോഴും ഏതാണ് എന്‍റെ ദൈവവിളി എന്ന് ഉറപ്പിക്കാത്ത അവസ്ഥയാണോ എന്നതിനെയൊന്നും ബാധിക്കുന്നില്ല. അതിന്‍റെ പിന്നിലെ സത്യം നാം ക്രിസ്തുവിന്‍റെ വധുവാണ് എന്നതാണ്. അത് നമുക്ക് ജന്മനാ ലഭിച്ചിരിക്കുന്നതാണ്. അതിനാല്‍ത്തന്നെ അവിടുന്ന് നമ്മെ അങ്ങനെ കാണുന്നു, മനസിലാക്കുന്നു, ആ രീതിയില്‍ത്തന്നെ സ്‌നേഹിക്കുന്നു.
*ദിവ്യകാരുണ്യ ആരാധനയിലെ കൂടിക്കാഴ്ച
ഭൗതികമായി നമുക്കുമുന്നില്‍ ഈശോ സ്പര്‍ശിക്കാവുന്നവിധത്തില്‍ സന്നിഹിതനാകുന്നു. മറ്റേതൊരു വ്യക്തിയുടെയും മുന്നിലിരുന്ന് അയാളെ മനസിലാക്കുന്നതുപോലെ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുന്ന് അവിടുത്തോട് ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങളുടെ ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ അറിയുക. അവിടുന്ന് നിങ്ങളുടെ ഹൃദയം അറിയാന്‍ അനുവദിക്കുക, അവിടുത്തെ ഹൃദയം മനസിലാക്കുക.
*ഉത്തമഗീതം വായിക്കുക. യേശുവിനെക്കുറിച്ചുള്ള സത്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. പക്ഷേ ചിലപ്പോള്‍ സുവിശേഷങ്ങള്‍ക്കുപുറത്ത് നാം നോക്കണം. ഈശോയോടൊത്തുള്ള ദിവ്യകാരുണ്യ കൂടിക്കാഴ്ചകളില്‍ ഉത്തമഗീതം വായിച്ചപ്പോള്‍ അവിടുത്തേക്ക് എന്‍റെ ഹൃദയത്തോട് പറയാനുള്ള വാക്കുകള്‍ അവിടെ ഞാന്‍ കണ്ടു. ഈ പുസ്തകം എന്‍റെ ഹൃദയത്തെ മൃദുവാക്കുകയും വധുവെന്ന നിലയില്‍ എന്നോടുള്ള അവിടുത്തെ സ്‌നേഹം മനസിലാക്കാന്‍ സഹായിക്കുകയും ചെയ്തു.
* യേശുവിന് ലഭ്യയായിരിക്കുക
ഈശോയോടൊപ്പമുള്ള കൂടിക്കാഴ്ചകളെന്നാല്‍ ദിവ്യകാരുണ്യ ആരാധനകള്‍മാത്രമല്ല. മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോവുക, ഒരു കോഫി ഷോപ്പില്‍ പോവുക, വെറുതെ കാല്‍നടയാത്ര ചെയ്യുക… അങ്ങനെ എവിടെയൊക്കെയാണോ പോകാന്‍ തോന്നുന്നത് അവിടെയെല്ലാം പോകുക. ഇഷ്ടപ്പെട്ട യുവാവിനോടൊപ്പം പോകുന്നതുപോലെ ഈശോയോടൊപ്പം ആയിരിക്കുക എന്നതാണ് പ്രധാനം. ഒരു മണവാട്ടിയെപ്പോലെ നിന്നെ സ്‌നേഹിക്കാന്‍ അവിടുത്തെ അനുവദിക്കുക.
*ഏറ്റവും പ്രധാനമായി, പ്രാര്‍ത്ഥിക്കുക. അവിടുത്തോടൊപ്പമുള്ള കൂടിക്കാഴ്ചകളുടെ ഈ കാലഘട്ടത്തില്‍ എന്താണ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുത്തോട് ആരായുക..
Catherine Dufferin
Want to be in the loop?
Get the latest updates from Tidings!