Home/Enjoy/Article

ഒക്ട് 21, 2024 66 0 സിസ്റ്റര്‍ ലീമ രാജന്‍ സി.സി.ആര്‍
Enjoy

മകള്‍ക്കുവേണ്ടി ഇടിമിന്നലയക്കുന്ന അപ്പന്‍!

ഒരിക്കല്‍ ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള്‍ ഞാന്‍ ജനലുകള്‍ തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള്‍ വീശുന്നതുകണ്ട് എന്‍റെ അമ്മ പറഞ്ഞു: ‘ജനലുകള്‍ അടച്ച് മാറിനില്‍ക്ക്, മിന്നല്‍ ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്‍റെ അപ്പന്‍ അല്ലേ, അപ്പന്‍റെ ആജ്ഞകൂടാതെ മിന്നലുകള്‍ എന്നെ തൊടില്ല’ എന്ന് ഞാന്‍ പറഞ്ഞു. മിന്നല്‍ ഏറ്റാല്‍ എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഞാന്‍ ലാഘവത്തോടെ മറുപടി പറഞ്ഞു: ‘മിന്നല്‍ ഏറ്റാല്‍ എന്‍റെമേല്‍ സ്‌നേഹാഗ്നി അയച്ച്, ഈ ലോകത്തില്‍നിന്ന് അപ്പന്‍റെ അടുക്കലേക്ക് വിളിക്കുകയാണെന്ന് കരുതുക.’ ഇതുകേട്ട അമ്മ അല്പം നീരസത്തോടെ പറഞ്ഞു: ‘മണ്ടത്തരം പറയാതെ കൊച്ചേ…’ ഇതു വായിക്കുന്ന ചിലരെങ്കിലും ഇത് മണ്ടത്തരമാണെന്ന് കരുതുന്നുണ്ടാവും.

ഇടിയും മിന്നല്‍പിണരുകളും എങ്ങനെയുണ്ടാകുന്നുവെന്ന് ശാസ്ത്രം നമ്മെ പഠിപ്പിക്കുമ്പോള്‍, ആ പഠനത്തെ മറികടന്ന് ഞാന്‍ സങ്കീര്‍ത്തനം 135/7 ല്‍ വിശ്വസിക്കുന്നു. ”ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് മേഘങ്ങളെ ഉയര്‍ത്തുന്നത് അവിടുന്നാണ്; മഴയ്ക്കായി ഇടിമിന്നലുകളെ അയക്കുന്നതും കലവറ തുറന്ന് കാറ്റിനെ പുറത്തുവിടുന്നതും അവിടുന്നാണ്.” എന്‍റെ വേദനകളുടെയും ഹൃദയനൊമ്പരങ്ങളുടെയും കാലങ്ങളില്‍ പലപ്പോഴും എന്നെ നല്ലതുപോലെ അറിയാവുന്ന എന്‍റെ അപ്പനോട് ഞാന്‍ സംസാരിക്കാറുള്ളത് ആകാശത്ത് നോക്കിയാണ്. ”അപ്പാ യഹോവേ, എന്നെ കാണുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന് മറുപടിയായി എപ്പോഴും ശക്തമായ ഇടിയും മിന്നലുകളും ഉണ്ടാകാറുണ്ട്.

ഒരിക്കല്‍ രാത്രിയില്‍ മഴയും ഇടിയും മിന്നലുകളുമൊക്കെ മാറിയ അവസരത്തില്‍ ഞാന്‍ ധ്യാനകേന്ദ്രത്തില്‍നിന്നും സമീപത്തുള്ള എന്‍റെ മഠത്തിലേക്ക് പോവുകയായിരുന്നു. കറന്റ് പോയി അന്ധകാരം വ്യാപിച്ച ഇടവഴിയിലൂടെ, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടംപോലും എവിടെയും കാണാതെ, ഒരു അന്ധയെപ്പോലെ കരങ്ങള്‍ മുന്‍പോട്ട് നീട്ടി വളരെ സാവധാനം ഒറ്റയ്ക്ക് നടന്നു. എതിരെ ആരെങ്കിലും വന്നാല്‍ മുട്ടാതിരിക്കാന്‍വേണ്ടിയായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോള്‍ എന്‍റെ ദിശ തെറ്റുന്നതായി എനിക്ക് തോന്നി. ഞാന്‍ നടക്കുന്നത് നേരെയാണോ എന്നുപോലും സംശയിച്ചു.

അല്പമൊന്നു ഭയപ്പെട്ട് ഞാന്‍ അവിടെനിന്നു, എന്നിട്ട് ആകാശത്തിലേക്ക് നോക്കി താഴ്ന്ന സ്വരത്തില്‍ പറഞ്ഞു: ”അപ്പാ യഹോവേ, അപ്പന്‍റെ മോള്‍ക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ, ഈ മോളെ സഹായിക്കുമോ?”
വളരെ പെട്ടെന്നുതന്നെ ആകാശത്ത്, അല്പംപോലും ഇടവിടാതെ തുടര്‍ച്ചയായ മിന്നല്‍പിണരുകള്‍ ഉണ്ടായി. ഈ മിന്നലുകളില്‍ എനിക്ക് വ്യക്തിപരമായി ഒരു പ്രത്യേകത തോന്നി. ഈ മിന്നലുകള്‍ മിന്നിക്കൊണ്ടേ ഇരുന്നു. മിന്നലുകളുടെ വെളിച്ചത്തില്‍ ഞാന്‍ നടന്നുനീങ്ങി. ഞാന്‍ മഠത്തില്‍ എത്തുന്നതുവരെ ഈ മിന്നലുകള്‍ മാറിയില്ല. എന്നാല്‍ ഞാന്‍ അകത്ത് കയറിയതും ഈ മിന്നലുകള്‍ നിലച്ചു. ഞാന്‍ ദീര്‍ഘനേരം ജനലിലൂടെ നോക്കിയിരുന്നു, മിന്നുന്നുണ്ടോ എന്നറിയാന്‍… എന്നാല്‍ ആകാശത്ത് മിന്നലുകള്‍ ഉണ്ടായതേയില്ല. ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത അപ്പന്‍റെ ശക്തമായ പ്രവൃത്തികളില്‍ ഒന്നാണ്. ”സിംഹാസനത്തില്‍നിന്നും മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു” (വെളിപാട് 4/5).

Share:

സിസ്റ്റര്‍ ലീമ രാജന്‍ സി.സി.ആര്‍

സിസ്റ്റര്‍ ലീമ രാജന്‍ സി.സി.ആര്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles