Home/Evangelize/Article

ഏപ്രി 19, 2024 89 0 Margaret
Evangelize

ഭര്‍ത്താവ് മാനസാന്തരപ്പെട്ടത് ഇങ്ങനെ…

ജീവിതത്തിലെ വളരെ സങ്കടകരമായ ഒരു സമയമായിരുന്നു അത്. ഭര്‍ത്താവ് എന്നെയും കുട്ടികളെയും അവഗണിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയി. വീട്ടില്‍ വരുന്നത് വല്ലപ്പോഴുംമാത്രം. ഭര്‍ത്താവിന്‍റെ അവിശ്വസ്തതയെക്കുറിച്ചുള്ള വേദനയും മറ്റ് വരുമാനമില്ലാത്ത അവസ്ഥയും ചേര്‍ന്ന് ജീവിതം അത്യന്തം ക്ലേശകരം. ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തുള്ള ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഞാനിക്കാര്യം പങ്കുവച്ച് പ്രാര്‍ത്ഥിച്ചു. അദ്ദേഹം എന്നോട് നിര്‍ദേശിച്ചത് ഇങ്ങനെയാണ്, ”ദൈവത്തിന്‍റെ കരുണ ലഭിക്കാനായി ഭര്‍ത്താവിനെ സ്‌നേഹിച്ച് കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക.”

ഞാനത് അക്ഷരംപ്രതി അനുസരിക്കാന്‍ തുടങ്ങി. പകലും രാത്രിയും മൂന്നുമണിസമയത്ത് ഒന്നോ അതിലധികമോ കരുണക്കൊന്ത ചൊല്ലും. പിന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പും ചൊല്ലും. ഭര്‍ത്താവിനെ സ്‌നേഹിക്കുക എന്നത് ആദ്യമൊക്കെ വിഷമകരമായിരുന്നു. എങ്കിലും പിന്നീട് ദൈവകരുണയുടെ സ്പര്‍ശനം എന്നിലുണ്ടാവുകയും അദ്ദേഹത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയും ചെയ്തു. അപ്രകാരം ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണി സമയത്ത് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കേ അടുത്ത് ആരോ വന്ന് മുട്ടുകുത്തിയത് ഞാനറിഞ്ഞു. അത് മറ്റാരുമായിരുന്നില്ല, എന്‍റെ ഭര്‍ത്താവ്! അദ്ദേഹം വല്ലാതെ കരയുകയാണ്! ഞാന്‍ അദ്ദേഹത്തെ സാന്ത്വനിപ്പിച്ച് ഇരുത്തി.

സാവധാനം ശാന്തനായപ്പോള്‍ ഏറെ അനുതാപത്തോടെ അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി, എന്നോടൊപ്പം പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് എന്നെയും കൂട്ടി ഒരിടത്ത് പോവുന്നുണ്ടെന്ന് പറഞ്ഞു. അതുപ്രകാരം അദ്ദേഹം പോയത് അവിഹിതബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ അടുത്തേക്കാണ്. എന്നെ കാണിച്ച് പരസ്യമായി അവളോട് അദ്ദേഹം പറഞ്ഞു, ”ഇതാണ് ഞാന്‍ വിവാഹം ചെയ്ത ഭാര്യ. ഇനി ഇവളോടൊപ്പമാണ് ജീവിക്കുന്നത്, നിന്നോടുള്ള തെറ്റായ ബന്ധം ഞാന്‍ ഉപേക്ഷിക്കുന്നു!”

പിന്നീട് ഉത്തരവാദിത്വമുള്ള കുടുംബനാഥനായി അദ്ദേഹം മാറി. യാതൊരു അര്‍ഹതയുമില്ലാത്തപ്പോഴും ദൈവകരുണ നമ്മിലേക്ക് ഒഴുക്കുന്ന പ്രാര്‍ത്ഥനയാണ് കരുണക്കൊന്ത എന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും.
”ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും. അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 13/6).

Share:

Margaret

Margaret

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles