Home/Engage/Article

ഏപ്രി 01, 2024 9 0 Brother Augustine Christy PDM
Engage

ബസില്‍ ബൈബിള്‍ വായിച്ചപ്പോള്‍

ബസ് യാത്രയ്ക്കിടെ ഞാന്‍ അറിയാതെ ഉറക്കത്തിലേക്ക് പോകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരു ബസ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവം എന്നെ ആശ്ചര്യപ്പെടുത്തി. ബസിലിരുന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കുറച്ചുനേരം ബൈബിള്‍ വായിച്ചിട്ട് വിശ്രമിക്കാം എന്നൊരു ചിന്ത ഉള്ളിലുണ്ടായി. ഉടനെ അത് അനുസരിച്ചു. വായിച്ചുതുടങ്ങിയപ്പോള്‍ തുടര്‍ന്ന് വായിക്കാന്‍ നല്ല ആഗ്രഹം. വായനയ്ക്കിടെ കണ്ണില്‍പെട്ട ഒരു വചനം ഉടനെ ഞാന്‍ കാണാതെയും പഠിച്ചു. അത് ഒന്നായി, രണ്ടായി, മൂന്നായി. അങ്ങനെ ബസ്, സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ ഒരു വചനം പഠിക്കും, അടുത്ത സ്റ്റോപ്പ് വരെ അത് മനസ്സില്‍ ഉരുവിട്ട് ധ്യാനിക്കും. അങ്ങനെ ഓരോ സ്റ്റോപ്പിലും എത്തുമ്പോള്‍ വചനം പഠിച്ചും ഏതാനും മിനിറ്റുകള്‍ ധ്യാനിച്ചും മുന്‍പോട്ട് പോയി. അന്ന് എത്ര വചനമാണ് അങ്ങനെ പഠിച്ചതെന്ന് അറിയാമോ? ഇരുപത്തഞ്ച് വചനങ്ങള്‍!

പക്ഷേ അതിനെക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. വചനം പഠിച്ചും ധ്യാനിച്ചും യാത്ര തുടരുന്നതിനിടയില്‍ ബസ് അപകടത്തില്‍പ്പെടുമെന്നും സൂക്ഷിക്കണമെന്നും പെട്ടെന്ന് ഉള്ളില്‍ ഒരു ചിന്ത. അതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഉള്ളില്‍ കേള്‍ക്കുകയുണ്ടായി. അല്പവിശ്വാസത്തോടെയാണെങ്കിലും ബസില്‍ ഒരു കുരിശ് വരച്ച് സംരക്ഷണമുദ്ര ഇടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ ബസ് കുറച്ചുദൂരം പോയിക്കഴിഞ്ഞപ്പോള്‍ ഒരു വളവില്‍ വച്ച് മറ്റൊരു വാഹനവുമായി അപകടം! ദൈവകൃപയാല്‍ ആര്‍ക്കും പരിക്കൊന്നും സംഭവിച്ചില്ല. ഉടനെ എന്‍റെ ഉള്ളില്‍ കേട്ട ആ സ്വരത്തെ നന്ദിയോടെ ഓര്‍ത്തു. ആര്‍ക്കും യാതൊന്നും സംഭവിക്കാതെ പരിപാലിച്ചതിനാല്‍ നന്ദി പറഞ്ഞ് മുന്‍പോട്ട് യാത്ര തുടര്‍ന്നു. ഇക്കാര്യം മുന്‍കൂട്ടി പരിശുദ്ധാത്മാവ് പറഞ്ഞുതന്നത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയിരുന്നു. സങ്കീര്‍ത്തനം 119/105- ”അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.”

ആ ദൈവാനുഭവത്തെക്കുറിച്ച് പിന്നീട് ചിന്തിച്ചപ്പോള്‍ ഏതാനും കാര്യങ്ങള്‍ എനിക്ക് ബോധ്യമായി. ഒന്നാമതായി, തിരുവചനങ്ങള്‍ വായിച്ചുകൊണ്ടിരുന്നതിനാലാണ് എന്‍റെ ഉള്ളിലുയര്‍ന്ന ആ ദൈവസ്വരം തെളിമയോടെ എനിക്ക് കേള്‍ക്കാനായത്. രണ്ടാമതായി, ദൈവിക പ്രേരണകള്‍ ചെറുതാണെങ്കിലും അത് അനുസരിക്കുമ്പോഴാണ് ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നാം പ്രാപ്തരാകുന്നത്. മൂന്നാമതായി, ദൈവവചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുവാന്‍ പൊതുവേ നമുക്ക് മടിയുണ്ടായിരിക്കാം. എന്നാല്‍ അതിനെ അതിജീവിച്ച് മുന്‍പോട്ട് പോകുമ്പോള്‍ അവിടുന്ന് നമ്മെ അന്തരികപ്രചോദനത്താലും വരദാനഫലങ്ങളാലും നിറയ്ക്കും. ആമോസ് 3/7- ”ദൈവമായ കര്‍ത്താവ് തന്‍റെ ദാസരായ പ്രവാചകന്‍മാര്‍ക്ക് തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല.” പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യമുണ്ടാകാന്‍ വചനം നമ്മില്‍ നിറഞ്ഞുകൊണ്ടിരിക്കണം.

സ്വാനുഭവത്തില്‍നിന്ന് ഞാന്‍ ഇത് ആവര്‍ത്തിച്ച് പറയുകയാണ്. സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം നമ്മള്‍ വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും വചനത്താല്‍ നിറയാന്‍ ആഗ്രഹിക്കുകയും വേണം. നമുക്ക് ഇപ്പോള്‍ ഉള്ള അഭിഷേകം പോരാ. ഇനിയുമധികം വേണം. നമ്മുടെ സന്തത സഹചാരി പോലെ തിരുവചനം നമ്മുടെ ഹൃദയത്തിലും അധരത്തിലും ഉണ്ടാകണം. റോമാ 10/8- ”വചനം നിനക്കു സമീപസ്ഥമാണ്. നിന്‍റെ അധരത്തിലും നിന്‍റെ ഹൃദയത്തിലും അതുണ്ട് – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍റെ വചനം തന്നെ.” നമുക്ക് ലഭിക്കുന്ന കൊച്ചുകൊച്ച് സത്‌പ്രേരണകള്‍ ഗൗരവത്തോടെ അനുസരിച്ച് മുന്‍പോട്ട് പോകണം. വിലകൊടുത്ത് വചനം സ്വന്തമാക്കണം. അവിടുന്ന് നമ്മെ ആശ്ചര്യപ്പെടുത്തും, തീര്‍ച്ച!

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles