Home/Engage/Article

സെപ് 06, 2023 352 0 Joy Mathew Planthra
Engage

പ്രേണയം വളർത്താൻ

ആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ?

നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്?

ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ.
രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ.

മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ.

നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ.

അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ.

ഹൃദയബന്ധത്തിന്‍റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്‍റെ അടയാളവും.

ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്‍റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച.

ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്‍റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് ‘കമ്യൂണിക്കേറ്റ്’ ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം.

അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്‍റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്‍റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്‍റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്‍റെ സ്വപ്നം.

പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്‍ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്‍കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്‍കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, ‘ക്ഷമ വേണം, സമയമെടുക്കും.’

സമ്മാനം സമ്മാനമാകുന്നത് അതിന്‍റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്‍റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്?

പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. “കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്‍റെ ഉടമ്പടി അവരെ അറിയിക്കും” (സങ്കീര്‍ത്തനങ്ങള്‍ 25/14)

Share:

Joy Mathew Planthra

Joy Mathew Planthra

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles