Home/Enjoy/Article

ഡിസം 06, 2024 1 0 Shalom Tidings
Enjoy

പൂജരാജാക്കന്‍മാരുടെ സമ്മാനങ്ങള്‍പോലെ…

എത്രയോ അമൂല്യമായ സമ്മാനങ്ങളാണ് പൂജരാജാക്കന്മാര്‍ എന്‍റെ മകന് നല്കിയത്! അവരുടെ സ്‌നേഹബഹുമാനങ്ങളും സമ്മാനങ്ങള്‍ സൂചിപ്പിക്കുന്ന ദിവ്യരഹസ്യങ്ങളും അതിലും വിലയുള്ളതായിരുന്നു. അതിനാല്‍ അവ ദിവ്യപൈതലിന് അത്യധികം സ്വീകാര്യമായിത്തീര്‍ന്നു. നീയും അപ്രകാരമുള്ള സമ്മാനങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിന്‍റെ ദാരിദ്ര്യാവസ്ഥയെയും ജീവിതാന്തസിനെയും ദൈവത്തിന് കൃതജ്ഞതയായി അര്‍പ്പിക്കുക. സ്വയം തെരഞ്ഞെടുത്ത ദാരിദ്ര്യാരൂപിയെക്കാള്‍ ദൈവത്തിന് പ്രിയങ്കരവും സ്വീകാര്യവുമായ മറ്റൊന്നുമില്ല.

ഈ രാജാക്കന്മാരെപ്പോലെ സ്വന്തം ഭൗതികവസ്തുക്കള്‍ കര്‍ത്താവിന് സമര്‍പ്പിച്ച് പരസ്‌നേഹവും ദീനാനുകമ്പയും പ്രകടിപ്പിക്കുന്നവര്‍ അപൂര്‍വമാണ്. അനേകം ദരിദ്രസഹോദരങ്ങള്‍, ഈ ലോകത്തിലെ അനേകമനുഷ്യരുടെ ക്രൂരതയ്ക്കും അത്യാഗ്രഹത്തിനും സാക്ഷികളാണ്. അവരുടെ കഷ്ടതകളില്‍ സഹായിക്കുവാനും അവര്‍ക്ക് താങ്ങും തണലുമാകുവാനും ധനികര്‍ മടിക്കുന്നു. ദ്രവ്യാഗ്രഹത്താല്‍ ആത്മാക്കളെ മലീമസമാക്കുകയും അധഃപതിപ്പിക്കുകയും അതിന്‍റെ അന്തസ് കെടുത്തുകയും ചെയ്യുന്നു. അവരെ ഓര്‍ത്ത് സ്വര്‍ഗത്തിലെ മാലാഖമാര്‍ വിലപിക്കുന്നു. പരിശുദ്ധാത്മാവ് തീവ്രമായി ദുഃഖിക്കുന്നു (സഭാപ്രസംഗകന്‍ 10/20).

എല്ലാം സ്വയം കയ്യടക്കിവച്ച് അവര്‍ ദരിദ്രര്‍ക്കുള്ളത് തട്ടിപ്പറിക്കുന്നു. സമ്പത്ത് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കപ്പെടാമെന്ന് അവരോര്‍ക്കുന്നില്ല. ധനികനും സ്വസമ്പത്തുക്കള്‍ വിവേകപൂര്‍വം ഉപയോഗിച്ച് നിത്യജീവന്‍ സ്വന്തമാക്കുവാന്‍ കഴിയും എന്ന സത്യം അവര്‍ നിഷേധിക്കുന്നു. ആയതിനാല്‍ സ്വയംപ്രേരിത ദാരിദ്ര്യാരൂപി ഏറ്റവും വിശിഷ്ടവും സുരക്ഷിതമായ ഔഷധവുമത്രേ. ഒരു മനുഷ്യന്‍ സസന്തോഷം ദരിദ്രസഹോദരങ്ങള്‍ക്കുവേണ്ടി തന്‍റെ സമ്പത്ത് വ്യയം ചെയ്യുമ്പോള്‍ അതു കര്‍ത്താവിന് ഏറ്റം സ്വീകാര്യമായ ബലിയായിരിക്കും. നിലനില്‍പിനാവശ്യമായവയെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടും അത് ദരിദ്രര്‍ക്ക് ദാനം നല്‍കിയും സാധ്യമെങ്കില്‍ സ്വന്തം അധ്വാനശേഷികൊണ്ട് ആവശ്യക്കാരെ സഹായിച്ചും ഈ ബലിയര്‍പ്പിക്കാം.

നിരന്തരമായി നീയര്‍പ്പിക്കുന്ന ബലിവസ്തുവാണ് നിന്‍റെ സ്‌നേഹം. നിരന്തരമായ പ്രാര്‍ത്ഥനയാണ് കുന്തുരുക്കം. ദീര്‍ഘക്ഷമയോടെ ഏറ്റെടുക്കുന്ന അധ്വാനവും പരിഹാരപ്രവൃത്തികളുമാണ് മീറ. കര്‍ത്താവിനര്‍പ്പിക്കുന്നതെല്ലാം നിറഞ്ഞ സ്‌നേഹത്തോടും കൃതജ്ഞതയോടുംകൂടിയായിരിക്കണം. സ്‌നേഹത്തിന്‍റെ നിറവില്ലാതെ, അശ്രദ്ധയോടും ഉദാസീനതയോടുംകൂടെ നിര്‍വഹിക്കപ്പെടുന്ന ബലികള്‍ അത്യുന്നത സിംഹാസനത്തിന് മുമ്പില്‍ വിലയില്ലാത്തതാണ്. അതിനാല്‍ മാധുര്യമേറുന്ന ഈ യജ്ഞം നിരന്തരം തുടരണം.
(ദൈവനഗരം, അഗ്രേദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയയ്ക്ക് ദൈവമാതാവ് വെളിപ്പെടുത്തിയത്)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles