Home/Enjoy/Article

ഏപ്രി 26, 2024 141 0 Father Joseph Alex
Enjoy

‘പഞ്ച് ‘ പ്രസംഗ രഹസ്യം

കുറച്ചുനാള്‍ മുമ്പ് ഒരു ഞായറാഴ്ച യു.എസിലെ എന്‍റെ താമസസ്ഥലത്തിനടുത്തുള്ള ലത്തീന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പോയി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുമ്പസാരിപ്പിക്കുകയും ചെയ്യണമായിരുന്നു. ഇത്തരം അവസരങ്ങളില്‍ പ്രസംഗം കൂടുതല്‍ പ്രധാനമാണ് എന്ന് ചിന്തിച്ചതുകൊണ്ട് ഒരുങ്ങിത്തന്നെയാണ് പോയത്. പ്രസംഗത്തില്‍ ഞാന്‍ ‘പഞ്ച്’ എന്ന് കരുതിയ ഒരു കൂട്ടം ഉണ്ടായിരുന്നു.

പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യമുണ്ട്. പഞ്ച് എന്ന് കരുതി പറയുന്നത് വിചാരിച്ചതുപോലെ വിശ്വാസികളെ സ്വാധീനിക്കണം എന്നില്ല! അത് വ്യക്തമായത് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഒരു കുമ്പസാരം കേട്ടപ്പോഴാണ്. പഞ്ച് ആണെന്നുകരുതിയതല്ല, ഒട്ടും പഞ്ച് ഇല്ലാതെ പറഞ്ഞ ഒരു കാര്യം, ഒരാളെ സ്പര്‍ശിച്ചെന്ന് മനസിലായി. അതിലൂടെ പഴയ ഒരു പാപം ഓര്‍ക്കാനും കുമ്പസാരത്തില്‍ ഏറ്റുപറയാനും ആ വ്യക്തിക്ക് സാധിച്ചു.

അന്നെനിക്ക് കുറച്ചൂകൂടി ആഴത്തില്‍ ബോധ്യമായി. നമ്മള്‍ ഒരുങ്ങണം, പറയണം. പക്ഷേ പഞ്ച് ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. മീനിനെ നോക്കിയല്ല വലയേറിയേണ്ടത്, മറിച്ച് ഈശോയെ നോക്കിയാണ് വല എറിയേണ്ടതെന്ന് സാരം. ലൂക്കാ 5/5-7: ”ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്ക് കിട്ടി….. രണ്ട് വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.”

അത്ഭുതകരമായ ഈ മീന്‍പിടുത്തത്തിന്‍റെ കാര്യം ധ്യാനിക്കുമ്പോള്‍ മനസിലാക്കേണ്ടത് വേറൊന്നല്ല. ഈശോ പറയുന്നതനുസരിച്ച് വലയെറിയുക, അത്രേയുള്ളൂ! പരിശുദ്ധാത്മാവ് ‘വലയെയും മീനുകളെയും’ നയിച്ചോളും, രക്ഷയുടെ അനുഭവത്തിലേക്ക്. പത്രോസിനെ മനുഷ്യരെ പിടിക്കുന്നവനാക്കുമെന്ന് ഈശോ പ്രവചിച്ചത് പന്തക്കുസ്താദിനത്തില്‍ അക്ഷരം പ്രതി നിറവേറിയത് കണ്ടില്ലേ? പലതരം ആളുകള്‍ ആയിരുന്നല്ലോ, അന്നവിടെ ഉണ്ടായിരുന്നത്. എന്നിട്ടും വല നിറയെ മീന്‍ കിട്ടി.

ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍, നാം വിചാരിക്കുന്ന രീതിയില്‍, കുഞ്ഞുങ്ങള്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നില്ലെന്ന് കരുതി സങ്കടപ്പെടേണ്ട. അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ഏറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാം കാണുന്നില്ല എന്നേയുള്ളൂ.
ഈശോ പറയുന്നത് കേള്‍ക്കാനും ഈശോയോട് വിശ്വസ്തത പുലര്‍ത്താനും നാം ശ്രദ്ധിച്ചാല്‍ മാത്രം മതി. പ്രിയ മാതാപിതാക്കളേ, നിങ്ങളുടെ നിശബ്ദ സഹനങ്ങളൊക്കെ ഉണ്ടല്ലോ… നിങ്ങളറിയുന്നില്ലെന്നേയുള്ളൂ; ദൈവാത്മാവിന്‍റെ കൈയിലെ വലയാണ്, നിങ്ങളുടെ കുഞ്ഞുങ്ങളെ നിത്യതയുടെ തീരത്തിലേക്ക് അടുപ്പിക്കുന്ന വല.
അതിനാല്‍ ഈശോയുടെ കൈയിലെ വലകളായി നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടട്ടെ, ആമ്മേന്‍.

Share:

Father Joseph Alex

Father Joseph Alex

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles