Home/Enjoy/Article

ഒക്ട് 25, 2024 71 0 ജിമ്മി ഏകിന്‍
Enjoy

‘ന്യൂ ഏജ് ‘ വിശ്വാസി മാര്‍പാപ്പയെ കണ്ടുപിടിച്ച റൂട്ട്മാപ്പ്…

ടെക്‌സസിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നത് അര്‍ക്കന്‍സാസിലും. അഞ്ചോ ആറോ വയസ് പ്രായമാകുംവരെ മാതാപിതാക്കള്‍ എന്നെയുംകൂട്ടി അടുത്തുള്ള ഒരു ക്രൈസ്തവദൈവാലയത്തില്‍ പോകുമായിരുന്നു. പിന്നെ ആ ശീലം നിര്‍ത്തി. എന്നാല്‍ ഞാന്‍ മതവിശ്വാസത്തില്‍ താത്പര്യമുളള ആളായിരുന്നു. കൃത്യം ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട് പതിനാല് വയസായ സമയത്ത് ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എന്നാല്‍ അവസാനകാലങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ എന്ന് തോന്നിയവമാത്രമാണ് വായിച്ചത്. എന്നാല്‍ അതെല്ലാം വായിച്ചപ്പോഴാകട്ടെ എനിക്കാകെ ഭയമായി. ബൈബിളില്‍ ഉടനീളം വിവരിക്കുന്ന അതിശയകരമായ ദൈവകൃപയുടെയും കാരുണ്യത്തിന്‍റെയും സന്ദേശങ്ങള്‍ ഞാന്‍ വായിച്ചതുമില്ല.

അതോടെ ഞാനെന്‍റെ മതവിശ്വാസത്തിന്‍റെ അടുത്ത തലമെന്നോണം ന്യൂ ഏജ് പ്രസ്ഥാനത്തിലേക്ക് കടന്നു. അതിലേക്ക് നീങ്ങാന്‍ കാരണം മറ്റൊന്നുമായിരുന്നില്ല, ന്യൂ ഏജ് വിശ്വാസമനുസരിച്ച് നരകം എന്നൊന്നില്ല! അതേ സമയംതന്നെ ക്രൈസ്തവരോട് എനിക്ക് വല്ലാത്ത ഇഷ്ടക്കേടും തോന്നിത്തുടങ്ങി. ആരെങ്കിലും ക്രൈസ്തവികമായ പെരുമാറ്റരീതികളെന്തെങ്കിലും കാണിച്ചാല്‍പ്പോലും അതെന്നെ കോപാകുലനാക്കും. അപ്പോഴാണ് മറ്റൊരു ‘ട്വിസ്റ്റ്’ ഉണ്ടായത്. ക്രൈസ്തവനെന്ന് തോന്നിപ്പിക്കാത്ത ഒരു ക്രൈസ്തവപ്രസംഗകനെ ടി.വിയില്‍ കണ്ടു.

ഞാന്‍ ആ മനുഷ്യനിലൂടെ ക്രൈസ്തവികതയില്‍ ആകൃഷ്ടനായി. അതുനിമിത്തം ന്യൂ ഏജ് വിശ്വാസം തെറ്റാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. ആറ് മാസത്തോളം ആ പ്രസംഗങ്ങള്‍ കേട്ടതിനുശേഷം നേരില്‍ കാണുകയും അദ്ദേഹത്തിന്‍റെ സഭയില്‍ ചേരുകയും ചെയ്തു. പെന്തക്കോസ്ത് വിശ്വാസത്തില്‍നിന്ന് പിന്നീട് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് മാറിയ ഡോ. ജീന്‍ സ്‌കോട്ട് ആയിരുന്നു എന്നെ സ്വാധീനിച്ച ആ മനുഷ്യന്‍. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാന്ദ്യം സംഭവിച്ചതോടെ ഞാന്‍ മറ്റൊരു മേച്ചില്‍പ്പുറം തേടി പോയി.

അങ്ങനെയാണ് ഒരു വ്യവസ്ഥാപിത സഭയായ അമേരിക്കന്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ അംഗമായത്. ജീന്‍ സ്‌കോട്ടിനാല്‍ ആകര്‍ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ തിയോളജി ഗ്രന്ഥങ്ങളുടെ വായനക്കാരനായി മാറിയിരുന്നു. മുഴുവന്‍ സമയ ശുശ്രൂഷയിലേക്ക് പ്രവേശിക്കുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. എന്നാല്‍ അതിനിടയില്‍ മറ്റൊന്ന് കടന്നുവന്നു, പ്രണയവിവാഹം.

ന്യൂ ഏജ് പെണ്‍കുട്ടി

ക്രൈസ്തവനായിത്തീര്‍ന്ന് അധികം താമസിയാതെ ഒരു പാര്‍ട്ടിയില്‍വച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി, റെനി ഹംഫ്രി. അവള്‍ ജന്മംകൊണ്ട് കത്തോലിക്കയായിരുന്നെങ്കിലും പുനര്‍ജന്മംപോലുള്ള ന്യൂ ഏജ് വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്ന ആളായിരുന്നു. എന്നെപ്പോലെതന്നെ വായനയില്‍ അതീവതാത്പര്യം, പക്ഷേ ചരിത്രവും സാഹിത്യവും ഇഷ്ടവിഷയങ്ങള്‍. പക്ഷേ ഒരു കുറവ് അവളെ എപ്പോഴും അലട്ടി, അനാരോഗ്യം.
ഡോക്ടര്‍മാരെയും സൂചിയെയും അവള്‍ക്ക് പേടിയായതിനാല്‍ ചികിത്സയ്ക്കുപോകാന്‍ മടിയായിരുന്നു. പ്രധാനരോഗം വന്‍കുടലിലെ വ്രണങ്ങള്‍ ആയിരുന്നു. നട്ടെല്ലിനെ താങ്ങുന്ന മസിലുകളെ അത് ദുര്‍ബലപ്പെടുത്തുകയും അതുനിമിത്തം നട്ടെല്ലിനുസമീപമുള്ള ഞരമ്പുകളെ അമര്‍ത്തുകയും ചെയ്തതിനാല്‍ കാല്‍വരെ നീളുന്ന കടുത്ത വേദന അവളെ അസഹ്യപ്പെടുത്തും. പലപ്പോഴും നടക്കാന്‍പോലും സാധിക്കില്ല. അതിനാല്‍ത്തന്നെ 23 വയസില്‍ത്തന്നെ അവള്‍ക്ക് പ്രായമായവര്‍ ഉപയോഗിക്കുന്ന വാക്കര്‍ ഉപയോഗിക്കേണ്ടിവന്നു. പക്ഷേ അതൊന്നും എനിക്ക് പ്രശ്‌നമായിരുന്നില്ല.

എങ്കിലും വിവാഹിതരാകുംമുമ്പ് രണ്ട് കാര്യങ്ങള്‍ എനിക്ക് ശരിയാക്കേണ്ടിയിരുന്നു, അവളുടെ ന്യൂ ഏജ് വിശ്വാസവും അതോടൊപ്പം കത്തോലിക്കാ താത്പര്യങ്ങളും. റെനി വായനയില്‍ തത്പരയായിരുന്നതിനാല്‍ പുനരവതാരത്തെക്കുറിച്ചുള്ള ക്രൈസ്തവപുസ്തകം അവള്‍ക്ക് വായിക്കാന്‍ നല്കി. അത് വായിച്ചപ്പോള്‍ത്തന്നെ പുനരവതാരമെന്ന സങ്കല്പത്തിലെ തെറ്റ് അവള്‍ തിരിച്ചറിഞ്ഞു. അത് കൊള്ളാം എന്നെനിക്ക് തോന്നി.
പുസ്തകമാണല്ലോ റെനിയെ ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് പിന്തിരിപ്പിച്ചത്. അതിനാല്‍ കത്തോലിക്കാതാത്പര്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനും ആ വഴിതന്നെ പോകാമെന്ന് ഞാന്‍ കരുതി. വത്തിക്കാനെ മോശമായി ചിത്രീകരിക്കുന്ന ഒരു പുസ്തകമാണ് ഞാന്‍ റെനിക്ക് നല്കിയത്. അത് വായിച്ചതിനുശേഷം അവള്‍ സ്വയം കത്തോലിക്ക എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തി. പകരം ആഗ്ലിക്കന്‍ സഭയോട് ചായ്‌വ് പുലര്‍ത്താന്‍ തുടങ്ങി. കത്തോലിക്കാരീതികളില്‍നിന്ന് അവളെ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് തത്കാലം അതുമതിയായിരുന്നു. അവള്‍ പതുക്കെ പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ വിശ്വാസത്തിലേക്ക് മാറിക്കൊള്ളുമെന്ന് കരുതി.

അങ്ങനെ 1988-ല്‍, അവളുടെ ആംഗ്ലിക്കന്‍ വിശ്വാസ കാലത്ത്, റെനിയും ഞാനും വിവാഹിതരായി. പക്ഷേ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അവള്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങി. അത് ഇവാഞ്ചലിക്കല്‍ ശുശ്രൂഷകനാകണം എന്ന എന്‍റെ പദ്ധതിക്ക് വലിയൊരു അടിയായിപ്പോയി. ഈയൊരു പ്രശ്‌നം ഒഴിച്ചാല്‍ ഞങ്ങളുടേത് ഒരു സന്തുഷ്ടദാമ്പത്യമായിരുന്നു.

റെനി ഒരു സത്യം കണ്ടുപിടിച്ചപ്പോള്‍…

കാര്യങ്ങള്‍ അല്പം മോശമായത് എനിക്ക് മുമ്പേതന്നെ അറിയാമായിരുന്ന ഒരു സത്യം റെനി കണ്ടുപിടിച്ചതോടെയാണ്. അത് മറ്റൊന്നുമായിരുന്നില്ല, കത്തോലിക്കാപ്രബോധനമനുസരിച്ച് ഞങ്ങളുടെ വിവാഹം സാധുവല്ല! അതിനാല്‍ത്തന്നെ റെനിക്ക് കത്തോലിക്കാസഭയില്‍ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ അവള്‍ക്കെന്നെ ഉപേക്ഷിക്കാനും വയ്യ, ഞാനാകട്ടെ കത്തോലിക്കാസഭ പറയുംപോലെ വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ തയാറുമല്ല. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത റെനിയെ ഞായറാഴ്ചകളില്‍പ്പോലും കത്തോലിക്കാദൈവാലയത്തില്‍ വിടാന്‍ ഞാന്‍ തയാറാകാതിരുന്നതും ഞങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയായി വളര്‍ന്നു.

പക്ഷേ കാര്യങ്ങള്‍ പതുക്കെ മാറാന്‍ തുടങ്ങി. ക്രൈസ്തവവിശ്വാസം സ്വീകരിച്ചതുമുതല്‍ ഞാന്‍ ദൈവശാസ്ത്രത്തില്‍ നല്ല താത്പര്യം പുലര്‍ത്തിയിരുന്നു. പക്ഷേ എന്നെ പ്രശ്‌നത്തിലാക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ ബൈബിളില്‍ കണ്ടെത്താനാരംഭിച്ചു. പാപങ്ങള്‍ മോചിക്കാനും ബന്ധിക്കാനും അപ്പസ്‌തോലന്‍മാര്‍ക്ക് നല്കപ്പെട്ട അധികാരം (മത്തായി 16/18), പാപങ്ങള്‍ മോചിക്കാനുള്ള അവരുടെ അധികാരം (യോഹന്നാന്‍ 20/21-23) തുടങ്ങിയ വചനഭാഗങ്ങളൊന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പഠനം തുടര്‍ന്നപ്പോള്‍ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെക്കുറിച്ച് കത്തോലിക്കര്‍ പറയുന്നത് സത്യമാണെന്ന് എനിക്ക് അംഗീകരിക്കേണ്ട അവസ്ഥയായി. ഞാന്‍ പോയിക്കൊണ്ടിരുന്ന ആരാധനാലയത്തില്‍നിന്ന് സകുടുംബം കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണ്‍ ഹോംസിന്‍റെ പ്രബന്ധവും അങ്ങനെയൊരു നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിച്ചു.

മറിയത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പ്രബന്ധം മുമ്പൊരിക്കല്‍ എനിക്ക് അയച്ചുതന്നപ്പോള്‍ അതിലെ എല്ലാ വാദങ്ങളെയും എതിര്‍ത്ത് തോല്പിക്കാന്‍ എനിക്ക് കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ ഒരു ഖണ്ഡിക എന്നെ കുഴപ്പിച്ചു. ”ഇവാഞ്ചലിക്കല്‍ സഹോദരങ്ങള്‍ എതിര്‍ക്കുന്ന കത്തോലിക്കാവിശ്വാസങ്ങളെല്ലാം തിരുവചനത്തെ മുഖവിലയ്‌ക്കെടുത്തുകൊണ്ട് രൂപപ്പെട്ടവയാണ്.” അതെനിക്ക് ആശ്ചര്യമായിരുന്നു, കത്തോലിക്കര്‍ തിരുവചനത്തെ മുഖവിലയ്‌ക്കെടുക്കുകയോ?! ഇല്ലെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ആ ധാരണ ചോദ്യം ചെയ്യപ്പെടുകയാണ്….

ഏറ്റവുമധികം വിറപ്പിച്ച യാഥാര്‍ത്ഥ്യം

പതുക്കെ യേശുവിന്‍റെ ശരീരരക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗങ്ങള്‍ -യോഹന്നാന്‍ 6/53, ലൂക്കാ 22/19, യോഹന്നാന്‍ 3/5 എന്നിവ വിശദമായി പഠിച്ച് അവയെക്കുറിച്ചുള്ള കത്തോലിക്കാപഠനങ്ങള്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള റോമാ 6/3, 1 പത്രോസ് 3/21 വചനഭാഗങ്ങള്‍ പഠനത്തിന് വിധേയമാക്കി. പാപമോചനാധികാരത്തെക്കുറിച്ച് പറയുന്ന യോഹന്നാന്‍ 20/23 വചനം ആഴത്തില്‍ പഠിച്ചു. എല്ലാത്തിനും നാന്ദിയായി ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനവും പഠനവിധേയമാക്കി. എന്‍റെ പല ചിന്തകളും തെറ്റാണെന്ന് മനസിലായിത്തുടങ്ങിയിരുന്നു.

ഏറ്റവുമധികം എന്നെ വിറപ്പിച്ച കാര്യം സഭയുടെ ദൈവശാസ്ത്രം ബൈബിളിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. മാത്രവുമല്ല, സോളാ ഫിദെ (വിശ്വാസംമാത്രം), സോളാ സ്‌ക്രിപ്ത്തുറാ (ബൈബിള്‍മാത്രം) എന്നീ പ്രൊട്ടസ്റ്റന്റ് പ്രബോധനങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് വ്യക്തമായി.
കൂദാശകളെക്കുറിച്ചുള്ള സഭാപ്രബോധനം സാധൂകരിക്കുന്ന വചനഭാഗങ്ങള്‍ ബൈബിളില്‍ ഉടനീളം ഞാന്‍ കണ്ടു. ഏറ്റവും ശ്രദ്ധേയമായ ഭാഗം രക്തസ്രാവക്കാരി സ്ത്രീയുടേതായിരുന്നു.

”അവള്‍ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍റെ പിന്നില്‍ ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്‍റെ വസ്ത്രത്തില്‍ ഒന്ന് തൊട്ടാല്‍മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്ക് ശരീരത്തില്‍ അനുഭവപ്പെട്ടു…. അവന്‍ അവളോട് പറഞ്ഞു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്ന് വിമുക്തയായിരിക്കുക.” (മര്‍ക്കോസ് 5/27-33).

ഈ വചനഭാഗം കൂദാശയെന്ന തത്വത്തിന്‍റെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു. ആ സ്ത്രീയുടെ വിശ്വാസം, സ്പര്‍ശ്യമായ ഭൗതിക ഘടകം (ഈശോയുടെ വസ്ത്രവിളുമ്പില്‍ തൊടുന്നത്), പിന്നെ ഈശോയില്‍നിന്ന് ശക്തി പുറപ്പെടുന്നതും. ഇങ്ങനെതന്നെയാണ് കൂദാശകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം, തൈലം, അപ്പം, വീഞ്ഞ്, കൈവയ്പ് തുടങ്ങിയ തൊട്ടനുഭവിക്കാവുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ നാം സ്വീകരിക്കുന്ന അവിടുത്തെ കൃപയുടെ മാധ്യമങ്ങളായി ദൈവം ഉപയോഗിക്കുന്നു.

നാം ആത്മീയസൃഷ്ടികള്‍മാത്രമല്ല ഭൗതികസൃഷ്ടികളും കൂടിയായതിനാല്‍ ദൈവം തന്‍റെ കൃപയുടെ ആത്മീയദാനങ്ങള്‍ ഭൗതികമായ മാധ്യമങ്ങളിലൂടെ നമുക്ക് തരുന്നു. പിന്നീട് എനിക്ക് മനസിലായി നവീകരണം എന്ന പേരില്‍ സഭയില്‍നിന്ന് വേര്‍പിരിഞ്ഞുപോയി പ്രൊട്ടസ്റ്റന്റ് സഭകളുടെ രൂപീകരണത്തിന് കാരണക്കാരനായ മാര്‍ട്ടിന്‍ ലൂഥര്‍പോലും ഇത് അംഗീകരിച്ചിരുന്നു എന്ന്.

ബൈബിള്‍മാത്രംമതി എന്ന പഠനത്തിനും പല പ്രശ്‌നങ്ങളുണ്ട്. ബൈബിള്‍ നിയതരൂപത്തില്‍ ആയത് അതില്‍ ഏതൊക്കെ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടപ്പോഴാണല്ലോ. അവസാനത്തെ അപ്പസ്‌തോലനും മരിച്ച് 300 വര്‍ഷങ്ങളോളം കഴിഞ്ഞിട്ടാണ് ബൈബിളിന്‍റെ കാനന്‍ അന്തിമരൂപത്തിലായത്. അതിന് സഭയുടെ അധികാരം ആവശ്യമാണെന്നത് നിസ്തര്‍ക്കമാണ്. ഇന്നും സഭ തന്‍റെ അധികാരം ഉപയോഗിച്ച് വ്യത്യസ്തവും കാലാനുസൃതവുമായ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.

മറിയത്തെക്കുറിച്ചുള്ള ലിയോണിന്‍റെ പ്രബന്ധം വായിച്ച് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍, മത്തായി 16-ാം അധ്യായത്തെ ആധാരമാക്കി പാപ്പയെക്കുറിച്ച് ഒരു കത്തോലിക്കാഗ്രന്ഥകാരന്‍ രചിച്ച പുസ്തകം ഞാന്‍ വായിച്ചു. ഈ വചനഭാഗത്ത് യേശു പറയുന്നു, ”നീ പത്രോസാണ്; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18). അതുവരെയും യേശു ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്, ആ വാദം ശക്തമായി തെളിയിക്കാനും എനിക്ക് കഴിയുമായിരുന്നു. എന്നാല്‍ എന്‍റെ കണ്ണുകള്‍ ആ ഭാഗം സ്‌കാന്‍ ചെയ്തപ്പോള്‍ ആദ്യമായി ആ വാക്യത്തിന്‍റെ ഘടന ഞാന്‍ പരിശോധിച്ചു. ജീവിതം മാറ്റിമറിക്കാന്‍ കാരണമാകുന്ന പഠനമാണെന്ന് അറിയാതെ ഞാനതിനെക്കുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും തുടങ്ങി…

Share:

ജിമ്മി ഏകിന്‍

ജിമ്മി ഏകിന്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles