Home/Evangelize/Article

മാര്‍ 07, 2024 121 0 Shalom Tidings
Evangelize

നിന്നിലെ ഈസ്റ്റര്‍ അടയാളങ്ങള്‍…

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ശാലോം വായനക്കാര്‍ക്ക് നല്കുന്ന ഈസ്റ്റര്‍ സന്ദേശം

നാം ഒരു വീട് പണിയുകയാണെങ്കില്‍ അതിനായി ഒരു പ്ലാന്‍ തയാറാക്കും. നമ്മുടെ ഇഷ്ടമനുസരിച്ചാണ് അത് തയാറാക്കുന്നത്, അതുപ്രകാരമായിരിക്കും വീട് പണിയുന്നത്. ആ പ്ലാനനുസരിച്ച് മുഴുവന്‍ പണിയുമ്പോഴേ വീടുപണി പൂര്‍ത്തിയാവുന്നുള്ളൂ. അതുപോലെതന്നെ ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. ആ പ്ലാനില്‍ സുഖവും ദുഃഖവും കഷ്ടപ്പാടും രോഗവുമെല്ലാം ഉണ്ട്. അതിനനുസരിച്ച് മുന്നോട്ടുപോകുമ്പോഴാണ് ആ പദ്ധതി പൂര്‍ത്തിയാകുന്നത്. പകുതിവച്ച് ഉപേക്ഷിച്ചുപോയാല്‍ ആ പദ്ധതി പൂര്‍ത്തിയാവുകയില്ല. ഒരു പ്രതീക്ഷയും ഇല്ലാത്തപ്പോഴും ദൈവത്തിന് ഒരു വഴിയുണ്ടെന്നും അതിലേക്ക് ദൈവം നമ്മെ എത്തിക്കുമെന്നും വിശ്വസിക്കണം. ധൈര്യമായി മുന്നോട്ടു

പോകണം, അപ്പോഴാണ് ക്രിസ്തുവിന്റെ ഉത്ഥാന അനുഭവത്തിലേക്കും ആനന്ദത്തിലേക്കും നാം പ്രവേശിക്കുക.
നമ്മുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും വേദനകളുമെല്ലാം പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. എന്നാല്‍ ക്രിസ്തുവിനോടുകൂടെ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവിടുത്തെ ഉത്ഥാനാനുഭവവും സ്വന്തമാക്കാന്‍ സാധിക്കും. ക്രിസ്തുവില്‍ മരിച്ചവനാണ് ക്രിസ്തുവില്‍ ഉത്ഥാനം ചെയ്യുന്നത് എന്നോര്‍ക്കുക. ക്രിസ്തു മരിച്ചിട്ടാണ് ഉത്ഥാനം ചെയ്തത്. മരിക്കാതെയുള്ള ഒരു വഴി ക്രിസ്തുവിന് തിരഞ്ഞെടുക്കാമായിരുന്നില്ലേ? എന്നാല്‍ ഇതാണ് തന്റെ പിതാവിന്റെ പദ്ധതി എന്നറിഞ്ഞ് അത് ഏറ്റെടുത്തു. ”പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!” (ലൂക്കാ 22/42) എന്നാണ് അവിടുന്ന് പ്രാര്‍ത്ഥിച്ചത്. നാമും ഇത്തരത്തില്‍ ദൈവഹിതമനുസരിച്ച് ക്രിസ്തുവിനോട് ചേര്‍ന്ന് മരിക്കാതെ ഉത്ഥാനാനുഭവം

പ്രതീക്ഷിക്കാനാവില്ല.

ക്രൈസ്തവരുടെ ആദ്യത്തെ ആഘോഷമാണ് ഈസ്റ്റര്‍. ഉത്ഥാനം എന്നാല്‍ വലിയ സന്തോഷമാണ്. പക്ഷേ ഓര്‍ക്കണം അത് സഹിക്കുന്നവര്‍ക്കുള്ള സന്തോഷമാണ്. സഹനങ്ങള്‍ ഇല്ലാത്തിടത്ത് ഉത്ഥാനവും ഇല്ല. ഇന്ന് സഹനങ്ങളില്ലാത്ത ഉത്ഥാനത്തെക്കുറിച്ചാണ് നാമെല്ലാം ചിന്തിക്കുന്നത്. പക്ഷേ സഹനങ്ങളുടെ മുദ്ര പേറുന്നതാണ് ഉയിര്‍പ്പിന്റെ ലക്ഷണം. അതിനാല്‍ ഉയിര്‍പ്പ് സഹനങ്ങളുടെ വഴിയിലൂടെയുള്ള യാത്രയാണെന്ന് തിരിച്ചറിയാന്‍ പ്രാര്‍ത്ഥിക്കാം.

വ്യക്തിപരമായ ഈസ്റ്റര്‍ അനുഭവം

ഈസ്റ്റര്‍സമയങ്ങളില്‍ ഞാന്‍ എപ്പോഴും രോഗികളെ കാണാന്‍ പോകും. രോഗികളും സഹിക്കുന്നവരുമായവരെ സന്ദര്‍ശിക്കുന്നതാണ് വ്യക്തിപരമായ എന്റെ ഈസ്റ്റര്‍ അനുഭവം. മിഷന്‍ പ്രദേശത്തുനിന്ന് കേരളത്തിലെത്തുമ്പോഴാണ് കൂടുതലായും രോഗികളായി സഹിക്കുന്നവരെ സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. അവരോട് ഞാന്‍ പറയാറുള്ളത് നിങ്ങള്‍ ഈസ്റ്ററിന്റെ അടയാളങ്ങളാണെന്നാണ്.
കര്‍ത്താവ് മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുമെന്ന് ശിഷ്യന്മാര്‍പോലും കരുതിയിരുന്നില്ല. അതിനാല്‍ത്തന്നെ അവന്‍ ഉത്ഥാനം ചെയ്തു എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല. പക്ഷേ ഉത്ഥാനം ചെയ്ത കര്‍ത്താവിനെ അവര്‍ കണ്ടുകഴിഞ്ഞപ്പോള്‍, അത് കര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ മുറിവുകള്‍ നോക്കിയിട്ടാണ്. ”…അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു” (യോഹന്നാന്‍ 20/20). അതുകൊണ്ടാണ് പറയുന്നത് മുറിവുകള്‍ ഉത്ഥാനത്തിന്റെ അടയാളങ്ങളാണ് എന്ന്. ഉയിര്‍പ്പിന്റെ സന്തോഷത്തിന്റെ രഹസ്യം പേറുന്ന തിരുമുറിവുകള്‍…

കര്‍ത്താവിന്റെ തിരുവിലാവ് കാണണമെന്ന് തോമാശ്ലീഹാ ആവശ്യപ്പെട്ടപ്പോള്‍ ആ ആവശ്യം കര്‍ത്താവ് നിഷേധിച്ചില്ല. തന്റെ തിരുവിലാവ് കാണിച്ചുകൊടുക്കാന്‍ തിരുമനസായി. തന്റെ തിരുവിലാവിലെ ഉണങ്ങാത്ത മുറിവാണ് അവിടുന്ന് കാണിച്ചുകൊടുത്തത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും പറയട്ടെ, നിങ്ങളുടെ ഉണങ്ങാത്ത മുറിവുകളെല്ലാം ഈസ്റ്ററിന്റെ അടയാളങ്ങളാണ്. അതിനാല്‍ ഒരിക്കലും നിരാശപ്പെടരുതേ… പ്രത്യാശയോടുകൂടി ദൈവത്തിങ്കലേക്ക് നോക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍..!

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles