Home/Evangelize/Article

ജൂണ്‍ 11, 2024 174 0 Binu Mathew
Evangelize

തീ പിടിച്ചവര്‍ പറഞ്ഞത്‌

പ്രായമായ ഒരു അപ്പച്ചന്‍. അദ്ദേഹം അന്ന് ശാലോം ഏജന്‍സി മീറ്റിങ്ങ് നടക്കുന്ന ഹാളിലേക്ക് വളരെ പതിയെ കയറിവന്നു. ഹാള്‍ അല്പം ഉയരത്തിലായിരുന്നതിനാല്‍ കയറിവരാന്‍ അദ്ദേഹത്തിന് കൂടുതല്‍ ക്ലേശം അനുഭവപ്പെട്ടിരിക്കണം. വന്നയുടന്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറയുകയാണ്: ”തീരെ വയ്യാതായി. ഇനി അടുത്ത വര്‍ഷത്തെ മീറ്റിങ്ങിന് വരാന്‍ പറ്റുമോ എന്ന് അറിഞ്ഞുകൂടാ.” അദ്ദേഹത്തിന്റെ ഇരുകൈകളും വിറയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. ചോദിച്ചപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, കുറച്ച് കാലമായി ഞരമ്പിനും കുഴപ്പമുണ്ട്. അറിയാതെ ഞാന്‍ ചോദിച്ചുപോയി, ”അപ്പോള്‍ ഏജന്‍സി നിര്‍ത്താന്‍ പോകുവാണോ?” എന്റെ ചോദ്യത്തിന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്, ”എന്റെ കൈയിന്റെയും കാലിന്റെയും ചലനം നഷ്ടപ്പെടുംവരെയും ഞാന്‍ ഈ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകും!”

ഈ അനുഭവം എന്നെ വളരെയധികം ചിന്തിപ്പിച്ചു. ശാലോം പ്രസിദ്ധീകരണങ്ങളിലൂടെ ദൈവവചനം നല്കാന്‍ അദ്ദേഹം കാണിക്കുന്ന തീക്ഷ്ണത എത്ര വലുത്. പ്രായമൊന്നും പരിഗണിക്കുന്നതേയില്ല! അത് എനിക്കും വളരെ പ്രചോദനം നല്കി.
തുടര്‍ന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ ഏജന്‍സി മീറ്റിംഗ് ക്രമീകരിച്ചിട്ടുള്ളതിനാല്‍ ശാലോം ടീം യാത്ര തുടര്‍ന്നു. തെക്കന്‍ ജില്ലകളിലൊന്നില്‍ മീറ്റിംഗ് നടക്കുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ കലണ്ടര്‍ ഇറക്കിയത് ഹാളിന്റെ ഒരു മൂലയിലാണ്. ആ മറവിലേക്ക് ഒരാള്‍ മാറിനിന്ന് കീശയില്‍നിന്നും കുറച്ച് പഞ്ഞി എടുത്ത് കാലിന്റെ വിരലുകളും കൈയുടെ ചില ഭാഗങ്ങളുമെല്ലാം തുടച്ച് വൃത്തിയാക്കുന്നത് കണ്ടു.

ഞാന്‍ കരുതിയത് അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍നിന്ന് വീണ് വല്ലതും സംഭവിച്ചതായിരിക്കും എന്നാണ്. പക്ഷേ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, സംഭവിച്ച കാര്യം പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ ശരീരത്തില്‍ അറിയാതെ ചൂടുവെള്ളം വീണ് അല്പം കാര്യമായ പൊള്ളല്‍ സംഭവിച്ചു. അദ്ദേഹം ഒരു ഷുഗര്‍ രോഗികൂടിയാണ് എന്നതിനാല്‍ ഏറെ ചികിത്സ തേടിയെങ്കിലും മുറിവ് പൂര്‍ണമായി ഉണങ്ങുന്നില്ല. ചില സമയങ്ങളില്‍ മുറിവുകളില്‍നിന്ന് പഴുപ്പ് പൊട്ടിയൊഴുകും.

അത് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടാകാതിരിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിക്കാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തേങ്ങി. ഇങ്ങനെ ഒരു പ്രശ്‌നമുള്ളതിനാല്‍ എപ്പോഴും ഫുള്‍സ്ലീവ് ഷര്‍ട്ടാണ് ഉപയോഗിക്കുക. എങ്കിലും ചില സമയങ്ങളില്‍ അദ്ദേഹം അറിയാതെ പഴുപ്പ് ഷര്‍ട്ടില്‍ പുരളും. അത് ചിലരെ അസ്വസ്ഥരാക്കുന്നത് കാണാമെന്നും അദ്ദേഹം ഹൃദയവേദനയോടെ പറഞ്ഞു. അതുകൊണ്ടുതന്നെ ചില അവസരങ്ങളില്‍ ശാലോം മാസികയുമായി പോകുമ്പോള്‍ പരിചയമുള്ള ആളുകള്‍ അടുത്തുവരാനോ തൊടാനോ അറയ്ക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടത്രേ.
ഇതെല്ലാം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ”അപ്പോള്‍ ചേട്ടന് ശുശ്രൂഷയുമായി മുന്നോട്ടുപോകുമ്പോള്‍ സങ്കടം തോന്നാറില്ലേ?” എന്റെ ചോദ്യത്തിനുത്തരം പറയുംമുമ്പ്, ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. എന്നിട്ട് പറഞ്ഞു: ”എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും!” (ജോബ് 19/26).

അദ്ദേഹത്തിന്റെ പ്രത്യാശ കണ്ടപ്പോള്‍ എന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. യാത്രാക്ഷീണവും ആത്മീയമരവിപ്പുമെല്ലാം എന്നില്‍നിന്നും പെട്ടെന്നുതന്നെ മാറി. ദൈവസ്‌നേഹം കണ്ണീരായി കവിളിലൂടെ ഒഴുകി.
നമ്മള്‍ ഓരോരുത്തരും ഈ മാസിക കൈകളില്‍ എടുക്കുമ്പോള്‍ ഒന്ന് ഉറപ്പിക്കാം. ഈശോയെ ഏറെ സ്‌നേഹിക്കുന്ന ആളുകളുടെ നിശബ്ദമായ സഹനങ്ങളുടെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകളുടെയും ഫലമാണ് നമ്മുടെ കൈകളില്‍ ഇരിക്കുന്നത്. അതിനാല്‍ ഈ മാസികയിലൂടെ ഹൃദയം തകര്‍ന്നിരിക്കുന്ന മക്കളോട് ദൈവം സംസാരിക്കാതിരിക്കില്ല.
യാത്ര അങ്ങനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ എത്തി.

അവിടെ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ദൈവാലയത്തിന് മുന്നില്‍ ചുവന്ന നിറത്തിലുള്ള ഒരു കാര്‍ വന്നുനിന്നത് കണ്ടു. അതില്‍നിന്നും ഒരു അപ്പച്ചന്‍ വളരെ പ്രയാസപ്പെട്ട് ഇറങ്ങിവരുന്നു. മൂക്കില്‍ ട്യൂബ് ഇട്ടിരിക്കുന്നതും കാണാം. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞങ്ങളെല്ലാം കരുതിയത് ആ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാനോ നേര്‍ച്ചയിട്ട് തിരിച്ചുപോകാനോ വന്നതായിരിക്കും എന്നാണ്. പക്ഷേ ഞങ്ങളുടെ ചിന്തകളെ തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പറഞ്ഞു, ”ചാച്ചന്‍ ശാലോം ഏജന്റാണ്. ചാച്ചന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ഓപ്പറേഷന്‍ കഴിഞ്ഞ് ഇരിക്കുവാണ്. ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ആഹാരം ജ്യൂസ് രൂപത്തിലാക്കി ട്യൂബിലൂടെ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.”

അതുകണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു, ഇദ്ദേഹം ഏജന്‍സി നിര്‍ത്താന്‍വേണ്ടി വന്നതാണ്. അതിനാല്‍ അപ്പച്ചനോട് ‘ഇനി ഏജന്‍സി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും? ബുദ്ധിമുട്ടല്ലേ?’ എന്ന് ചോദിച്ചു. അദ്ദേഹത്തിന് സംസാരിക്കാന്‍ അല്പം വിഷമമുണ്ട്. അതിനാല്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു, ”നിര്‍ത്തുന്നില്ല!” വേഗം കൊച്ചുമകന്‍ പറഞ്ഞു, ”മീറ്റിങ്ങിന് വിളിച്ചുകൊണ്ടുള്ള കത്തുവന്ന അന്നുമുതല്‍ ഇവിടെ വരാനും പണം അടച്ച് ഏജന്‍സി പുതുക്കാനും കാത്തിരിക്കുകയായിരുന്നു. ചാച്ചന്റെ ഏജന്‍സിയുടെ കീഴില്‍ വരുന്ന മാസികയെല്ലാം ഇപ്പോള്‍ ഞാനാണ് വിതരണം ചെയ്യുന്നത്. മരണംവരെ ഇത് മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ചാച്ചന്റെ ആഗ്രഹം!” എനിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന ബ്രദറിനരികിലെത്തി പ്രാര്‍ത്ഥന സ്വീകരിച്ചതിനുശേഷം അദ്ദേഹം തിരിച്ചുപോയി. അധികനേരം കസേരയില്‍ ഇരിക്കാനോ നില്‍ക്കാനോ ഒന്നും ആ അപ്പച്ചന് സാധിക്കുമായിരുന്നില്ല. പക്ഷേ തീക്ഷ്ണതയില്‍ അദ്ദേഹം പറക്കുകയാണെന്ന് തോന്നി.
ഇക്കഴിഞ്ഞ നവംബര്‍ – ഡിസംബര്‍ മാസങ്ങളിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ശാലോം ഏജന്‍സി മീറ്റിംഗ് നടന്നത്. ആവുന്ന വിധത്തിലെല്ലാം ഈശോയുടെ ശുശ്രൂഷ ചെയ്യുന്ന തീക്ഷ്ണമതികളായ ശാലോം ഏജന്റുമാര്‍ പകര്‍ന്നുതന്ന ഊര്‍ജം ചെറുതല്ല. നമുക്കും ദൈവാത്മാവ് പ്രചോദിപ്പിക്കുന്നതുപോലെ സാധിക്കുന്ന രീതിയിലെല്ലാം ദൈവശുശ്രൂഷ ചെയ്ത് ജീവിക്കാം.

Share:

Binu Mathew

Binu Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles