Trending Articles
സൂര്യഗോളം പോലെ തിളങ്ങുന്ന, മുള്‍മുടി ആവരണം ചെയ്ത ഒരു ഗോളം 47 വര്‍ഷത്തോളം അവളുടെ കണ്മുന്നില്‍ ഉണ്ടായിരുന്നു. കഴിഞ്ഞു പോയതും അപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ അതിലൂടെ അവള്‍ കണ്ടു, മനുഷ്യരുടെ ആത്മാവിന്‍റെ അവസ്ഥ അറിഞ്ഞു, കപ്പല്‍ അപകടങ്ങളില്‍ പെടുന്നവരുടെ ഭീതിയില്‍, അങ്ങകലെ ചൈനയില്‍ ജയിലിലുള്ളവരുടെ നരകയാതനയില്‍, മതപീഡനകാലത്ത് മരണത്തിനായി കാത്തിരിക്കുന്നവരുടെ പ്രത്യാശയില്‍ ഒക്കെ പങ്കുചേര്‍ന്നു. കര്‍ദ്ദിനാള്‍മാരും രാജകുടുംബത്തിലുള്ളവരുമൊക്കെ അവളുടെ ഉപദേശത്തിനായി കാത്തു നിന്നു. ആരായിരുന്നു അവള്‍? കാണാന്‍ മാലാഖയെ പോലുളള കന്യാസ്ത്രീയോ? അതോ ഏതോ ഒരു ഗുഹയില്‍ മനുഷ്യസമ്പര്‍ക്കമില്ലാതെ കഴിഞ്ഞ സന്യാസിനിയോ? ഇതൊന്നുമല്ല.
ഒരു സാധാരണ ഭാര്യയും എഴു കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്നവള്‍. അതില്‍ 3 കുഞ്ഞുങ്ങള്‍ ചെറുപ്പത്തില്‍ മരിച്ചു. ഇന്ന് ഭാര്യമാരുടെ, അമ്മമാരുടെ മധ്യസ്ഥ, മാത്രമല്ല ഭര്‍ത്താവില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ഭാര്യമാരുടെയും, എന്ന് എടുത്തുപറയണം. അവളുടെ പേര് അന്ന മരിയ ടേയിജി (Anna Maria Taigi). ഇറ്റലിയിലെ സിയന്നയില്‍ 1769ല്‍ ജനിച്ചവള്‍. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി, മികച്ച വീട്ടമ്മ ആയി കഴിഞ്ഞ അവളുടെ ജീവിതം വീണ്ടും നമുക്കൊരു ഓര്‍മ്മപ്പെടുത്തലാണ് വിശുദ്ധരാകാന്‍ സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സിലുള്ളവര്‍ക്ക് മാത്രമല്ല കഴിയുക, മനസ്സുള്ള ആര്‍ക്കും ദൈവകൃപയാല്‍ സാധിക്കും എന്നുള്ളത്.
ഇരുപതാം വയസ്സില്‍ വിവാഹിതയായ അവളുടെ, ഭര്‍ത്താവ് ഡോമിനിക്കോക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കോപം ഉണ്ടായിരുന്നു.
ഭാര്യയോട് സ്‌നേഹം ഉണ്ടെങ്കിലും പരുക്കന്‍ സ്വഭാവമാണ് പലപ്പോഴും കാണിച്ചിരുന്നത്. ദേഷ്യം വന്നാല്‍ ഊണുമേശയിലുള്ള സാധനങ്ങള്‍ ചിലപ്പോള്‍ താഴെക്കിടക്കും. ഒരുമിച്ചുണ്ടായിരുന്ന 49 കൊല്ലത്തോളം, അന്ന മരിയ എളിമയുടെ രക്തസാക്ഷിത്വം സ്വീകരിച്ച്, കഴിയുന്നതും പുഞ്ചിരിയോടെ, നിശബ്ദതയോടെ എല്ലാം അഭിമുഖീകരിച്ച് വീട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തി. അവളുടെ പുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ആ സഹനങ്ങള്‍ കാരണമായി. പില്‍ക്കാലത്ത്, തന്നെ കാണാന്‍ വന്നിരിക്കുന്നത് എത്ര വലിയ ആള്‍ ആണെങ്കിലും ഭര്‍ത്താവ് വീട്ടില്‍ വന്നാല്‍, അവരോട് ക്ഷമാപണം ചോദിച്ച് അദ്ദേഹത്തിന്‍റെ അടുത്ത് പോയി വേണ്ടതെല്ലാം ചെയ്തു കൊടുത്ത് തിരിച്ചു വന്നു ആത്മീയസംസാരം തുടരുമായിരുന്നു. വിവാഹം, മാതൃത്വം എന്നിവയിലൂടെയുള്ള ഒരു സാധാരണജീവിതത്തെ അവളുടെ വിശുദ്ധിയാല്‍ അസാധാരണമാക്കി.
ആദ്യകാലത്ത്, പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളണിഞ്ഞ്, വിലകൂടിയ ആഭരണങ്ങളിട്ട്, ഒരുങ്ങി നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു അവളും. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദര്‍ശിച്ച ഒരു ദിവസം, ലൗകിക മോഹങ്ങളെ, ആഡംബരങ്ങളെ ഉപേക്ഷിച്ച് ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കാനുള്ള പ്രേരണ അവള്‍ക്കുണ്ടായി. അവള്‍ അറിയാതെ ചെന്നിടിച്ച ഒരു വൈദികനോട് ഈശോ പറഞ്ഞു, അവളെ ഒന്ന് ശ്രദ്ധിച്ചുകൊള്ളുക എന്ന്. ഒരു വിശുദ്ധ ആവാന്‍ അവളെ താന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. പിന്നീട് അവള്‍ അറിയാത്ത, അതേ വൈദികന്‍റെ അടുത്ത് ഒരിക്കല്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം അവളെ തിരിച്ചറിഞ്ഞു.
ആത്മീയ കാര്യങ്ങളില്‍ പടിപടിയായുള്ള അവളുടെ ഉയര്‍ച്ചയും അവളുടെ പ്രയത്‌നവും വിവരിക്കാന്‍ ഏറെയുണ്ട്. ഒരു ദിവസം എല്ലാവരാലും തഴയപെട്ട്, പരിഹസിക്കപ്പെട്ട്, ആകെ മനസ്സ് തകര്‍ന്ന് കുരിശുരൂപത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഈശോയുടെ സ്വരം അവള്‍ കേട്ടു. ”എന്താണ് നിന്‍റെ ആഗ്രഹം? ദരിദ്രനും എല്ലാം ഉരിഞ്ഞെടുക്കപ്പെട്ട് നഗ്‌നനുമായ യേശുവിനെ പിന്തുടരാന്‍ ആണോ? അതോ അവന്‍റെ വിജയത്തിലും മഹത്വത്തിലും അനുഗമിക്കാന്‍ മാത്രമോ?” അന്ന മരിയ ടേയിജി പറഞ്ഞു, ”ഞാന്‍ എന്‍റെ യേശുവിന്‍റെ കുരിശിനെ ആശ്ലേഷിക്കുന്നു. അവനെപ്പോലെ തന്നെ എന്‍റെ വേദനയിലും അപമാനത്തിലും ഞാനത് വഹിക്കും. അവന്‍റെ കരങ്ങളില്‍ നിന്നുള്ള വിജയവും മഹത്വവും ഞാന്‍ കാത്തിരിക്കുന്നത് പരലോകത്തിലാണ്.”
തന്‍റെ ഒരു സന്ദര്‍ശനത്തിനിടയില്‍ പരിശുദ്ധ അമ്മ അവളോട് പറഞ്ഞു, ”നീ എന്‍റെ മകനായ യേശുവിനെപ്പോലെയായിരിക്കണം. ഈ ജീവിതാവസ്ഥയില്‍ നിന്നെ വിളിക്കാന്‍ പ്രസാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ ഇഷ്ടം എല്ലാറ്റിനുമുപരിയായി നീ നിറവേറ്റുകയും നിന്‍റെ ഇഷ്ടങ്ങള്‍ അവനായി നിരന്തരം വിട്ടുകൊടുക്കുകയും വേണം. വലിയ പ്രായശ്ചിത്തപ്രവൃത്തികളും സ്വയം പീഡിപ്പിക്കലുമൊന്നുമില്ലാതെ തന്നെ അവനവന്‍റെ വികാരങ്ങളോട് ശക്തമായി പോരാടിയും എല്ലാ കാര്യങ്ങളിലും ദൈവത്തിന്‍റെ തിരുവിഷ്ടത്തോട് അനുരൂപപ്പെടുകയും ചെയ്ത് ഏത് അവസ്ഥയിലും ഏത് ജീവിതാന്തസ്സിലും ആയിരുന്നുകൊണ്ട് ദൈവത്തെ സേവിക്കാന്‍ സാധ്യമാണെന്നുള്ള ബോധ്യം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം. ഓര്‍ക്കുക, ശരീരത്തെ സ്വയം പീഡിപ്പിച്ചുള്ള വലിയ പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പുണ്യം അടങ്ങിയിരിക്കുന്നത് നമ്മുടെ ഇഷ്ടം പരിത്യജിക്കുന്നതിലും ദൈവത്തിന്‍റെ ഇഷ്ടത്തിന് കീഴടങ്ങുന്നതിലുമാണ്.”
രണ്ട് ലോകമഹായുദ്ധങ്ങളും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ പതനവുമടക്കം ധാരാളം പ്രവചനങ്ങളാണ് അന്ന മരിയ ടേയിജി നടത്തിയിട്ടുള്ളത്. എഴുതാനറിയില്ലാത്ത അവള്‍ പറയുന്നത് എഴുതിയെടുത്തു ആയിരക്കണക്കിന് പേജ് വരുന്ന പുസ്തകങ്ങള്‍ ആക്കാന്‍ സഹായിച്ചത് പുരോഹിതരുടെ സെക്രട്ടറിമാരും പിന്നീട് കര്‍ദ്ദിനാള്‍ ആയവരുമൊക്കെയാണ്. സിയന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ മാര്‍പ്പാപ്പമാര്‍ പോലും അവളെ ബഹുമാനിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ചു. മാര്‍പ്പാപ്പമാരുടെ മരണം അവള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രാര്‍ത്ഥിച്ചു. അടുത്ത മാര്‍പ്പാപ്പയെ പ്രവചിച്ചു. അവളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന സ്വര്‍ണ്ണഗോളത്തിലൂടെ അവള്‍ ഭൂമിയുടെ അറ്റത്തേക്ക് നിമിഷാര്‍ദ്ധത്തില്‍ എത്തി. ആരുടേയും ഉള്ളിലിരിപ്പ് അറിഞ്ഞു, ഒരു സാധാരണ വീട്ടമ്മ ദൈവശാസ്ത്രപണ്ഡിതയും അധ്യാപികയും പ്രവാചികയുമായി. അവള്‍ തൊടുന്നവര്‍ സുഖപ്പെട്ടു, മരിക്കാന്‍ പോകുന്നവര്‍ക്ക് ഒരുങ്ങാന്‍ മുന്നറിയിപ്പ് കൊടുത്തു. അനേകം ശുദ്ധീകരണാത്മാക്കളെ അവളുടെ പ്രാര്‍ത്ഥനയും സഹനങ്ങളും വഴി മോചിപ്പിച്ചു. എന്നും ദിവ്യബലിക്ക് പോകാറുള്ള അവള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പാരവശ്യങ്ങളുണ്ടായി (ecstasy). പിശാചുക്കളുടെ ആക്രമണം നിരന്തരം നേരിട്ടു.
അറുപത്തിയെട്ടാം വയസ്സില്‍, 1837 ജൂണ്‍ 9-നായിരുന്നു മരണം. ധാരാളം അത്ഭുതങ്ങളാണ് പിന്നീടും അവളുടെ മാധ്യസ്ഥ്യത്തില്‍ നടന്നത്. 1852ല്‍ അവളുടെ നാമകരണ പ്രക്രിയ തുടങ്ങിവയ്ക്കുമ്പോള്‍ അതിന്‍റെ സാക്ഷികളായുള്ളവരില്‍ കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, അവളുടെ രണ്ടു മക്കള്‍, 92 വയസ്സുള്ള ഭര്‍ത്താവ് തുടങ്ങിയവരും ഉണ്ടായിരുന്നു.
റോമിലെ സാന്‍ ക്രിസോഗോണോ ബസിലിക്കയില്‍ പോകുന്നവര്‍ക്ക് അന്ന മരിയ ടേയിജിയുടെ മുഴുവന്‍ അഴുകിത്തീരാത്ത ശരീരം ഇന്നും കാണാന്‍ സാധിക്കും. അവളെ 1920ല്‍ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പ തന്നെ കുടുംബങ്ങളിലെ അമ്മമാരുടെ പ്രത്യേക സംരക്ഷകയും വിമണ്‍ കാത്തലിക് യൂണിയന്‍റെ മധ്യസ്ഥയുമായി അവളെ പ്രഖ്യാപനം ചെയ്തു. വിശുദ്ധിയില്‍ മുന്നേറാനുള്ള തടസ്സങ്ങള്‍ക്കും ജീവിതാവസ്ഥയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്കും നമുക്ക് വിശുദ്ധ അന്ന മരിയ ടേയിജിയോട് സഹായം അപേക്ഷിക്കാം. അവളുടെ മാതൃക നമുക്ക് വഴികാട്ടിയാവട്ടെ.
ജില്‍സ ജോയ്
Want to be in the loop?
Get the latest updates from Tidings!