Home/Engage/Article

ജൂണ്‍ 11, 2024 168 0 Shalom Tidings
Engage

കുട്ടികള്‍ക്ക് വിശുദ്ധരെ വേണം: 4 അത്യാവശ്യ കാരണങ്ങള്‍

സുവിശേഷമോ യേശു പകര്‍ന്നുതന്ന മൂല്യങ്ങളോ ഒക്കെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തുചെയ്യും? അതെല്ലാം അവരെ പഠിപ്പിക്കാന്‍ എളുപ്പമുള്ള മറ്റൊരു വഴിയുണ്ട്. അതാണ് വിശുദ്ധരുടെ ജീവിതകഥകള്‍. കാരണം കുട്ടികള്‍ കാര്യങ്ങള്‍ പഠിക്കുന്നത് അനുകരണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ വചനത്തിന്റെ സാക്ഷികളായ വിശുദ്ധരുടെ ജീവിതങ്ങള്‍ അനുകരിച്ച് പഠിക്കുക എന്നത് അവര്‍ക്ക് താരതമ്യേന എളുപ്പമായിരിക്കും. നമുക്ക് മുമ്പേ സ്വര്‍ഗത്തിലേക്ക് കടന്നുപോയ ഈ സഹോദരീസഹോദരന്‍മാര്‍ നമ്മുടെ കുട്ടികളുടെ വിശ്വാസം രൂപീകരിക്കുന്നതില്‍ വളരെ പ്രധാനമായ പങ്കാണ് വഹിക്കുന്നത്.
എങ്ങനെയൊക്കെയാണ് വിശുദ്ധര്‍ കുട്ടികള്‍ക്ക് സഹായമാകുന്നത്?

വിശുദ്ധര്‍ക്ക് അവരുമായി സാമ്യമുണ്ട്

പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും സുവിശേഷം പഠിക്കുന്നതുമെല്ലാം തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച്, ഉപമകളിലൂടെ, സന്ദേശങ്ങള്‍ കുട്ടികളുടെ മനസിലുറപ്പിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഇന്നത്തെ കുട്ടികളുടെ ജീവിതമെടുത്ത് നോക്കിയാല്‍ സുവിശേഷകാലഘട്ടത്തിലെ ജീവിതരീതികളില്‍നിന്നും അവര്‍ ഏറെ വിദൂരത്താണെന്ന് കാണാം. എന്നാല്‍ സമീപകാല വിശുദ്ധരുടെ ജീവിതം അവര്‍ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ മനസിലാവും. ഉദാഹരണത്തിന് വീഡിയോ ഗെയിം കളിക്കുകയും ജീന്‍സും നൈക്കി ഷൂസും ധരിക്കുകയും ചെയ്യുന്ന പതിനഞ്ച് വയസുകാരനും അതോടൊപ്പം ദിവ്യകാരുണ്യഭക്തനുമായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിനെ കുട്ടികള്‍ക്ക് മനസിലാക്കാനും അനുകരിക്കാനും എളുപ്പമാണ്.

പണ്ടത്തെ കാലത്തെ രക്തസാക്ഷികളെപ്പോലെയല്ല അവന്‍ മരിച്ചത്, രോഗം നിമിത്തമാണ്. ഇന്നത്തെ കുട്ടികള്‍ അങ്ങനെയുള്ള സമപ്രായക്കാരെ അവരുടെതന്നെ കുടുംബങ്ങളില്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വചനസാക്ഷിയായ ജീവിതം, അനുകരിക്കാന്‍ കഴിയുന്ന ചിലതെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. എല്ലായ്‌പോഴും പുതിയ കാലത്തെ വിശുദ്ധര്‍തന്നെ ആവണമെന്നില്ല, നിങ്ങളുടെ കുട്ടിയുടെ അതേ താത്പര്യങ്ങളുള്ള വിശുദ്ധര്‍, സ്വന്തം രാജ്യത്തുനിന്നുള്ള വിശുദ്ധര്‍, അല്ലെങ്കില്‍ ഒരേ പേരുള്ള വിശുദ്ധന്‍/വിശുദ്ധ… അങ്ങനെ എന്തെങ്കിലും സാമ്യം ഉള്ളവരായിരുന്നാല്‍ മതി.

വിശ്വാസജീവിതത്തിന് ഒരു സുഹൃത്ത്

ഏറെ വിശുദ്ധരുണ്ടെങ്കിലും കുട്ടിക്ക് അടുപ്പം തോന്നുന്ന ഒരു പ്രത്യേകവിശുദ്ധനോ വിശുദ്ധയോ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. അവരെപ്പോഴും കുട്ടിയ്ക്ക് സഹായമായി കൂടെയുണ്ടാകുമെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്യാം. പേരു ചേര്‍ത്തോ അല്ലാതെയോ ചേച്ചീ, ചേട്ടാ എന്ന് വിളിക്കാന്‍ പരിശീലിപ്പിക്കുന്നത് അവരുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് വിശുദ്ധ മിഖായേലിനെ മിക്കുച്ചേട്ടായി, വിശുദ്ധ ലിറ്റില്‍ ഫ്‌ളവറിനെ ലിറ്റിച്ചേച്ചി എന്നിങ്ങനെയൊക്കെ വിളിക്കാം.

കുട്ടി വളരുന്നതനുസരിച്ച് പ്രിയപ്പെട്ട വിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതല്‍ ദൈവികബോധ്യങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊള്ളും. പ്രായം കൂടുന്തോറും അവരുടെ ബന്ധവും വളരുകയും അതിന് ആനുപാതികമായി വിശ്വാസജീവിതത്തില്‍ കരുത്ത് പ്രാപിക്കുകയും ചെയ്യും.

മികച്ച റോള്‍ മോഡലുകള്‍

വിശുദ്ധരുടെയെല്ലാം ജീവിതം പരിശോധിക്കുകയാണെങ്കില്‍ വളരെ താത്പര്യം ജനിപ്പിക്കുന്നതാണെന്ന് കാണാം. ചിലര്‍ ദൈവത്തിന് സമര്‍പ്പിതരായി ജനിച്ചു. ചിലരാകട്ടെ വിശ്വാസത്തിലേക്ക് വന്നത് ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളിലാണ്. എന്നാല്‍ ഒരിക്കല്‍ അവര്‍ അത് മനസിലാക്കിയപ്പോള്‍ അസാധാരണമായിത്തന്നെ അതിനനുസരിച്ച് ജീവിച്ചു. അതിനാല്‍ത്തന്നെ നിങ്ങളുടെ കുട്ടി ഏത് പുണ്യാത്മാവിനെ തെരഞ്ഞെടുത്താലും അനുകരിക്കാന്‍ തക്ക ഒരു ‘റോള്‍ മോഡല്‍’തന്നെയായിരിക്കും അത്.

പ്രത്യാശ ലഭിക്കും

വിവിധ വിശുദ്ധരെക്കുറിച്ച് പഠിക്കുമ്പോള്‍ ചരിത്രത്തെക്കുറിച്ച് ഒരു അവബോധം കുട്ടിക്ക് ലഭിക്കും. എന്തെല്ലാം അനീതികളാണ് നിലനിന്നിരുന്നതെന്ന് മനസിലാക്കാനും കഴിയും. അനീതികളും പീഡനങ്ങളും നേരിടേണ്ടിവന്നിട്ടും ധൈര്യത്തോടെ, ദൈവത്തെ തള്ളിപ്പറയാതെ ചേര്‍ന്നുനിന്നവരാണ് വിശുദ്ധരെന്നത് അവരെയും പ്രചോദിപ്പിക്കും. അതോടൊപ്പം പ്രതിസന്ധികളില്‍ പ്രത്യാശ പകരുകയും ചെയ്യും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles