Home/Engage/Article

ജുലാ 31, 2024 48 0 ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Engage

കടം വീട്ടുന്നതില്‍ പങ്കാളിയാകാമോ?

വെള്ളം തിളപ്പിക്കുന്നതിനായി വീട്ടില്‍ ഒരു കെറ്റില്‍ വാങ്ങിയിരുന്നു. അത് നന്നായി കറന്റ് വലിക്കുമെന്ന് കേട്ടിട്ടുണ്ട്. മീറ്ററില്‍ നോക്കിയപ്പോഴാണ് അത് ഓണാക്കുമ്പോള്‍ അധികം വരുന്ന കറന്റിനെ കുറിച്ച് ബോധ്യം വന്നത്. അപ്പോള്‍ം മുതല്‍ അതിന്‍റെ ഉപയോഗം കുറച്ചു. കെറ്റിലിന്‍റെ ഉപയോഗം മൂലം വന്ന അധികനഷ്ടം കുറയ്ക്കാനുള്ള ശ്രമവും വീട്ടില്‍ ആരംഭിച്ചു. ഫാനും ലൈറ്റുമൊക്കെ അനാവശ്യമായി ഓണാക്കുന്നത് നിര്‍ത്തി. ആവശ്യമില്ലാത്തവ ഉടനെ പോയി ഓഫാക്കാന്‍ തുടങ്ങി. നിര്‍ബന്ധമാണെങ്കില്‍ മാത്രം ലൈറ്റ് ഇടുക, കുറച്ച് നേരത്തേക്കാണെങ്കില്‍ ഫാന്‍ ഇടാതിരിക്കുക. പൊതുവായ സ്ഥലങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന് ഉപയോഗിക്കുക ഇങ്ങനെയൊക്കെയാണ് നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചത്.

പറഞ്ഞുവരുന്നത് നമ്മുടെ കൊച്ചുകൊച്ചു പ്രായശ്ചിത്തങ്ങള്‍കൊണ്ടും പരിഹാരങ്ങള്‍കൊണ്ടും പൊതുവായ നഷ്ടങ്ങള്‍ കുറയ്ക്കാനാകും എന്നാണ്. ലോകത്തില്‍ പാപം പെരുകുമ്പോള്‍ ക്രൈസ്തവ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നത് പാപത്തെ കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍കൊണ്ടും പ്രായശ്ചിത്തങ്ങള്‍കൊണ്ടും കീഴടക്കാനാണ്. തിന്മയെ നന്മകൊണ്ട് ഇല്ലാതാക്കാന്‍ (റോമാ 12/21) നമുക്ക് സാധിക്കണം.
എന്ത് വിശ്വസിക്കണം, എന്തിന് പ്രാര്‍ത്ഥിക്കണം, എന്ത് പകരം ചെയ്യണം എന്നിങ്ങനെയുള്ള സംശയത്തിന്‍റെ അരൂപി അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍ സംശയം കൂടാതെ യേശുവിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുക. യേശുവിന്‍റെ വചനങ്ങളിലും ജീവിതസന്ദേശത്തിലും മാത്രം അഭയം പ്രാപിക്കുക. അങ്ങനെ ചെയ്താല്‍, പാപം മൂലം വന്നുപോയ കുറേയേറെ നഷ്ടങ്ങള്‍ ചെറിയവരായ നമ്മളിലൂടെപ്പോലും ഈശോയ്ക്ക് പരിഹരിക്കാനാകും.

ഇതെത്ര നിസാരം എന്നുതോന്നുന്ന കൊച്ചുകൊച്ചു പ്രാര്‍ത്ഥനകള്‍ക്കും പ്രായശ്ചിത്ത പ്രവൃത്തികള്‍ക്കും ദൈവസന്നിധിയില്‍ വലിയ വിലയുണ്ട്. കാരണം ദൈവസ്‌നേഹമാണ് ഒരാളെ പ്രായശ്ചിത്ത പരിഹാര പ്രവൃത്തികള്‍ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ദൈവസ്‌നേഹത്തില്‍നിന്നും ഉടലെടുക്കുന്ന ഏത് നിസാര പ്രവൃത്തിയും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ആഗ്രഹവും ദൈവസന്നിധിയില്‍ മൂല്യമുള്ളതാണ്. ഈശോ വെളിപ്പെടുത്തിയ ഒരു കൊച്ചു പ്രാര്‍ത്ഥന ഇപ്രകാരമാണ്. ”ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ.” ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ അറുപത് ആത്മാക്കളെ ഈശോ ശുദ്ധീകരണ സ്ഥലത്ത് നിന്നും മോചിപ്പിക്കും എന്നാണ് ഈശോ വിശുദ്ധര്‍ക്ക് വെളിപ്പെടുത്തിയത്.

നമുക്കും ഇങ്ങനെ പ്രാര്‍ത്ഥിക്കാം. ചെറുതില്‍നിന്ന് തുടങ്ങാം. നശിച്ചുപോകുന്ന ആത്മാക്കളെ പ്രതി ഒരു നെടുവീര്‍പ്പ്, ഒരു കൊച്ചു പ്രാര്‍ത്ഥന, ചെറിയ ചെറിയ ആശയടക്കങ്ങള്‍, പാപം ഉപേക്ഷിക്കല്‍, വചനം പാലിക്കല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് നമുക്കും പാപം വരുത്തിവയ്ക്കുന്ന പൊതുകടം വീട്ടുന്നതില്‍ പങ്കാളിയാകാം.
”നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്” (ഹെബ്രായര്‍ 13/16).

Share:

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles