Home/Engage/Article

ഏപ്രി 26, 2024 116 0 ജോര്‍ജ് ജോസഫ്
Engage

ഇതിനായിരുന്നോ അപ്പന്‍ കടുപ്പക്കാരനായത്?

എന്‍റെ പിതാവ് ഒരപകടത്തില്‍പ്പെട്ട് ഏതാണ്ട് 15 വര്‍ഷക്കാലം കഴുത്തിന് താഴോട്ട് തളര്‍ന്നു കിടപ്പിലായിരുന്നു. 2022 ഫെബ്രുവരി ഒമ്പതിന് ശാരീരികസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാവിലെ എട്ടുമണിയായപ്പോള്‍ എന്‍റെ ഒരു സുഹൃത്ത് ഹൈറേഞ്ചില്‍നിന്നും വിളിച്ചു; നന്നായി പ്രാര്‍ത്ഥിക്കുന്ന ഒരു കര്‍ഷകന്‍. ”എടാ, മൂന്നുമണി കഴിഞ്ഞ് അപ്പന്‍റെ അടുത്തുനിന്ന് എങ്ങും പോകരുത്. അപ്പന്‍ ഇന്നത്തെ ദിവസം കടക്കില്ല. മാലാഖമാര്‍ പരിപാടികളൊക്കെ തുടങ്ങും. മരിക്കുന്നതിനുമുമ്പ് അപ്പന്‍ കണ്ണു തുറക്കും, കരയും. നിന്നെ അന്വേഷിക്കും. നിന്നെ അനുഗ്രഹിക്കാതെ അപ്പന്‍ പോവില്ല.”

ഇതുകേട്ട് പെട്ടെന്ന് ഞാന്‍ അപ്പന്‍റെ മുറിയിലെത്തി. ഞങ്ങള്‍ മറ്റൊരു സമുദായത്തില്‍നിന്ന് മാമോദീസാ സ്വീകരിച്ച് കത്തോലിക്കാസഭയില്‍ വന്ന വ്യക്തികളായതുകൊണ്ട് ബന്ധുക്കളുമായി കാര്യമായ ബന്ധം ഇല്ല. പക്ഷേ സുഹൃത്ത് എന്നോട് ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ എനിക്കെല്ലാവരെയും വിളിക്കാന്‍ തോന്നി. അതിനുമുമ്പ് ഞാന്‍ ആരെയും വിളിച്ചിരുന്നില്ല. പക്ഷേ എല്ലാവരും ഫോണ്‍ എടുത്തു. ഞാന്‍ പറഞ്ഞു, ”അപ്പന്‍ ഇന്നു കടക്കുമെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റാണ്. പറയണമെന്നു തോന്നി, അതാ വിളിച്ചത്.”

അപ്പന് ക്ഷമയുടെ മേഖലയില്‍ പരിഗണിക്കത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സഹോദരന്മാരുമായി പല പിണക്കങ്ങളും അവശേഷിച്ചിരുന്നു. പക്ഷേ അവരെല്ലാവരും വന്ന് അപ്പനെ കണ്ടു, ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചു. അവരൊക്കെ അപ്പന്‍റെ മൃതസംസ്‌കാരത്തിന് വന്നു. ദൈവാലയത്തില്‍ കയറി. സര്‍വശക്തനായ ഏകദൈവത്തിന്‍റെ മുമ്പില്‍ സകല മുഴങ്കാലും മടങ്ങും. ഞാനന്നത് കണ്ണുകൊണ്ട് കണ്ടു. അവരെല്ലാം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. സെമിത്തേരിയില്‍ വന്ന് അന്ത്യോപചാരം ചെയ്തു. അതിനുശേഷം ഒരുപാട് സമയം ഞങ്ങളുമൊത്ത് ചെലവഴിച്ചാണ് മടങ്ങിയത്.

അപ്പന്‍ മരിക്കുന്നതിന്‍റെ അന്ന് മൂന്നുമണിക്കുശേഷം ഞാന്‍ എങ്ങും പോയിരുന്നില്ല. അപ്പനെ ചുറ്റിപ്പറ്റിത്തന്നെ നില്‍ക്കുകയായിരുന്നു. ഏതാണ്ട് അഞ്ചുമണിയോടടുത്തു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പിതാവ് അപ്പനെ കാണാന്‍ വന്നു. ആശീര്‍വാദം കൊടുത്ത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഒരു നഴ്‌സ് പള്‍സ് നോക്കാന്‍ വന്നു. വലതുകൈയില്‍ കിട്ടുന്നില്ല. അതിനാല്‍ സഹായത്തിനായി എന്നോട് മറുവശത്തേക്ക് വരാന്‍ പറഞ്ഞു. ആ സമയം രാവിലെ സുഹൃത്ത് പറഞ്ഞതുപോലെതന്നെ അപ്പന്‍ കണ്ണു തുറന്നു. അതിനുമുമ്പ് രണ്ടുമൂന്നു ദിവസമായി കണ്ണൊന്നും തുറന്നിരുന്നില്ല. കൃഷ്ണമണി കിടന്നോടാന്‍ തുടങ്ങി. കരയാന്‍ തുടങ്ങി. ഞാന്‍ അപ്പന്‍റെ മുഖത്തേക്ക് നോക്കി. എന്‍റെ മുഖത്ത് നോക്കിയപ്പോള്‍ ആ കൃഷ്ണമണി നിലച്ചു. ഞാനപ്പോള്‍ അപ്പന്‍റെ വലതുകൈ എടുത്ത് എന്‍റെ വലതുകൈയില്‍ പിടിച്ചു. 15 വര്‍ഷമായി അനങ്ങാതിരുന്ന കൈ വിറയ്ക്കുന്നതാണ് അപ്പോള്‍ കണ്ടത്. എന്‍റെ കൈയിലേക്ക് മുറുകെ പിടിച്ച് അപ്പന്‍ മരിച്ചു. ”മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാതെ അപ്പന്‍ പോവില്ല!” അതൊരു പ്രവചനദൂതായി കാതില്‍ അലയടിച്ചുകൊണ്ടിരുന്നു.

ചെറുപ്പംമുതല്‍ അപ്പനും ഞാനുമായി വളരെയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നെ കഠിനമായി അടിച്ചിട്ടുണ്ട്, ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. ചിലപ്പൊഴൊക്കെ ശപിച്ചിട്ടുണ്ട്. മിണ്ടാതിരുന്നിട്ടുണ്ട്, അപമാനിച്ചിട്ടുണ്ട്, എന്‍റെ അടുത്തുനിന്ന് പിണങ്ങി ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു ഫോണ്‍കോള്‍പോലും ഇല്ലാതെ വര്‍ഷങ്ങള്‍ ഇരുന്നിട്ടുണ്ട്. അങ്ങനെ ചിന്തിക്കാവുന്നതിലുമപ്പുറം പ്രശ്‌നത്തിലൂടെ ഞാനും അപ്പനും കടന്നുപോയിട്ടുണ്ട്. അതിന്‍റെ വേദനകളെല്ലാം എന്‍റെ മനസില്‍ കിടക്കുന്നുണ്ടായിരുന്നു. മരണശേഷം അപ്പനെ മോര്‍ച്ചറിയില്‍ വച്ചു. പത്താം തിയതി ദൈവാലയത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ഞാന്‍ മാത്രമേ ആംബുലന്‍സില്‍ ഉള്ളൂ. ഞാന്‍ അപ്പനോട് ചോദിച്ചു, ”മരിച്ചെന്ന ഒരു തോന്നല്‍ ഇല്ലാതെ, ഇങ്ങനെ അനുഗ്രഹിച്ചു മരിക്കാനായിരുന്നേല്‍ പിന്നെ എന്തിനാ ജീവിച്ചിരുന്ന നാളുകളില്‍ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്?”

അപ്പോള്‍ അപ്പന്‍ എന്നോടിങ്ങനെ പറയുന്നതായി അനുഭവപ്പെട്ടു ”എന്‍റെ കുഞ്ഞേ, നിന്‍റെ ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും നീ അതു മറികടക്കുന്നില്ലേ? അതിന് നിനക്ക് വല്ലാത്ത ഒരാത്മധൈര്യം ഉണ്ടല്ലോ. അത് എവിടെനിന്നാ നിനക്ക് കിട്ടിയത് എന്നറിയാമോ? ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ്.”
മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിട്ടും ഒരു അപ്പനാരാണ് എന്ന് മനസിലാവാതിരുന്ന ഞാന്‍ ആ നിമിഷം മുതല്‍ ഒരപ്പനാരാണെന്ന് മനസിലാക്കാന്‍ തുടങ്ങി. ഓരോ ആണും അപ്പനാരാണെന്ന് പഠിക്കുന്നത് സ്വന്തം അപ്പന്‍ പോയിക്കഴിയുമ്പോഴാണ്. അപ്പനെ ദൈവാലയത്തില്‍നിന്ന് സെമിത്തേരിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചങ്കുപൊട്ടി ഞാന്‍ കര്‍ത്താവിനോട് ചോദിച്ചു, ”കര്‍ത്താവേ ക്ഷമ, സഹനം- ഒക്കെ പഠിപ്പിച്ചുകൊണ്ടിരുന്ന പാഠശാലയാണല്ലോ നീ എടുത്തോണ്ടുപോകുന്നത്. ഇനി ഞാന്‍ ഏത് പാഠശാലയില്‍ ചെന്നു പഠിക്കും?”

അപ്പന്‍റെ മരണത്തിനുശേഷം സമസ്ത മേഖലയിലും ദൈവം എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. ജോലിയില്‍, ഭവനത്തില്‍, ശുശ്രൂഷയില്‍ എല്ലാം… ‘പിതാവിന്‍റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും’ (പ്രഭാഷകന്‍ 3/9).
ഗദ്‌സമനിയിലെ അപ്പന്‍റെ ‘കടുത്ത നിശബ്ദത’പോലെതന്നെ അവനവന്‍റെ കുരിശെടുക്കാന്‍ നമ്മെ ശക്തരാക്കേണ്ടതിന് നമ്മുടെ അപ്പന്മാരെയും സ്വര്‍ഗത്തിലെ അപ്പന്‍ അവനെപ്പോലെയാക്കിയെന്നിരിക്കും. അതിനാല്‍ അപ്പന്‍മാരോട് ക്ഷമിക്കുക. ഭൗമികപിതാക്കന്‍മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാല്‍ ദൈവം നമ്മെ പരിശീലിപ്പിക്കുമ്പോള്‍ അതിലൂടെ നമുക്ക് നന്മയുണ്ടാകുകയും തന്‍റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുകയും ചെയ്യും (ഹെബ്രായര്‍ 12/10).

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles