Trending Articles
ആത്മീയജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് സാത്താനെയും ജഡത്തെയും ലോകത്തെയും വിജയിക്കേണ്ടതുണ്ട്. ഇതിനുള്ള കൃപാവരം ലഭിക്കുന്നതിന്….
“ഓ ക്രിസ്ത്യാനീ, മിശിഹായുടെ അമൂല്യരക്തത്താല്‍ നനഞ്ഞിരിക്കുന്ന നിന്‍റെ നാവ് പിശാചിനെ കാണിച്ചാല്‍ അതിനെ നേരിടാന്‍ പിശാചിന് കഴിയുകയില്ല. തിരുരക്തത്താല്‍ നനയപ്പെട്ട നിന്‍റെ അധരം കണ്ടാല്‍, ഭയപ്പെട്ട വന്യമൃഗത്തെപ്പോലെ സാത്താന്‍ നിന്നില്‍നിന്ന് അകന്ന് പൊയ്ക്കൊള്ളും.” സഭാപിതാവായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിന്‍റെ വാക്കുകളാണിവ.
വിശുദ്ധിതന്നെയായ മിശിഹായാണ് വിശുദ്ധ കുര്‍ബാനയില്‍ നമ്മിലേക്ക് എഴുന്നള്ളിവരുന്നത്. ആ ദിവ്യകാരുണ്യസാന്നിധ്യം സാത്താന് ഭയമുളവാക്കുന്നു. സാത്താനെ ബഹിഷ്കരിക്കാനുള്ള ഏറ്റവും പ്രയോജനകരമായ മാര്‍ഗം ദിവ്യകാരുണ്യ ജീവിതമാണ്. സ്വീകരിക്കുന്ന ദിവ്യകാരുണ്യത്തോട് ഐക്യപ്പെട്ട് ജീവിതം ദിവ്യകാരുണ്യമാക്കി മാറ്റുന്നതിലൂടെ ഒരു ക്രിസ്ത്യാനിക്ക് സാത്താനെ ബഹിഷ്കരിക്കാനാവും. അപ്പോള്‍ തിരുവചനം സാക്ഷിക്കുന്നതുപോലെ നമ്മുടെ “ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹന്നാന്‍ 4/4) എന്ന സത്യം നാം അനുഭവിക്കും. സഭാപിതാവായ ക്രിസോസ്റ്റോം വീണ്ടും ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “വായില്‍നിന്ന് അഗ്നിജ്വാല പുറപ്പെടുത്തുന്ന സിംഹത്തെപ്പോലെയാണ് ദിവ്യകാരുണ്യം സ്വീകരിച്ച ക്രിസ്ത്യാനി. അവനെ ദര്‍ശിക്കുക പിശാചിന് അസഹ്യമാണ്.” ക്രിസ്ത്യാനി തന്‍റെ വിശുദ്ധ സാന്നിധ്യത്താല്‍ സാത്താനെ ബഹിഷ്കരിക്കാന്‍ കഴിയുന്നവനായിത്തീരുകയാണ്.
വിശുദ്ധ നോര്‍ബര്‍ട്ടിന്‍റെ ജീവിതത്തിലെ ഒരത്ഭുതം ഇവിടെ പ്രസ്താവിക്കുന്നത് ഉചിതമായിരിക്കും. പന്ത്രണ്ടു വയസുമാത്രമുള്ള ഒരു പെണ്‍കുട്ടിയെ പിശാച് ബാധിച്ചു. അവളുടെ പിതാവ് സഹായം തേടി ഫാ. നോര്‍ബര്‍ട്ടിന്‍റെ അടുക്കലെത്തി. ഒപ്പം വലിയൊരു ജനാവലിയും കാഴ്ചക്കാരായി എത്തിച്ചേര്‍ന്നു. ഫാ.നോര്‍ബര്‍ട്ടിനെ കണ്ട മാത്രയില്‍ത്തന്നെ പെണ്‍കുട്ടി അട്ടഹസിക്കുകയും അലറി വിളിക്കുകയും ചെയ്തു. നോര്‍ബര്‍ട്ടച്ചനാകട്ടെ ശാന്തനായി പിശാചിനെ ബഹിഷ്കരിക്കാനുള്ള പ്രാര്‍ത്ഥന ചൊല്ലാനാരംഭിച്ചു. അതു കേട്ടയുടനെ അവള്‍ പരിഹസിക്കാന്‍ തുടങ്ങി. ബൈബിള്‍ പഠിച്ചിട്ടില്ലാത്ത അവള്‍ ഉത്തമഗീതം മുഴുവന്‍ ലത്തീന്‍ ഭാഷയില്‍ ഉരുവിടുകയും തുടര്‍ന്ന് ഫ്രഞ്ചിലും ജര്‍മനിയിലും വിവര്‍ത്തനം ചൊല്ലുകയും ചെയ്തു. എല്ലാവരും ആശ്ചര്യഭരിതരായി.
തുടര്‍ന്ന് അവള്‍ ധിക്കാരപൂര്‍വം വെല്ലുവിളികളുയര്‍ത്തി ആക്രോശിച്ചുകൊണ്ടിരുന്നു. ഫാ. നോര്‍ബര്‍ട്ട് വിശുദ്ധ ബലിയര്‍പ്പിക്കുന്ന വേളയില്‍ അവളെ കൂട്ടിക്കൊണ്ടുവരാന്‍ ആ പിതാവിനോടാവശ്യപ്പെട്ടു. അതിന്‍പ്രകാരം അവര്‍ ദൈവാലയത്തിലെത്തി. അനേകം ആളുകളും ദൈവാലയത്തില്‍ സന്നിഹിതരായിരുന്നു. നോര്‍ബര്‍ട്ടച്ചന്‍ വിശുദ്ധ കുര്‍ബാന ഉയര്‍ത്തുന്ന സമയം അവള്‍ അലറിവിളിച്ചു. “നീ അവനാണ്. എന്നെ പോകാന്‍ അനുവദിക്കുക.” നോര്‍ബര്‍ട്ടച്ചനാകട്ടെ വിശുദ്ധ കുര്‍ബാന ഉയര്‍ത്തി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. പെണ്‍കുട്ടി ബോധമറ്റ് നിലത്തുവീണു. പിന്നെ ശാന്തമായി എഴുന്നേറ്റു. സൗഖ്യം പ്രാപിച്ചവളായി അവള്‍ കാണപ്പെട്ടു. പിതാവിനോടൊപ്പം വീട്ടിലേക്ക് മടങ്ങി.
സത്യമിതാണ്: നാം നമ്മുടെ നഗ്നനേത്രങ്ങള്‍കൊണ്ട് ദിവ്യകാരുണ്യത്തില്‍ ഈശോയെ കാണുന്നില്ല. എന്നാല്‍ ദുഷ്ടാരൂപിയായ സാത്താന് ഈശോയെ തിരിച്ചറിയാന്‍ കഴിയും. ദിവ്യകാരുണ്യസാന്നിധ്യം സജീവനായ ഈശോയുടെ സാന്നിധ്യംതന്നെയാണ്. സാത്താന്‍ ഈ ലോകത്ത് ഏറ്റം ഭയപ്പെടുന്നത് ഈ ദിവ്യകാരുണ്യസാന്നിധ്യത്തെയാണ്. ദിവ്യകാരുണ്യസാന്നിധ്യം വഴിയായി ലോകം വിശുദ്ധീകരിക്കപ്പെടുകയും തിന്മ ബഹിഷ്കൃതമാവുകയും ചെയ്യുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്ന നാം സാത്താന്‍റെ ശക്തിയെ ചെറുക്കാന്‍ ശക്തിയുള്ളവരാകുന്നു. സാത്താനെ കീഴ്പ്പെടുത്താനുള്ള ഏറ്റം ശക്തമായ ഉപാധി ദിവ്യകാരുണ്യമാണെന്ന് നാം തിരിച്ചറിയുക.
ആത്മീയജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിന് സാത്താനെയും ജഡത്തെയും ലോകത്തെയും വിജയിക്കേണ്ടതുണ്ട്. ഇതിനുള്ള കൃപാവരം ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്‍ തന്‍റെ കുമ്പസാരക്കാരനായ വൈദികന് നല്‍കുന്ന ഉപദേശം കേള്‍ക്കുക; “ക്രൂശിതനായ ക്രിസ്തുവിന്‍റെ രക്തത്തില്‍ അങ്ങയെ ആഴ്ത്തുക. അങ്ങയുടെ ആന്തരിക നയനങ്ങളെ പിശാച് അന്ധമാക്കിയെങ്കില്‍ തിരുരക്തത്താല്‍ കഴുകി കാഴ്ചയുള്ളവനാകുക. അജ്ഞാതമായ ദാനങ്ങളെക്കുറിച്ച് നന്ദിയില്ലാത്തവനായിപ്പോയെങ്കില്‍ തിരുരക്തത്താല്‍ കഴുകി കൃതജ്ഞതയുള്ളവനാകുക. ഹൃദയത്തിന്‍റെ മന്ദോഷ്ണതയെ തിരുരക്തത്തിന്‍റെ ചൂടില്‍ ഉരുക്കിക്കളയുക. തിരുരക്തത്തിന്‍റെ പ്രകാശത്തില്‍ അന്ധകാരം അകറ്റിക്കളയുക.” ഓരോ ദൈവപൈതലും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ഇപ്രകാരം ഉപരി വിശുദ്ധീകരണം നേടിയെടുക്കണമെന്നാണ് സ്വര്‍ഗം ആഗ്രഹിക്കുന്നത്.
വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം ഉപദേശിക്കുന്നു: “കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയുടെ ശരീരത്തെ അപ്പത്തിലും അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നൊഴുകിവരുന്ന രക്തത്തെ കാസയിലും ദര്‍ശിക്കുക. ചിതറിക്കപ്പെടാതിരിക്കാന്‍വേണ്ടി ഐക്യത്തിന്‍റെ ബന്ധമായ ഈ അപ്പത്തെ ഭക്ഷിക്കുക. അധിക്ഷേപിക്കപ്പെടാതിരിക്കാന്‍വേണ്ടി നിനക്കായി നല്‍കപ്പെട്ട നിന്‍റെ വിലയായ രക്തത്തെ പാനം ചെയ്യുക.” നമ്മെ ചിതറിക്കുന്ന യഥാര്‍ത്ഥ ശത്രു സാത്താനാണ്. നമ്മെ അധിക്ഷേപിക്കുന്ന തിന്മയുടെ ശക്തി സാത്താന്‍തന്നെ. ആകയാല്‍ ദിവ്യകാരുണ്യം എന്ന ശക്തമായ ആയുധത്താല്‍ തിന്മയെ ആട്ടിയകറ്റാന്‍ നമുക്ക് കഴിയണം.
വിശുദ്ധ ക്ലാരയുടെ ജീവിതത്തിലെ വലിയൊരത്ഭുതം നാം ഈവിധം കാണുന്നു. ക്ലാരയുടെ സന്യാസഭവനം ഒരിക്കല്‍ സൈന്യം ആക്രമിക്കാനെത്തി. മഠത്തിന് മതില്‍ക്കെട്ട് ഇല്ലായിരുന്നു. ആയുധധാരികളായ സൈന്യം മഠത്തിലേക്ക് ഇരച്ചുകയറി. സഹോദരികള്‍ ഭയന്നുവിറച്ച് ക്ലാരയുടെ അടുക്കലെത്തി. ക്ലാര പറഞ്ഞു: “ആരും ഭയപ്പെടേണ്ട, ദൈവം നമ്മോടു കൂടെയുണ്ട്.” ഇത്രയും പറഞ്ഞ് അവള്‍ ചാപ്പലിലേക്ക് കയറിച്ചെന്ന് ദിവ്യകാരുണ്യം വച്ചിരുന്ന അരുളിക്ക കൈയിലെടുത്ത് പടയാളികളുടെ നേരെ ഉയര്‍ത്തി തത്ക്ഷണം അവര്‍ ഭയപ്പെട്ട് നാലുപാടും ചിതറിയോടി. ദൈവം എഴുന്നേല്‍ക്കുകയും അവിടുത്തെ ശത്രുക്കള്‍ ചിതറിക്കപ്പെടുകയും ചെയ്തു (സങ്കീര്‍ത്തനങ്ങള്‍ 68/1) എന്ന തിരുവചനം ഈവിധം അന്വര്‍ത്ഥമായി.
തിന്മ ഭരണം നടത്തുന്നുവെന്നും ജീവിതം നിരാശയില്‍ കൂപ്പുകുത്തുന്നുവെന്നും തോന്നുമ്പോള്‍ ദിവ്യകാരുണ്യം നമുക്ക് ആശ്രയമാണ്. തടവറയിലെ ഇരുണ്ട ജീവിതാനുഭവങ്ങളെ എങ്ങനെയാണ് താന്‍ പ്രകാശമാനമാക്കിയതെന്ന് കര്‍ദിനാള്‍ വാന്‍ ത്വാന്‍ സ്വാനുഭവം പങ്കുവയ്ക്കുന്നത് കേള്‍ക്കുക: “എല്ലാ ദിവസവും എന്‍റെ ഉള്ളംകൈയില്‍ മൂന്നുതുള്ളി വീഞ്ഞും ഒരു തുള്ളി ജലവും ചെറു ഓസ്തികളും എടുത്ത് ഞാന്‍ ബലിയര്‍പ്പിച്ചിരുന്നു. ഇതായിരുന്നു എന്‍റെ അള്‍ത്താര. ജയിലില്‍ അന്‍പതുപേരുള്ള സംഘങ്ങളായി ഞങ്ങളെ തിരിച്ചിരുന്നു. അമ്പതു സെന്‍റിമീറ്റര്‍ സ്ഥലം ഒരാള്‍ക്ക് അവകാശം!
രാത്രി 9.30-ന് വിളക്കണച്ചുകഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. ആ സമയം കുനിഞ്ഞിരുന്ന് വിശുദ്ധ കുര്‍ബാന ചൊല്ലി ദിവ്യകാരുണ്യം സഹ കത്തോലിക്കാ തടവുകാര്‍ക്ക് നീട്ടിക്കൊടുത്തിരുന്നു. സിഗരറ്റ് കൂട്ടിലെ കടലാസ് ചുരുട്ടി അതില്‍ വിതരണം ചെയ്തു. വാഴ്ത്തപ്പെട്ട ഒരു ചെറുതിരുവോസ്തിക്കഷണം എപ്പോഴും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. രാത്രിയില്‍ തടവുകാര്‍ മാറിമാറി ഊഴമനുസരിച്ച് ഉണര്‍ന്നിരുന്ന് ആരാധന നടത്തിയിരുന്നു.” അങ്ങനെ ദിവ്യകാരുണ്യത്താല്‍ അവര്‍ നാരകീയാനുഭവങ്ങളുടെമേല്‍ വിജയം നേടി. ദിവ്യകാരുണ്യസാന്നിധ്യം ഇരുളിനെ അകറ്റും. ആ തിരുസാന്നിധ്യത്തില്‍ നിരാശ വിട്ടകലും. ഏതു തടവറയും സ്വര്‍ഗമായി മാറും. ദിവ്യകാരുണ്യ സാന്നിധ്യത്താലാണ് ആത്മാവ് തിന്മയെ കീഴടക്കുന്നതും നന്മയില്‍ അഭിവൃദ്ധിപ്പെടുന്നതും സഹനത്തില്‍ ശക്തി പ്രാപിക്കുന്നതും.
Father James Kiliyananickal
Want to be in the loop?
Get the latest updates from Tidings!