Home/Evangelize/Article

ജുലാ 28, 2024 45 0 ആന്‍ മരിയ ക്രിസ്റ്റീന
Evangelize

ജീവന്‍ തുടിക്കുന്ന രക്തകഥകള്‍

ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം. എന്‍റെ ഡാഡിക്ക് ഒരു വാഹനാപകടം ഉണ്ടായി. രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തില്‍ പെട്ടത്. ബൈക്കില്‍നിന്ന് റോഡിലേക്ക് അടിച്ചു വീണ ഡാഡിയുടെ ദേഹത്തിനു മുകളില്‍ ബൈക്ക് വീണു കിടക്കുകയായിരുന്നു. വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ടു. രക്തം ഒരുപാട് വാര്‍ന്നുപോയിക്കൊണ്ടിരുന്നു… മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഞരക്കം കേട്ട് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ച് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന ഡാഡിയെ കണ്ടത്. പെട്ടെന്ന് ബൈക്ക് എടുത്തു മാറ്റി അടുത്തുള്ള വീട്ടില്‍ അറിയിച്ചു. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഒരുപാട് രാത്രിയായിട്ടും വീട്ടില്‍ ഡാഡി എത്താതിരുന്നതുകൊണ്ട് അമ്മയും ഞങ്ങള്‍ രണ്ടു മക്കളും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയാണ്. ലാന്‍ഡ് ഫോണില്‍ ഒരു കോള്‍ വന്നു. മേജര്‍ ആക്‌സിഡന്റ് ആണ്. ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രക്തം ഒരുപാട് വാര്‍ന്നു പോയിട്ടുള്ളതിനാല്‍ രക്തം കൊടുക്കാന്‍ ബ്ലഡ് ഗ്രൂപ്പ് യോജിക്കുന്ന കുറച്ചു പേരെ കൂടി കൊണ്ടുവരിക.

ഡാഡിയുടെ ജോലിസ്ഥലത്തു വിളിച്ചറിയച്ചതിന്‍പ്രകാരം മൂന്നു പേര്‍ ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നു. അമ്മയും സഹോദരനും അയല്‍വാസികളില്‍ ചിലരും കാര്‍ വിളിച്ചു ആശുപത്രിയിലേക്ക് പോയി. എന്നെ തൊട്ടടുത്ത വീട്ടില്‍ ഏല്പിച്ചാണ് അവര്‍ പോയത്. എനിക്ക് പ്രായം പത്തു വയസ്സ്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അമ്മയും സഹോദരനും ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്‍റെ ബലം നല്കണമേ എന്നും നിന്‍റെ എല്ലാ പദ്ധതികളും നന്മക്കായി മാറ്റുന്നതിന് നന്ദി എന്നും ഉരുവിട്ടുകൊണ്ടിരുന്നു.
അത്യാഹിത വിഭാഗത്തില്‍ ചെന്നപ്പോള്‍ ഡാഡിയുടെ രൂപം ഒരുപാടു മാറിയിരിക്കുന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും തോല്‍ ഉരിഞ്ഞു പോയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം കടും നീല നിറം. ചതഞ്ഞതിന്‍റെ പാടുകള്‍. എല്ലുരോഗ വിദഗ്ധന്‍ വന്നു ഡാഡിയെ ഐ സി യു വിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം സംഭ’വിച്ചിട്ടും ഒരു തുള്ളി രക്തം പോലും ഡാഡിക്കു ശരീരത്തില്‍ കയറ്റേണ്ടതായി വന്നില്ല! നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്‍റെ ബലം നല്‍കണമേ എന്ന പ്രാര്‍ത്ഥന ഈശോ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുകയായിരുന്നു. പിന്നീട് സാവധാനം ഡാഡി സൗഖ്യത്തിലേക്ക് കടന്നുവന്നു.

സഹോദരന്‍റെ ഭയാനകസ്ഥിതിയില്‍…

മറ്റൊരു അവസരത്തില്‍ എന്‍റെ സഹോദരന്‍ വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കസേരയില്‍നിന്നും പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വീഴുകയുണ്ടായി. പെട്ടെന്ന് ആംബുലന്‍സ് വിളിച്ചു തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. തല സ്‌കാന്‍ ചെയ്തപ്പോള്‍ രക്തം കട്ടപിടിച്ചതായി കാണുന്നതിനാല്‍ പെട്ടെന്നു എറണാകുളത്തേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ എത്തിക്കാനാണ് പറഞ്ഞത്. മെഡിക്കല്‍ സയന്‍സില്‍ ‘ഗ്ലാസ്‌ഗോ കോമ സ്‌കെയില്‍’ എന്ന സ്‌കോറിങ് സിസ്റ്റം ഉണ്ട്. കോമ അവസ്ഥക്കോ ജീവനില്ലാത്ത ശരീരത്തിനോ കൊടുക്കുന്ന 3/15 എന്ന സ്‌കോറില്‍ ആണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കു ആംബുലന്‍സ് യാത്ര തുടങ്ങിയത്.

ദുബായിയിലുള്ള എനിക്ക് അമ്മയുടെ ഫോണ്‍ കോള്‍ രാത്രിയില്‍ ലഭിച്ചു. അവരെ സമാധാനിപ്പിച്ചു. സഹോദരന്‍റെ മകന്‍ ജനിച്ചിട്ട് തൊണ്ണൂറു ദിവസം ആയിട്ടേ ഉള്ളൂ. സാഹചര്യത്തിന്‍റെ ഭയാനകത നഴ്‌സ് എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഗള്‍ഫ് രാജ്യത്തുതന്നെയുള്ള അനിയത്തിയെ വിളിച്ച് പെട്ടെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞു. എന്‍റെ എല്ലാ സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”ഈശോയേ, ജീവന്‍ നല്‍കുന്ന നിന്‍റെ തിരുരക്തം ഒഴുക്കി എന്‍റെ സഹോദരന് ജീവിതം തിരിച്ചു നല്കാന്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. എങ്കിലും എന്‍റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.”

അല്‍പസമയം ഈശോയെ നോക്കി അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ദുബായില്‍നിന്നോ ഷാര്‍ജയില്‍നിന്നോ ടിക്കറ്റ് കിട്ടാനില്ല. എല്ലാ ഫ്‌ളൈറ്റുകളും ഫുള്‍ ആണ്. അബുദാബിയില്‍നിന്നും രണ്ടു സീറ്റ് മാത്രം ഒരു ഫ്‌ളൈറ്റില്‍ അവശേഷിച്ചിരുന്നു. അത് ബുക്ക് ചെയ്തു. യാത്ര തുടങ്ങുമ്പോഴേക്കും വീണ്ടും ഫോണ്‍ കോള്‍. എറണാകുളത്ത് ആശുപത്രിയില്‍ എത്തി തലയുടെ സ്‌കാന്‍ നടത്തുകയാണ്. ഈശോയുടെ തിരുരക്തത്തെ മാത്രം മുറുകെ പിടിച്ചു. അല്‍പ സമയത്തിനകം എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രാദ്ധ്യേ സ്‌കാന്‍ റിസള്‍ട്ട് അറിയാന്‍ കഴിഞ്ഞു. ആദ്യത്തെ സ്‌കാനിലുള്ള ബ്ലഡ് ക്ലോട്ട് ഇപ്പോള്‍ കാണുന്നില്ല. കൂടാതെ സ്‌കാനിങ്ങിന്‍റെ ഇടയില്‍ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. ”പിതാക്കന്‍മാരില്‍നിന്ന് നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്ന് നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തംകൊണ്ടത്രേ” (1പത്രോസ് 1/18-19).
യേശുവിന്‍റെ തിരുരക്തം ലോകത്തിന്‍റെ രക്ഷയുടെ സ്രോതസ്സും വലിയൊരു രഹസ്യവുമാണ്. അവിടുത്തെ തിരുഹൃദയത്തില്‍നിന്നൊഴുകിയ തിരുരക്തവും തിരുജലവും നമുക്കായി അവിടുന്ന് തുറന്ന കരുണയുടെ ഉറവിടമാണ്.

മിസ്റ്റിക് ആയിരുന്ന കാറ്റലീനയുടെ പരിശുദ്ധ കുര്‍ബ്ബാനയെ കുറിച്ചുള്ള സാക്ഷ്യത്തില്‍ ഇപ്രകാരം വിവരിക്കുന്നു. കാര്‍മ്മികന്‍ കൂദാശാവചനങ്ങള്‍ ഉച്ചരിച്ചു. ക്രൂശിതനായ യേശു അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ ശിരസ് വലതു തോളിലേക്ക് ചാഞ്ഞിരുന്നു. നെഞ്ചിന് വലതുവശത്തായി ഒരു മുറിവുണ്ടായിരുന്നു. ഇടതു വശത്തേക്കും വലതു വശത്തേക്കും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു, വെള്ളംപോലെ. പക്ഷേ പ്രകാശം നിറഞ്ഞ്. ഇടത്തോട്ടും വലത്തോട്ടും ചലിച്ചു കൊണ്ട് വിശ്വാസികളുടെ നേര്‍ക്ക് വരുന്ന പ്രകാശധാരകളെന്നു പറയുന്നതാവും ശരി. കാസയിലേക്കു ഒഴുകി വീഴുന്ന രക്തത്തിന്‍റെ അളവ് എന്നെ അത്ഭുതപ്പെടുത്തി. അത് കവിഞ്ഞൊഴുകി അള്‍ത്താരയെ മുഴുവന്‍ നനയ്ക്കുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ ഒരു തുള്ളിപോലും കവിഞ്ഞൊഴുകിയില്ല. ആ സമയം കന്യകാമറിയം അരുളിച്ചെയ്തു. ഇതാണ് അത്ഭുതങ്ങളുടെ അത്ഭുതം. അപ്പവും വീഞ്ഞും വാഴ്ത്തപ്പെടുന്ന അവസരത്തില്‍ സമൂഹം മുഴുവനായി കാല്‍വരിയുടെ ചുവട്ടിലേക്ക് യേശുവിന്‍റെ കുരിശുമരണത്തിന്‍റെ നിമിഷത്തേക്ക് നയിക്കപ്പെടുന്നു. അവനെ വധിച്ചവര്‍ക്കു വേണ്ടി മാത്രമല്ല നമ്മള്‍ ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് വേണ്ടിക്കൂടിയും അവന്‍ പിതാവിനോട് മാപ്പിരക്കുകയാണ്…

പഴയ നിയമത്തില്‍ കുഞ്ഞാടിന്‍റെ രക്തംകൊണ്ട് മുദ്രയിട്ട ഭവനങ്ങളെ സംഹാരദൂതന്‍ തൊടുകയില്ലെന്ന് ദൈവം ഇസ്രായേല്‍ ജനതയോട് വാഗ്ദാനം ചെയ്തു. അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. പടയാളികളില്‍ ഒരുവന്‍ ഈശോയുടെ പാര്‍ശ്വം കുത്തി പിളര്‍ന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ തുറക്കപ്പെടുകയും ആത്മീയ അന്ധകാരം വിട്ടുമാറി യേശു നീതിമാനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തതായി വായിക്കുന്നുണ്ടല്ലോ.
ജൂലൈ മാസം ഈശോയുടെ തിരുരക്തത്തിന്‍റെ വണക്കം പ്രത്യേകമായി നാം ആചരിക്കുന്നു. ഹംഗറിയിലെ രാജ്ഞിയായ വിശുദ്ധ എലിസബത്തും വിശുദ്ധ മെറ്റില്‍ഡയും വിശുദ്ധ ബ്രിജീത്തയും യേശുവിന്‍റെ പീഡാനുഭവത്തെക്കുറിച്ചു അറിയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് ഇപ്രകാരമാണ്, ”ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി 28430 തുള്ളി രക്തം ചിന്തുകയുണ്ടായി .എന്‍റെ ശരീരത്തില്‍ ആകെ 1008 മുറിവുകള്‍ ഉണ്ടായിരുന്നു.”

ഈശോയുടെ തിരുരക്തം സകല തിന്മകളില്‍ നിന്നും നമുക്ക് സംരക്ഷണം നല്‍കുന്ന പരിചയാണ്. ഓരോ നിമിഷവും നമ്മുടെ ശരീരവും മനസ്സും ആത്മാവും അവന്‍റെ സംരക്ഷണത്തിലായിരിക്കട്ടെ. ജീവിതത്തിന്‍റെ ഏതു പ്രതിസന്ധികളിലും അവിടുത്തെ തിരുരക്തത്തോട് പ്രാര്‍ത്ഥിക്കുക. തിരുരക്തവലയത്തില്‍നിന്നും നമ്മെ അടര്‍ത്തികൊണ്ടു പോകാന്‍ തിന്മയുടെ ശക്തികള്‍ക്ക് സാധിക്കുകയില്ല. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം
നിന്‍ സുതന്‍റെ രക്തക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ….
”അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാന്‍ 1/7).

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles