Home/Evangelize/Article

ഒക്ട് 04, 2024 18 0 ഫാ. ജോസഫ് അലക്‌സ്‌
Evangelize

ഏഴാം ക്ലാസുകാരന്‍റെ നിക്ഷേപം

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന്‍ മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്‍റെ ചിത്രമുള്ള കാര്‍ഡ് കിട്ടി. അപൂര്‍വമായിട്ടാണ് ആ താരത്തിന്‍റെ കാര്‍ഡ് ലഭിക്കുക. അതിനാല്‍ എന്‍റെ ക്ലാസിലെ വിവേക് എന്ന കൂട്ടുകാരന്‍ എന്നോട് പറഞ്ഞു, ”ആ കാര്‍ഡ് തന്നാല്‍ 10 രൂപ തരാം!”
ഞാനന്ന് ഏഴാം ക്ലാസിലാണ്. അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ എന്‍റെ മനസിലൂടെ പോകുന്നത് ഷെല്‍ഫിലിരിക്കുന്ന റോഷന്‍ മഹാനാമയുടെ കാര്‍ഡും വിവേക് സുരേഷും 10 രൂപയും…

അന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞു… സ്തുതി കൊടുക്കും മുമ്പ് സുവിശേഷപ്പെട്ടി എടുത്ത് നോക്കിയ ഞാന്‍ ഞെട്ടി!
”നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6/21).
അന്ന് ആ ഏഴാം ക്ലാസുകാരന്‍ പയ്യന് വേറെ പ്രസംഗമൊന്നും കേള്‍ക്കേണ്ടിവന്നില്ല, ഹൃദയം കീറാന്‍….
അതോടെ പയ്യന്‍ മിടുക്കനായി എന്നല്ല ഉദ്ദേശിച്ചത്, എന്നാലും ആ സംഭവവും അന്നത്തെ വചനവും വലിയൊരു സ്വാധീനം ഹൃദയത്തില്‍ സൃഷ്ടിച്ചു. പിന്നീട് നവീകരണത്തിലേക്ക് വന്നപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്.
ഹൃദയവും നിക്ഷേപവും സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഈശോ ഇതിലൂടെ പഠിപ്പിക്കുന്നത്. അതിന് അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പച്ചയായ, മാംസബദ്ധമായ കാര്യങ്ങള്‍തന്നെയാണ് ചെയ്യേണ്ടത്… ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, പാത്രം കഴുകുക, മുറ്റമടിക്കുക, തുണി കഴുകുക അങ്ങനെയങ്ങനെ….

ഇതെല്ലാം ചെയ്യുമ്പോള്‍ ‘ലവ് യു ഈശോ, ലവ് യു ഇച്ചായാ, ലവ് യു കുഞ്ഞാവേ, ലവ് യു അമ്മച്ചീ…’ എന്നൊക്കെ പറഞ്ഞങ്ങ് ചെയ്തുനോക്കൂ… സ്വര്‍ഗം കൂടെ നടക്കുന്ന അനുഭവമുണ്ടാകും. അതിനുപകരം, ‘അല്ലെങ്കിലും അവനിട്ട് ഒരു പണി കൊടുക്കണം,’ ‘അവള്‍ക്കിത്തിരി ജാഡ കൂടുതലാ,’ ‘അവന്‍ പറയുന്നത് അങ്ങനെ അനുസരിക്കേണ്ട കാര്യമൊന്നുമില്ല,’ ഇങ്ങനെയൊക്കെ ചിന്തിച്ച് പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഇറങ്ങിയാലോ…?
നാം സ്വയം ഇല്ലാതാവുന്നത് സ്വയം അറിയില്ല. അതിനാല്‍ സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് ജീവിക്കാന്‍ കൃപ ചോദിക്കുന്നവരാകാം. നിക്ഷേപങ്ങളെ സ്വര്‍ഗീയമാക്കി മാറ്റാന്‍ അതുവഴി സാധിക്കട്ടെ.

Share:

ഫാ. ജോസഫ് അലക്‌സ്‌

ഫാ. ജോസഫ് അലക്‌സ്‌

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles