Home/Engage/Article

ജൂണ്‍ 11, 2024 179 0 Rev. Dr. Mathew Illathuparambil
Engage

ആദം ആദത്തെ പ്രണയിച്ചാല്‍?

ചിന്താശീലരായ നല്ലൊരു പങ്ക് മനുഷ്യരിലും ഒരു വിഗ്രഹഭഞ്ജകന്‍ (iconoclast) ഉണ്ടെന്നാണ് സങ്കല്പം. വിഗ്രഹസമാനം സമൂഹം കൊണ്ടുനടക്കുന്ന വിശുദ്ധബിംബങ്ങളെയും സനാതനമൂല്യങ്ങളെയും തച്ചുതകര്‍ക്കാന്‍ അവര്‍ മോഹിക്കും. ഏറ്റവും പവിത്രമായതിനെ തകര്‍ക്കാനായിരിക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഓടിക്കൂടുന്നത്. അടുത്തകാലത്ത് വിഗ്രഹഭഞ്ജകര്‍ ആവേശത്തോടെ നോട്ടമിടുന്ന വിശുദ്ധ മൂല്യമാണ് സ്ത്രീ- പുരുഷ വിവാഹവും കുടുംബജീവിതവും. ഈ പശ്ചാത്തലത്തിലാണ് സ്വവര്‍ഗവിവാഹങ്ങള്‍ തര്‍ക്കവിഷയമാകുന്നതും മാധ്യമശ്രദ്ധ നേടുന്നതും. ചില രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമവിധേയമാക്കിയിട്ടുണ്ട് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ, ക്രിസ്തീയപക്ഷത്തുനിന്ന് ഇത്തരം നീക്കങ്ങളെയും ചിന്താഗതികളെയും നാം വിലയിരുത്തേണ്ടതുണ്ട്. പൊതുരീതികള്‍ക്കും അംഗീകൃത ശൈലികള്‍ക്കും വിരുദ്ധമായി നിന്നില്ലെങ്കില്‍ പുരോഗമനപരമാവില്ല ജീവിതം എന്ന് ചിന്തിക്കുന്നവരുള്ള നാട്ടില്‍ യുക്തിയുടെയും വിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ട വിഷയമാണ് സ്വവര്‍ഗാനുരാഗവും സ്വവര്‍ഗവിവാഹവും.

സ്വവര്‍ഗ അനുരാഗം

സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക ആഭിമുഖ്യം തോന്നുന്നത് സാധാരണമല്ല; അതൊരു അപവാദമാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗം (homosexuality) സ്വാഭാവികമാണെന്ന് വാദിക്കുന്നവരുണ്ട്. അതേസമയം, അതൊരു മാനസിക അപഭ്രംശമാണെന്ന് പറയുന്നവരും ഉണ്ട്. സ്വാഭാവിക വാസനയായിക്കണ്ട് അതിനെ മാനിച്ചാല്‍ മതി എന്നുപറയുന്നവരും വൈകൃതമായിക്കണ്ട് അതിന് ചികില്‍സ വേണമെന്ന് പറയുന്നവരും സമൂഹത്തിലുണ്ട്. ചില മുതിര്‍ന്നവര്‍ക്ക് കുട്ടികളോടുള്ള ലൈംഗികതാത്പര്യംപോലും അവരുടെ സ്വാഭാവിക ചോദനയാണെന്നും അതിനാല്‍ അതില്‍ തെറ്റായിട്ടൊന്നുമില്ല എന്ന് വാദിക്കുന്നവരെയും കാണാം. സ്വവര്‍ഗ ലൈംഗിക താത്പര്യത്തില്‍ സങ്കീര്‍ണ്ണമായ പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ഇതില്‍ മനുഷ്യപ്രകൃതിയുടെ കാര്യമുണ്ട്.

ഒരാളെ വളര്‍ത്തിയെടുക്കുന്ന കുടുംബ-സാമൂഹിക പശ്ചാത്തലത്തിന് പ്രസക്തിയുണ്ട്. ശാസ്ത്രീയ വിശകലനത്തിന്റെ വിഷയങ്ങളുണ്ട്; ശാസ്ത്രീയപഠനങ്ങളെ സ്വാധീനിക്കുന്ന പ്രത്യയശാസ്ത്ര വിഷയങ്ങളുണ്ട്; സാമൂഹിക വിലയിരുത്തലുകളുടെ കാര്യമുണ്ട്. അതോടൊപ്പംതന്നെ മതാത്മകമായ ആഭിമുഖ്യങ്ങളും അവയോടുള്ള പ്രതികരണങ്ങളും ഉള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ ഓരോ രാജ്യത്തെയും രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉള്‍പ്പെടാറുണ്ട്. തത്പരകക്ഷികളായ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഇടപെടലുകളുമുണ്ട്.
ഈ രംഗത്തെ നിലവിലുള്ള പഠനങ്ങള്‍ ശാസ്ത്രീയ അഭിപ്രായങ്ങളുടെ പെരുവെള്ളത്തിലേക്കാണ് നിലവില്‍ നമ്മെ തള്ളിയിടാന്‍ പോകുന്നത്. (ഉദാഹരണത്തിന്, Robert L. Kinney, III, ‘Homosexuality and scientific evidence: On suspect anecdotes, antiquated data, and broad generalizations, Linacre Quarterly(November, 2015; 82/4) 364–390). ഇത്രയും പറഞ്ഞത് സ്വവര്‍ഗവിവാഹം ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷത്തിന്റെ സങ്കീര്‍ണ്ണതകളും തത്പരമേഖലകളും ചൂണ്ടിക്കാണിക്കാനാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഈ വിഷയത്തെ സമീപിക്കുന്നത് ഉപരിപ്ലവമായിരിക്കും. അതായത്, സ്വവര്‍ഗവിവാഹത്തെ കേവലം അവിഹിതബന്ധമായി ചുരുക്കുന്നവരും വിപ്ലവകരമായ മുന്നേറ്റമായി പൊലിപ്പിച്ചെടുക്കുന്നവരും ഈ വിഷയത്തിന്റെ ഉള്ളുകള്ളികള്‍ അറിയാതെപോകാം എന്നൊരു അപകടമുണ്ട്.

സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യം

സ്വവര്‍ഗ വിവാഹത്തിന് അടിസ്ഥാനമായി പറയുന്നത് സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യവും (homo-sexual orientation) എതിര്‍വര്‍ഗക്കാരോടുള്ള ലൈംഗിക വിമുഖതയുമാണ്. ഇതാകട്ടെ നീണ്ടുനില്ക്കുന്ന അല്ലെങ്കില്‍ സ്ഥായിയായ ആഭിമുഖ്യമായി വിലയിരുത്തപ്പെടുകയും ചെയ്യാറുണ്ട്. എന്നുപറഞ്ഞാല്‍ സ്വവര്‍ഗത്തില്‍പെട്ട ഒരാളോട് തോന്നുന്ന താത്കാലികമായ ലൈംഗിക താത്പര്യമല്ല (attraction) ഇവിടത്തെ വിഷയം. ചിലര്‍ക്കാകട്ടെ ഇരുകൂട്ടരോടും ( bisexual) ലൈംഗിക താത്പര്യം തോന്നുന്ന സാഹചര്യംപോലും ഉണ്ടാകാം. സ്വവര്‍ഗ അല്ലെങ്കില്‍ ഇതരവര്‍ഗ ലൈംഗിക ആഭിമുഖ്യം ആഴമേറിയതും ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതുമാണ്.

എന്നാല്‍ ലൈംഗിക താത്പര്യം അതുപോലെയല്ല. അത് കൂടുതലും സാഹചര്യബദ്ധമാണ്. സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യം സ്വാഭാവികമാണോ രോഗാവസ്ഥയാണോ വ്യതിരിക്തമായ സ്ഥിതിയാണോ എന്നീ കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട്. സ്വവര്‍ഗലൈംഗിക താത്പര്യങ്ങളെല്ലാം കേവലം പ്രകൃതിയുടെ ഭാഗമാണെന്ന് വാദിക്കുന്നത് ശരിയാവുകയുമില്ല. ശാസ്ത്രീയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. ഈ പഠനങ്ങള്‍ക്കെല്ലാം ഒരു പരിമിതിയുണ്ട്. ഇവിടുത്തെ പഠനവിഷയം വസ്തുനിഷ്ഠമായ (objective) ഒരു സംഗതിയല്ല, ഒരാളുടെ ലൈംഗിക അനുഭവവും ആഭിമുഖ്യവുമാണ്. അതില്‍ വ്യക്തിനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ വരാതെ തരമില്ല. അതുകൊണ്ട് ഇത്തരം പഠനങ്ങള്‍ വസ്തുനിഷ്ഠമായ നിഷ്പക്ഷത ആര്‍ജ്ജിക്കാന്‍ സമയമെടുക്കും. എന്തുകൊണ്ട് ഒരാള്‍ സ്വവര്‍ഗലൈംഗിക ബന്ധത്തിലേക്ക് നീങ്ങുന്നു എന്നതിന് സര്‍വ്വസമ്മതമായ ഉത്തരം ശാസ്ത്രലോകത്തില്‍ ഇപ്പോഴുമില്ല. ജനറ്റിക്, ഹോര്‍മോണല്‍, വളര്‍ച്ചാസംബന്ധമായ, സാമൂഹിക, സാംസ്‌കാരിക കാരണങ്ങള്‍ ഉണ്ടാകും എന്നാണ് പൊതുവായ നിഗമനങ്ങള്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍

സ്വവര്‍ഗ വിവാഹം സംഭവിക്കുന്ന മറ്റൊരു സാഹചര്യമുണ്ട്. ഈ സാഹചര്യം മനസ്സിലാക്കാന്‍ ലൈംഗികതയും (sex) ജെന്‍ഡര്‍ (gender) അല്ലെങ്കില്‍ ലിംഗപദവിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ആണോ പെണ്ണോ എന്ന നിലയില്‍ ഒരാളുടെ ജീവശാസ്ത്രപരമായ അവസ്ഥയാണ് ലൈംഗികത. എന്നാല്‍ ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള സാമൂഹികപദവിയാണ് ‘ജെന്‍ഡര്‍.’ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എങ്ങനെയായിരിക്കണം, അവരുടെ പെരുമാറ്റശൈലി, ജീവിതചര്യകള്‍, വസ്ത്രധാരണം, ചിന്താഗതി, രുചിഭേദങ്ങള്‍, അവകാശങ്ങള്‍, കടമകള്‍ എല്ലാം ഏതുതരത്തിലാകണം എന്നു പറഞ്ഞുവയ്ക്കുന്ന മൂല്യവിചാരങ്ങളും ചട്ടക്കൂടുകളും അടങ്ങുന്നതാണ് ലിംഗപദവി. അതാകട്ടെ എല്ലാ കാലത്തും എല്ലാ നാട്ടിലും ഒരുപോലെയല്ല. നീണ്ട മുടി സ്ത്രീക്ക് അലങ്കാരമാണെന്നും ആണുങ്ങള്‍ കരയാന്‍ പാടില്ല എന്നുമൊക്കെ നമ്മോട് പറഞ്ഞതും ലിംഗപദവി സങ്കല്പങ്ങളാണ്. സ്വാഭാവികമായും ഇതില്‍ പുരുഷകേന്ദ്രീകൃതമായ, കുറെയൊക്കെ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്. ലിംഗപദവിയുടെ ഇത്തരം സാമൂഹിക വശങ്ങളല്ല നമ്മുടെ വിഷയം.

എന്നാല്‍ ജീവശാസ്ത്രപരമായി പുരുഷനോ സ്ത്രീയോ ആയി പിറന്ന ഒരാള്‍ക്ക് എതിര്‍ലിംഗപദവി ആന്തരികമായി കൈവരുന്ന സ്ഥിതിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അവസ്ഥ. അതായത് ഒരു പുരുഷശരീരത്തില്‍ സ്‌ത്രൈണഭാവം സ്വീകരിക്കുന്ന അവസ്ഥ; അതുപോലെതന്നെ നേരെ തിരിച്ചും. അത് അത്തരം വ്യക്തികളില്‍ ഉണ്ടാക്കാവുന്ന ആന്തരിക വ്യഥകള്‍ (gender dysphoria) ഭീകരമായിരിക്കും. പുരുഷഭാവം പേറുന്ന സ്ത്രീ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിലേക്കോ ബന്ധത്തിലേക്കോ വരാം. അങ്ങനെ വരുമ്പോള്‍ ലൈംഗികമായി സ്ത്രീ ആയിരിക്കുകയും ലിംഗപദവിയില്‍ പുരുഷനായി ജീവിക്കുകയും ചെയ്യുന്ന ആള്‍ മറ്റൊരു സ്ത്രീപങ്കാളിയെ സ്വീകരിക്കും. ഫലത്തില്‍ ലൈംഗികമായി രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ബന്ധമായി അത് മാറും.

നിഷിദ്ധമായ കൂടിത്താമസം

സ്വവര്‍ഗവിവാഹം സഭ അനുവദിക്കുകയോ അത്തരം ബന്ധങ്ങളെ വിവാഹമായി അംഗീകരിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് സ്ഥിരവും ഉറച്ചതുമാണ്. 2003-ല്‍ വിശ്വാസ തിരുസംഘം Considerations Regarding Proposals to Give Legal Recognition to Unions Between Homosexual Persons എന്നൊരു പ്രബോധനരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ 2019-ല്‍ ജെന്‍ഡര്‍ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് നടക്കേണ്ട സംഭാഷണങ്ങള്‍ക്ക് ആധാരമാകേണ്ട ഒരു രേഖ Male and Female He Created Them എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വവര്‍ഗ വിവാഹങ്ങള്‍ സഭ അനുവദിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ട്. സഭയുടെ കാഴ്ചപ്പാടില്‍ ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ആജീവനാന്ത ബന്ധമാണ് വിവാഹം. അതിനെ ഒരു ദൈവികവ്യവസ്ഥയായി സഭ മനസ്സിലാക്കുന്നു. ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു(ഉത്പത്തി 1/27) എന്നാണ് ദൈവവചനം. വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വവര്‍ഗബന്ധങ്ങളില്‍ സാധിക്കുകയില്ല. ഒന്നാമതായി, ദമ്പതികള്‍ തമ്മിലുള്ള സമ്പൂര്‍ണ്ണ പരസ്പര സമര്‍പ്പണം ഒരേ വര്‍ഗ ബന്ധങ്ങളില്‍ പൂര്‍ണ്ണമായും സാധിക്കുകയില്ല. രണ്ടാമതായി, വിവാഹത്തിന്റെ സുപ്രധാനമായ ലക്ഷ്യമായ കുഞ്ഞുങ്ങളുടെ ജനനം ഇത്തരം ബന്ധങ്ങളില്‍ അസാധ്യമാണ്. എന്നാല്‍പ്പിന്നെ കുട്ടികളെ ദത്തെടുത്താല്‍ പോരേ എന്ന് ചോദിക്കുന്നവരുണ്ട്. അപ്പന്റെയും അമ്മയുടെയും ഒപ്പം വളര്‍ന്നുവരാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സ്വവര്‍ഗബന്ധങ്ങളില്‍ കുട്ടികള്‍ രണ്ട് പുരുഷന്മാരോടൊപ്പം വളര്‍ന്നുവരേണ്ടിവരും. അല്ലെങ്കില്‍, രണ്ടു സ്ത്രീകളോടൊപ്പം വളരേണ്ടിവരും. കുട്ടികളുടെ അവകാശലംഘനം ഇതില്‍ സംഭവിക്കും.

എങ്കില്‍, സ്വവര്‍ഗാനുരാഗമുള്ളവര്‍ എന്തു ചെയ്യണം എന്നാണ് സഭയുടെ നിലപാട്? അവര്‍ക്ക് വിവാഹിതരാകാന്‍ സാധിക്കില്ല. കാരണം, വിവാഹം ഒരു മൗലിക അവകാശമായി സഭ കാണുന്നില്ല. പൊതുസമൂഹവും അങ്ങനെ കാണുന്നില്ല. അതായത്, വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അവകാശമില്ലാത്തവരുണ്ട്, സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും. അത് അവരുടെ കുറ്റമല്ല. അവരുടെ അവസ്ഥയുടെ ഫലമാണ്. ഉദാഹരണത്തിന്, ന്യായമായ ബുദ്ധിവികാസമില്ലാത്തവര്‍ക്ക് വിവാഹം നിയമപ്രകാരം സാധ്യമല്ല. ഷണ്ഡത്വം വിവാഹ സാധ്യതകള്‍ ഇല്ലാതാക്കും. അതിന്റെയര്‍ഥം അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നല്ല.

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയില്ല എന്നുമാത്രം. ഇതുപോലെയാണ് സ്വവര്‍ഗാനുരാഗത്തിന്റെ കാര്യവും. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുകൊണ്ട് സഭ അത്തരം ബന്ധങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ അത് അനുവദിക്കുന്നുണ്ട് എന്നത് സത്യമാണ്. വിവാഹജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലും മൂല്യവിചാരത്തിന്റെ പേരിലല്ല ഭൂരിപക്ഷ ജനാഭിപ്രായം നോക്കിയെടുക്കുന്ന തീരുമാനങ്ങളാണവ. വാസ്തവത്തില്‍ സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ എതിര്‍ ലിംഗ ആഭിമുഖ്യമുള്ള ഒരാളെ വിവാഹം കഴിച്ച് ആ ജീവിതം താറുമാറാക്കുകയോ സ്വവര്‍ഗബന്ധത്തിലേക്ക് പോവുകയോ ചെയ്യരുത് എന്നാണ് സഭയുടെ നിലപാട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അത്തരക്കാര്‍ അവിവാഹിതരായി കഴിയേണ്ടിവരും.

സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യമുള്ളവര്‍ പൂര്‍ണ്ണമനുഷ്യരാണ്. അവര്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്, വിവാഹത്തിനൊഴികെ. എന്നാല്‍ വൈദിക സമര്‍പ്പിത ജീവിതത്തിലേക്ക് സഭ സ്വാഗതം ചെയ്യുന്നില്ല. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. എന്നാല്‍, മനുഷ്യരെന്ന നിലയില്‍ അവരോട് സഭയിലും സമൂഹത്തിലും വിവേചനമരുത് എന്നാണ് സഭയുടെ നിലപാട്. അവര്‍ക്ക് കൂദാശകള്‍ സ്വീകരിക്കാം; സാധാരണമായ സഭാജീവിതമാകാം.

മനുഷ്യസൃഷ്ടി പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ആദം ഹവ്വയെക്കണ്ട് പറഞ്ഞു, എന്റെ മാംസത്തിന്റെ മാംസവും അസ്ഥിയുടെ അസ്ഥിയും (ഉത്പത്തി 2/23). ആദം ആദത്തെ പ്രണയിക്കുകയായിരുന്നില്ല. തന്റെതന്നെ പ്രതിബിംബത്തില്‍ ആദം അനുരക്തനായില്ല. ആദം ഹവ്വയെ ദൈവസാന്നിധ്യത്തില്‍ ഇണയായി സ്വീകരിച്ചപ്പോഴാണ് വിവാഹം നടക്കുന്നത്. ഇതില്‍നിന്ന് വ്യതിരിക്തമായ വിവാഹസങ്കല്പങ്ങള്‍ ദൈവവചനത്തിനോ ക്രിസ്തീയ വിശ്വാസത്തിനോ നിരക്കുന്നതല്ല, അത്തരത്തിലുള്ള സംഭവങ്ങള്‍ അപഭ്രംശങ്ങളാണ്. അവയെ ആഘോഷിക്കുന്നത് വിപ്ലവകരമായ അറിവില്ലായ്മയാണ്; വ്യാജമൂല്യങ്ങളുടെ ഉത്സവത്തിമിര്‍പ്പു മാത്രമാണ്. എന്നാല്‍ സ്വവര്‍ഗ അനുരാഗികളായ മനുഷ്യര്‍ സാമൂഹികമായ വിവേചനത്തിനോ അധിക്ഷേപത്തിനോ മാറ്റിനിര്‍ത്തലിനോ വിധേയരായിക്കൂടാതാനും.

Share:

Rev. Dr. Mathew Illathuparambil

Rev. Dr. Mathew Illathuparambil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles