- Latest articles
വിശുദ്ധ തോമസ് അക്വിനാസ് എഴുതി: “ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‍റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.”
പത്രോസിന്‍റെ ജീവിതപരിവര്‍ത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല വീണ്ടുമെടുത്ത് വഞ്ചിയില്‍ കയറി തീരത്തുനിന്നും തിരകളെ മുറിച്ച് പഴയ പണിയിലേക്ക് തിരിച്ചുപോയെങ്കിലും (യോഹന്നാന്‍ 21:1-14), ഉത്ഥാനാനുഭവം ഹൃദയത്തില്‍ വന്നു നിറഞ്ഞപ്പോള്‍ ഒരു സങ്കോചവുമില്ലാതെ ഉറപ്പാര്‍ന്ന ചങ്കൂറ്റത്തോടെയാണ് ഉത്ഥാനത്തിന് സാക്ഷ്യം നല്കുന്നത്. അവനെ അവര്‍ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍ ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍ (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10:40-41).
പത്രോസിന്‍റെ പരിവര്‍ത്തനവും പ്രഘോഷണവും അത്ഭുതങ്ങള്‍കൊണ്ടുള്ള സ്ഥിരീകരണവും ഉത്ഥാനത്തിന്‍റെ പ്രകടമായ സാക്ഷ്യവും തെളിവുകളുമാണ്. ജറുസലേം ദൈവാലയത്തിന്‍റെ സുന്ദരകവാടത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറഞ്ഞത് ഇതാണ്: “സ്വര്‍ണമോ വെള്ളിയോ എന്‍റെ കൈയിലില്ല!… നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക.” അയാള്‍ ചാടി എഴുന്നേറ്റു നടന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). അപ്രകാരം കുതിച്ചു ചാടുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം കണ്ട് അത്ഭുത സ്തബ്ധരായി.
ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിച്ച പത്രോസിന്‍റെ ജീവിതത്തിലെ മാറ്റം അവിശ്വസനീയമല്ലേ? സാധാരണ ഒരു മത്സ്യംപിടുത്തക്കാരന് ഈ സിദ്ധികള്‍ എങ്ങനെ കൈവരുന്നു? അതാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സ്വാധീനവും ഫലവും.
മഗ്ദലേനയില്‍നിന്ന് ഒരു രഹസ്യം
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ട് ആനന്ദനിര്‍വൃതിയടയാന്‍ ഏറ്റവും ആദ്യം ഭാഗ്യം ലഭിച്ചത് ഒരു സ്ത്രീക്കാണ്, മഗ്ദലേനയിലെ മറിയത്തിന് (യോഹന്നാന്‍ 20:1-18) വളരെ ആകസ്മിക അനുഭവമായിരുന്നു അത്. തീര്‍ത്തും അപ്രതീക്ഷിത നിമിഷത്തിലെ അസുലഭ സൗഭാഗ്യം. യേശുവിന്‍റെ മരണനേരത്ത് ശിഷ്യന്മാര്‍ പലരും ഓടി പ്പോയപ്പോഴും യേശുവിന്‍റെ അമ്മയോടൊപ്പം അവളും കാല്‍വരിയില്‍ നാട്ടിയ കുരിശിന് താഴെ നില്ക്കുന്നുണ്ടായിരുന്നു. ആ അമ്മയെപ്പോലെ തീരാത്ത നൊമ്പരം അവളും അനുഭവിച്ചു. ഈ ലോകത്തില്‍ അവള്‍ക്കുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്. തീരാത്ത നഷ്ടം! വലിയ ശൂന്യത!
യഹൂദ വിശ്വാസമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ ശേഷം മൂന്നുദിവസം കല്ലറയ്ക്കുചുറ്റും ആത്മാവ് ഉണ്ടാകുമത്രേ. യേശുവിനെ അരിമത്തിയായിലെ ജോസഫിന്‍റെ കല്ലറയില്‍ സംസ്കരിച്ചശേഷം സാബത്ത് കഴിഞ്ഞ് പുലരിയാകാന്‍ മറിയം അക്ഷമയോടെ കാത്തിരുന്നു. “ഇരുട്ടായിരിക്കുമ്പോള്‍ തന്നെ” അവള്‍ കല്ലറയില്‍ വന്നെത്തി. അല്പനേരം കരഞ്ഞുതീര്‍ക്കുക. അങ്ങനെ അല്പം ആശ്വാസമനുഭവിക്കുക. അതായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം. അവിടെ എത്തിയപ്പോഴാണ് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച അവള്‍ കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ പാറ മാറ്റപ്പെട്ടിരിക്കുന്നു! അവള്‍ ആകെ പരിഭ്രമിച്ചുപോയി. ഉടനെ തിരികെ ഓടി. ശിഷ്യന്മാരെ അറിയിച്ചു. “കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്ന് മാറ്റിയിരിക്കുന്നു” (യോഹന്നാന്‍ 20:2). ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ട് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി. അവള്‍ പറഞ്ഞ കാര്യം ശിഷ്യപ്രമുഖര്‍ ശരിവയ്ക്കുന്നു. അവര്‍ ഇരുവരും മടങ്ങിപ്പോകുന്നു.
പക്ഷേ, അവള്‍ക്ക് അങ്ങനെ മടങ്ങിപ്പോകാന്‍ മനസുവന്നില്ല. സ്നേഹത്തിന്‍റെ നിര്‍മ്മല ശാഠ്യം ഉള്ളിലൊതുക്കി അവള്‍ അവിടെത്തന്നെ നിന്നു. മറിയം…! പിന്നില്‍നിന്നൊരു വിളി! കരഞ്ഞുകരഞ്ഞ് കണ്ണീര്‍ നിറഞ്ഞ കണ്ണുകള്‍ വിളിച്ചയാളെ തിരിച്ചറിയുന്നില്ല! പക്ഷേ പരിചിതമാണല്ലോ ആ തരളിത ശബ്ദം. കരളിനും കാതിനും പ്രിയമുള്ള സാന്ത്വനസ്വരം! റബോനീ…! ഗുരുവേ! – അവളുടെ ഹൃദയത്തില്‍നിന്നുയര്‍ന്ന പ്രത്യുത്തരം. ഉത്ഥാനത്തിന്‍റെ പ്രഥമ സാക്ഷിയായി മഗ്ദലേനയിലെ മറിയം അങ്ങനെ മാറി. ഫ്രാന്‍സിസ് പാപ്പ അവളെ വിളിക്കുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പ്രഥമ അപ്പസ്തോല എന്നാണ്.
സമൂഹം ഒറ്റപ്പെടുത്തുകയും പാപിനി എന്ന് മുദ്രകുത്തി മുറിപ്പെടുത്തുകയും ചെയ്യപ്പെട്ട അവള്‍ക്ക് സമ്മാനമായി ലഭിച്ച ആശ്വാസ അനുഭവമായിരുന്നു ആ സമാഗമം. ആത്മഹര്‍ഷത്തിന്‍റെ നിമിഷം. പാപിനിയായവള്‍ യേശുവിന്‍റെ പാദങ്ങളില്‍ പൂശാനുപയോഗിച്ച നാര്‍ദീന്‍ തൈലപരിമളം ചുറ്റും പടര്‍ന്നപോലെ വിശുദ്ധിയുടെ സുഗന്ധമായി ആ നിര്‍മ്മല സാക്ഷ്യം ഇന്നും നിലകൊള്ളുന്നു. പഴയകാല ജീവിതമല്ല, പശ്ചാത്താപവും പുതിയ തുടക്കത്തിനായുള്ള തീരുമാനവുമാണ് ഉത്ഥാനാനന്ദവും നവജീവിതവും നമ്മില്‍ കൊണ്ടുവരുന്നത്.
നമുക്കും പ്രാര്‍ത്ഥിക്കാം: പത്രോസിനെപ്പോലെയും മഗ്ദലേനയിലെ മറിയത്തെപ്പോലെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി, സൗഭാഗ്യമായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ എന്നെ അനുഗ്രഹിക്കണമേ. അതുവഴി ആത്മീയ ആനന്ദവും ശാശ്വത സമാധാനവും എന്നിലും നിറയ്ക്കേണമേ. ഞാനും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ ആമ്മേന്‍.
'ബി.ടെക് പഠനം പൂര്‍ത്തിയാക്കുന്നതുവരെ എന്‍റെ ആഗ്രഹങ്ങള്‍ നല്ല കോഴ്സ് നേടുക, വിദേശത്ത് പോകുക, അവിടെ താമസമാക്കുക, ജീവിതം അത്യാവശ്യം അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു. മുക്കൂത്തി ഉള്‍പ്പെടെ ആഭരണങ്ങളോട് വലിയ താല്പര്യമായിരുന്നു എനിക്ക്. വീട്ടില്‍നിന്നും ആവശ്യത്തിലധികം വാങ്ങിനല്കുകയും ചെയ്തു. അവയെല്ലാം ഊരിമാറ്റുക എന്നത് തികച്ചും അചിന്തനീയം. എങ്കിലും ഈശോയുമായി എനിക്ക് വലിയ അടുപ്പവും സ്നേഹവുമായിരുന്നു. പക്ഷേ, ഒരു സിസ്റ്റര്‍ ആകണം എന്നുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.
ഒമ്പതാം ക്ലാസുമുതല്‍ എന്‍റെ മനസില്‍ കടന്നുകൂടിയ ചിന്ത, ആ നാളുകളില്‍ കൂടുതല്‍ വേട്ടയാടാന്‍ തുടങ്ങി. മരണശേഷം എന്‍റെ ആത്മാവ് എവിടെയായിരിക്കും? ലോകം ‘പാപി’ എന്നു വിളിച്ച അഗസ്റ്റിനെയും മറിയം മഗ്ദലേനയെയും വിശുദ്ധിയിലേക്ക് നടക്കാന്‍ ശക്തിപ്പെടുത്തിയ ദൈവാനുഭവം എന്തായിരിക്കും? ഈ രണ്ട് ചോദ്യങ്ങളും എന്നിലെ ദൈവവിളിയെക്കുറിച്ചുള്ള സംശയം എന്നില്‍ ഉളവാക്കി. ഏത് ജീവിതാന്തസ് തിരഞ്ഞെടുക്കണം എന്ന വലിയ ആശയക്കുഴപ്പത്തിലേക്ക് അത് എന്നെ തള്ളിവിട്ടു. ലോകത്തിന്‍റെ വഴിയേ പോകാനുള്ള മനസിന്‍റെ ആഗ്രഹവും എന്നാല്‍ അതല്ല എന്‍റെ വഴി എന്നുപറഞ്ഞ് എന്നെ പുറകോട്ട് വലിച്ച ചിന്തകളും.
നല്ല ജോലിസാധ്യതകള്‍, സുരക്ഷിതമായ കുടുംബാന്തരീക്ഷം എല്ലാം മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ മുന്നോട്ട് പോകാന്‍ സാധിക്കാത്തവിധം ഞാന്‍ തട്ടി നിന്നു. എല്ലാം കൂടെ ശ്വാസം മുട്ടിച്ചു. വലിയ ശൂന്യതാബോധത്തിലേക്ക് ഞാന്‍ വീണു. സകല മനുഷ്യരുടെയും ഉള്ളില്‍ ദൈവത്തിനായുള്ള ഒരു ശൂന്യതയുടെ ഇടം ഉണ്ട്, ദൈവത്തിന് മാത്രമേ അത് നിറയ്ക്കാന്‍ സാധിക്കൂ എന്നും അന്നത്തെ ശൂന്യതാബോധം ഈ കാരണത്താല്‍ ആയിരുന്നുവെന്നും ഞാന്‍ പിന്നീട് മനസിലാക്കി.
ഫുഡ് കോര്‍പ്പറേഷനും കുരിശും
അങ്ങനെയിരിക്കെ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് പ്രൊബേഷനറി എന്‍ജിനീയര്‍ പോസ്റ്റിനുള്ള ടെസ്റ്റിന് അപേക്ഷിച്ചു. ശേഷം 2015 ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ദൈവാലയത്തില്‍ എത്തിയത് ‘വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ…’ എന്ന പരിശുദ്ധാത്മാവിന്‍റെ ഗാനത്തിന്‍റെ വരികള്‍ കേട്ടുകൊണ്ടാണ്. എന്‍റെ ആത്മാവ് അപ്പോള്‍ ആ അവസ്ഥയിലായിരുന്നു. ദൈവാലയത്തിലെ ക്രൂശിതരൂപത്തിലേക്ക് നോക്കി എന്‍റെ ഉള്ളില്‍നിന്നും പ്രാര്‍ത്ഥിച്ചു: ‘കര്‍ത്താവേ, ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത് അങ്ങ് കാണുന്നില്ലേ?’ ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ച അതേ സമയത്ത്, എനിക്ക് ആത്മീയ നിര്‍ദേശങ്ങള്‍ തരുന്ന സിസ്റ്റര്‍ ദൈവപദ്ധതിയെന്ന പോലെ എന്നെ ഫോണില്‍ വിളിച്ചു. വിശുദ്ധ ബലിക്കുശേഷമാണ് സിസ്റ്ററുമായി സംസാരിച്ചതെങ്കിലും അന്ന് സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ആഴത്തില്‍ പതിഞ്ഞു. അതൊരു വഴിത്തിരിവാകുകയായിരുന്നു.
സിനിമാ താരത്തിന്‍റെ പിന്നാലെ
തീരുമാനം എടുക്കാന്‍ രണ്ടാഴ്ച കോഴിക്കോട് ഫോര്‍മേഷന്‍ ഹൗസില്‍ ധ്യാനിക്കുന്ന സമയം. ആ നാളുകളില്‍ വായിക്കാന്‍ കിട്ടിയത്, ഹോളിവുഡ് സിനിമാതാരമായിരിക്കെ മിണ്ടാമഠത്തില്‍ ചേര്‍ന്ന മദര്‍ ഡോളോറസ് ഹാര്‍ട്ടിന്‍റെ ‘ദ ഇയര്‍ ഓഫ് ദ ഹാര്‍ട്ട്’ (The Ear of the Heart) എന്ന ആത്മകഥാ ഗ്രന്ഥമാണ്. അത് എന്നെ ഏറെ സ്വാധീനിച്ചു. മദറിനെ അപ്രകാരമൊരു ചലഞ്ചിങ്ങ് തീരുമാനം എടുക്കാനും അമ്പതുവര്‍ഷം സന്യാസിനിയായി ജീവിക്കാനും ശക്തിപ്പെടുത്തിയ ഈശോ എന്നെയും ശക്തിപ്പെടുത്തും എന്ന ചിന്ത എന്നില്‍ ദൃഢമായി.
പക്ഷേ, കുടുംബം വിട്ടുപോകുക വേദനാജനകമായിരുന്നതിനാല്‍ ഒരു ‘യോനാ’ ആകുമോ എന്ന ഭയപ്പാടിലായി. അന്നാളില്‍ ഏവര്‍ക്കും സ്വീകാര്യമായെത്തിയ വിവാഹാലോചനയും ഫുഡ് കോര്‍പറേഷനിലെ ജോലിസാധ്യതയുമെല്ലാം എന്നെ പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു. പക്ഷേ കര്‍ത്താവ് അവിടെയും പ്രവര്‍ത്തിച്ചു. ‘യോന’യുമായി താതാത്മ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ ചിന്തകള്‍ അറിയാത്ത ഒരു വൈദികനിലൂടെ അവിടുന്ന് എനിക്ക് താക്കീത് നല്കി. അതിനും പുറമേ, ഫോര്‍മേഷന്‍ ഹൗസിന്‍റെ ഇടനാഴിയിലൂടെ ചാപ്പലിലേക്കുള്ള വഴിയില്‍വച്ച് ഞാന്‍ എന്‍റെ ഉള്ളില്‍ കേട്ടു: “സ്രഷ്ടാവിനെക്കാള്‍ ഉപരി സൃഷ്ടിയെ നീ സ്നേഹിക്കുമോ?” ശക്തമാണ് അവിടുത്തെ പ്രവൃത്തികള്‍….
കര്‍ത്താവിനോട് ‘യെസ്’ പറഞ്ഞാല്‍ അത് എന്നെന്നേക്കും ഉള്ളതായിരിക്കണം; ഞാന്‍ തീരുമാനിച്ചു. എന്നാല്‍ എന്‍റെ ദൈവവിളി സന്യാസത്തിലേക്കാണ് എന്ന ഉറപ്പ് എനിക്ക് കിട്ടണം. ഞാന്‍ മാതാവിന്‍റെ അടുത്തുപോയിരുന്ന് കുറേ കരഞ്ഞു. ദൈവവചനത്തിലൂടെ സ്ഥിരീകരണം ചോദിച്ചു. അപ്പോള്‍ യോഹന്നാന്‍ 15:16-ലൂടെയാണ് ഈശോ എന്നോട് സംസാരിച്ചത്. “നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.” ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ അന്ന് ആ വചനം കണ്ടത്. എന്‍റെ മിസ്ട്രസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. സഭാവസ്ത്ര സ്വീകരണത്തിന്‍റെയും ആദ്യവ്രതവാഗ്ദാനത്തിന്‍റെയും ദിവസം കാര്‍മികന്‍ വായിക്കുന്ന സുവിശേഷഭാഗത്തിലെ വചനമാണ് ഇതെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി, ഈശോ എന്നെ സന്യാസത്തിലേക്ക് വിളിക്കുന്നു. അതുവരെ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയാതിരുന്ന എല്ലാ ഭൗതിക താത്പര്യങ്ങളും വേണ്ടെന്നുവയ്ക്കാന്‍ ഈ വചനം എന്നെ ശക്തിപ്പെടുത്തി.
കണ്ണുനീരിന്‍റെ രക്തസാക്ഷികള്‍
എന്‍റെ അപ്പയും അമ്മയും ആണ് എന്‍റെ ആദ്യ ദൈവവിളി പരിശീലകര്‍. സ്നാപകയോഹന്നാന്‍റെ ജനനത്തിരുനാള്‍ ദിനം ജനിച്ച എന്നെ അന്ന് ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ നഴ്സ് കൈയില്‍ എടുത്ത് ‘ഇത് കര്‍ത്താവിനുള്ള കുഞ്ഞാണ്’ എന്ന് പറഞ്ഞുവെന്ന് അമ്മ എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. ആ അനുഭവം എന്നോട് പങ്കുവച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഇത് എഴുതാന്‍ എനിക്ക് കഴിയുകയില്ല.
മഠത്തില്‍ ചേരുന്ന ദിനം അപ്പ എനിക്ക് ഒരു ചെറിയ കടലാസില്‍ എഴുതിത്തന്നു. 1 തിമോത്തിയോസ് 6:11-12- “എന്നാല്‍ ദൈവികമനുഷ്യനായ നീ ഇവയില്‍നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.”
കോണ്‍വെന്‍റിലേക്കുള്ള യാത്രയില്‍ ഹൈവേയില്‍നിന്നും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: “ജീവിതം തുടങ്ങുമ്പോള്‍ ഹൈവേയിലൂടെയുള്ള യാത്രപോലെ സുഗമമായെന്നുവരും. പക്ഷേ എപ്പോഴും അതുപോലെ എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ ഇതാണ് വഴി, ഇതിലേതന്നെ പോകണം. മുന്നോട്ട് കാല്‍ വച്ചാല്‍ തിരിഞ്ഞുനോക്കലില്ല.”
ഞങ്ങളുടെ സഭാസ്ഥാപകനായ വര്‍ക്കിയച്ചന്‍ പറയും: ‘ചിലപ്പോള്‍ അനുസരിക്കുക എന്നത് മരണം കൂടാതെയുള്ള രക്തസാക്ഷിത്വമാണെന്ന്.’ കോണ്‍വെന്‍റില്‍ പ്രവേശിക്കുന്നതിന് എനിക്ക് അനുവാദം തരുമ്പോള്‍ എന്‍റെ മാതാപിതാക്കളും മരണംകൂടാതെ രക്തസാക്ഷികളാകുകയായിരുന്നു. കാരണം, അവര്‍ക്ക് എന്നെ പിരിയുന്നത് അത്രമേല്‍ വേദനാജനകമായിരുന്നിട്ടും ദൈവഹിതം അനുസരിക്കുന്നതിനുവേണ്ടി അവര്‍ കണ്ണുനീരാല്‍ രക്തസാക്ഷിത്വമണിഞ്ഞു.
ഉപ്പുമാവും ഭൂമികുലുക്കവും
ഉപ്പുമാവ് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. കോണ്‍വെന്‍റില്‍ ഒരു ദിവസം പ്രഭാത ഭക്ഷണമായി ഇതാ ഉപ്പുമാവ് എത്തിയിരിക്കുന്നു. ‘എന്തു ചെയ്യും ഈശോയേ…? ഇത് എങ്ങനെ അതിജീവിക്കും?” ഈശോ കുറിക്ക് കൊള്ളുന്ന മറുപടി തിരിച്ചു പറഞ്ഞു: “ഇപ്പോള്‍ ഒരു ഭൂമികുലുക്കം ഉണ്ടായാല്‍ നീ എന്തു കഴിക്കും?” പ്രശ്നത്തിന് പരിഹാരമായി. കാരണം എനിക്ക് മരണഭയം ഉണ്ടായിരുന്നു. ഇന്ന് ഉപ്പുമാവ് കഴിക്കുന്നത് എനിക്കൊരു പ്രശ്നമല്ല.
‘എവറസ്റ്റി’ന് മുകളിലേക്ക്
ഫോര്‍മേഷന്‍ ഹൗസിലെ ടെറസില്‍ പോകണം. പക്ഷേ, കുത്തനെയുള്ള പടികള്‍ കയറി ഇറങ്ങാന്‍ എനിക്ക് പേടിയാണ്; എവറസ്റ്റുപോലെ. ആദ്യദിനം ആ പടികള്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു: “ഈശോയേ ഞാന്‍ ഇവിടെയാണ് താമസിക്കേണ്ടതെങ്കില്‍ ഇതു കയറിയിറങ്ങാന്‍ എനിക്ക് പറ്റില്ല. എനിക്കിവിടെ തുടരാന്‍ വയ്യ. ഞാന്‍ തിരികെപ്പോയേക്കാം. വീണ്ടും മനസ് പിന്മാറ്റത്തിന് കാരണങ്ങള്‍ കണ്ടുപിടിക്കുകയാണോ? പിറ്റേ ദിവസം തുണി വിരിച്ചിടാന്‍ ഞാന്‍ ടെറസില്‍ പോയി. അന്ന് പടികള്‍ കയറിയിറങ്ങിയത് ഞാന്‍ അറിഞ്ഞതേയില്ല. തിരിച്ചുവന്നപ്പോള്‍ ഈശോ ചോദിക്കുംപോലെ: “ഇന്നു നീ അറിഞ്ഞില്ലല്ലോ സ്റ്റെപ്പ്സ് കയറി ഇറങ്ങിയത്?”
മറുപടി പ്രസംഗം
എല്ലാ വൈതരണികളും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സഹായത്താല്‍ അതിജീവിച്ച് ഒടുവില്‍ ഈശോയുടെ സ്വന്തമായി… ഇനി എന്നും അവിടുത്തേതു മാത്രം. സംശയങ്ങളില്ല, മറുചോദ്യമില്ല. പക്ഷേ, സഭാവസ്ത്ര സ്വീകരണവും വ്രതവാഗ്ദാനവും കഴിഞ്ഞിട്ടും ചുറ്റുംനിന്നുള്ള ചോദ്യങ്ങള്‍ എന്നെ വെറുതെ വിട്ടില്ല. ലോകത്ത് ഇത്രയും സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്തിന് ഈ വഴി സ്വീകരിച്ചു? ചോദ്യങ്ങളാല്‍ പൊറുതിമുട്ടി… ആ രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. പിറ്റേന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ കര്‍ത്താവ് എന്നോട് വ്യക്തമായി സംസാരിച്ചു.
നാം നമുക്കിഷ്ടപ്പെട്ട നമ്മുടെ പദ്ധതികളും താത്പര്യങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച്, കര്‍ത്താവിന് നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ നടത്താന്‍ ഇടം കൊടുത്താല്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കാണാം. കാരണം നാം വിശ്വസിക്കുന്നത് ജീവിക്കുന്ന ദൈവത്തിലാണ്, മരിച്ചുപോയ ഒരു ദൈവത്തിലല്ല. നമ്മള്‍ ശേഖരിക്കുന്ന പച്ചവെള്ളം ഒട്ടും താമസമില്ലാതെ വീഞ്ഞാക്കി മാറ്റുന്നവനാണ് അവന്‍.
കര്‍ത്താവ് ബെത്ലഹേമില്‍ ജനിക്കണം എന്നത് ദൈവഹിതം. അവന്‍ സത്രത്തില്‍ ഇടം തേടി. പക്ഷേ അവനെ കാലിത്തൊഴുത്തില്‍ പിറക്കാന്‍ വിട്ടത് ഞാനാണ്. എന്‍റെ ജീവിതത്തിന്‍റെ ലൗകികസുഖത്തിനിടയില്‍ കര്‍ത്താവ് വന്ന് മുട്ടുന്നുണ്ട്. എന്‍റെ സത്രം ഞാന്‍ തുറന്നു കൊടുത്തില്ലെങ്കില്‍ അവന് ഇടമുള്ള കാലിത്തൊഴുത്തില്‍ അവന്‍ ഇന്നും ജനിക്കും.
'വിശുദ്ധ കൊച്ചുത്രേസ്യയുടെ സെലിന്‍ ചേച്ചി ആദ്യകുര്‍ബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന നാളുകള്‍. ഇരുവരുടെയും ചേച്ചിയായ പൗളിന്‍ ആയിരുന്നു സെലിനെ ഒരുക്കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അമ്മയെന്നവണ്ണം സെലിനെ മടിയിലിരുത്തിക്കൊണ്ട് വരാനിരിക്കുന്ന ആ വലിയ കാര്യത്തിന്‍റെ മഹിമയെക്കുറിച്ച് പൗളിന്‍ ചേച്ചി പറഞ്ഞുകൊടുക്കും. കൊച്ചുത്രേസ്യയും അത് കേള്‍ക്കാന്‍ കാത് കൂര്‍പ്പിക്കും. എന്നാല്‍ തീരെ കുഞ്ഞായതുകൊണ്ട് അവിടെനിന്നും പൊയ്ക്കൊള്ളാന്‍ ‘ചേച്ചിയമ്മ’ പറയാറുണ്ട്. പക്ഷേ അത് വിഷമമായിരുന്നു കൊച്ചുത്രേസ്യക്ക്. നല്ല ദൈവത്തെ വിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കാന്‍ നാല് വര്‍ഷം മുമ്പേ ഒരുങ്ങുന്നത് ഒട്ടും കൂടുതലാവില്ല എന്നായിരുന്നു അവളുടെ ചിന്ത.
പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് പൗളിന്‍ ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവള്‍ ഇങ്ങനെ തീരുമാനിച്ചു. “ഞാന്‍ അതുവരെയും കാത്തുനില്‍ക്കുകയില്ല. സെലിന്‍ചേച്ചി പുതിയ ജീവിതം തുടങ്ങുന്ന സമയത്തുതന്നെ ഞാനും അങ്ങനെ ചെയ്യും.” ആ ദിവസം വന്നെത്തിയപ്പോഴാകട്ടെ അത് തനിക്കും സ്വന്തമായിരുന്നാലെന്നപോലെ സന്തോഷമായിരുന്നു കൊച്ചുത്രേസ്യക്ക്.
മറ്റൊരിക്കല്‍ താന്‍ കണ്ടുമുട്ടിയ പാവപ്പെട്ട ഒരു മനുഷ്യനെ സഹായിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സഹായം നിരസിക്കുകയാണ് ചെയ്തത്. ആ മനുഷ്യനെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് കൊച്ചുത്രേസ്യ ആലോചിച്ചു. തന്‍റെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക എന്നതാണ് അവള്‍ കണ്ടെത്തിയ വഴി.
ചേച്ചിക്കുശേഷം നാല് വര്‍ഷത്തോളം കഴിഞ്ഞായിരുന്നു കൊച്ചുത്രേസ്യയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. മുമ്പേതന്നെ അതിനായി ഒരുങ്ങിക്കൊണ്ടിരുന്ന കൊച്ചുത്രേസ്യക്ക് പുതിയ ഉത്തേജനത്തിനായി പൗളിന്‍ ചേച്ചി ഒരു കുഞ്ഞുപുസ്തകം നല്കി; അനുദിനം ചെയ്തുകൊണ്ടിരുന്ന പുണ്യപ്രകരണങ്ങളാകുന്ന പൂക്കള്‍ക്കൊപ്പം ആ പുസ്തകത്തിലെ സ്നേഹപ്രകരണങ്ങളാകുന്ന പൂമൊട്ടുകളും ചേര്‍ത്തുവച്ച് അവള്‍ യേശുവിനെ സ്വീകരിക്കാന്‍ തയാറെടുത്തു.
കൂടാതെ പതിവനുസരിച്ച് സമീപത്തുള്ള മഠത്തില്‍ ബോര്‍ഡിംഗില്‍ ധ്യാനത്തിനായി കുറച്ച് ദിവസം താമസിച്ചു. അവിടെ വൈദികര്‍ കുട്ടികളെ ധ്യാനിപ്പിച്ചിരുന്നു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തെ മഹോത്സവം എന്നാണ് കൊച്ചുത്രേസ്യ വിശേഷിപ്പിക്കുന്നത്. മഹോത്സവത്തിന്‍റെ തലേന്ന് അവള്‍ കുമ്പസാരിച്ചു. അന്ന് അവളെ കാണാന്‍ മഠത്തിലെത്തിയ കുടുംബാംഗങ്ങളോട് അവള്‍ കണ്ണീരോടെയാണത്രേ വന്നുപോയ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചത്.
പിറ്റേന്ന് ആ അതിമനോഹരമായ ദിനം വന്നെത്തി. അന്ന് യേശു തന്‍റെ ആത്മാവില്‍ പതിപ്പിച്ച ആദ്യത്തെ മുത്തം അതീവഹൃദ്യമായിരുന്നു. യേശു തന്നെ സ്നേഹിക്കുന്നതായി ത്രേസ്യക്ക് ആഴത്തില്‍ അനുഭവപ്പെട്ടു. അതിനാല്‍ അവള്‍ പറഞ്ഞു, “ഞാനും അങ്ങയെ സ്നേഹിക്കുന്നു. എന്നേക്കുമായി എന്നെത്തന്നെ അങ്ങേക്ക് നല്കുന്നു.” സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അന്ന് രാത്രി വീട്ടില്‍ ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു. ആ ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം നല്ല ദൈവത്തെ സ്വീകരിക്കാനുള്ള ആഗ്രഹം കൂടിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് തന്‍റെ ആത്മകഥയായ നവമാലികയില്‍ ഇതേപ്പറ്റി വിശുദ്ധ വര്‍ണിക്കുന്നത് അതീവമനോഹരമായാണ്. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ നമ്മുടെ കുട്ടികള്‍ക്കുമുണ്ടാകട്ടെ മറക്കാനാവാത്ത ‘മഹോത്സവം!’
'ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളില്‍ ഞങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങള്‍ മാത്രം നടത്തിപ്പോന്നു. ഗര്‍ഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതിനാല്‍ വാങ്ങണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹം. ഒരു ദിവസം വൈകിട്ട് ചായ കുടിക്കുമ്പോള്‍ ഭര്‍ത്താവും ഞാനും അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്‍റെ കാര്യമായതിനാല്‍ ഉള്ളതില്‍നിന്നും കുറച്ച് പണം അതിനായി മാറ്റിവയ്ക്കാമെന്ന് ഞങ്ങള്‍ കരുതി.
ചായകുടിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴതാ അപ്രതീക്ഷിതമായി കൂടെ ജോലിചെയ്യുന്ന രണ്ടുപേര്‍ വീട്ടിലേക്ക് കടന്നുവരുന്നു. വന്നവര്‍ ഒരു കവര്‍ എന്‍റെ കയ്യിലേല്‍പ്പിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചായ കുടിച്ച് അവര്‍ തിരികെപ്പോയി. അല്പസമയം കഴിഞ്ഞ് അവര്‍ കൊണ്ടുവന്ന കവര്‍ തുറന്നു നോക്കിയ നിമിഷം… അത്ഭുതവും സന്തോഷവും അടക്കാനാകാതെ ഞാന്‍ കരഞ്ഞുപോയി. കവറില്‍ കുറച്ചധികം ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും!!! അതും ഏറ്റവും നല്ല ഗുണനിലവാരമുള്ളത്. ആദ്യം തോന്നിയത് എന്‍റെ യേശു അപ്പച്ചന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ്.
എന്‍റെ ആവശ്യം ഒരു പ്രാര്‍ത്ഥനയായിപ്പോലും ഞാന്‍ സമര്‍പ്പിച്ചിരുന്നില്ല. എങ്കിലും ഹൃദയത്തിലെ ആഗ്രഹം എന്‍റെ പിതാവ് കണ്ടു. അന്ന് ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു, നമ്മുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളും ആവശ്യങ്ങളുംപോലും ദൈവം അറിയുകയും നിറവേറ്റിത്തരികയും ചെയ്യുമെന്ന്. പറഞ്ഞാല്‍ തീരില്ല ആ ദൈവപരിപാലനയുടെ കഥകള്‍…
'ഞങ്ങളുടെ ഇടവകയിലെ യുവവൈദികന്‍ പങ്കുവച്ച അനുഭവം വളരെ ചിന്തോദ്ദീപകമായി തോന്നി. അദ്ദേഹം ഉത്തരേന്ത്യയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ട്രെയിനിലാണ് യാത്ര. രാത്രിനേരം താഴത്തെ തട്ടിലുള്ള തന്‍റെ ബര്‍ത്തില്‍ അച്ചന്‍ വിശ്രമിക്കുന്നു. അപ്പോള്‍ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. കാഴ്ചയില്‍ അറുപത്തിയഞ്ചിലേറെ പ്രായം തോന്നും. അയാള്‍ പറഞ്ഞു: “എനിക്ക് മുകളിലെ ബര്‍ത്താണ് കിട്ടിയിരിക്കുന്നത്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ട്. താങ്കളുടെ ഈ ബര്‍ത്ത് തന്നാല്‍ എനിക്ക് വലിയൊരു സഹായമായിരിക്കും.” അപ്പോള്‍ അച്ചന്‍ പറഞ്ഞു: “എന്‍റെ കാലിന് വേദനയുണ്ട്. മുകളില്‍ കയറി കിടക്കാന്‍ സാധിക്കുകയില്ല.”
അച്ചന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാള്‍ ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുകളില്‍ കയറിക്കിടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അച്ചന്‍ കണ്ട കാഴ്ച അച്ചനെ വേദനിപ്പിച്ചു. ആ ബര്‍ത്തിന്‍റെ ഒരു മൂലയില്‍ ഒരു കൃത്രിമകാല്‍ തൂക്കിയിട്ടിരിക്കുന്നു! അത് തന്നോട് ബര്‍ത്ത് ചോദിച്ച വ്യക്തിയുടെ കൃത്രിമ കാലാണെന്ന് അച്ചന് മനസിലായി.
“എന്‍റെ കാലിന് ചെറിയൊരു വേദന മാത്രമേയുള്ളൂ. സഹിക്കാവുന്ന വേദന മാത്രം. എനിക്ക് മുകളില്‍ കയറി കിടക്കാമായിരുന്നു. അദ്ദേഹം ഒരു കാല്‍ നഷ്ടപ്പെട്ട മനുഷ്യനാണ്. ഞാന്‍ ചെയ്തത് വലിയ ക്രൂരതയായിപ്പോയല്ലോ…” അച്ചന്‍ ആത്മഗതം ചെയ്തു.
ആ സഹയാത്രികന് താഴത്തെ ബര്‍ത്ത് നല്കാന്‍ വിസമ്മതിച്ചത് ശപിക്കപ്പെട്ട ഒരു നിമിഷത്തിലാണെന്ന് അച്ചന് തോന്നി. “മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതില്‍നിന്ന് തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്‍റെ വസ്തുക്കള്‍ എടുത്തുകൊണ്ടുപോകുന്നവനോട് തിരികെ ചോദിക്കരുത്” എന്ന് കല്പിച്ചരുളിയ യേശുക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ തനിക്ക് എന്ത് യോഗ്യതയുണ്ട്? നിസഹായനായ ആ സഹയാത്രികന് തന്‍റെ ബര്‍ത്ത് നല്കാന്‍ കഴിയാതിരുന്നതിനെയോര്‍ത്ത് അച്ചന്‍ ഏറെ വേദനിച്ചു.
അച്ചന്‍ ക്രിസ്മസ് രാത്രി കുര്‍ബാനമധ്യേ ഇക്കാര്യങ്ങള്‍ പറഞ്ഞു. ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാതിരുന്നതുകൊണ്ടാണ് ബര്‍ത്ത് നല്‍കാന്‍ കഴിയാതിരുന്നത് എന്ന് സ്വയം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു, ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാത്തവരാണ് കന്യകാമറിയത്തിന് പ്രസവിക്കാന്‍ ഒരിടം നല്‍കാതിരുന്നത്. എല്ലാ മനുഷ്യരും ദൈവത്തിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് പരസ്പരം സഹോദരങ്ങളുമാണ്.
അതിനാല്‍ സ്നേഹിക്കണം, ഹൃദയത്തില്‍ ഇടം നല്കണം. കൂടെ ജീവിക്കുന്ന ജീവിതപങ്കാളിക്ക് ഹൃദയത്തില്‍ ഇടം നല്കാത്തവരുണ്ട്. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ഹൃദയത്തില്‍ ഇടം നല്കാത്ത മക്കളുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഹൃദയത്തില്‍ ഇടം കൊടുക്കാത്തവരുണ്ട്. എല്ലാവരെയും നമുക്ക് സ്നേഹിക്കാം. എല്ലാവര്‍ക്കും ഇടം നല്കാം. യേശു പലരുടെയും രൂപത്തില്‍ ഇന്നും നമ്മുടെ ഹൃദയത്തില്‍ പിറക്കാന്‍ ഇടം തേടിയെത്തുമ്പോള്‍ അവിടുത്തേക്ക് ഇടം നല്കുന്നവരായി നമുക്ക് മാറാം.
'നമുക്കെല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. ഒരുപക്ഷേ, സന്തോഷത്തിന്‍റേതാകാം, സങ്കടത്തിന്‍റേതാകാം, ദുരിതങ്ങളുടെയും വേദനകളുടെയും പാപഭാരങ്ങളുടെയും ഒക്കെ ആകാം. പക്ഷേ ഭൂതകാലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മുമ്പോട്ട് പോകാനാവില്ല. 30 വര്‍ഷക്കാലം മനിക്കേയന്‍ പാഷണ്ഡതയില്‍ ജീവിച്ച്, ജീവിതത്തിന്‍റെ സര്‍വ്വസുഖങ്ങളും അനുഭവിച്ച വിശുദ്ധ അഗസ്റ്റിന്‍റെ ജീവിത കഥയിലൂടെ എല്ലാ പാപിക്കും ഒരു ഭാവിയുണ്ടെന്ന് നാം മനസ്സിലാക്കുന്നുണ്ട്.
ഫിലിപ്പി ലേഖനം 3: 12 -14 വാക്യങ്ങളില്‍ പറയുന്നു: “ഇത് എനിക്ക് കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല; ഇത് സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്ന് കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.”
വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളുടെ പശ്ചാത്തലം മനസിലാക്കണം. വളരെ മോശമായ ഒരു ഭൂതകാലമുണ്ടായിരുന്നു സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസിന്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിലും വധിക്കുന്നതിലും അവന്‍ വളരെ ആനന്ദിച്ചിരുന്നു. വിശുദ്ധ സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാവൂള്‍ അവിടെ നേതൃത്വം നല്കിയിരുന്നു. എന്നാല്‍ സാവൂളിനെ ക്രിസ്തു എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് അപ്പസ്തോലപ്രവര്‍ത്തനം 9-ാം അധ്യായത്തില്‍ കാണാം. കുതിരപ്പുറത്ത് നിന്ന് താഴെ വീണതും അന്ധനായി മാറിയതും നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാന്‍ എന്ന സ്വരം കേട്ടതും നാം അവിടെ വായിക്കുന്നു.
സാവൂള്‍ അനനിയാസിന്‍റെ അടുക്കല്‍ ചെല്ലുന്നതിനെക്കുറിച്ച് പറയുമ്പോഴും “അവന്‍ സഭയെ പീഡിപ്പിക്കുന്നവനാണ്” എന്നാണ് അനനിയാസും പ്രതികരിച്ചത്. എന്നാല്‍ ഈശോ സ്വന്തമാക്കി സാവൂളിനെ പൗലോസാക്കി മാറ്റി എന്ന് മാത്രമല്ല വിജാതീയരുടെ അപ്പസ്തോലനായും രക്തസാക്ഷിയായും വിശുദ്ധ പൗലോസ് മാറി.
പൗലോസ് പ്രസംഗിച്ചപ്പോഴൊക്കെ തന്‍റെ ഭൂതകാലത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാകും. പക്ഷേ അദ്ദേഹം പറഞ്ഞു. എന്‍റെ പിമ്പിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു എന്ന്. എന്നാല്‍ സംഭവിച്ചവയെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിച്ചിരുന്നെങ്കില്‍ സാവൂള്‍ എന്ന പീഡകന് ഒരിക്കലും ഒരു വിശുദ്ധ പൗലോസ് ആകുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
കഴിഞ്ഞ നാളുകളിലെ കുറവുകളും പോരായ്മകളും നഷ്ടങ്ങളും പാപത്തിന്‍റെ കുറവുകളും മനസ്സിലും ഓര്‍മ്മയിലും സൂക്ഷിച്ച് ഇനി എന്‍റെ ജീവിതത്തില്‍ എല്ലാ നന്മയും അന്യമാണ് എന്ന ചിന്തയും നമ്മിലേക്ക് കടന്നുവരാം. എന്നാല്‍ ഏശയ്യാ 43:18-19 ല്‍ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: “കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ; ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും”.
നമ്മുടെ ജീവിതത്തിന്‍റെ കുറവുകളും തെറ്റുകളും നാം അവിടുത്തോട് ഏറ്റുപറയുമ്പോള്‍ അവിടുന്ന് അത് നിരുപാധികം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നുണ്ട്. ജറെമിയാ 31:34-ല്‍ നാം വായിക്കുന്നു: “അവരുടെ അകൃത്യത്തിന് ഞാന്‍ മാപ്പു നല്കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.” ദൈവം നമ്മുടെ പാപം മറക്കുന്നു; പൊറുക്കുന്നു. മനസ്സില്‍ വയ്ക്കുന്നുമില്ല. ദൈവം അരുളിചെയ്തു: “നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല”. ദൈവം ഒന്നും ഓര്‍ക്കുന്നില്ല. ദൈവം നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം നമ്മോട് പെരുമാറുന്നുമില്ല. “നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്ത് നമ്മോട് പകരം ചെയ്യുന്നില്ല” (സങ്കീര്‍ത്തനങ്ങള്‍ 103:10).
കഴിഞ്ഞതൊന്നും മറക്കാന്‍ പാടില്ല, പൊറുക്കാന്‍ പാടില്ല എന്നുള്ളത് ദൈവികമായ ചിന്തയല്ല, മറിച്ച് പിശാചിന്‍റെ വലിയ തന്ത്രമാണ്. പത്രോസ് മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞവനാണ്. എല്ലാവരും ഈശോയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍, ശരീരത്തിന്‍റെ കുളിര് മാറ്റുവാന്‍ തീ കാഞ്ഞവനാണ്. എല്ലാവര്‍ക്കും നേതൃത്വം കൊടുക്കേണ്ടവന്‍ എല്ലാവരുടെയും മുമ്പേ മീന്‍ പിടിക്കാന്‍ പോയി. പക്ഷേ അതേ പത്രോസിനെത്തന്നെയാണ് ഈശോ തിരിച്ച് വിളിച്ചതും ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തതും. സകലതും നഷ്ടപ്പെടുത്തിയ ധൂര്‍ത്തപുത്രനെ ആയിരിക്കുന്നപോലെ ആശ്ലേഷിക്കുന്ന പിതാവും നല്കുന്ന സന്ദേശം മറ്റൊന്നല്ല.
കര്‍ത്താവ് ലോത്തിനോടും ഭാര്യയോടും പറഞ്ഞു: “ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക, പിന്തിരിഞ്ഞ് നോക്കരുത്” (ഉല്പത്തി 19:17) പക്ഷേ ലോത്തിന്‍റെ ഭാര്യ കര്‍ത്താവ് പറഞ്ഞത് കേള്‍ക്കാതെ പിന്നിലേക്ക് നോക്കിയതായും ഉപ്പുതൂണായി മാറിയതായും ബൈബിളില്‍ നാം വായിക്കുന്നുണ്ട് (ഉല്പത്തി 19:26).
അതുകൊണ്ട് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദൈവം ആഗ്രഹിക്കാത്തത് നാം ആഗ്രഹിക്കരുത്. ദൈവം മറക്കുന്നത് നാം മറക്കാതിരിക്കരുത്; ദൈവം പൊറുക്കുന്നത് നാം പൊറുക്കാതിരിക്കരുത്. When we look forward, beautiful things will happen in our life.
വി. പൗലോസ് ശ്ലീഹാ ഏറ്റുപറഞ്ഞതുപോലെ ചിലപ്പോള്‍ നാം ഇങ്ങനെ പറയേണ്ടിവരും: ‘ഒരിക്കല്‍ ഞാനും ഈശോ യെ വേദനിപ്പിച്ചിട്ടുണ്ട്, സന്മാതൃക നല്കാതിരുന്നിട്ടുണ്ട്, എന്നിലൂടെ അനേകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ട്.’ എന്നിരുന്നാലും അതിന്‍റെ പേരില്‍ ഇനി ഒരു നന്മയും എന്നില്‍ നിന്ന് ഉണ്ടാകില്ല എന്ന് ചിന്തിക്കുവാന്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതല്‍ വിശ്വസ്തതയോടെ ജീവിച്ച് ഈശോയ്ക്ക് സാക്ഷ്യം നല്കണമെന്നല്ലാതെ മറ്റൊരു ചിന്തയും നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകാതിരിക്കട്ടെ. അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും നോമ്പുകാലം ജീവിത നവീകരണത്തിന് കാരണമാകട്ടെ.
'വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തയാറാക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാചകത്തിലുള്ള എന്‍റെ കഴിവുകുറവാണ് കാരണമെന്ന് പറയാം. അങ്ങനെയിരിക്കേയാണ് വീട്ടില്‍ അമ്മയുടെ അസാന്നിധ്യത്തില്‍ അടുക്കളച്ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നതില്‍ ഒരു സഹായിമാത്രമായിരുന്നു അതുവരെയും ഞാന്‍.
ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് പരിശുദ്ധാത്മാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതും. രാവിലെ ഉണര്‍ന്നാലുടനെ അല്പസമയം പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കും. ദിവസത്തില്‍ പല തവണ പരിശുദ്ധാത്മാവിനെ വിളിക്കും, സഹായം ചോദിക്കും. ആദ്യമാദ്യം ആത്മീയകാര്യങ്ങളിലാണ് കൂടുതല്‍ സഹായം ചോദിച്ചിരുന്നതെങ്കില്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനെ കൂട്ടുവിളിക്കാന്‍ തുടങ്ങി.
അങ്ങനെയൊരു പ്രഭാതം. പ്രാതലിന് എന്തുണ്ടാക്കുമെന്ന് തീരുമാനിക്കാനാവുന്നില്ല. സമയത്തിന് പണികള്‍ തീര്‍ക്കാന്‍ നല്ലത് പുട്ട് ഉണ്ടാക്കുകയാണ് എന്ന് തോന്നി. പക്ഷേ പരിശുദ്ധാത്മാവിനോട് ചോദിച്ചിട്ടാവാം തീരുമാനം എന്ന് പെട്ടെന്ന് മനസില്‍ ഒരു ചിന്ത. അപ്രകാരം ചെയ്തപ്പോഴാകട്ടെ ഒരു ‘കിടിലന്‍ ആശയ’മാണ് കിട്ടിയത്, ‘ഇടിയപ്പം ഉണ്ടാക്കുക!’
‘കിടിലന്‍ ആശയം’ എന്ന് പറയാന്‍ കാരണമുണ്ട്. ഇടിയപ്പം ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം, രുചികരമാകണമെങ്കില്‍ അല്പം നൈപുണ്യവും വേണമെന്നാണ് എന്‍റെ അനുഭവം. ഇതൊക്കെ ഓര്‍ത്തപ്പോള്‍ പരിശുദ്ധാത്മാവിനോട് ‘അതെ’ എന്ന് ഉത്തരം പറയാന്‍ വിഷമമായിരുന്നു. എങ്കിലും അത് ചെയ്യാന്‍തന്നെ തീരുമാനിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. പണികളെല്ലാം സമയത്ത് തീര്‍ന്നു. പക്ഷേ ഞാനും ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നതിനാല്‍ ഇടിയപ്പം കഴിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിട്ടിയത് മറ്റൊരു സന്തോഷം!
കൂടുതല്‍ ഇടിയപ്പം ഉണ്ടാക്കിയിരുന്നെങ്കിലും മക്കള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതിനാല്‍ എല്ലാം തീര്‍ന്നു. ഭര്‍ത്താവിനോട് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും ഉവ്വ് എന്ന് പറഞ്ഞു. സാധാരണയായി ഞാനുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ അധികവും ആസ്വദിച്ച് കഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല എന്നെനിക്കറിയാം. അതിനാല്‍ത്തന്നെ അദ്ദേഹം അത് കൂടുതല്‍ കഴിച്ചു എന്നതിന്‍റെ കാരണം എനിക്ക് ഊഹിക്കാമായിരുന്നു. എങ്കിലും അത് കേള്‍ക്കാനുള്ള ആഗ്രഹംകൊണ്ട് ചോദിച്ചു, “ഇടിയപ്പം നല്ലതായിരുന്നല്ലേ?”
“അതെ, നല്ല രുചിയുണ്ടായിരുന്നു!” അദ്ദേഹത്തിന്‍റെ മറുപടി.
സത്യത്തില്‍ പരിശുദ്ധാത്മാവിനോടുള്ള എന്‍റെ അടുപ്പം വര്‍ധിപ്പിച്ച സംഭവമായിരുന്നു അത്. യോഹന്നാന്‍ 14:26- “എന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” ഈ വചനത്തില്‍ ഈശോ പരിചയപ്പെടുത്തുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ഞാന്‍ അടുത്തനുഭവിച്ചത് അന്ന് അടുക്കളയില്‍വച്ചായിരുന്നു.
'മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും കൊച്ചു കുട്ടികളുടെ ഇടയില്‍പ്പോലും വ്യാപകമാണ്. ഇതിനിടയില്‍ ഈശോയോടുള്ള സ്നേഹവും ആത്മബന്ധവും എത്രത്തോളം കുഞ്ഞുങ്ങളിലേക്ക് എത്തുമെന്ന് പലപ്പോഴും ആകുലത തോന്നാറുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഏശയ്യാ 59:21 വചനം എന്നെ സ്വാധീനിച്ചത്- “കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്‍റെ മേലുള്ള എന്‍റെ ആത്മാവും നിന്‍റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും നിന്‍റെയോ നിന്‍റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്.” വചനം ഏറ്റുപറഞ്ഞ് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന്‍റെ പ്രാധാന്യവും കേള്‍ക്കാനിടയായി.
എന്‍റെ കുട്ടികള്‍ വളരെ കുഞ്ഞാണെങ്കിലും ഈ വചനം ഏറ്റുപറഞ്ഞ് എന്നും പ്രാര്‍ത്ഥിക്കണമെന്ന് ഉറച്ച് പേപ്പറില്‍ എഴുതി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. കുറച്ച് ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അതിലെ ‘ നിന്‍റെ മേലുള്ള എന്‍റെ ആത്മാവും നിന്‍റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും’ എന്ന ഭാഗം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പിന്നീട് വചനം വായിക്കുന്നതും ബൈബിള്‍ വചനങ്ങള്‍ പഠിക്കുന്നതും കൂടുതല്‍ ആഗ്രഹത്തോടെയായി, മക്കള്‍ക്കുവേണ്ടിക്കൂടിയാണ് ഞാനത് ചെയ്യുന്നത് എന്നൊരു ചിന്ത. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാനായി കൂടുതല്‍ പ്രാര്‍ത്ഥിക്കാനും കൃപ ലഭിച്ചു.
പലപ്പോഴും മക്കള്‍ക്കായി പലതരത്തിലുള്ള നിക്ഷേപങ്ങള്‍ കരുതി വയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. അത് ചിലപ്പോള്‍ ബാങ്കില്‍ നല്ലൊരു തുക നിക്ഷേപിക്കുന്നതോ ഭൂസ്വത്ത് കരുതിവയ്ക്കുന്നതോ ഉന്നത വിദ്യാഭ്യാസം നല്‍കുന്നതോ ഒക്കെ ആകാം. ഇതിലൊക്കെ ഉപരിയായി ദൈവത്തെ സ്നേഹിച്ചുകൊണ്ട് ദൈവവചനവും പരിശുദ്ധാത്മാവുമാകുന്ന നല്ല നിക്ഷേപം നമ്മുടെ അനുദിനജീവിതത്തിലെ പ്രാര്‍ത്ഥനയിലൂടെയും വചന വായനയിലൂടെയും അവര്‍ക്കായി കരുതി വയ്ക്കാം. ലൂക്കാ 12:30-31 ‘നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും.” അതിനാല്‍ ഏറ്റവും ആദ്യം അവിടുത്തെ ഹിതം പുലരുന്ന ദൈവരാജ്യം നമുക്ക് അന്വേഷിക്കാം.
'നീ എന്താണ് ഇപ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍, ദൈവം മാത്രമാണ് എന്‍റെ ചിന്താവിഷയമെന്നേ എനിക്ക് പറയാന്‍ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്’ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ ഒരിക്കല്‍ പറഞ്ഞതാണ് ഇത്. വിശുദ്ധ ജെമ്മാ ഗല്‍ഗാനി കണക്കുകൂട്ടുന്നതില്‍ വലിയ ശ്രദ്ധ പതിപ്പിച്ചതിനാല്‍ ഒരു മിനിറ്റ് നേരത്തേക്ക് ദൈവത്തെ മറന്നുപോയതില്‍ പരിതപിച്ചതായി വിശുദ്ധയുടെ ജീവചരിത്രത്തില്‍ നാം വായിക്കുന്നു. എന്നാല്‍ ഇത്ര മനോഹരമായ ഈ നിവേശിത ഏകാന്തത ഒരു ദൈവദാനം മാത്രമാണ്. നമുക്ക് ചെയ്യാവുന്നത് നമ്മുടെ ശ്രമംകൊണ്ട് അതിനുവേണ്ടി തയാറാകാന്‍ ശ്രമിക്കുകമാത്രമാണ്. ശ്രമിച്ചതുകൊണ്ട് ലഭിച്ചെന്നു വരികയില്ലെങ്കിലും, ശ്രമിച്ചാല്‍ കിട്ടാന്‍ കൂടുതല്‍ അര്‍ഹതയുണ്ടല്ലോ.
ഏതു തരത്തിലുള്ള പരിശ്രമമാണ് നാമിതിനു ചെയ്യേണ്ടത്? ഏറ്റം പരിശുദ്ധമായ ഒരു മനഃസാക്ഷി സംരക്ഷിക്കുക, ദൈവസാന്നിധ്യ സ്മരണ കഴിയുന്നിടത്തോളം നിരന്തരമായി ഉണ്ടായിരിക്കാന്‍ ശ്രമിക്കുക, പരിശുദ്ധാത്മാവിന്‍റെ ദിവ്യ തോന്നിപ്പുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക- ഇവയാണ് നമുക്ക് ചെയ്യാവുന്ന ശ്രമങ്ങള്‍. പരിശ്രമം, പ്രവൃത്തി, പുരോഗതി, നിലനില്പ്, പ്രാര്‍ത്ഥന എന്നീ ആത്മീയ ശ്രമങ്ങളാണ് നമ്മുടെ ആധ്യാത്മിക ജീവിതത്തിനായി നമുക്ക് ചെയ്യുവാന്‍ കഴിയുന്നത്.
പരിശ്രമത്തെക്കുറിച്ച് വിശദീകരിക്കാം. ദൈവം നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നതിനുള്ള തടസങ്ങള്‍ പലതാണ്. ചിലര്‍ക്ക് അറിവില്ലായ്മ, മറ്റു ചിലര്‍ക്ക് തെറ്റായ അഭിപ്രായങ്ങള്‍ തുടങ്ങിയവയാണുള്ളത്. അറിവില്ലാത്ത ചിലര്‍ ആധ്യാത്മികജീവിതം, ദൈവ ഐക്യജീവിതം മുതലായവയെപ്പറ്റി സംസാരിക്കുമെങ്കിലും എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് യഥാര്‍ത്ഥത്തില്‍ മനസിലാക്കുന്നില്ല. മറ്റേ കൂട്ടരില്‍ ചിലരുടെ അഭിപ്രായം ആന്തരികജീവിതവും ലോകത്തിലെ ബഹളത്തിനിടയിലുള്ള ജീവിതവും ഒന്നിച്ചു പോവുകയില്ലെന്നാണ്. അല്ലെങ്കില്‍ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രേഷിതവൃത്തിയും ആന്തരികജീവിതവും ഒത്തിണങ്ങിപ്പോകാന്‍ പ്രയാസമാണെന്നാണ്.
ചിലര്‍ക്ക് ഏകാന്തത ഇഷ്ടമാണ്. മിണ്ടടക്കവും പ്രാര്‍ത്ഥനയും ദൈവവുമായുള്ള ഐക്യവും അവര്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ സല്‍പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ചിലര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. അരമണിക്കൂര്‍ ധ്യാനിക്കുന്നതും ഒരു മണിക്കൂര്‍ ആരാധിക്കുന്നതുംതന്നെ വലിയ പ്രയാസപ്പെട്ടാണ്.
മറ്റ് പ്രാര്‍ത്ഥന വേണ്ടെന്ന് വയ്ക്കാന്‍, അല്ലെങ്കില്‍ ചിലപ്പോഴെങ്കിലും ഉപേക്ഷിക്കാന്‍ പിശാച് നമ്മെ പ്രേരിപ്പിക്കും. ചിലര്‍ പഠനത്തിന്‍റെ കാര്യം പറഞ്ഞും ചിലര്‍ ജോലിത്തിരക്കാണെന്നുള്ള ഭാവത്തിലും ഈ ധ്യാനത്തിലും ആരാധനയിലുംനിന്ന് മാറാന്‍ ശ്രമിക്കും. ആദ്യമാദ്യം ഇവയുടെ സമയം അല്പാല്പം കുറയ്ക്കും. കൃത്യം അരമണിക്കൂര്‍ ധ്യാനിച്ചില്ലെങ്കിലും സാരമില്ലെന്നുവയ്ക്കും. ക്രമേണ ഈ ഭക്താഭ്യാസങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതൊരു ലാഭമായും പരിഗണിക്കാന്‍ തുടങ്ങും. ഇത് നാശത്തിന്‍റെ ആരംഭമായിക്കഴിഞ്ഞു. നമ്മെ ആന്തരികജീവിതത്തില്‍നിന്ന് പിന്മാറ്റാനോ കുറഞ്ഞപക്ഷം വിരസതയുള്ളവരാക്കിത്തീര്‍ക്കാനോ പിശാച് കിണഞ്ഞു ശ്രമിക്കും. അതില്‍ കുറച്ചെങ്കിലും വിജയിച്ചാല്‍ അവന്‍ അതൊരു വലിയ ആദായമായി പരിഗണിക്കും.
ബഹുവിധ ജോലികളില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആന്തരികജീവിതം ഒരു അലസജീവിതമായി തോന്നിയേക്കാം. എന്നാല്‍ നേരെമറിച്ച് ആന്തരികജീവിതമാണ് യഥാര്‍ത്ഥജീവിതം. ഏറ്റം മഹനീയമായ ജീവിതം, ഏറ്റം ഫലപ്രദമായ ജീവിതം, ഏറ്റം ബുദ്ധിമുട്ടുള്ള ജീവിതം, ഏറ്റം നന്മനസും ത്യാഗവും ആവശ്യപ്പെടുന്നതുമായ ജീവിതം.
അതെ, പ്രാര്‍ത്ഥനാപരമായ ജീവിതമാണ് നമ്മുടെ ബാഹ്യപ്രവൃത്തികളെ ഉത്തേജിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിപൂര്‍ണമാക്കുന്നതും. വിശുദ്ധ അമ്മത്രേസ്യ, സിയന്നായിലെ വിശുദ്ധ കത്രീന മുതലായവര്‍ ഒരേസമയം ആന്തരികജീവിതത്തിലെ നെടുംതൂണുകളും പ്രേഷിതവൃത്തിയിലെ കരുത്തരുമായിരുന്നു. വിശുദ്ധ അമ്മത്രേസ്യ 30 മഠങ്ങള്‍ പണിതുയര്‍ത്തിക്കൊണ്ടിരുന്ന അവസരത്തിലാണ് ആന്തരികജീവിതത്തില്‍ മുങ്ങിത്തുടിച്ചിരുന്നത്. സിയന്നായിലെ വിശുദ്ധ കത്രീന രാജാക്കന്മാരും മാര്‍പാപ്പമാരുമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന കാലയളവിലാണ് ദൈവവുമായി ഐക്യപ്പെട്ട് ജീവിച്ചിരുന്നത്.
എന്നാല്‍ ആത്മീയമായ ഏകാന്തത പാലിക്കുന്നതിനുവേണ്ടി മനസിനെ വ്യഗ്രതപ്പെടുത്തേണ്ടതില്ല. ദൈവസാന്നിധ്യ സ്മരണ പുലര്‍ത്തുന്നതിനുവേണ്ടി തലയ്ക്ക് ഭ്രാന്തു പിടിപ്പിക്കേണ്ട ആവശ്യമില്ല. ഒരു ദിവസംകൊണ്ട് ആന്തരികജീവിതം നേടിയെടുക്കാനും സാധ്യമല്ല. നിനക്ക് ബാഹ്യമായ നിരവധി ജോലികളുണ്ടെങ്കിലും നിന്‍റെ ദൃഷ്ടി ദൈവത്തില്‍ നിന്നകന്നു പോകുന്നില്ലെങ്കില്‍ അവിടുന്നുതന്നെ ആന്തരികജീവിതം നമുക്ക് തരുന്നതാണ്.
ആന്തരികജീവിതം നയിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴും നമ്മള്‍ തോല്‍വിയടഞ്ഞെന്നുവരും. ഒരിക്കലും നിരാശപ്പെടേണ്ട. പല ശ്രമങ്ങള്‍ക്കുശേഷമാണ് നല്ല ഒരു കലാസൃഷ്ടി ഉണ്ടാകുന്നത്. പക്ഷികള്‍ കൂടുകൂട്ടുന്നത് അല്പാല്പമായാണ്. അതുപോലെ നമ്മളും സ്നേഹരാജനുവേണ്ടിയുള്ള കൂട് സാവധാനത്തില്‍ ഉണ്ടാക്കിയാല്‍ മതി.
അവസാനമായി പ്രാര്‍ത്ഥന അത്യാവശ്യമാണ്. ആന്തരികജീവിതം ദൈവത്തിന്‍റെ ഒരു പ്രവൃത്തിയാണ്. നമുക്ക് അതില്‍ പങ്കാളികളാന്‍ സാധിക്കുമെന്നേയുള്ളൂ. അതിനാല്‍ ആന്തരികജീവിതം നയിക്കാന്‍ നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം. എന്നെ കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യുവാന്‍ സാധിക്കയില്ല (യോഹന്നാന്‍ 15:5) എന്നാണല്ലോ കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥമായ ആന്തരികജീവിതം നയിക്കാന്‍ കഴിയുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം.
'ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയം. ഞാന്‍ ശാലോം നൈറ്റ് വിജിലിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം ചോദിച്ചു. 2014 ഒക്ടോബര്‍മാസമായിരുന്നു അത്. അതിനുശേഷം ജീവിതത്തില്‍ ദൈവത്തിന്‍റെ വലിയ ഇടപെടലാണ് ഉണ്ടായത്. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. നന്ദിസൂചകമായി ശാലോം ടൈംസ് മാസിക വാങ്ങി വിതരണം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭര്‍ത്താവും ഞാനുംകൂടി ഇക്കാര്യം ആലോചിച്ചപ്പോള്‍ അഞ്ച് മാസിക വാങ്ങി വിതരണം ചെയ്യാമെന്നാണ് തീരുമാനമെടുത്തത്. അതിന്‍റെ കാര്യങ്ങള്‍ ക്രമീകരിക്കാനായി വീണ്ടും ശാലോമിലേക്ക് വിളിച്ചപ്പോഴാണ് ഓഫീസില്‍നിന്ന് പറയുന്നത്. പത്ത് ശാലോം ടൈംസ് വാങ്ങിയാല്‍ അത് ഒരു ഏജന്‍സിയാകും എന്ന്. അതിനാല്‍ ഞങ്ങള്‍ പത്ത് മാസിക വാങ്ങാന്‍ തീരുമാനിച്ചു.
അപ്രകാരം ശാലോം ടൈംസിന്‍റെ ഏജന്‍റായതുമുതല്‍ ജീവിതത്തിലെ നിരവധി കാര്യങ്ങളില്‍ കര്‍ത്താവിന്‍റെ ദൃശ്യവും അദൃശ്യവുമായ ഇടപെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്‍റെ ജോലിയില്‍, കുഞ്ഞുങ്ങളുടെ പഠനത്തില്‍, ആരോഗ്യത്തില്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അവിടുത്തെ വ്യക്തമായ ഇടപെടല്‍ കാണാമായിരുന്നു. അതുകണ്ട് പലരും കൂടുതല്‍ വിശ്വാസത്തിലേക്ക് വന്നു.
മാസിക വിതരണം ചെയ്യാന്‍ തുടങ്ങിയ സമയത്ത് എന്‍റെ ഇളയ മകന് എട്ട് മാസമായിരുന്നു പ്രായം. മാസിക കൊടുക്കാന്‍ പോകുമ്പോള്‍ അവനെയും തോളത്തെടുത്താണ് പോകുക. പലരും ഇത് കണ്ട് കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ, വിതരണം ചെയ്തുതുടങ്ങിയതുമുതല്‍ ഇന്നോളം കര്‍ത്താവിന്‍റെ വചനം കൈയിലേന്തി പോകുമ്പോള്‍ സന്തോഷത്തോടെ എനിക്ക് അവിടുത്തെ ശുശ്രൂഷ ചെയ്യാനുള്ള കൃപ അവിടുന്ന് തന്നിട്ടുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 100:2 – “സന്തോഷത്തോടെ കര്‍ത്താവിന് ശുശ്രൂഷ ചെയ്യുവിന്‍.” ഈ വചനം നിറവേറ്റാനുള്ള കൃപ അവിടുന്നുതന്നെ നല്കുന്നു. മാത്രവുമല്ല, എന്‍റെ അനുഭവത്തില്‍ ശാലോം മാസിക വേണമോ എന്ന് വളരെക്കുറച്ച് പേരോടുമാത്രമേ ചോദിക്കേണ്ടിവന്നിട്ടുള്ളൂ. എന്നിലൂടെ വചനം സ്വീകരിക്കേണ്ടവരെ ഈശോ എന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതായാണ് കൂടുതലും കണ്ടിട്ടുള്ളത്.
“എല്ലാവര്‍ക്കും എല്ലാ ഭൂഖണ്ഡങ്ങളിലും പോയി സുവിശേഷം പ്രഘോഷിക്കുക സാധ്യമല്ല. ഓരോരുത്തരും തങ്ങള്‍ ആയിരിക്കുന്ന ചുറ്റുപാടുകളില്‍ സുവിശേഷത്തിന്‍റെ ചെറു കൈത്തിരി കൊളുത്തുക.” ഈ ചിന്ത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ സുവിശേഷപ്രഘോഷണത്തില്‍ എന്‍റെ പങ്കെന്ന നിലയില്‍ അനേകരോട് ശാലോം ടെലിവിഷനെ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും താങ്ങിനിര്‍ത്തുന്ന ശാലോം പീസ് ഫെലോഷിപ്പിനെക്കുറിച്ച് പറയും, അംഗങ്ങളാകാന്‍ പ്രേരിപ്പിക്കും. കൂടാതെ എന്നോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുള്ളവരെയും വരിക്കാരെയുമെല്ലാം നൈറ്റ് വിജിലില്‍ പങ്കെടുക്കാന്‍ ഓര്‍മ്മിപ്പിക്കും. അവരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ശാലോമില്‍ അറിയിക്കും.
ഇപ്രകാരം മുന്നോട്ടുപോകുമ്പോള്‍ പ്രതിസന്ധികളുണ്ടെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്നു. എന്നാല്‍ ദൈവഹിതമനുസരിച്ച് ചില പ്രതിസന്ധികള്‍ അത്ഭുതകരമായി നീങ്ങുന്നതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഒരിക്കല്‍ സന്ധികള്‍ക്കും തോളിനുമെല്ലാം മാറിമാറി വേദന വരാന്‍ തുടങ്ങി. വേദനസംഹാരികള്‍ ഉപയോഗിച്ചിട്ടുപോലും വേദനയ്ക്ക് ഒരു ശമനവുമില്ല. ഉറങ്ങാന്‍പോലും സാധിക്കാതെയായി. അക്കാലമായപ്പോഴേക്കും ശാലോം ടൈംസിന്‍റെമാത്രമല്ല സണ്‍ഡേ ശാലോമിന്‍റെയും ഏജന്‍റായി മാറിയിരുന്നു ഞാന്‍. എന്നാല്‍ അപ്പോഴത്തെ അവസ്ഥയില്‍ അതൊന്നും വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.
വിതരണം ചെയ്യാനുളള ഈ പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ എടുത്തുവച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തില്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “ഈശോയേ, അങ്ങാണ് ഇത് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നും ഞാനിത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് സൗഖ്യം തരണമേ.” അതിനുശേഷം അവിടുന്ന് അത്ഭുതകരമായി എന്നെ സൗഖ്യപ്പെടുത്തി. ഞാന്‍ ഒരു ഉപകരണമായി നിന്നുകൊടുക്കുമ്പോള്‍ അവിടുന്ന് എന്നെ ഉപയോഗിക്കുന്നു. അനുദിനം ദിവ്യബലി അര്‍പ്പിക്കാനും അവിടുന്ന് കൃപ തരുന്നു. ഓരോ ദിവസവും വിശുദ്ധ ബലിയില്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിക്കും, “ഈശോയേ, ഇന്ന് അങ്ങയെപ്പറ്റി ഒരു വ്യക്തിയോടെങ്കിലും പറയാനും എന്‍റെ ഉള്ളിലുള്ള ഈശോയെ ഒരാള്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കാനും കൃപ തരണേ.”
ഈ പ്രാര്‍ത്ഥന അനുദിനം എന്‍റെ ജീവിതത്തില്‍ നിറവേറുന്നുണ്ട്. അതോര്‍ത്ത് എനിക്ക് വളരെ സന്തോഷമാണ്. ഈ ശുശ്രൂഷയില്‍ ഭര്‍ത്താവും മൂന്ന് മക്കളും എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അവിടുന്ന് ഞങ്ങളെ നടത്തുന്ന വഴികളോര്‍ത്ത് നന്ദി പറഞ്ഞാല്‍ തീരുകയില്ല. “കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും” സങ്കീര്‍ത്തനങ്ങള്‍ 116:12-13).
'ഒരിക്കല്‍ ഒരു കൊച്ചുപുസ്തകം എന്‍റെ കൈയില്‍ കിട്ടി. ‘ലവീത്ത’ എന്നായിരുന്നു ആ പ്രാര്‍ത്ഥനാപുസ്തകത്തിന്‍റെ പേര്. കിട്ടിയ ഉടനെ മറിച്ചുപോലും നോക്കാതെ ഞാന്‍ അത് എന്‍റെ എണ്‍പത്തിനാലുകാരിയായ അമ്മയെ ഏല്പ്പിച്ചു. അമ്മയ്ക്ക് ഏത് പ്രാര്‍ത്ഥന കിട്ടിയാലും വായിക്കാന്‍ വലിയ ഇഷ്ടമാണ് എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ അതുമാത്രമാണ് കാരണം എന്ന് പറയാനാവില്ല. ‘ഇതൊന്നും എനിക്ക് അത്ര പറ്റിയതല്ല, അമ്മയ്ക്കാണ് കൂടുതല്‍ ഇണങ്ങുക’ എന്ന ഒരു ചിന്തയുമുണ്ടായിരുന്നു എന്‍റെയുള്ളില്‍.
കുറെ മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പതിവുപോലെ ഞാന്‍ കമ്പ്യൂട്ടറില്‍ എന്‍റെ ഓണ്‍ലൈന്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ അമ്മ വന്ന് ആ ചെറിയ പുസ്തകം എന്‍റെ നേര്‍ക്കു നീട്ടി ‘ലവീത്ത പ്രാര്‍ത്ഥനയാ’ എന്ന് പറഞ്ഞു. ആദ്യം എനിക്ക് മനസിലായില്ല. കയ്യില്‍ വാങ്ങി നോക്കിയപ്പോഴാണ് ഓര്‍മ്മ വന്നത്. കിട്ടിയ ഉടനെ വായിച്ചുപോലും നോക്കാതെ അമ്മയെ ഏല്‍പ്പിച്ച പുസ്തകമാണല്ലോ എന്ന്. ആ ഒരു ഖേദത്തോടെ ഞാന്‍ അത് മുഴുവന്‍ വായിച്ചു.
ചെറിയ പുസ്തകമാണെങ്കിലും അത് വളരെ നല്ലതായി തോന്നി. പല ദിവസങ്ങളിലായി രണ്ടോ മൂന്നോ പ്രാവശ്യം ഞാന്‍ അത് ആവര്‍ത്തിച്ച് വായിച്ചു. അപ്പോഴാണ് അതിന്‍റെ തുടക്കത്തില്‍ നല്കിയിരുന്ന പരിശുദ്ധാത്മാവിനോടുള്ള ജപം എന്നെ ആകര്‍ഷിച്ചത്. പിന്നെ അത് മാത്രമായി പലപ്പോഴും ചൊല്ലാന്‍ തുടങ്ങി, അല്ല നോക്കി വായിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. ഒടുവില്‍ അത് കാണാതെ പഠിച്ചു. ദിവസത്തില്‍ പല തവണ ആ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരു ശീലവുമായി. അതിലെ ഓരോ വാക്കുകളിലും വരികളിലും എന്തുമാത്രം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് പതിയെ വെളിപ്പെട്ടുതുടങ്ങി.
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക.
മാമ്മോദീസായിലൂടെ നല്കപ്പെട്ട പരിശുദ്ധാത്മാവിനെ നമ്മള്‍ പാപം ചെയ്ത് അകറ്റി നിര്‍ത്തുകയാണ് പലപ്പോഴും. അപ്പോള്‍ ആ പരിശുദ്ധാത്മാവ് നമ്മിലേക്ക് തിരിച്ചുവന്നു നമ്മുടെ ഹൃദയത്തില്‍ വാസമാക്കുവാന്‍ പശ്ചാത്താപത്തോടെ കരഞ്ഞു വിളിക്കേണ്ടി വരുന്നു.
അങ്ങേ വെളിവിന്‍റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ.
വെളിവ് എന്നത് ജ്ഞാനം അഥവാ നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ആണ്. കതിരുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വീണ്ടും ഞാന്‍ ധ്യാനിച്ചു. ധാന്യങ്ങളാണല്ലോ കതിരുകളായി വിളയുന്നത്. അതുപോലെ ജ്ഞാനം നമ്മില്‍ കതിരാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കതിരുകള്‍ക്കു രശ്മികള്‍ എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍ വെളിവ് എന്നത് പ്രകാശവും ആകുന്നു.
അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക.
ഒരു അഗതിയെപ്പോലെ അവിടുന്നില്‍ ആശ്രയിക്കുന്ന നമ്മുടെ ഓരോ തലമുടിനാരുപോലും എണ്ണി സൂക്ഷിക്കുന്ന, കണ്ണുനീരുകളെ കുപ്പിയില്‍ സൂക്ഷിക്കുന്ന ഒരു പിതാവായ ദൈവം നമുക്കുണ്ട് എന്ന ആശ്വാസം ഈ വരികളിലൂടെ ലഭിക്കുന്നു.
ഹൃദയത്തിലെ അന്ധകാരത്തെ നീക്കി പ്രകാശമായി എത്തുന്ന പരിശുദ്ധാത്മാവ് നല്‍കുന്ന ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നീ ദാനങ്ങള്‍ ധാരാളമായി വര്‍ഷിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നു.
എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ…
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. വിണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ആശ്വാസത്തിന്‍റെ മഴത്തുള്ളികളായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്.
ആത്മാവിന് മാധുരമായ വിരുന്നേ…
നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടവര്‍ വീട്ടില്‍ വിരുന്ന് വരുന്നത് വളരെ സന്തോഷപ്രദമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന് വിരുന്നായി എത്തുന്ന പരിശുദ്ധാത്മാവ്. അത് മധുരതരമായ മുഹൂര്‍ത്തം തന്നെയാണ്.
മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.
ദൈവമേ അങ്ങേ വെളിവ് കൂടാതെയുള്ള അവസ്ഥകളില്‍ ഞങ്ങള്‍ മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയിലേക്ക് അധഃപതിക്കുന്നു. എങ്കിലും പാപികളോടുള്ള കരുണാര്‍ദ്രമായ സ്നേഹത്താല്‍ അവിടുന്ന് ഞങ്ങളെ വീണ്ടെടുക്കുന്നു. അങ്ങയുടെ തിരുക്കുമാരന്‍ കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍റെ യോഗ്യതയാല്‍ അങ്ങേ പരിശുദ്ധാത്മാവിനെ നല്കുന്നു. അങ്ങേയ്ക്ക് നന്ദിയും സ്തോത്രവും…
അറപ്പുള്ളതു കഴുകുക
വിശുദ്ധ മദര്‍ തെരേസ കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ കുഷ്ഠരോഗികളെ വാരിയെടുക്കുകയും അവരുടെ അറപ്പ് തോന്നിക്കുന്ന ശരീരഭാഗങ്ങള്‍ കഴുകി തുടച്ച് മരുന്ന് വച്ച് കെട്ടി ശുശ്രൂഷിക്കുകയും ചെയ്തിരുന്നല്ലോ. അറപ്പുള്ളത് കഴുകുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളുടെ വലിയ ദൃഷ്ടാന്തമായി അത് എനിക്ക് തോന്നി.
വാടിപ്പോയതു നനയ്ക്കുക.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാണല്ലോ വാടിപ്പോകുന്നത്. മനുഷ്യരായ നമ്മളും ജീവിതത്തിന്‍റെ പല ദുര്‍ഘട നിമിഷങ്ങളിലും തളരുകയും വാടിപ്പോകുകയും ചെയ്യാറുണ്ട്. അവിടെ ജീവന്‍റെ ജലം നമുക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.
മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക.
മുറിവുകള്‍ ശരീരത്തിലും മനസിലും ആത്മാവിലും ഉണ്ടാകാം. ശരീരത്തിന്‍റെയും മനസിന്‍റെയും ആത്മാവിന്‍റെയും മുറിവുണക്കാന്‍ ശക്തിയുള്ള ഏറ്റവും വലിയ ഭിഷഗ്വരനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
കടുപ്പമുള്ളതു മയപ്പെടുത്തുക
ഹൃദയകാഠിന്യം മാറ്റി മൃദുവാക്കാനും അലിയിപ്പിക്കാനും ദൈവത്തിന്‍റെ ആത്മാവിന് സാധിക്കും. മറ്റുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെയാണ് അത് സാധ്യമാകുന്നത്. പ്രാര്‍ത്ഥനകള്‍കൊണ്ട് ആത്മാക്കളെ നേടിയ വിശുദ്ധ കൊച്ചുത്രേസ്യയുടെയും മറ്റു വിശുദ്ധരുടെയും മാതൃക നമുക്കും പ്രചോദനമാകട്ടെ.
തണുത്തത് ചൂടുപിടിപ്പിക്കുക
നമ്മുടെ അനുദിന ജീവിതത്തില്‍ ഊര്‍ജവും ഉന്മേഷവും ലഭിക്കാന്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന സഹായകമാകുന്നു.
നേര്‍വഴിയല്ലാതെ പോയതു തിരിക്കുക
ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനയാണ് വഴി തെറ്റി പോയവരെ തിരിച്ചു കൊണ്ട് വരാന്‍ ഇടയാക്കുന്നത്. കേവലം വ്യക്തികള്‍ക്കു വേണ്ടി മാത്രമല്ല വഴിതെറ്റി പോയ സമൂഹത്തിനും രാജ്യങ്ങള്‍ക്കു വേണ്ടിയും നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.
അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍