- Latest articles
സീത്താ എന്നായിരുന്നു അവളുടെ പേര്. കുടുംബത്തിലെ ദാരിദ്ര്യംകാരണം പന്ത്രണ്ടാമത്തെ വയസില്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ പരിചാരികയായി ജോലിയില്‍ പ്രവേശിച്ചു. വീട്ടില്‍നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള ‘ലൂക്കാ’ എന്ന പട്ടണത്തിലെ ‘ഫാറ്റിനെല്ലി’ കുടുംബം സില്‍ക്ക്-കമ്പിളി വസ്ത്രനിര്‍മാണരംഗത്ത് പ്രശസ്തരായിരുന്നു. ധാരാളം ജോലിക്കാരുള്ള ആ വീട്ടിലേക്ക് കടന്നുചെന്ന സീത്തായെ കാത്തിരുന്നത് പീഡനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു.
സൗമ്യതയും ശാന്തതയും നിറഞ്ഞ സീത്തായുടെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഒരു നിമിഷംപോലും അലസമായി കളയാതെ കഠിനാധ്വാനം ചെയ്യുന്ന സീത്തായെ യജമാനത്തിക്കും വളരെ ഇഷ്ടമായി. അത് മറ്റു ജോലിക്കാര്‍ക്ക് അവളോട് അസൂയ തോന്നുന്നതിന് കാരണമായി. അവരെല്ലാവരും അവള്‍ക്കെതിരെ തിരിഞ്ഞു. മനഃപൂര്‍വം പാത്രങ്ങള്‍ പൊട്ടിച്ചിട്ട് അത് ചെയ്തത് സീത്തായാണെന്ന് അവര്‍ യജമാനത്തിയെ ധരിപ്പിക്കും. എന്തെങ്കിലും സാധനങ്ങള്‍ കാണാതായാല്‍ അത് സീത്താ എടുത്തുകൊണ്ടുപോകുന്നത് കണ്ടെന്ന് അവര്‍ കള്ളസാക്ഷ്യം പറയും. യജമാനത്തി സീത്തായെ എന്തെങ്കിലും പ്രത്യേക ജോലി ഏല്പിച്ചാല്‍ അത് പൂര്‍ത്തിയാക്കാതിരിക്കാന്‍ മറ്റുള്ളവര്‍ തടസങ്ങള്‍ സൃഷ്ടിക്കും. തല്‍ഫലമായി കഴിവില്ലാത്തവളും അലസയും അവിശ്വസ്തയുമായി അവള്‍ മുദ്ര കുത്തപ്പെട്ടു. അവിടുത്തെ ജോലിക്കാരില്‍ ഏറ്റവും സീനിയറായ ‘എറിക്കേറ്റ്’ ആണ് ഇതിനെല്ലാം നേതൃത്വം നല്കിയത്.
പക്ഷേ സീത്താ സ്വയം ന്യായീകരിക്കാനൊന്നും പോയില്ല. എല്ലാ അവഹേളനങ്ങളും കുറ്റാരോപണങ്ങളും അവള്‍ ക്ഷമയോടെ സഹിച്ചു. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയും അവള്‍ ഈശോയെപ്രതി സന്തോഷത്തോടെ സ്വീകരിച്ചു. ഒടുവില്‍ ‘എറിക്കേറ്റ്’ മാരകമായ രോഗം പിടിച്ച് കിടപ്പിലായി. എല്ലാം മറന്ന് സീത്താ അവളെ ശുശ്രൂഷിക്കുവാന്‍ തയാറായി. അത് എറിക്കേറ്റിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. അവള്‍ സീത്തായോട് ചെയ്ത ദ്രോഹം വീട്ടുകാരോട് ഏറ്റുപറഞ്ഞു. വീട്ടുകാരും സീത്തായുടെ ഹൃദയവിശുദ്ധി കണ്ടറിഞ്ഞ് പശ്ചാത്താപവിവശരായി. വീട്ടുകാര്‍ സീത്തായെ വീടിന്‍റെ മുഴുവന്‍ മേല്‍വിചാരകയാക്കി ഉയര്‍ത്തി. അവള്‍ ആരോടും പ്രതികാരം ചെയ്തില്ല. ക്രമേണ ലൂക്കാ മുഴുവന്‍ അവളുടെ വിശുദ്ധിയെക്കുറിച്ചുള്ള വാര്‍ത്ത വ്യാപിച്ചു. 1272-ല്‍ അറുപതാമത്തെ വയസില്‍ മരിച്ച സീത്തായെ ദൈവാലയത്തിലെ ബിഷപ്പിന്‍റെ കബറിടത്തോട് ചേര്‍ന്നാണ് സംസ്കരിച്ചിരിക്കുന്നത്. 1696-ല്‍ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടപ്പോള്‍ 150-ഓളം അത്ഭുതങ്ങള്‍ സീത്തായുടെ മധ്യസ്ഥതയില്‍ സംഭവിച്ചതായി പരിശോധിച്ചു തെളിഞ്ഞു. എഴുന്നൂറ് വര്‍ഷങ്ങള്‍ക്കുശേഷവും അവളുടെ ശരീരം ജീര്‍ണിക്കാതെ ലൂക്കായിലെ സാന്‍ ഫെര്‍ഡീനോ ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
സഹനങ്ങളുണ്ടാകുമ്പോള്‍ ശാന്തതയോടെ അവയെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ ആന്തരികമായി നാം ശക്തരായിരിക്കണം. വിശുദ്ധ സീത്താ അനുദിനമുള്ള ദിവ്യബലിയിലൂടെയും രാത്രികളില്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുന്നതിലൂടെയും ദൈവത്തോട് ചേര്‍ന്ന് നിലനിന്നതുകൊണ്ടാണ് അനീതികളെ നിശബ്ദതയില്‍ നേരിടാന്‍ പ്രാപ്തയായത്. സഹനത്തോടുള്ള പ്രതികരണങ്ങളാണ് നമ്മുടെ ആന്തരികതയെ വെളിപ്പെടുത്തുന്നത്. പൊട്ടിത്തെറിയും സ്വന്തം നിഷ്കളങ്കത തെളിയിക്കാനുള്ള ബദ്ധപ്പാടും ആന്തരിക ദൗര്‍ബല്യത്തിന്‍റെ അടയാളമാണ്. ക്ഷമാപൂര്‍വം കുരിശുകളെ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ കുരിശിന്‍റെ മുകളില്‍ ജീവിക്കുവാന്‍ കഴിയൂ…
അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു (ഏശയ്യാ 53:7). പീലാത്തോസിന്‍റെ മുന്നിലും ഹേറോദേസിന്‍റെ മുന്നിലും യേശു നിശബ്ദനായിരുന്നു. “പ്രധാന പുരോഹിതരും പ്രമാണിമാരും അവന്‍റെമേല്‍ കുറ്റം ആരോപിച്ചപ്പോള്‍ അവന്‍ ഒരു മറുപടിയും പറഞ്ഞില്ല” (മത്തായി 27:12-14). കാരണം “അവന് ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്ക് വിട്ടുകൊടുത്തത്” (ഏശയ്യാ 53:9-10).
ദൈവം അറിയാതെ എന്‍റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്നും എല്ലാ തിന്മകളെയും നന്മയാക്കി മാറ്റാന്‍ ദൈവത്തിന് കഴിയുമെന്നുമുള്ള വിശ്വാസമാണ് തിന്മയുടെ മുന്നില്‍ പതറാതെ നില്ക്കാന്‍ നമുക്ക് ശക്തി നല്കുന്നത്. എന്നാല്‍ ദൈവത്തിലുള്ള വിശ്വാസം ദുര്‍ബലമാകുമ്പോള്‍ നാംതന്നെ നമുക്കുവേണ്ടി പോരാടാന്‍ ഇറങ്ങും. അപ്പോള്‍ പ്രശ്നങ്ങള്‍ വഷളാവുകയും ദൈവപദ്ധതികള്‍ തകിടം മറിയുകയും ചെയാം. നാം നിശബ്ദരായിരിക്കുമ്പോള്‍ ദൈവം തീര്‍ച്ചയായും നമുക്കുവേണ്ടി സംസാരിക്കും. പരിശുദ്ധ അമ്മയുടെ ജീവിതം ഇതിന് നല്ലൊരു ഉദാഹരണമാണ്.
മാതാവ് അനുഭവിച്ച തീവ്രമായ നൊമ്പരങ്ങളിലൊന്ന് ജോസഫ് തന്നെ സംശയിക്കുന്നുവെന്നതായിരിക്കാം. എന്നിട്ടും തന്‍റെ ഉദരത്തില്‍ വളരുന്ന ശിശുവിന്‍റെ ദൈവികരഹസ്യങ്ങള്‍ വിശദീകരിച്ച് ജോസഫിനെ ബോധ്യപ്പെടുത്താന്‍ പരിശുദ്ധ അമ്മ പരിശ്രമിച്ചില്ല. താന്‍ എത്ര വിശദീകരിച്ചാലും മനുഷ്യര്‍ക്ക് ഇത് മനസിലാക്കുക ബുദ്ധിമുട്ടാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ദൈവത്തിനുമാത്രമേ തന്‍റെ നിഷ്കളങ്കത ജോസഫിനെ ബോധ്യപ്പെടുത്താനാകൂ എന്ന തിരിച്ചറിവ് നിശബ്ദമായ പ്രാര്‍ത്ഥനയിലേക്ക് മാതാവിനെ നയിച്ചു. ഒടുവില്‍ ദൈവം നേരിട്ട് ജോസഫിനോട് സംസാരിച്ച് സംശയങ്ങള്‍ ദുരീകരിക്കുന്നതുവരെ അവഗണനയുടെയും സംശയത്തിന്‍റെയും വേദന ശാന്തതയോടെ ക്ഷമിച്ചു.
നാംതന്നെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിരക്കു പിടിക്കുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകും. നാം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് ദൈവത്തിനുവേണ്ടി കാത്തിരിക്കുക എന്നതാണ്. അതുവരെയും നിശബ്ദമായി സഹിച്ചാല്‍ മാത്രം പോരാ – ഹൃദയത്തിലെ സ്നേഹം നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കുകയും വേണം.
വിശുദ്ധ സീത്തായുടെ പുണ്യം സഹിച്ചതിലല്ല, പ്രത്യുത സ്നേഹിച്ചതിലാണ്. അനീതി സഹിക്കുമ്പോഴും അവള്‍ അനുസരണയും ബഹുമാനവും യജമാനത്തിക്ക് നല്‍കി. തനിക്കെതിരെ ഗൂഢാലോചന നടത്തുന്ന സഹപരിചാരികമാരോട് വിദ്വേഷം വച്ചുപുലര്‍ത്തിയില്ല. അവിടെയാണ് ദൈവം മഹത്വപ്പെട്ടത്. അതിനാലാണ് ദൈവം അവളെയും മഹത്വപ്പെടുത്തിയത്.
ഹൃദയത്തില്‍ എളിമയില്ലെങ്കില്‍ നമുക്ക് നിശബ്ദമായി സഹിക്കുവാന്‍ കഴിയുകയില്ല. എപ്പോഴും പരാതി പറയുന്നവര്‍, സങ്കടം പറഞ്ഞുകൊണ്ട് നടക്കുന്നവര്‍, രൂക്ഷമായി പ്രതികരിക്കുന്നവര്‍ ഇവരുടെയെല്ലാം യഥാര്‍ത്ഥ പ്രശ്നം എളിമയില്ലായ്മയാണ്. മറ്റുള്ളവരുടെ സഹതാപവും അനുഭാവവും നേടിയെടുത്തുകൊണ്ട് സ്വയത്തെ പരിപോഷിപ്പിക്കാനുള്ള ശ്രമം നമ്മളെ ആന്തരികമായി കൂടുതല്‍ ദുര്‍ബലമാക്കും. അതിനാല്‍ വേദനകള്‍ നിശബ്ദമായി സഹിക്കുവാന്‍ നാം പഠിക്കണം. സങ്കടങ്ങള്‍ ദൈവസന്നിധിയില്‍ ഇറക്കിവയ്ക്കാന്‍ കഴിയാത്തവരാണ് എപ്പോഴും മനുഷ്യരുടെ ആശ്വാസത്തിനുവേണ്ടി ഓടി നടക്കുന്നത്. എന്നാല്‍ മറ്റുള്ളവരുടെ സഹതാപത്തിന് നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഒരിക്കലും സാധിക്കുകയുമില്ല. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള കര്‍ത്താവിന് മുന്നില്‍ ഹൃദയം തുറക്കാന്‍ പഠിച്ചാല്‍ നമുക്ക് മനുഷ്യരുടെ തിന്മകളെ അതിജീവിക്കുവാന്‍ ശക്തി ലഭിക്കും.
സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടുനടക്കാനുള്ളതല്ല. അവ നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കായുള്ള മുത്തുകളാണ്. അത് സ്നേഹത്തില്‍ പൊതിഞ്ഞു സൂക്ഷിക്കാനുള്ളതാണ്. നമ്മുടെ ഉപരി വിശുദ്ധീകരണത്തിനും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും രക്ഷയ്ക്കും സഹനത്തിന്‍റെ വഴികളിലൂടെ ദൈവം നമ്മെ നടത്തുമ്പോള്‍ അവിടുത്തെ ജ്ഞാനത്തെയും സ്നേഹത്തെയും നാം സംശയിക്കരുത്. പത്രോസ് ശ്ലീഹാ പറയുന്നത് ഇപ്രകാരമാണ്: “പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്‍റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍. അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും” (1 പത്രോസ് 4:12-13). പ്രഭാഷകന്‍ പറയുന്നതും ഇപ്രകാരമാണ്. “വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്. എന്തെന്നാല്‍ സ്വര്‍ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാഷകന്‍ 2:4-5).
സഹനം സ്വീകരിക്കാത്തതിന്‍റെ അടയാളമാണ് പറഞ്ഞുകൊണ്ടുനടക്കുന്നത്. അതിനാല്‍ എല്ലാ വേദനകളും ദൈവകരങ്ങളില്‍നിന്നും നമുക്ക് സ്വീകരിക്കാന്‍ ശ്രമിക്കാം. കര്‍ത്താവ് അതിനുള്ള കൃപ നമുക്ക് പ്രദാനം ചെയ്യട്ടെ.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങ് നിശബ്ദമായി സഹിച്ചുകൊണ്ട് ഞങ്ങള്‍ക്കൊരു മാതൃക നല്കിയല്ലോ. എന്നാല്‍ ഞങ്ങള്‍ ദുര്‍ബലരായതുകൊണ്ട് ഇഷ്ടമില്ലാത്തതിനെയും നൊമ്പരം നല്‍കുന്നതിനെയും ശാന്തതയോടെ സ്വീകരിക്കുവാന്‍ പരാജയപ്പെട്ടുപോകുന്നു. കര്‍ത്താവേ, കുറ്റപ്പെടുത്തിയും കുറ്റം പറഞ്ഞും സങ്കടം പറഞ്ഞുകൊണ്ടുനടന്നും ഞങ്ങള്‍ കൂടുതല്‍ ദുര്‍ബലരായിത്തീരുന്നു. കര്‍ത്താവേ… ഞങ്ങളുടെ വിശ്വാസത്തെ വര്‍ധിപ്പിച്ചു നല്‍കണമേ. ശാന്തതയോടെ സഹിച്ച് അങ്ങയുടെ മഹത്വം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കിയാലും – ആമ്മേന്‍.
'2001 ഒക്ടോബര്‍ 21 ഞായറാഴ്ച, ഇറ്റാലിയന്‍ സഹോദരങ്ങളായ ഫാ. താര്‍സിസിയോ, ഫാ. പാവോലിനോ, എന്‍റിച്ചേത്ത എന്നിവര്‍ക്ക് അവിസ്മരണീയമായ ദിനമായിരുന്നു. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മൂവരുടെയും മാതാപിതാക്കളായ ലൂയിജി ബള്‍ത്രാമെ ക്വട്രോച്ചിയെയും മരിയ കോര്‍സിനിയെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടവരായി ഒരുമിച്ച് പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ദമ്പതികളായി ക്വട്രോച്ചി ദമ്പതികള്‍ മാറി. ‘മേല്‍ക്കൂരയുടെ മുകളിലുള്ള’ ജീവിതം ആസ്വദിക്കാനാണ് തങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതെന്ന് പലപ്പോഴും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ ദമ്പതികള്‍ പറഞ്ഞിരുന്നു. കുടുംബജീവിതത്തിലെ സാധാരണ അനുഭവങ്ങള്‍ ദൈവത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് വിശുദ്ധിയുടെ അസാധാരണ അനുഭവങ്ങളാക്കി മാറ്റിയ മാതാപിതാക്കളുടെ കഥയാണ് ക്വട്രോച്ചി കുടുംബത്തിലെ പിന്‍തലമുറയ്ക്ക് പറയാനുള്ളത്.
1880-ലാണ് ലൂയിജി ക്വട്രോച്ചിയുടെ ജനനം. മരിയ കോര്‍സിനിയുമായുള്ള വിവാഹത്തോടെയാണ് ലൂയിജി വിശ്വാസജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് കടന്നുവന്നത്. 1905-ല്‍ റോമിലെ സെന്‍റ് മേരീസ് മേജര്‍ ബസിലിക്കയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 1909 ആയപ്പോഴേക്കും മൂന്ന് മക്കളെ നല്‍കി ദൈവം ഈ കുടുംബത്തെ അനുഗ്രഹിച്ചു. ആത്മീയതയില്‍ വളരുന്നതിനായി തങ്ങളുടെ മാതാപിതാക്കന്‍മാര്‍ മത്സരിച്ചിരുന്നതായി ട്രാപ്പിസ്റ്റ് സന്യാസിയും ക്വട്രോച്ചി ദമ്പതികളുടെ മൂന്നാമത്തെ മകനുമായ സിസാറെ ബള്‍ത്രാമെ ക്വട്രോച്ചി ഓര്‍മിക്കുന്നു. അനുദിനവിശുദ്ധ ബലിയില്‍ ഒരുമിച്ച് പങ്കെടുക്കാന്‍ ആരംഭിച്ച ദമ്പതികള്‍ വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് പരസ്പരം ഗുഡ് മോണിംഗ് പറഞ്ഞിരുന്നത്. വിശുദ്ധ ബലിക്ക് ശേഷം മാത്രമാണ് തങ്ങളുടെ ദിവസം ആരംഭിക്കുന്നത് എന്ന് ഉറപ്പാക്കാനായിരുന്നു ലൂയിജി അപ്രകാരം ചെയ്തത്.
1913-ല്‍ മരിയ വീണ്ടും ഗര്‍ഭിണിയായി. കുഞ്ഞ് ജീവിക്കാന്‍ അഞ്ച് ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നും അതുകൊണ്ട് അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഗര്‍ഭഛിദ്രം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തങ്ങളുടെ കുടുംബത്തെ തിരുക്കുടംബത്തിന് പ്രതിഷ്ഠിച്ചിരുന്ന ക്വട്രോച്ചി ദമ്പതികള്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചുകൊണ്ട് തങ്ങളെത്തന്നെ ദൈവഹിതത്തിന് പൂര്‍ണമായി വിട്ടുകൊടുത്തു. ഏതായാലും 1914-ല്‍ ജനിച്ച എന്‍റിച്ചേത്തയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന വാര്‍ത്ത കേട്ട ലൂയിജിയുടെ കണ്ണുകള്‍ സന്തോഷാധിക്യത്താല്‍ നിറഞ്ഞൊഴുകി.
രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും എത്തിയതോടെ ക്വട്രോച്ചി കുടുംബത്തില്‍ എപ്പോഴും സന്തോഷത്തിന്‍റെ ആരവങ്ങളുയര്‍ന്നുകൊണ്ടിരുന്നു. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത കാര്യങ്ങളെ സ്നേഹിക്കാനാണ് ഈ ദമ്പതികള്‍ കുട്ടികളെ പരിശീലിപ്പിച്ചത്. പത്താമത്തെ വയസില്‍ ക്രിസ്ത്വാനുകരണം തനിക്ക് അമ്മ വായിക്കാന്‍ നല്‍കിയതായി രണ്ടാമത്തെ മകനായ സിസേറ ഓര്‍മിക്കുന്നു. അതില്‍ ആ അമ്മ ഇപ്രകാരം കുറിച്ചിരുന്നു -“ആവശ്യമെങ്കില്‍ മരണം വരിച്ചും ക്രിസ്തുവിന് സാക്ഷ്യം നല്‍കണം.” ഒരിക്കല്‍ പോലും മാതാപിതാക്കള്‍ തങ്ങളുടെ മുമ്പില്‍ വച്ച് വഴക്കുകൂടിയതായി ഇളയ മകളായ എന്‍റിച്ചേത്ത ഓര്‍മിക്കുന്നില്ല. ക്വട്രോച്ചി ദമ്പതികളുടെ മാതൃകാപരമായ ജീവിതത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച കുട്ടികളില്‍ ആദ്യത്തെ മൂന്ന് പേര്‍ ദൈവവിളി സ്വീകരിച്ചു. മൂത്തയാള്‍ ഫാ. താര്‍സിസിയോ എന്ന പേര് സ്വീകരിച്ച് ഇടവക വൈദികനായി. സിസാറെ ട്രാപ്പിസ്റ്റ് സന്യാസസഭയില്‍ ചേര്‍ന്ന് ഫാ. പവോലിനോ എന്ന പേര് സ്വീകരിച്ചു. മൂന്നാമത്തെ ആളായ സ്റ്റെഫാനിയ ആകട്ടെ ബനഡിക്ടന്‍ മിണ്ടാമഠത്തില്‍ ചേര്‍ന്ന് സിസ്റ്റര്‍ മരിയ സെസിലിയ എന്ന പേര് സ്വീകരിച്ചു.
20 വര്‍ഷത്തെ കുടുംബജീവിതത്തിന് ശേഷം ആത്മീയ പിതാവിന്‍റെ ഉപദേശം സ്വീകരിച്ച് ദാമ്പത്യ ബന്ധത്തില്‍ നിന്നകന്നു നിന്നുകൊണ്ട് പൂര്‍ണമായി ദൈവത്തിന് തങ്ങളെത്തന്നെ സമര്‍പ്പിക്കാന്‍ ഈ ദമ്പതികള്‍ തീരുമാനമെടുത്തു. 1951 നവംബര്‍ മാസത്തില്‍ ലൂയിജി ഹൃദയാഘാതം മൂലം മരണടഞ്ഞു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം 1965 ഓഗസ്റ്റ് 26-ന് എന്‍റിച്ചേത്തയുടെ കൈകളില്‍ കിടുന്നുകൊണ്ട് മരിയയും ലൂയിജിയോടൊപ്പം ചേര്‍ന്നു.
നാസികള്‍ ഇറ്റലി ആക്രമിച്ച കാലഘട്ടത്തില്‍പ്പോലും ശാന്തമായും സമാധാനപരമായും ജീവിച്ചുകൊണ്ട് നിരവധി യഹൂദ വംശജര്‍ക്ക് അഭയം നല്‍കിയ ഈ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: “സാധാരണ കുടുംബത്തിന്‍റെ സന്തോഷങ്ങളുടെയും ആകുലതകളുടെയും മധ്യത്തില്‍ നിന്നുകൊണ്ട് അസാധാരണമായ ആത്മീയ ജീവിതം നയിക്കാനറിയാവുന്ന ദമ്പതികള്‍.”
'‘അമ്മേ, ഇന്ന് ആരുടെ സോളാ ഗിച്ച് കൊടുക്കണേ?” രാത്രി ഏഴ് മണിയോടെ ജപമാല ചൊല്ലാനിരിക്കുമ്പോള്‍ നാല് വയസ് തികഞ്ഞിട്ടില്ലാത്ത കാന്താരിയുടെ ചോദ്യം. ഈ ചോദ്യം ആദ്യം മനസിലുണര്‍ത്തുന്നത് വാത്സല്യം കലര്‍ന്ന ചിരിയാണ്. ഒന്നാമത്തെ കാരണം ‘ഉച്ചാരണശുദ്ധി!’ ഗിച്ച് എന്നാല്‍ ഗിഫ്റ്റ് എന്നാണ് ഉദ്ദേശിക്കുന്നത്, സോള്‍ എന്നാല്‍ ആത്മാവും. ഇന്ന് ആരുടെ ആത്മാവിനെയാണ് ഈശോയ്ക്ക് പ്രത്യേകസമ്മാനമായി സമര്‍പ്പിക്കുന്നത് എന്നാണ് അവള്‍ ചോദിക്കുന്നത്.
പക്ഷേ ചോദ്യം തികച്ചും ഗൗരവതരമായതിനാല്‍ അരുത്, ചിരിക്കരുത്! ഉത്തരം ആലോചിക്കണം. ചിലപ്പോള്‍ ഉത്തരം പറയേണ്ടിവരില്ല, അവള്‍തന്നെ പറയും. ‘ഇന്ന് ശാരോണിന്‍റെ സോള് കൊടുക്കാം’, ‘ഇന്ന് മഞ്ജു വാരിയുടെ സോള് കൊടുക്കാം’ എന്നിങ്ങനെ… ശാരോണ്‍ എന്ന് ഉദ്ദേശിക്കുന്നത് ഞങ്ങളുടെ ബന്ധുവായ ഷാരോണ്‍ എന്ന ഒരു വയസുള്ള കുഞ്ഞിനെയാണ്. മഞ്ജു വാരി എന്നാല്‍ സാക്ഷാല്‍ സിനിമാതാരം മഞ്ജു വാര്യര്‍. ഇത്തരം വ്യത്യസ്തമായ ഗിഫ്റ്റുകള്‍ സ്വീകരിക്കുന്ന ഈശോ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും.
മഞ്ജു വാരിയുടെ സോള്‍ ഗിഫ്റ്റ് കൊടുക്കാമെന്നൊക്കെ പറയുന്നത് കേട്ട് ചിലപ്പോള്‍ അവളുടെ മൂന്നാം ക്ലാസുകാരന്‍ ചേട്ടനും ഒന്നാം ക്ലാസുകാരി ചേച്ചിയും ചിരിക്കും. അവരോട് ചിരിക്കണ്ടാ, എല്ലാവരും ഈശോയുടെ കുഞ്ഞുങ്ങളാണ്. അതിനാല്‍ അവരുടെ സോള്‍ ഗിഫ്റ്റ് കൊടുക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിവരും. മറ്റൊരു കാര്യം കൂടിയുണ്ട്. ഈശോയ്ക്കുള്ള ഗിഫ്റ്റൊക്കെ ഏര്‍പ്പാടാക്കിയിട്ട് കുട്ടിക്കുറുമ്പി ചിലപ്പോള്‍ കളിക്കാന്‍ തുടങ്ങും. ചിലപ്പോഴാകട്ടെ ‘ച്വഗ്ഗത്തനായ പിതാവേ’യും ‘നമ്മനിറിയമേ ച്വത്തി’യും ഒറ്റയ്ക്ക് ചൊല്ലണമെന്ന് വാശി പിടിച്ചെന്നും വരും. പക്ഷേ ഈ ബഹളങ്ങള്‍ക്കിടയിലും ആ പ്രാര്‍ത്ഥനാസമയം എത്ര ഹൃദ്യമാണെന്നോ…
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇതിന്‍റെയെല്ലാം തുടക്കം. 25 സമ്മാനങ്ങള്‍ നല്കി ക്രിസ്മസിന് ഈശോയെ സ്വീകരിക്കാന്‍ ശാലോം ടൈംസിലൂടെ കിട്ടിയ ചിന്തയാണ് കാരണമായത്. ദിവസവും ഒരു ആത്മാവിനെ ഈശോയ്ക്ക് സമ്മാനിക്കാന്‍ ആരംഭിച്ചത് അതിന്‍റെ ഭാഗമായാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമൊക്കെയായിരുന്നു അന്നത്തെ സമ്മാനങ്ങള്‍. എന്നാല്‍ ക്രിസ്മസ് കഴിഞ്ഞപ്പോഴും ഗിഫ്റ്റുകള്‍ കൊടുക്കുന്നത് ഒരു ശീലമായി. കൂട്ടുകാര്‍, അധ്യാപകര്‍, ബന്ധുക്കള്‍, സിനിമാതാരങ്ങള്‍ തുടങ്ങി തീര്‍ത്തും വ്യത്യസ്തമായ സമ്മാനങ്ങള്‍ ഇപ്പോള്‍ ഈശോ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
ഈ പ്രാര്‍ത്ഥനകളുടെയെല്ലാം ഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഫാ. റോയ് പാലാട്ടി സി.എം.ഐ എഴുതിയ വരികളാണ് ഓര്‍മ്മയിലെത്തുന്നത്. ആ വരികള്‍ സഹനത്തെക്കുറിച്ചാണ് വിവരിക്കുന്നതെങ്കിലും സഹനം എന്നിടത്ത് പ്രാര്‍ത്ഥന എന്ന് ചേര്‍ത്തുവായിച്ചാലും അത് ശരിയാണെന്ന് അനുഭവപ്പെടുന്നു. 2019 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ വായിച്ച ആ വരികള്‍ അതേപടി ഉദ്ധരിക്കട്ടെ: “ഇനിയും രക്ഷാകരചരിത്രത്തിന്‍റെ ക്ലൈമാക്സ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹനത്തിന്‍റെ മൂല്യം നിങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകുന്നത്. സഹനത്തിന്‍റെ മൂല്യം ഗൗരവമായെടുത്താല്‍ അതില്‍ ആഹ്ലാദിക്കാന്‍ നിങ്ങള്‍ക്കാകും. നമ്മുടെ സഹനം എത്രയോ പേര്‍ക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാന്‍ പലപ്പോഴും നിത്യതയോളം കാത്തുനില്ക്കേണ്ടിവരില്ല. പൂര്‍ണമായും മനസിലാക്കാന്‍ അത്രത്തോളം കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയും രക്ഷിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്‍റെ രക്ഷയില്‍ എന്‍റെ സഹനത്തെ കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.”
അതിനാല്‍ കുഞ്ഞുങ്ങളോട് ഇങ്ങനെ പറയും, “സ്വര്‍ഗത്തില്‍… ഈശോയുടെ അടുത്ത് ചെല്ലുമ്പോഴേ… ഈശോ ഇതിനൊക്കെ തിരിച്ച് ഗിഫ്റ്റ് തരും. ഹായ്…. എന്ത് രസമായിരിക്കും!” കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്തും സന്തോഷം വിടരുന്നത് കാണാം. ഈ സന്തോഷത്തോടെ ക്രിസ്മസില്‍നിന്ന് ഈസ്റ്ററിലേക്ക് നീങ്ങുമ്പോള്‍ മനസിലാവുന്നു, ക്രിസ്മസ് ഒരിക്കലും അവസാനിക്കുന്നില്ല; ഈസ്റ്ററും.
'എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയില്‍ എന്‍റെ റാങ്ക് അല്പം പുറകിലായിരുന്നു. കോഴിക്കോട് ആര്‍.ഇ.സിയില്‍ പഠിക്കും എന്ന് ഉറപ്പാക്കിയിരുന്ന ഞാന്‍ ഈ റിസല്‍ട്ട് കണ്ട് പകച്ചുപോയി. കാരണം ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് ഞാന്‍ പത്താംക്ലാസും പ്രീഡിഗ്രിയും വിജയിച്ചത്. പ്രീഡിഗ്രിയില്‍ ഐച്ഛിക വിഷയമായ കണക്കിന്, നൂറ് ശതമാനം മാര്‍ക്കുമുണ്ടായിരുന്നു. പക്ഷേ എന്‍ജിനീയറിംഗ് പ്രവേശനത്തിന്‍റെ അടിസ്ഥാനം അതല്ലല്ലോ. എന്നിരുന്നാലും ഒരു വര്‍ഷം പാഴാക്കി കളയേണ്ട എന്നുകരുതി റാങ്കുപ്രകാരം കോട്ടയം ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജില്‍ മെറിറ്റ് സീറ്റ് ലഭിച്ചപ്പോള്‍ മനസില്ലാ മനസോടെ അത് സ്വീകരിച്ചു.
മൂന്നാം വര്‍ഷ പഠനത്തിനിടയിലാണ് കോളജില്‍ ജീസസ് യൂത്ത് എന്നറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രാര്‍ത്ഥനാ കൂട്ടായ്മ ഉണ്ടെന്നും അത് സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും കൂടുതല്‍ ഹൈന്ദവവിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ അതിലേക്ക് ആകൃഷ്ടരാകുന്നുവെന്നും ഞാന്‍ മനസിലാക്കുന്നത്. ഒരു ഹൈന്ദവകുടുംബത്തിലെ ഏകസന്തതിയായിരുന്നു ഞാന്‍. പത്താംക്ലാസ് കഴിയുന്നതിനുമുമ്പേ അച്ഛന്‍ എന്നെ ഭഗവദ്ഗീത അര്‍ത്ഥം മനസിലാക്കി പഠിപ്പിച്ചു. അതിനാല്‍ത്തന്നെ പഠിച്ച ഹൈന്ദവ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഈ ക്രൈസ്തവ പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നില്‍ അതീവ കോപവും പുച്ഛവും വെറുപ്പുമാണ് ഉളവാക്കിയത്.
പിന്നീട് ഞാന്‍ ഈ കൂട്ടായ്മയിലേക്ക് പോയിക്കൊണ്ടിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അതികഠിനമായി റാഗിംഗ് ചെയ്യാന്‍ തുടങ്ങി. ഒരു ദിവസം, ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനായി ഞാനും പങ്കെടുക്കുകയും ചെയ്തു. അവിടുത്തെ പ്രാര്‍ത്ഥനാരീതികളെയെല്ലാം മനസുകൊണ്ട് ഖണ്ഡിച്ചാണ് ഞാന്‍ തിരിച്ചുവന്നത്. അതില്‍ പങ്കെടുക്കുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളുമായി ശക്തമായി വാദപ്രതിവാദം നടത്താനും അവരെ അവഹേളിക്കാനും തുടങ്ങി.
അങ്ങനെയിരിക്കേ, അവധിക്കാലത്ത് കോളജില്‍നിന്ന് ഗോവയിലേക്ക് ഒരു ഉല്ലാസയാത്ര. ക്ലാസിലെ ‘വില്ലന്മാര്‍’ ആയിരുന്ന ഞങ്ങള്‍ തകര്‍ത്തുല്ലസിച്ചു. ഗോവയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ശരീരം സൂക്ഷിച്ചിരുന്ന ദൈവാലയത്തില്‍ ഞങ്ങള്‍ പോയി. മുഷിപ്പോടെയും അതിലുപരി ‘പള്ളിയില്‍ എന്തു കാണാനാണ്’ എന്ന വെറുപ്പ് കലര്‍ന്ന മനോഭാവത്തോടെയുമാണ് ഞാന്‍ അള്‍ത്താരയുടെ തൊട്ടുമുന്നിലുള്ള നിരയില്‍ ഇരുന്നത്. വെറുപ്പ് കാരണം കോളിളകി മറിയുന്ന സമുദ്രംപോലെയായിരുന്നു മനസ്. കൂടാതെ അസഹനീയമായ, തല പൊട്ടിപ്പൊളിയുന്നപോലെയുള്ള തലവേദനയും എനിക്കനുഭവപ്പെട്ടു. ആ സമയത്ത് തളര്‍ന്ന് വിവശമായ കണ്ണുകളോടെ ഞാന്‍ അള്‍ത്താരയിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ അടഞ്ഞുപോകുന്നതുപോ ലെ… രണ്ട് നിമിഷം എന്‍റെ കണ്ണടഞ്ഞിരുന്നിരിക്കണം.
പിന്നീട് കണ്ണ് തുറന്നപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ശാന്തിയുടെ ഒരു കാണപ്പെടാത്ത വലയം തങ്ങിനില്ക്കുന്നതായി അനുഭവപ്പെട്ടു. ആ വലയം എന്നെയും ആഗിരണം ചെയ്തതായും മനസിന് ഒരു അഭൗമമായ ഭാരക്കുറവും ശാന്തിയും അനുഭവപ്പെടുന്നതായും എനിക്ക് മനസിലായി. എന്‍റെ തലവേദന പൂര്‍ണമായും വിട്ടുമാറിയിരുന്നു. മനസ് മുഴുവന്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അകാരണമായ സന്തോഷം. ഒരുപാടുകാലം പിരിഞ്ഞിരുന്ന ഒരു ആത്മാര്‍ത്ഥ സുഹൃത്ത് അടുത്തെവിടെയോ ഉണ്ട് എന്ന് മനസിലാക്കിയതുപോലുള്ള ഒരു സന്തോഷമായിരുന്നു അത്. സങ്കീര്‍ത്തനം 34:5- “അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.” ഈ ദൈവവചനം എനിക്ക് അനുഭവവേദ്യമാകുകയായിരുന്നു അന്ന്.
തിരിച്ചുള്ള യാത്രയില്‍ എന്നെ സ്പര്‍ശിച്ചവനെ കൂടുതല്‍ അറിയാനും അവനോട് സംസാരിക്കാനുമുള്ള തിടുക്കമായിരുന്നു. എന്നെ അവന്‍ സ്വന്തമാക്കിയെന്ന് ആത്മാവ് ഹൃദയത്തില്‍ പറയുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു പ്രശ്നം എനിക്ക് മനസിലായത്. അവന്‍ എന്നോട് സംസാരിക്കുമ്പോള്‍ തിരിച്ച് സംസാരിക്കാന്‍ എനിക്ക് പ്രാര്‍ത്ഥനകളൊന്നും അറിയില്ല!
ഉടനടി ഞാന്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പോകുന്ന, എന്‍റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ അടുത്ത് ഈ പ്രശ്നം പറഞ്ഞു. ആ കുട്ടി എനിക്കൊരു ജപമാല പുസ്തകം നല്കി – നീലനിറത്തില്‍, ഫാത്തിമയിലെ പ്രത്യക്ഷീകരണം പുറംചട്ടയിലുള്ള ജപമാല പുസ്തകം. കൂടെ ഒരു ജപമാലയും. പുത്തനായൊരു സമ്മാനം കിട്ടുന്ന കൊച്ചുകുട്ടിയുടെ ആവേശത്തോടെ ഞാന്‍ അവ രണ്ടും കൈക്കലാക്കി. തിരിച്ച് താമസസ്ഥലത്തെത്തിയപ്പോള്‍, ഞാന്‍ മുട്ടിന്മേല്‍നിന്ന് ആ പുസ്തകത്തിലുള്ള എല്ലാ പ്രാര്‍ത്ഥനകളും ചൊല്ലി – പ്രാര്‍ത്ഥനാരീതികളൊന്നും എനിക്കറിയില്ലായിരുന്നു.
ആ പുസ്തകത്തിനുള്ളില്‍നിന്ന് എനിക്ക് യേശുവിന്‍റെ ഒരു ചിത്രം കിട്ടി. അതിതീക്ഷ്ണമായ നയനങ്ങളുള്ള, ഒരു യേശുവിന്‍റെ ചിത്രം. Oh Lord, for you I seek. Oh Lord, for you I thirst, for you are my God എന്നുള്ള ഒരു പ്രാര്‍ത്ഥന അതിന് പുറകില്‍ എഴുതിയിരുന്നു. ഞാന്‍ മനസില്‍ ഉറപ്പിച്ചു – ഈ പ്രാര്‍ത്ഥനയോടുകൂടിയായിരിക്കും എന്‍റെ പ്രാര്‍ത്ഥന തുടങ്ങുന്നതെന്ന്. യേശുവിന്‍റെ ഈ കൊച്ചുചിത്രം എന്‍റെ പഠനമേശയുടെ പുറത്ത് വച്ചു. പുതിയ ഈ പ്രാര്‍ത്ഥനയില്‍ ഓരോ തവണയും ഹൃദയം ദൈവസ്നേഹത്താല്‍ നിറയുന്നത് എനിക്കനുഭവിക്കാന്‍ സാധിച്ചു.
താമസിച്ചിരുന്ന ലോഡ്ജ് മുറിയുടെ പുറത്ത്, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഒരു ചിത്രമുണ്ടായിരുന്നു. താഴെ ഒരു ചുവന്ന ബള്‍ബും. ഞാന്‍ മുറിയുടെ പുറത്ത് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആ തിരുഹൃദയമുള്ള യേശുവിനോട് സംസാരിച്ചുതുടങ്ങി – ഒരു സുഹൃത്തിനോടെന്നപോലെ – ലഘുപ്രാര്‍ത്ഥനകള്‍ – ‘ഇന്ന സ്ഥലത്തേക്ക് പോകുകയാണ്, കൂടെ വരണേ’ എന്നും മറ്റും. അവധിക്കാലം കഴിഞ്ഞു, കോളജ് തുറന്നു. യേശുവിനോട് കൂടെ ആദ്യമായാണ് ഞാന്‍ കോളജില്‍ പോകുന്നത് – മുമ്പുള്ള യാത്രകളില്‍ അവനുണ്ടായിരുന്നെങ്കിലും ഞാനറിഞ്ഞിരുന്നില്ലല്ലോ!
കോളജില്‍ ചെന്ന് ക്ലാസിലിരുന്നപ്പോള്‍ ഹൃദയത്തില്‍ ഒരു സ്വരം ‘നീ പുതിയ ഒരാളായി എന്ന് കരുതുന്നുവെങ്കില്‍, നീ ദ്രോഹിച്ചവരോടെല്ലാം മാപ്പു ചോദിക്കണം!’ ആ സ്വരത്തെ ഞാന്‍ അവഗണിക്കുംതോറും അത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. എന്‍റെ ഉള്ളില്‍നിന്നുള്ള സ്വരം എന്നെ കണ്ണീരിന്‍റെ വക്കിലെത്തിച്ചു. ആദ്യത്തെ ഇടവേളയില്‍ത്തന്നെ നിറകണ്ണുകളോടെ ഞാന്‍ എന്‍റെ ജൂനിയേഴ്സിനോട്, ഞാന്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരില്‍ റാഗിംഗ് ചെയ്തവരോട്, മാപ്പപേക്ഷിച്ചു തുടങ്ങി. ആദ്യമൊക്കെ ഞാന്‍ സമീപിക്കുന്നതുകണ്ട് അവര്‍ ഭയപ്പെട്ടു. എന്നാല്‍ കണ്ണുനീരോടുകൂടി ഞാന്‍ മാപ്പപേക്ഷിച്ചപ്പോള്‍ അവര്‍ എനിക്ക് മാപ്പ് നല്കി.
തുടര്‍ന്നുള്ള ആദ്യ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഞാനും പങ്കെടുത്തു. സാക്ഷ്യം പറയുന്ന വേളയില്‍ ഞാന്‍ ആവേശത്തോടെ എന്‍റെ അനുഭവം പങ്കുവച്ചു. അത് കഴിഞ്ഞപ്പോഴാണ് അന്ന് പ്രാര്‍ത്ഥന നയിച്ച വിദ്യാര്‍ത്ഥി ഇങ്ങനെ പറഞ്ഞത് – ‘സനല്‍ ഇവിടെ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. കാരണം ഞങ്ങള്‍ സനലിനെ ഈശോയ്ക്ക് നേടിക്കൊടുക്കാനുള്ള പ്രാര്‍ത്ഥന നാലുമാസംമുമ്പേ ആരംഭിച്ചിരുന്നു.’ ഓര്‍ത്തുനോക്കിയപ്പോള്‍ ഞാന്‍ അവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത് നാലുമാസംമുമ്പായിരുന്നു! ശത്രുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ അര്‍ത്ഥം എനിക്കന്ന് മനസിലായി. ആ കൂട്ടായ്മ എനിക്കൊരു ബൈബിള്‍ സമ്മാനിച്ചു.
പിന്നീട് ഈശോ ജീവിതം മുഴുവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു – എന്‍റെ ജോലി, വിവാഹം, മക്കളുടെ ജനനം, ഞങ്ങളുടെ മാമോദീസ, എന്‍റെ അമ്മയുടെ മാമോദീസ എന്നു തുടങ്ങി എല്ലാം. ആ അത്ഭുതങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഞാന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഒരു വിംഗ് കമാന്‍ഡറായി ജോലി ചെയ്യുന്നു. ജീവിതം ഒരു സാക്ഷ്യമായിത്തീര്‍ക്കാന്‍ തന്ന അനുഗ്രഹത്തിനായി കര്‍ത്താവായ യേശുവിനോട്, പറഞ്ഞാല്‍ തീരാത്ത കൃതജ്ഞതയുണ്ട
'വിശുദ്ധ തോമസ് അക്വിനാസ് എഴുതി: “ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്‍റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും.”
പത്രോസിന്‍റെ ജീവിതപരിവര്‍ത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല വീണ്ടുമെടുത്ത് വഞ്ചിയില്‍ കയറി തീരത്തുനിന്നും തിരകളെ മുറിച്ച് പഴയ പണിയിലേക്ക് തിരിച്ചുപോയെങ്കിലും (യോഹന്നാന്‍ 21:1-14), ഉത്ഥാനാനുഭവം ഹൃദയത്തില്‍ വന്നു നിറഞ്ഞപ്പോള്‍ ഒരു സങ്കോചവുമില്ലാതെ ഉറപ്പാര്‍ന്ന ചങ്കൂറ്റത്തോടെയാണ് ഉത്ഥാനത്തിന് സാക്ഷ്യം നല്കുന്നത്. അവനെ അവര്‍ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍ ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍ (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10:40-41).
പത്രോസിന്‍റെ പരിവര്‍ത്തനവും പ്രഘോഷണവും അത്ഭുതങ്ങള്‍കൊണ്ടുള്ള സ്ഥിരീകരണവും ഉത്ഥാനത്തിന്‍റെ പ്രകടമായ സാക്ഷ്യവും തെളിവുകളുമാണ്. ജറുസലേം ദൈവാലയത്തിന്‍റെ സുന്ദരകവാടത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറഞ്ഞത് ഇതാണ്: “സ്വര്‍ണമോ വെള്ളിയോ എന്‍റെ കൈയിലില്ല!… നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക.” അയാള്‍ ചാടി എഴുന്നേറ്റു നടന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). അപ്രകാരം കുതിച്ചു ചാടുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം കണ്ട് അത്ഭുത സ്തബ്ധരായി.
ക്രിസ്തുവിന്‍റെ ഉത്ഥാനത്തില്‍ വിശ്വസിച്ച പത്രോസിന്‍റെ ജീവിതത്തിലെ മാറ്റം അവിശ്വസനീയമല്ലേ? സാധാരണ ഒരു മത്സ്യംപിടുത്തക്കാരന് ഈ സിദ്ധികള്‍ എങ്ങനെ കൈവരുന്നു? അതാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ സ്വാധീനവും ഫലവും.
മഗ്ദലേനയില്‍നിന്ന് ഒരു രഹസ്യം
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ട് ആനന്ദനിര്‍വൃതിയടയാന്‍ ഏറ്റവും ആദ്യം ഭാഗ്യം ലഭിച്ചത് ഒരു സ്ത്രീക്കാണ്, മഗ്ദലേനയിലെ മറിയത്തിന് (യോഹന്നാന്‍ 20:1-18) വളരെ ആകസ്മിക അനുഭവമായിരുന്നു അത്. തീര്‍ത്തും അപ്രതീക്ഷിത നിമിഷത്തിലെ അസുലഭ സൗഭാഗ്യം. യേശുവിന്‍റെ മരണനേരത്ത് ശിഷ്യന്മാര്‍ പലരും ഓടി പ്പോയപ്പോഴും യേശുവിന്‍റെ അമ്മയോടൊപ്പം അവളും കാല്‍വരിയില്‍ നാട്ടിയ കുരിശിന് താഴെ നില്ക്കുന്നുണ്ടായിരുന്നു. ആ അമ്മയെപ്പോലെ തീരാത്ത നൊമ്പരം അവളും അനുഭവിച്ചു. ഈ ലോകത്തില്‍ അവള്‍ക്കുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്. തീരാത്ത നഷ്ടം! വലിയ ശൂന്യത!
യഹൂദ വിശ്വാസമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ ശേഷം മൂന്നുദിവസം കല്ലറയ്ക്കുചുറ്റും ആത്മാവ് ഉണ്ടാകുമത്രേ. യേശുവിനെ അരിമത്തിയായിലെ ജോസഫിന്‍റെ കല്ലറയില്‍ സംസ്കരിച്ചശേഷം സാബത്ത് കഴിഞ്ഞ് പുലരിയാകാന്‍ മറിയം അക്ഷമയോടെ കാത്തിരുന്നു. “ഇരുട്ടായിരിക്കുമ്പോള്‍ തന്നെ” അവള്‍ കല്ലറയില്‍ വന്നെത്തി. അല്പനേരം കരഞ്ഞുതീര്‍ക്കുക. അങ്ങനെ അല്പം ആശ്വാസമനുഭവിക്കുക. അതായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം. അവിടെ എത്തിയപ്പോഴാണ് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച അവള്‍ കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ പാറ മാറ്റപ്പെട്ടിരിക്കുന്നു! അവള്‍ ആകെ പരിഭ്രമിച്ചുപോയി. ഉടനെ തിരികെ ഓടി. ശിഷ്യന്മാരെ അറിയിച്ചു. “കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്ന് മാറ്റിയിരിക്കുന്നു” (യോഹന്നാന്‍ 20:2). ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ട് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി. അവള്‍ പറഞ്ഞ കാര്യം ശിഷ്യപ്രമുഖര്‍ ശരിവയ്ക്കുന്നു. അവര്‍ ഇരുവരും മടങ്ങിപ്പോകുന്നു.
പക്ഷേ, അവള്‍ക്ക് അങ്ങനെ മടങ്ങിപ്പോകാന്‍ മനസുവന്നില്ല. സ്നേഹത്തിന്‍റെ നിര്‍മ്മല ശാഠ്യം ഉള്ളിലൊതുക്കി അവള്‍ അവിടെത്തന്നെ നിന്നു. മറിയം…! പിന്നില്‍നിന്നൊരു വിളി! കരഞ്ഞുകരഞ്ഞ് കണ്ണീര്‍ നിറഞ്ഞ കണ്ണുകള്‍ വിളിച്ചയാളെ തിരിച്ചറിയുന്നില്ല! പക്ഷേ പരിചിതമാണല്ലോ ആ തരളിത ശബ്ദം. കരളിനും കാതിനും പ്രിയമുള്ള സാന്ത്വനസ്വരം! റബോനീ…! ഗുരുവേ! – അവളുടെ ഹൃദയത്തില്‍നിന്നുയര്‍ന്ന പ്രത്യുത്തരം. ഉത്ഥാനത്തിന്‍റെ പ്രഥമ സാക്ഷിയായി മഗ്ദലേനയിലെ മറിയം അങ്ങനെ മാറി. ഫ്രാന്‍സിസ് പാപ്പ അവളെ വിളിക്കുന്നത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പ്രഥമ അപ്പസ്തോല എന്നാണ്.
സമൂഹം ഒറ്റപ്പെടുത്തുകയും പാപിനി എന്ന് മുദ്രകുത്തി മുറിപ്പെടുത്തുകയും ചെയ്യപ്പെട്ട അവള്‍ക്ക് സമ്മാനമായി ലഭിച്ച ആശ്വാസ അനുഭവമായിരുന്നു ആ സമാഗമം. ആത്മഹര്‍ഷത്തിന്‍റെ നിമിഷം. പാപിനിയായവള്‍ യേശുവിന്‍റെ പാദങ്ങളില്‍ പൂശാനുപയോഗിച്ച നാര്‍ദീന്‍ തൈലപരിമളം ചുറ്റും പടര്‍ന്നപോലെ വിശുദ്ധിയുടെ സുഗന്ധമായി ആ നിര്‍മ്മല സാക്ഷ്യം ഇന്നും നിലകൊള്ളുന്നു. പഴയകാല ജീവിതമല്ല, പശ്ചാത്താപവും പുതിയ തുടക്കത്തിനായുള്ള തീരുമാനവുമാണ് ഉത്ഥാനാനന്ദവും നവജീവിതവും നമ്മില്‍ കൊണ്ടുവരുന്നത്.
നമുക്കും പ്രാര്‍ത്ഥിക്കാം: പത്രോസിനെപ്പോലെയും മഗ്ദലേനയിലെ മറിയത്തെപ്പോലെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി, സൗഭാഗ്യമായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ എന്നെ അനുഗ്രഹിക്കണമേ. അതുവഴി ആത്മീയ ആനന്ദവും ശാശ്വത സമാധാനവും എന്നിലും നിറയ്ക്കേണമേ. ഞാനും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ ആമ്മേന്‍.
'ബി.ടെക് പഠനം പൂര്‍ത്തിയാക്കുന്നതുവരെ എന്‍റെ ആഗ്രഹങ്ങള്‍ നല്ല കോഴ്സ് നേടുക, വിദേശത്ത് പോകുക, അവിടെ താമസമാക്കുക, ജീവിതം അത്യാവശ്യം അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു. മുക്കൂത്തി ഉള്‍പ്പെടെ ആഭരണങ്ങളോട് വലിയ താല്പര്യമായിരുന്നു എനിക്ക്. വീട്ടില്‍നിന്നും ആവശ്യത്തിലധികം വാങ്ങിനല്കുകയും ചെയ്തു. അവയെല്ലാം ഊരിമാറ്റുക എന്നത് തികച്ചും അചിന്തനീയം. എങ്കിലും ഈശോയുമായി എനിക്ക് വലിയ അടുപ്പവും സ്നേഹവുമായിരുന്നു. പക്ഷേ, ഒരു സിസ്റ്റര്‍ ആകണം എന്നുള്ള ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.
ഒമ്പതാം ക്ലാസുമുതല്‍ എന്‍റെ മനസില്‍ കടന്നുകൂടിയ ചിന്ത, ആ നാളുകളില്‍ കൂടുതല്‍ വേട്ടയാടാന്‍ തുടങ്ങി. മരണശേഷം എന്‍റെ ആത്മാവ് എവിടെയായിരിക്കും? ലോകം ‘പാപി’ എന്നു വിളിച്ച അഗസ്റ്റിനെയും മറിയം മഗ്ദലേനയെയും വിശുദ്ധിയിലേക്ക് നടക്കാന്‍ ശക്തിപ്പെടുത്തിയ ദൈവാനുഭവം എന്തായിരിക്കും? ഈ രണ്ട് ചോദ്യങ്ങളും എന്നിലെ ദൈവവിളിയെക്കുറിച്ചുള്ള സംശയം എന്നില്‍ ഉളവാക്കി. ഏത് ജീവിതാന്തസ് തിരഞ്ഞെടുക്കണം എന്ന വലിയ ആശയക്കുഴപ്പത്തിലേക്ക് അത് എന്നെ തള്ളിവിട്ടു. ലോകത്തിന്‍റെ വഴിയേ പോകാനുള്ള മനസിന്‍റെ ആഗ്രഹവും എന്നാല്‍ അതല്ല എന്‍റെ വഴി എന്നുപറഞ്ഞ് എന്നെ പുറകോട്ട് വലിച്ച ചിന്തകളും.
നല്ല ജോലിസാധ്യതകള്‍, സുരക്ഷിതമായ കുടുംബാന്തരീക്ഷം എല്ലാം മുന്നില്‍ തുറന്നു കിടക്കുമ്പോള്‍ മുന്നോട്ട് പോകാന്‍ സാധിക്കാത്തവിധം ഞാന്‍ തട്ടി നിന്നു. എല്ലാം കൂടെ ശ്വാസം മുട്ടിച്ചു. വലിയ ശൂന്യതാബോധത്തിലേക്ക് ഞാന്‍ വീണു. സകല മനുഷ്യരുടെയും ഉള്ളില്‍ ദൈവത്തിനായുള്ള ഒരു ശൂന്യതയുടെ ഇടം ഉണ്ട്, ദൈവത്തിന് മാത്രമേ അത് നിറയ്ക്കാന്‍ സാധിക്കൂ എന്നും അന്നത്തെ ശൂന്യതാബോധം ഈ കാരണത്താല്‍ ആയിരുന്നുവെന്നും ഞാന്‍ പിന്നീട് മനസിലാക്കി.
ഫുഡ് കോര്‍പ്പറേഷനും കുരിശും
അങ്ങനെയിരിക്കെ, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് പ്രൊബേഷനറി എന്‍ജിനീയര്‍ പോസ്റ്റിനുള്ള ടെസ്റ്റിന് അപേക്ഷിച്ചു. ശേഷം 2015 ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ദൈവാലയത്തില്‍ എത്തിയത് ‘വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ…’ എന്ന പരിശുദ്ധാത്മാവിന്‍റെ ഗാനത്തിന്‍റെ വരികള്‍ കേട്ടുകൊണ്ടാണ്. എന്‍റെ ആത്മാവ് അപ്പോള്‍ ആ അവസ്ഥയിലായിരുന്നു. ദൈവാലയത്തിലെ ക്രൂശിതരൂപത്തിലേക്ക് നോക്കി എന്‍റെ ഉള്ളില്‍നിന്നും പ്രാര്‍ത്ഥിച്ചു: ‘കര്‍ത്താവേ, ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത് അങ്ങ് കാണുന്നില്ലേ?’ ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ച അതേ സമയത്ത്, എനിക്ക് ആത്മീയ നിര്‍ദേശങ്ങള്‍ തരുന്ന സിസ്റ്റര്‍ ദൈവപദ്ധതിയെന്ന പോലെ എന്നെ ഫോണില്‍ വിളിച്ചു. വിശുദ്ധ ബലിക്കുശേഷമാണ് സിസ്റ്ററുമായി സംസാരിച്ചതെങ്കിലും അന്ന് സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ആഴത്തില്‍ പതിഞ്ഞു. അതൊരു വഴിത്തിരിവാകുകയായിരുന്നു.
സിനിമാ താരത്തിന്‍റെ പിന്നാലെ
തീരുമാനം എടുക്കാന്‍ രണ്ടാഴ്ച കോഴിക്കോട് ഫോര്‍മേഷന്‍ ഹൗസില്‍ ധ്യാനിക്കുന്ന സമയം. ആ നാളുകളില്‍ വായിക്കാന്‍ കിട്ടിയത്, ഹോളിവുഡ് സിനിമാതാരമായിരിക്കെ മിണ്ടാമഠത്തില്‍ ചേര്‍ന്ന മദര്‍ ഡോളോറസ് ഹാര്‍ട്ടിന്‍റെ ‘ദ ഇയര്‍ ഓഫ് ദ ഹാര്‍ട്ട്’ (The Ear of the Heart) എന്ന ആത്മകഥാ ഗ്രന്ഥമാണ്. അത് എന്നെ ഏറെ സ്വാധീനിച്ചു. മദറിനെ അപ്രകാരമൊരു ചലഞ്ചിങ്ങ് തീരുമാനം എടുക്കാനും അമ്പതുവര്‍ഷം സന്യാസിനിയായി ജീവിക്കാനും ശക്തിപ്പെടുത്തിയ ഈശോ എന്നെയും ശക്തിപ്പെടുത്തും എന്ന ചിന്ത എന്നില്‍ ദൃഢമായി.
പക്ഷേ, കുടുംബം വിട്ടുപോകുക വേദനാജനകമായിരുന്നതിനാല്‍ ഒരു ‘യോനാ’ ആകുമോ എന്ന ഭയപ്പാടിലായി. അന്നാളില്‍ ഏവര്‍ക്കും സ്വീകാര്യമായെത്തിയ വിവാഹാലോചനയും ഫുഡ് കോര്‍പറേഷനിലെ ജോലിസാധ്യതയുമെല്ലാം എന്നെ പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു. പക്ഷേ കര്‍ത്താവ് അവിടെയും പ്രവര്‍ത്തിച്ചു. ‘യോന’യുമായി താതാത്മ്യപ്പെട്ടുകൊണ്ടുള്ള എന്‍റെ ചിന്തകള്‍ അറിയാത്ത ഒരു വൈദികനിലൂടെ അവിടുന്ന് എനിക്ക് താക്കീത് നല്കി. അതിനും പുറമേ, ഫോര്‍മേഷന്‍ ഹൗസിന്‍റെ ഇടനാഴിയിലൂടെ ചാപ്പലിലേക്കുള്ള വഴിയില്‍വച്ച് ഞാന്‍ എന്‍റെ ഉള്ളില്‍ കേട്ടു: “സ്രഷ്ടാവിനെക്കാള്‍ ഉപരി സൃഷ്ടിയെ നീ സ്നേഹിക്കുമോ?” ശക്തമാണ് അവിടുത്തെ പ്രവൃത്തികള്‍….
കര്‍ത്താവിനോട് ‘യെസ്’ പറഞ്ഞാല്‍ അത് എന്നെന്നേക്കും ഉള്ളതായിരിക്കണം; ഞാന്‍ തീരുമാനിച്ചു. എന്നാല്‍ എന്‍റെ ദൈവവിളി സന്യാസത്തിലേക്കാണ് എന്ന ഉറപ്പ് എനിക്ക് കിട്ടണം. ഞാന്‍ മാതാവിന്‍റെ അടുത്തുപോയിരുന്ന് കുറേ കരഞ്ഞു. ദൈവവചനത്തിലൂടെ സ്ഥിരീകരണം ചോദിച്ചു. അപ്പോള്‍ യോഹന്നാന്‍ 15:16-ലൂടെയാണ് ഈശോ എന്നോട് സംസാരിച്ചത്. “നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.” ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ അന്ന് ആ വചനം കണ്ടത്. എന്‍റെ മിസ്ട്രസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. സഭാവസ്ത്ര സ്വീകരണത്തിന്‍റെയും ആദ്യവ്രതവാഗ്ദാനത്തിന്‍റെയും ദിവസം കാര്‍മികന്‍ വായിക്കുന്ന സുവിശേഷഭാഗത്തിലെ വചനമാണ് ഇതെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായി, ഈശോ എന്നെ സന്യാസത്തിലേക്ക് വിളിക്കുന്നു. അതുവരെ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയാതിരുന്ന എല്ലാ ഭൗതിക താത്പര്യങ്ങളും വേണ്ടെന്നുവയ്ക്കാന്‍ ഈ വചനം എന്നെ ശക്തിപ്പെടുത്തി.
കണ്ണുനീരിന്‍റെ രക്തസാക്ഷികള്‍
എന്‍റെ അപ്പയും അമ്മയും ആണ് എന്‍റെ ആദ്യ ദൈവവിളി പരിശീലകര്‍. സ്നാപകയോഹന്നാന്‍റെ ജനനത്തിരുനാള്‍ ദിനം ജനിച്ച എന്നെ അന്ന് ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന സിസ്റ്റര്‍ നഴ്സ് കൈയില്‍ എടുത്ത് ‘ഇത് കര്‍ത്താവിനുള്ള കുഞ്ഞാണ്’ എന്ന് പറഞ്ഞുവെന്ന് അമ്മ എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. ആ അനുഭവം എന്നോട് പങ്കുവച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഇത് എഴുതാന്‍ എനിക്ക് കഴിയുകയില്ല.
മഠത്തില്‍ ചേരുന്ന ദിനം അപ്പ എനിക്ക് ഒരു ചെറിയ കടലാസില്‍ എഴുതിത്തന്നു. 1 തിമോത്തിയോസ് 6:11-12- “എന്നാല്‍ ദൈവികമനുഷ്യനായ നീ ഇവയില്‍നിന്ന് ഓടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്‍റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.”
കോണ്‍വെന്‍റിലേക്കുള്ള യാത്രയില്‍ ഹൈവേയില്‍നിന്നും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു: “ജീവിതം തുടങ്ങുമ്പോള്‍ ഹൈവേയിലൂടെയുള്ള യാത്രപോലെ സുഗമമായെന്നുവരും. പക്ഷേ എപ്പോഴും അതുപോലെ എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ ഇതാണ് വഴി, ഇതിലേതന്നെ പോകണം. മുന്നോട്ട് കാല്‍ വച്ചാല്‍ തിരിഞ്ഞുനോക്കലില്ല.”
ഞങ്ങളുടെ സഭാസ്ഥാപകനായ വര്‍ക്കിയച്ചന്‍ പറയും: ‘ചിലപ്പോള്‍ അനുസരിക്കുക എന്നത് മരണം കൂടാതെയുള്ള രക്തസാക്ഷിത്വമാണെന്ന്.’ കോണ്‍വെന്‍റില്‍ പ്രവേശിക്കുന്നതിന് എനിക്ക് അനുവാദം തരുമ്പോള്‍ എന്‍റെ മാതാപിതാക്കളും മരണംകൂടാതെ രക്തസാക്ഷികളാകുകയായിരുന്നു. കാരണം, അവര്‍ക്ക് എന്നെ പിരിയുന്നത് അത്രമേല്‍ വേദനാജനകമായിരുന്നിട്ടും ദൈവഹിതം അനുസരിക്കുന്നതിനുവേണ്ടി അവര്‍ കണ്ണുനീരാല്‍ രക്തസാക്ഷിത്വമണിഞ്ഞു.
ഉപ്പുമാവും ഭൂമികുലുക്കവും
ഉപ്പുമാവ് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. കോണ്‍വെന്‍റില്‍ ഒരു ദിവസം പ്രഭാത ഭക്ഷണമായി ഇതാ ഉപ്പുമാവ് എത്തിയിരിക്കുന്നു. ‘എന്തു ചെയ്യും ഈശോയേ…? ഇത് എങ്ങനെ അതിജീവിക്കും?” ഈശോ കുറിക്ക് കൊള്ളുന്ന മറുപടി തിരിച്ചു പറഞ്ഞു: “ഇപ്പോള്‍ ഒരു ഭൂമികുലുക്കം ഉണ്ടായാല്‍ നീ എന്തു കഴിക്കും?” പ്രശ്നത്തിന് പരിഹാരമായി. കാരണം എനിക്ക് മരണഭയം ഉണ്ടായിരുന്നു. ഇന്ന് ഉപ്പുമാവ് കഴിക്കുന്നത് എനിക്കൊരു പ്രശ്നമല്ല.
‘എവറസ്റ്റി’ന് മുകളിലേക്ക്
ഫോര്‍മേഷന്‍ ഹൗസിലെ ടെറസില്‍ പോകണം. പക്ഷേ, കുത്തനെയുള്ള പടികള്‍ കയറി ഇറങ്ങാന്‍ എനിക്ക് പേടിയാണ്; എവറസ്റ്റുപോലെ. ആദ്യദിനം ആ പടികള്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു: “ഈശോയേ ഞാന്‍ ഇവിടെയാണ് താമസിക്കേണ്ടതെങ്കില്‍ ഇതു കയറിയിറങ്ങാന്‍ എനിക്ക് പറ്റില്ല. എനിക്കിവിടെ തുടരാന്‍ വയ്യ. ഞാന്‍ തിരികെപ്പോയേക്കാം. വീണ്ടും മനസ് പിന്മാറ്റത്തിന് കാരണങ്ങള്‍ കണ്ടുപിടിക്കുകയാണോ? പിറ്റേ ദിവസം തുണി വിരിച്ചിടാന്‍ ഞാന്‍ ടെറസില്‍ പോയി. അന്ന് പടികള്‍ കയറിയിറങ്ങിയത് ഞാന്‍ അറിഞ്ഞതേയില്ല. തിരിച്ചുവന്നപ്പോള്‍ ഈശോ ചോദിക്കുംപോലെ: “ഇന്നു നീ അറിഞ്ഞില്ലല്ലോ സ്റ്റെപ്പ്സ് കയറി ഇറങ്ങിയത്?”
മറുപടി പ്രസംഗം
എല്ലാ വൈതരണികളും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സഹായത്താല്‍ അതിജീവിച്ച് ഒടുവില്‍ ഈശോയുടെ സ്വന്തമായി… ഇനി എന്നും അവിടുത്തേതു മാത്രം. സംശയങ്ങളില്ല, മറുചോദ്യമില്ല. പക്ഷേ, സഭാവസ്ത്ര സ്വീകരണവും വ്രതവാഗ്ദാനവും കഴിഞ്ഞിട്ടും ചുറ്റുംനിന്നുള്ള ചോദ്യങ്ങള്‍ എന്നെ വെറുതെ വിട്ടില്ല. ലോകത്ത് ഇത്രയും സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്തിന് ഈ വഴി സ്വീകരിച്ചു? ചോദ്യങ്ങളാല്‍ പൊറുതിമുട്ടി… ആ രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. പിറ്റേന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ കര്‍ത്താവ് എന്നോട് വ്യക്തമായി സംസാരിച്ചു.
നാം നമുക്കിഷ്ടപ്പെട്ട നമ്മുടെ പദ്ധതികളും താത്പര്യങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച്, കര്‍ത്താവിന് നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ നടത്താന്‍ ഇടം കൊടുത്താല്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കാണാം. കാരണം നാം വിശ്വസിക്കുന്നത് ജീവിക്കുന്ന ദൈവത്തിലാണ്, മരിച്ചുപോയ ഒരു ദൈവത്തിലല്ല. നമ്മള്‍ ശേഖരിക്കുന്ന പച്ചവെള്ളം ഒട്ടും താമസമില്ലാതെ വീഞ്ഞാക്കി മാറ്റുന്നവനാണ് അവന്‍.
കര്‍ത്താവ് ബെത്ലഹേമില്‍ ജനിക്കണം എന്നത് ദൈവഹിതം. അവന്‍ സത്രത്തില്‍ ഇടം തേടി. പക്ഷേ അവനെ കാലിത്തൊഴുത്തില്‍ പിറക്കാന്‍ വിട്ടത് ഞാനാണ്. എന്‍റെ ജീവിതത്തിന്‍റെ ലൗകികസുഖത്തിനിടയില്‍ കര്‍ത്താവ് വന്ന് മുട്ടുന്നുണ്ട്. എന്‍റെ സത്രം ഞാന്‍ തുറന്നു കൊടുത്തില്ലെങ്കില്‍ അവന് ഇടമുള്ള കാലിത്തൊഴുത്തില്‍ അവന്‍ ഇന്നും ജനിക്കും.
'വിശുദ്ധ കൊച്ചുത്രേസ്യയുടെ സെലിന്‍ ചേച്ചി ആദ്യകുര്‍ബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന നാളുകള്‍. ഇരുവരുടെയും ചേച്ചിയായ പൗളിന്‍ ആയിരുന്നു സെലിനെ ഒരുക്കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അമ്മയെന്നവണ്ണം സെലിനെ മടിയിലിരുത്തിക്കൊണ്ട് വരാനിരിക്കുന്ന ആ വലിയ കാര്യത്തിന്‍റെ മഹിമയെക്കുറിച്ച് പൗളിന്‍ ചേച്ചി പറഞ്ഞുകൊടുക്കും. കൊച്ചുത്രേസ്യയും അത് കേള്‍ക്കാന്‍ കാത് കൂര്‍പ്പിക്കും. എന്നാല്‍ തീരെ കുഞ്ഞായതുകൊണ്ട് അവിടെനിന്നും പൊയ്ക്കൊള്ളാന്‍ ‘ചേച്ചിയമ്മ’ പറയാറുണ്ട്. പക്ഷേ അത് വിഷമമായിരുന്നു കൊച്ചുത്രേസ്യക്ക്. നല്ല ദൈവത്തെ വിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കാന്‍ നാല് വര്‍ഷം മുമ്പേ ഒരുങ്ങുന്നത് ഒട്ടും കൂടുതലാവില്ല എന്നായിരുന്നു അവളുടെ ചിന്ത.
പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് പൗളിന്‍ ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവള്‍ ഇങ്ങനെ തീരുമാനിച്ചു. “ഞാന്‍ അതുവരെയും കാത്തുനില്‍ക്കുകയില്ല. സെലിന്‍ചേച്ചി പുതിയ ജീവിതം തുടങ്ങുന്ന സമയത്തുതന്നെ ഞാനും അങ്ങനെ ചെയ്യും.” ആ ദിവസം വന്നെത്തിയപ്പോഴാകട്ടെ അത് തനിക്കും സ്വന്തമായിരുന്നാലെന്നപോലെ സന്തോഷമായിരുന്നു കൊച്ചുത്രേസ്യക്ക്.
മറ്റൊരിക്കല്‍ താന്‍ കണ്ടുമുട്ടിയ പാവപ്പെട്ട ഒരു മനുഷ്യനെ സഹായിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സഹായം നിരസിക്കുകയാണ് ചെയ്തത്. ആ മനുഷ്യനെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് കൊച്ചുത്രേസ്യ ആലോചിച്ചു. തന്‍റെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക എന്നതാണ് അവള്‍ കണ്ടെത്തിയ വഴി.
ചേച്ചിക്കുശേഷം നാല് വര്‍ഷത്തോളം കഴിഞ്ഞായിരുന്നു കൊച്ചുത്രേസ്യയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. മുമ്പേതന്നെ അതിനായി ഒരുങ്ങിക്കൊണ്ടിരുന്ന കൊച്ചുത്രേസ്യക്ക് പുതിയ ഉത്തേജനത്തിനായി പൗളിന്‍ ചേച്ചി ഒരു കുഞ്ഞുപുസ്തകം നല്കി; അനുദിനം ചെയ്തുകൊണ്ടിരുന്ന പുണ്യപ്രകരണങ്ങളാകുന്ന പൂക്കള്‍ക്കൊപ്പം ആ പുസ്തകത്തിലെ സ്നേഹപ്രകരണങ്ങളാകുന്ന പൂമൊട്ടുകളും ചേര്‍ത്തുവച്ച് അവള്‍ യേശുവിനെ സ്വീകരിക്കാന്‍ തയാറെടുത്തു.
കൂടാതെ പതിവനുസരിച്ച് സമീപത്തുള്ള മഠത്തില്‍ ബോര്‍ഡിംഗില്‍ ധ്യാനത്തിനായി കുറച്ച് ദിവസം താമസിച്ചു. അവിടെ വൈദികര്‍ കുട്ടികളെ ധ്യാനിപ്പിച്ചിരുന്നു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തെ മഹോത്സവം എന്നാണ് കൊച്ചുത്രേസ്യ വിശേഷിപ്പിക്കുന്നത്. മഹോത്സവത്തിന്‍റെ തലേന്ന് അവള്‍ കുമ്പസാരിച്ചു. അന്ന് അവളെ കാണാന്‍ മഠത്തിലെത്തിയ കുടുംബാംഗങ്ങളോട് അവള്‍ കണ്ണീരോടെയാണത്രേ വന്നുപോയ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചത്.
പിറ്റേന്ന് ആ അതിമനോഹരമായ ദിനം വന്നെത്തി. അന്ന് യേശു തന്‍റെ ആത്മാവില്‍ പതിപ്പിച്ച ആദ്യത്തെ മുത്തം അതീവഹൃദ്യമായിരുന്നു. യേശു തന്നെ സ്നേഹിക്കുന്നതായി ത്രേസ്യക്ക് ആഴത്തില്‍ അനുഭവപ്പെട്ടു. അതിനാല്‍ അവള്‍ പറഞ്ഞു, “ഞാനും അങ്ങയെ സ്നേഹിക്കുന്നു. എന്നേക്കുമായി എന്നെത്തന്നെ അങ്ങേക്ക് നല്കുന്നു.” സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അന്ന് രാത്രി വീട്ടില്‍ ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു. ആ ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം നല്ല ദൈവത്തെ സ്വീകരിക്കാനുള്ള ആഗ്രഹം കൂടിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് തന്‍റെ ആത്മകഥയായ നവമാലികയില്‍ ഇതേപ്പറ്റി വിശുദ്ധ വര്‍ണിക്കുന്നത് അതീവമനോഹരമായാണ്. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ നമ്മുടെ കുട്ടികള്‍ക്കുമുണ്ടാകട്ടെ മറക്കാനാവാത്ത ‘മഹോത്സവം!’
'ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളില്‍ ഞങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങള്‍ മാത്രം നടത്തിപ്പോന്നു. ഗര്‍ഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതിനാല്‍ വാങ്ങണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹം. ഒരു ദിവസം വൈകിട്ട് ചായ കുടിക്കുമ്പോള്‍ ഭര്‍ത്താവും ഞാനും അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്‍റെ കാര്യമായതിനാല്‍ ഉള്ളതില്‍നിന്നും കുറച്ച് പണം അതിനായി മാറ്റിവയ്ക്കാമെന്ന് ഞങ്ങള്‍ കരുതി.
ചായകുടിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴതാ അപ്രതീക്ഷിതമായി കൂടെ ജോലിചെയ്യുന്ന രണ്ടുപേര്‍ വീട്ടിലേക്ക് കടന്നുവരുന്നു. വന്നവര്‍ ഒരു കവര്‍ എന്‍റെ കയ്യിലേല്‍പ്പിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചായ കുടിച്ച് അവര്‍ തിരികെപ്പോയി. അല്പസമയം കഴിഞ്ഞ് അവര്‍ കൊണ്ടുവന്ന കവര്‍ തുറന്നു നോക്കിയ നിമിഷം… അത്ഭുതവും സന്തോഷവും അടക്കാനാകാതെ ഞാന്‍ കരഞ്ഞുപോയി. കവറില്‍ കുറച്ചധികം ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും!!! അതും ഏറ്റവും നല്ല ഗുണനിലവാരമുള്ളത്. ആദ്യം തോന്നിയത് എന്‍റെ യേശു അപ്പച്ചന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ്.
എന്‍റെ ആവശ്യം ഒരു പ്രാര്‍ത്ഥനയായിപ്പോലും ഞാന്‍ സമര്‍പ്പിച്ചിരുന്നില്ല. എങ്കിലും ഹൃദയത്തിലെ ആഗ്രഹം എന്‍റെ പിതാവ് കണ്ടു. അന്ന് ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു, നമ്മുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളും ആവശ്യങ്ങളുംപോലും ദൈവം അറിയുകയും നിറവേറ്റിത്തരികയും ചെയ്യുമെന്ന്. പറഞ്ഞാല്‍ തീരില്ല ആ ദൈവപരിപാലനയുടെ കഥകള്‍…
'ഞങ്ങളുടെ ഇടവകയിലെ യുവവൈദികന്‍ പങ്കുവച്ച അനുഭവം വളരെ ചിന്തോദ്ദീപകമായി തോന്നി. അദ്ദേഹം ഉത്തരേന്ത്യയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ട്രെയിനിലാണ് യാത്ര. രാത്രിനേരം താഴത്തെ തട്ടിലുള്ള തന്‍റെ ബര്‍ത്തില്‍ അച്ചന്‍ വിശ്രമിക്കുന്നു. അപ്പോള്‍ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. കാഴ്ചയില്‍ അറുപത്തിയഞ്ചിലേറെ പ്രായം തോന്നും. അയാള്‍ പറഞ്ഞു: “എനിക്ക് മുകളിലെ ബര്‍ത്താണ് കിട്ടിയിരിക്കുന്നത്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ട്. താങ്കളുടെ ഈ ബര്‍ത്ത് തന്നാല്‍ എനിക്ക് വലിയൊരു സഹായമായിരിക്കും.” അപ്പോള്‍ അച്ചന്‍ പറഞ്ഞു: “എന്‍റെ കാലിന് വേദനയുണ്ട്. മുകളില്‍ കയറി കിടക്കാന്‍ സാധിക്കുകയില്ല.”
അച്ചന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാള്‍ ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുകളില്‍ കയറിക്കിടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അച്ചന്‍ കണ്ട കാഴ്ച അച്ചനെ വേദനിപ്പിച്ചു. ആ ബര്‍ത്തിന്‍റെ ഒരു മൂലയില്‍ ഒരു കൃത്രിമകാല്‍ തൂക്കിയിട്ടിരിക്കുന്നു! അത് തന്നോട് ബര്‍ത്ത് ചോദിച്ച വ്യക്തിയുടെ കൃത്രിമ കാലാണെന്ന് അച്ചന് മനസിലായി.
“എന്‍റെ കാലിന് ചെറിയൊരു വേദന മാത്രമേയുള്ളൂ. സഹിക്കാവുന്ന വേദന മാത്രം. എനിക്ക് മുകളില്‍ കയറി കിടക്കാമായിരുന്നു. അദ്ദേഹം ഒരു കാല്‍ നഷ്ടപ്പെട്ട മനുഷ്യനാണ്. ഞാന്‍ ചെയ്തത് വലിയ ക്രൂരതയായിപ്പോയല്ലോ…” അച്ചന്‍ ആത്മഗതം ചെയ്തു.
ആ സഹയാത്രികന് താഴത്തെ ബര്‍ത്ത് നല്കാന്‍ വിസമ്മതിച്ചത് ശപിക്കപ്പെട്ട ഒരു നിമിഷത്തിലാണെന്ന് അച്ചന് തോന്നി. “മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതില്‍നിന്ന് തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്‍റെ വസ്തുക്കള്‍ എടുത്തുകൊണ്ടുപോകുന്നവനോട് തിരികെ ചോദിക്കരുത്” എന്ന് കല്പിച്ചരുളിയ യേശുക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ തനിക്ക് എന്ത് യോഗ്യതയുണ്ട്? നിസഹായനായ ആ സഹയാത്രികന് തന്‍റെ ബര്‍ത്ത് നല്കാന്‍ കഴിയാതിരുന്നതിനെയോര്‍ത്ത് അച്ചന്‍ ഏറെ വേദനിച്ചു.
അച്ചന്‍ ക്രിസ്മസ് രാത്രി കുര്‍ബാനമധ്യേ ഇക്കാര്യങ്ങള്‍ പറഞ്ഞു. ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാതിരുന്നതുകൊണ്ടാണ് ബര്‍ത്ത് നല്‍കാന്‍ കഴിയാതിരുന്നത് എന്ന് സ്വയം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു, ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാത്തവരാണ് കന്യകാമറിയത്തിന് പ്രസവിക്കാന്‍ ഒരിടം നല്‍കാതിരുന്നത്. എല്ലാ മനുഷ്യരും ദൈവത്തിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് പരസ്പരം സഹോദരങ്ങളുമാണ്.
അതിനാല്‍ സ്നേഹിക്കണം, ഹൃദയത്തില്‍ ഇടം നല്കണം. കൂടെ ജീവിക്കുന്ന ജീവിതപങ്കാളിക്ക് ഹൃദയത്തില്‍ ഇടം നല്കാത്തവരുണ്ട്. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ഹൃദയത്തില്‍ ഇടം നല്കാത്ത മക്കളുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഹൃദയത്തില്‍ ഇടം കൊടുക്കാത്തവരുണ്ട്. എല്ലാവരെയും നമുക്ക് സ്നേഹിക്കാം. എല്ലാവര്‍ക്കും ഇടം നല്കാം. യേശു പലരുടെയും രൂപത്തില്‍ ഇന്നും നമ്മുടെ ഹൃദയത്തില്‍ പിറക്കാന്‍ ഇടം തേടിയെത്തുമ്പോള്‍ അവിടുത്തേക്ക് ഇടം നല്കുന്നവരായി നമുക്ക് മാറാം.
'നമുക്കെല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. ഒരുപക്ഷേ, സന്തോഷത്തിന്‍റേതാകാം, സങ്കടത്തിന്‍റേതാകാം, ദുരിതങ്ങളുടെയും വേദനകളുടെയും പാപഭാരങ്ങളുടെയും ഒക്കെ ആകാം. പക്ഷേ ഭൂതകാലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മുമ്പോട്ട് പോകാനാവില്ല. 30 വര്‍ഷക്കാലം മനിക്കേയന്‍ പാഷണ്ഡതയില്‍ ജീവിച്ച്, ജീവിതത്തിന്‍റെ സര്‍വ്വസുഖങ്ങളും അനുഭവിച്ച വിശുദ്ധ അഗസ്റ്റിന്‍റെ ജീവിത കഥയിലൂടെ എല്ലാ പാപിക്കും ഒരു ഭാവിയുണ്ടെന്ന് നാം മനസ്സിലാക്കുന്നുണ്ട്.
ഫിലിപ്പി ലേഖനം 3: 12 -14 വാക്യങ്ങളില്‍ പറയുന്നു: “ഇത് എനിക്ക് കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല; ഇത് സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്ന് കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.”
വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളുടെ പശ്ചാത്തലം മനസിലാക്കണം. വളരെ മോശമായ ഒരു ഭൂതകാലമുണ്ടായിരുന്നു സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസിന്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിലും വധിക്കുന്നതിലും അവന്‍ വളരെ ആനന്ദിച്ചിരുന്നു. വിശുദ്ധ സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാവൂള്‍ അവിടെ നേതൃത്വം നല്കിയിരുന്നു. എന്നാല്‍ സാവൂളിനെ ക്രിസ്തു എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് അപ്പസ്തോലപ്രവര്‍ത്തനം 9-ാം അധ്യായത്തില്‍ കാണാം. കുതിരപ്പുറത്ത് നിന്ന് താഴെ വീണതും അന്ധനായി മാറിയതും നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാന്‍ എന്ന സ്വരം കേട്ടതും നാം അവിടെ വായിക്കുന്നു.
സാവൂള്‍ അനനിയാസിന്‍റെ അടുക്കല്‍ ചെല്ലുന്നതിനെക്കുറിച്ച് പറയുമ്പോഴും “അവന്‍ സഭയെ പീഡിപ്പിക്കുന്നവനാണ്” എന്നാണ് അനനിയാസും പ്രതികരിച്ചത്. എന്നാല്‍ ഈശോ സ്വന്തമാക്കി സാവൂളിനെ പൗലോസാക്കി മാറ്റി എന്ന് മാത്രമല്ല വിജാതീയരുടെ അപ്പസ്തോലനായും രക്തസാക്ഷിയായും വിശുദ്ധ പൗലോസ് മാറി.
പൗലോസ് പ്രസംഗിച്ചപ്പോഴൊക്കെ തന്‍റെ ഭൂതകാലത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാകും. പക്ഷേ അദ്ദേഹം പറഞ്ഞു. എന്‍റെ പിമ്പിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു എന്ന്. എന്നാല്‍ സംഭവിച്ചവയെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിച്ചിരുന്നെങ്കില്‍ സാവൂള്‍ എന്ന പീഡകന് ഒരിക്കലും ഒരു വിശുദ്ധ പൗലോസ് ആകുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
കഴിഞ്ഞ നാളുകളിലെ കുറവുകളും പോരായ്മകളും നഷ്ടങ്ങളും പാപത്തിന്‍റെ കുറവുകളും മനസ്സിലും ഓര്‍മ്മയിലും സൂക്ഷിച്ച് ഇനി എന്‍റെ ജീവിതത്തില്‍ എല്ലാ നന്മയും അന്യമാണ് എന്ന ചിന്തയും നമ്മിലേക്ക് കടന്നുവരാം. എന്നാല്‍ ഏശയ്യാ 43:18-19 ല്‍ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: “കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ; ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും”.
നമ്മുടെ ജീവിതത്തിന്‍റെ കുറവുകളും തെറ്റുകളും നാം അവിടുത്തോട് ഏറ്റുപറയുമ്പോള്‍ അവിടുന്ന് അത് നിരുപാധികം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നുണ്ട്. ജറെമിയാ 31:34-ല്‍ നാം വായിക്കുന്നു: “അവരുടെ അകൃത്യത്തിന് ഞാന്‍ മാപ്പു നല്കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല.” ദൈവം നമ്മുടെ പാപം മറക്കുന്നു; പൊറുക്കുന്നു. മനസ്സില്‍ വയ്ക്കുന്നുമില്ല. ദൈവം അരുളിചെയ്തു: “നിന്‍റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല”. ദൈവം ഒന്നും ഓര്‍ക്കുന്നില്ല. ദൈവം നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം നമ്മോട് പെരുമാറുന്നുമില്ല. “നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്ത് നമ്മോട് പകരം ചെയ്യുന്നില്ല” (സങ്കീര്‍ത്തനങ്ങള്‍ 103:10).
കഴിഞ്ഞതൊന്നും മറക്കാന്‍ പാടില്ല, പൊറുക്കാന്‍ പാടില്ല എന്നുള്ളത് ദൈവികമായ ചിന്തയല്ല, മറിച്ച് പിശാചിന്‍റെ വലിയ തന്ത്രമാണ്. പത്രോസ് മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞവനാണ്. എല്ലാവരും ഈശോയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍, ശരീരത്തിന്‍റെ കുളിര് മാറ്റുവാന്‍ തീ കാഞ്ഞവനാണ്. എല്ലാവര്‍ക്കും നേതൃത്വം കൊടുക്കേണ്ടവന്‍ എല്ലാവരുടെയും മുമ്പേ മീന്‍ പിടിക്കാന്‍ പോയി. പക്ഷേ അതേ പത്രോസിനെത്തന്നെയാണ് ഈശോ തിരിച്ച് വിളിച്ചതും ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തതും. സകലതും നഷ്ടപ്പെടുത്തിയ ധൂര്‍ത്തപുത്രനെ ആയിരിക്കുന്നപോലെ ആശ്ലേഷിക്കുന്ന പിതാവും നല്കുന്ന സന്ദേശം മറ്റൊന്നല്ല.
കര്‍ത്താവ് ലോത്തിനോടും ഭാര്യയോടും പറഞ്ഞു: “ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക, പിന്തിരിഞ്ഞ് നോക്കരുത്” (ഉല്പത്തി 19:17) പക്ഷേ ലോത്തിന്‍റെ ഭാര്യ കര്‍ത്താവ് പറഞ്ഞത് കേള്‍ക്കാതെ പിന്നിലേക്ക് നോക്കിയതായും ഉപ്പുതൂണായി മാറിയതായും ബൈബിളില്‍ നാം വായിക്കുന്നുണ്ട് (ഉല്പത്തി 19:26).
അതുകൊണ്ട് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദൈവം ആഗ്രഹിക്കാത്തത് നാം ആഗ്രഹിക്കരുത്. ദൈവം മറക്കുന്നത് നാം മറക്കാതിരിക്കരുത്; ദൈവം പൊറുക്കുന്നത് നാം പൊറുക്കാതിരിക്കരുത്. When we look forward, beautiful things will happen in our life.
വി. പൗലോസ് ശ്ലീഹാ ഏറ്റുപറഞ്ഞതുപോലെ ചിലപ്പോള്‍ നാം ഇങ്ങനെ പറയേണ്ടിവരും: ‘ഒരിക്കല്‍ ഞാനും ഈശോ യെ വേദനിപ്പിച്ചിട്ടുണ്ട്, സന്മാതൃക നല്കാതിരുന്നിട്ടുണ്ട്, എന്നിലൂടെ അനേകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ട്.’ എന്നിരുന്നാലും അതിന്‍റെ പേരില്‍ ഇനി ഒരു നന്മയും എന്നില്‍ നിന്ന് ഉണ്ടാകില്ല എന്ന് ചിന്തിക്കുവാന്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതല്‍ വിശ്വസ്തതയോടെ ജീവിച്ച് ഈശോയ്ക്ക് സാക്ഷ്യം നല്കണമെന്നല്ലാതെ മറ്റൊരു ചിന്തയും നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകാതിരിക്കട്ടെ. അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും നോമ്പുകാലം ജീവിത നവീകരണത്തിന് കാരണമാകട്ടെ.
'വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തയാറാക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാചകത്തിലുള്ള എന്‍റെ കഴിവുകുറവാണ് കാരണമെന്ന് പറയാം. അങ്ങനെയിരിക്കേയാണ് വീട്ടില്‍ അമ്മയുടെ അസാന്നിധ്യത്തില്‍ അടുക്കളച്ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നതില്‍ ഒരു സഹായിമാത്രമായിരുന്നു അതുവരെയും ഞാന്‍.
ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് പരിശുദ്ധാത്മാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതും. രാവിലെ ഉണര്‍ന്നാലുടനെ അല്പസമയം പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കും. ദിവസത്തില്‍ പല തവണ പരിശുദ്ധാത്മാവിനെ വിളിക്കും, സഹായം ചോദിക്കും. ആദ്യമാദ്യം ആത്മീയകാര്യങ്ങളിലാണ് കൂടുതല്‍ സഹായം ചോദിച്ചിരുന്നതെങ്കില്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനെ കൂട്ടുവിളിക്കാന്‍ തുടങ്ങി.
അങ്ങനെയൊരു പ്രഭാതം. പ്രാതലിന് എന്തുണ്ടാക്കുമെന്ന് തീരുമാനിക്കാനാവുന്നില്ല. സമയത്തിന് പണികള്‍ തീര്‍ക്കാന്‍ നല്ലത് പുട്ട് ഉണ്ടാക്കുകയാണ് എന്ന് തോന്നി. പക്ഷേ പരിശുദ്ധാത്മാവിനോട് ചോദിച്ചിട്ടാവാം തീരുമാനം എന്ന് പെട്ടെന്ന് മനസില്‍ ഒരു ചിന്ത. അപ്രകാരം ചെയ്തപ്പോഴാകട്ടെ ഒരു ‘കിടിലന്‍ ആശയ’മാണ് കിട്ടിയത്, ‘ഇടിയപ്പം ഉണ്ടാക്കുക!’
‘കിടിലന്‍ ആശയം’ എന്ന് പറയാന്‍ കാരണമുണ്ട്. ഇടിയപ്പം ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം, രുചികരമാകണമെങ്കില്‍ അല്പം നൈപുണ്യവും വേണമെന്നാണ് എന്‍റെ അനുഭവം. ഇതൊക്കെ ഓര്‍ത്തപ്പോള്‍ പരിശുദ്ധാത്മാവിനോട് ‘അതെ’ എന്ന് ഉത്തരം പറയാന്‍ വിഷമമായിരുന്നു. എങ്കിലും അത് ചെയ്യാന്‍തന്നെ തീരുമാനിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. പണികളെല്ലാം സമയത്ത് തീര്‍ന്നു. പക്ഷേ ഞാനും ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നതിനാല്‍ ഇടിയപ്പം കഴിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിട്ടിയത് മറ്റൊരു സന്തോഷം!
കൂടുതല്‍ ഇടിയപ്പം ഉണ്ടാക്കിയിരുന്നെങ്കിലും മക്കള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതിനാല്‍ എല്ലാം തീര്‍ന്നു. ഭര്‍ത്താവിനോട് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും ഉവ്വ് എന്ന് പറഞ്ഞു. സാധാരണയായി ഞാനുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ അധികവും ആസ്വദിച്ച് കഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല എന്നെനിക്കറിയാം. അതിനാല്‍ത്തന്നെ അദ്ദേഹം അത് കൂടുതല്‍ കഴിച്ചു എന്നതിന്‍റെ കാരണം എനിക്ക് ഊഹിക്കാമായിരുന്നു. എങ്കിലും അത് കേള്‍ക്കാനുള്ള ആഗ്രഹംകൊണ്ട് ചോദിച്ചു, “ഇടിയപ്പം നല്ലതായിരുന്നല്ലേ?”
“അതെ, നല്ല രുചിയുണ്ടായിരുന്നു!” അദ്ദേഹത്തിന്‍റെ മറുപടി.
സത്യത്തില്‍ പരിശുദ്ധാത്മാവിനോടുള്ള എന്‍റെ അടുപ്പം വര്‍ധിപ്പിച്ച സംഭവമായിരുന്നു അത്. യോഹന്നാന്‍ 14:26- “എന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” ഈ വചനത്തില്‍ ഈശോ പരിചയപ്പെടുത്തുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ഞാന്‍ അടുത്തനുഭവിച്ചത് അന്ന് അടുക്കളയില്‍വച്ചായിരുന്നു.
'