Home/Evangelize/Article

ഒക്ട് 24, 2024 19 0 ജോര്‍ജ് ജോസഫ്
Evangelize

പ്രശ്‌നക്കാരന്‍ ബോസിനെ ‘തടഞ്ഞ’ പ്രാര്‍ത്ഥന

എന്‍റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വലിയ ഒരു ആഗ്രഹമായിരുന്നു പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫില്‍ പോയി ജോലിചെയ്യണം എന്നത്. എന്നാല്‍ ബി.ടെക്കിന് പഠിക്കുന്ന സമയത്ത് കുടുംബത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടക്കേണ്ടി വന്നു. എന്‍റെ പിതാവിന് ഗൗരവതരമായ ഒരു അപകടം സംഭവിച്ച് അദ്ദേഹം കിടപ്പിലായി. ആ സമയത്ത് ഞാന്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ചികിത്സകളുമൊക്കെയായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു.

തുടര്‍ന്ന് ഞാന്‍ ബി.ടെക് പൂര്‍ത്തിയാക്കി നില്‍ക്കുന്ന 2009 സമയത്ത്, ഗള്‍ഫില്‍ സിറ്റിസണ്‍ ആയ ഒരു വ്യക്തിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹത്തോട് എന്‍റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ഗള്‍ഫില്‍ ജോലി ചെയ്യണമെന്ന സ്വപ്നത്തെക്കുറിച്ചുമെല്ലാം പങ്കുവച്ചു. അദ്ദേഹത്തിന് അവിടെയൊരു കമ്പനിയുണ്ടായിരുന്നു. അവിടെ സൂപ്പര്‍വൈസറായി എനിക്ക് ജോലി തരാം എന്നു പറഞ്ഞു. എനിക്ക് തോന്നി, ദൈവം എന്‍റെ ആഗ്രഹം സാധിച്ചുതരികയാണെന്ന്. അങ്ങനെ ഞാന്‍ ഏറെ സ്വപ്നങ്ങളുമായി ഗള്‍ഫിലെത്തി. കുടുംബത്തിന്‍റെ ക്ലേശകരമായ സാമ്പത്തികസ്ഥിതിയെല്ലാം മാറി മുമ്പോട്ടുള്ള ജീവിതമെല്ലാം ഭംഗിയാകുമല്ലോ എന്ന ചിന്തയോടുകൂടി ഞാന്‍ അവിടെ ചെന്നിറങ്ങി.

പക്ഷേ അവിടെ ചെന്നപ്പോള്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെയുള്ള ക്രമീകരണങ്ങള്‍ ഒന്നും കാണാന്‍ സാധിച്ചില്ല. താമസസൗകര്യവും ഭക്ഷണവുമെല്ലാം തീര്‍ത്തും മോശമായിരുന്നു. അവിടത്തെ കറന്‍സിയിലേക്ക് മാറ്റി കുറച്ച് തുക ഞാന്‍ കൈയില്‍ വച്ചിരുന്നു. അധികം താമസിയാതെ അതെല്ലാം തീര്‍ന്നു. ജോലിയൊന്നും ആയതുമില്ല. അപ്പോഴാണ് ഞാന്‍ അറിയുന്നത് എന്നെ കൊണ്ടുപോയ വ്യക്തി ഒരു മാന്‍പവര്‍ ഏജന്റാണ്?! അയാള്‍ ഇതുപോലെ മറ്റു പലരെയും പല കമ്പനികളിലേക്ക് കൊണ്ടുപോകും. അവരുടെ ശമ്പളം അയാള്‍ വാങ്ങും. അതിന്‍റെ ചെറിയൊരു ശതമാനംപോലും യഥാര്‍ത്ഥവ്യക്തിക്ക് തരില്ല. ഇതാണ് അവിടുത്തെ അവസ്ഥ. അവിടെ ചെന്നവരാരും സാധാരണയായി തിരിച്ചുപോന്നിട്ടുമില്ല. നമ്മുടെ പാസ്‌പോര്‍ട്ടും മറ്റു കാര്യങ്ങളുമെല്ലാം അവര്‍ വാങ്ങിച്ചുവയ്ക്കും. അങ്ങനെ വലിയൊരു പ്രതിസന്ധി നേരിടാന്‍ തുടങ്ങി.

പക്ഷേ അല്പനാളുകള്‍ക്കകം ദൈവാനുഗ്രഹംകൊണ്ട് നല്ലൊരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇനി എന്‍റെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന്. പക്ഷേ മാസങ്ങള്‍ കടന്നുപോയിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ നേരത്തേ കേട്ടിരുന്നതുപോലെ, ആ വ്യക്തിയുടെ കൈയിലാണ് ശമ്പളം കൊടുക്കുന്നതെന്ന് വ്യക്തമായി. നാട്ടിലാണെങ്കില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഓരോ ദിവസവും കൂടിവരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഭീതി മനസില്‍ വളര്‍ന്നുകൊണ്ടിരുന്നു.

എന്നെ ആത്മീയമായി സഹായിക്കുന്ന സിസ്റ്റര്‍ ലില്ലി എഫ്‌സിസിയെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. സിസ്റ്റര്‍ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു, ”ജോര്‍ജേ, ഒരു കാരണവശാലും വഴക്കുണ്ടാക്കാനും ഉടക്കാനും പോകരുത്. കര്‍ത്താവ് ഇതിന് പരിഹാരം കാണും. നമ്മുടെ ദൃഷ്ടിയില്‍ നമുക്കിതെല്ലാം അസാധ്യമാണ്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” റോമാ 12/18-19 വചനം ഇങ്ങനെ പറയുന്നു, ”സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍. പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടേക്കുക. എന്തെന്നാല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരംവീട്ടും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.” ജോ ലിസ്ഥലത്ത് അസ്വസ്ഥതയുണ്ടണ്ടാക്കുന്ന വ്യക്തിയെ എന്താണ് വിളിക്കുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചു. ‘ബോസ്’ എന്നാണെന്ന് പറഞ്ഞപ്പോള്‍ സുകൃതജപംപോലെ ചൊല്ലാന്‍ ഒരു പ്രാര്‍ത്ഥനയും പറഞ്ഞുതന്നു, ‘ബോസിന്‍റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’

നമ്മള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, അതിന് കാരണക്കാരായ വ്യക്തികള്‍ നമ്മുടെ എതിര്‍ഭാഗത്ത് നില്‍ക്കുമ്പോള്‍ അവരെ ശത്രുമനോഭാവത്തോടെ നോക്കാതെ അവര്‍ക്കുവേണ്ടിക്കൂടിയാണ് ഈശോ മരിച്ചത് എന്നൊരു ബോധ്യത്തോടുകൂടി, അവരുടെ ഉള്ളിലും ഒരാത്മാവുണ്ട്. ആ ആത്മാവിന്‍റെ വിശുദ്ധീകരണത്തിന് ദൈവമെന്നെ കാരണമാക്കുകയാണ് എന്ന ബോധ്യത്തോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിന് വലിയ ഫലം ഉണ്ടാകും.

സിസ്റ്റര്‍ പറഞ്ഞുതന്ന സുകൃതജപം ഞാന്‍ ഉരുവിടാന്‍ തുടങ്ങി – ‘കര്‍ത്താവേ ബോസിന്‍റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’ ഒരു ദിവസംതന്നെ പലപ്രാവശ്യം എനിക്ക് സാധിക്കുന്നിടത്തോളം ചൊല്ലാന്‍ തുടങ്ങി. റോമ 12/20- ”നിന്‍റെ ശത്രുവിന് വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. അതുവഴി നീ അവന്‍റെ ശിരസില്‍ തീക്കനല്‍ കൂട്ടും. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.”
അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അവിടെ ഇടപെടാന്‍ തുടങ്ങും. അങ്ങനെ പത്തുമാസത്തോളം മുമ്പോട്ടുപോയി. പ്രതികരിക്കാനോ വഴക്കുണ്ടാക്കാനോ ഒന്നും നിന്നില്ല. പ്രാര്‍ത്ഥിച്ചുതന്നെ മുന്നോട്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പരിചയമുള്ള ഒരു വൈദികന്‍ എന്നെ വിളിച്ചു. ജോലിസ്ഥലത്ത് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.

ഞാന്‍ ഇവിടുത്തെ പ്രശ്‌നങ്ങളെല്ലാം അച്ചനോട് പങ്കുവച്ചു. ഇനി എനിക്ക് നാട്ടില്‍ വരാന്‍ പറ്റുമോ എന്ന് അറിയില്ല എന്നും സങ്കടത്തോടെ അദ്ദേഹത്തോട് പറഞ്ഞു. അവിടത്തെ ഓഫിസിലെ നമ്പര്‍ തരാനാണ് അപ്പോള്‍ അച്ചന്‍ പറഞ്ഞത്, ”ഞാന്‍ ഇവിടെനിന്നൊരു ഫാക്‌സ് അയ്ക്കാം, എന്തെങ്കിലും റിസല്‍ട്ട് ഉണ്ടാകുമോ എന്ന് നോക്കാം,” അതായിരുന്നു ആ വൈദികന്‍ പറഞ്ഞത്. എന്‍റെ പിതാവിന് രോഗം കൂടുതലാണ്. മകനെ കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പത്തുദിവസത്തെ അവധിക്ക് വിടാമോ എന്ന് ചോദിച്ച് അച്ചന്‍ ഓഫീസിലേക്ക് ഫാക്‌സ് അയച്ചു.
പെട്ടെന്നുതന്നെ എന്നെ കൊണ്ടുപോയ സ്‌പോണ്‍സര്‍ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. ചെന്നപ്പോള്‍ ആ ഫാക്‌സ് എടുത്ത് എന്നെ കാണിച്ചിട്ട് ഇതു സത്യമാണോ എന്ന് ചോദിച്ചു. ‘പിതാവിന് സുഖമില്ല, കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പക്ഷേ ഇവിടെനിന്ന് പോകാന്‍ പറ്റില്ലല്ലോ’ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”അതൊന്നും സാരമില്ല, ഞാന്‍ ടിക്കറ്റ് എടുത്തുതരാം.

പത്തുദിവസം കഴിഞ്ഞ് തിരിച്ചുവരണം.” അദ്ദേഹം അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഞാന്‍ ഒരു കാര്യത്തിലും അദ്ദേഹവുമായി വഴക്കുണ്ടാക്കിയിരുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അതിനാല്‍ത്തന്നെ എന്നെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. പെട്ടെന്നുതന്നെ അദ്ദേഹം പോയി എന്‍റെ പാസ്‌പോര്‍ട്ടും രേഖകളുമെല്ലാം എടുത്ത് ടിക്കറ്റും എക്‌സിറ്റ് എന്‍ട്രിയും റീ എന്‍ട്രിയുമൊക്കെ അടിച്ച് കൈയില്‍ തന്നു. അതോടൊപ്പം രണ്ടായിരം റിയാലും തന്നു. പോയിട്ട് പെട്ടെന്ന് തിരിച്ചുപോരാന്‍ പറഞ്ഞു. അങ്ങനെ അത്ഭുതകരമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് എനിക്ക് ആശ്വാസം കിട്ടിയത്. നാട്ടില്‍ വന്നശേഷം ഇനി ഗള്‍ഫിലേക്ക് പോകണ്ട എന്നൊരു തീരുമാനമെടുത്തു. എങ്കിലും ബോസിനുവേണ്ടിയുള്ള സുകൃതജപം നിര്‍ത്തിയില്ല.

പരിശുദ്ധാത്മാവിനോട് ഇങ്ങനെ പറഞ്ഞു, ”പരിശുദ്ധാത്മാവേ, അങ്ങാണല്ലോ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. അതുകൊണ്ട് ആ വ്യക്തിയെ അങ്ങുതന്നെ തടയണേ.” പത്തുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ വിളിച്ച് എന്നാ തിരിച്ച് വരുന്നത്, റിട്ടേണ്‍ ടിക്കറ്റ് എടുക്കണ്ടേ എന്നെല്ലാം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ”എനിക്ക് ഒരു മാസത്തെക്കൂടി അവധിവേണം. അല്ലാതെ ഇവിടെനിന്ന് വരാന്‍ പറ്റില്ല.” അങ്ങനെ വീണ്ടും അവധി നീട്ടി. അവിടെയായിരുന്നപ്പോള്‍ രണ്ടുവര്‍ഷത്തേക്കുള്ള ഒരു ബോണ്ട് എന്നെക്കൊണ്ട് ഒപ്പിടുവിച്ചിരുന്നു. ഭാഷ മനസിലാവാത്തതിനാല്‍ കാര്യമെന്തെന്നറിയാതെയാണ് ഞാനതില്‍ ഒപ്പിട്ടത്. പിന്നീടുമാത്രമാണ് ചതി മനസിലായത്. എങ്കിലും ദൈവാനുഗ്രഹമെന്നു പറയട്ടെ, പിന്നീട് ആ മനുഷ്യന്‍ വിളിച്ചിട്ടില്ല. ഞാന്‍ മടങ്ങിപ്പോയതുമില്ല. ദൈവം അത്ഭുതകരമായി വലിയൊരു കെണിയില്‍നിന്നും എന്നെ രക്ഷിച്ചുകൊണ്ടുവന്നു.

അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഇതുപോലൊരു ഫലമുണ്ടെന്ന് മനസിലായത് ഈ സംഭവത്തോടുകൂടിയാണ്. അതിനാല്‍ വീട്ടിലോ സുഹൃത്തുക്കളുടെ കൂടെയോ ജോലിമേഖലയിലോ പഠനമേഖലയിലോ ശുശ്രൂഷാമേഖലയിലോ എല്ലാം നമ്മള്‍ ഏതവസ്ഥയിലായാലും ആരെങ്കിലും നമുക്ക് എതിരായിനിന്ന് നമ്മെ എതിര്‍ക്കാന്‍ തുടങ്ങിയാല്‍, വലിയ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയാല്‍, മനസിലാക്കുക- ആ വ്യക്തിയുടെ ഉള്ളിലെ ആത്മാവിന്‍റെ വിശുദ്ധീകരണത്തിന് ദൈവം നമ്മെ പാത്രമാക്കുന്നു. അങ്ങനെ നമുക്കും ഓരോ വ്യക്തിയെയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. അവരുടെ ആത്മാവിനെ വിശുദ്ധീകരിച്ച് ദൈവത്തിന്‍റെ കരങ്ങളിലെത്തിക്കാം. നമ്മുടെ പ്രതിസന്ധി അതോടുകൂടി ലഘൂകരിക്കപ്പെടും. ഈ ആത്മീയ അറിവിലേക്ക് നമുക്ക് എത്തിപ്പെടാം. അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങാം.

Share:

ജോര്‍ജ് ജോസഫ്

ജോര്‍ജ് ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles