Home/Engage/Article

ഡിസം 08, 2022 257 0 Ancimol Joseph
Engage

ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്

തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍ രശ്മികള്‍ അയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അപ്രകാരം 24-ല്‍പരം യുദ്ധ വിമാനങ്ങളും ലേസര്‍ റേഡിയേഷനിലൂടെ തകര്‍ക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഈ ലേസര്‍ രശ്മികളെക്കാള്‍ എത്ര ശക്തമാണ്! എത്ര വലിയ പ്രതിബന്ധങ്ങളും പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ നിര്‍വീര്യമാക്കപ്പെടുകയില്ലേ? എന്നാല്‍ പലപ്പോഴും നാം അത് തിരിച്ചറിഞ്ഞ് ആ ശക്തി ഫലപ്രദമായി ഉപയോഗിക്കാറുണ്ടോ?

“വിനീതന്‍റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു” (പ്രഭാഷകന്‍ 35/20) എന്ന് തിരുവചനം പറയുന്നു.

ആഫ്രിക്കന്‍ സുവിശേഷകനായ ജോണ്‍ മുലിന്‍ഡേയോട് ഒരു സാത്താന്‍ ആരാധകന്‍ പങ്കുവച്ച അയാളുടെ അനുഭവങ്ങള്‍ ജോണ്‍ വെളിപ്പെടുത്തുകയുണ്ടായി. അമ്മയുടെ ഉദരത്തില്‍ ആയിരിക്കെത്തന്നെ പിശാചിന് സമര്‍പ്പിക്കപ്പെട്ടവനായിരുന്നു അയാള്‍. കേവലം 6 വയസുമാത്രമുള്ളപ്പോള്‍പോലും മാതാപിതാക്കള്‍ ഉള്‍പ്പെടെ സകലരും അവനെ ഭയപ്പെടാന്‍ തുടങ്ങി. അത്ര ബീഭത്സമായിട്ടാണ് ആ ബാലനിലൂടെ തിന്മ പ്രവര്‍ത്തിച്ചത്. വളര്‍ന്നപ്പോള്‍ ദുഷ്ടാരൂപികളോട് ചേര്‍ന്ന് സകലവിധ തിന്മപ്രവൃത്തികളും ചെയ്തുപോന്നു.

പ്രധാനമായും ക്രൈസ്തവരെയും ക്രിസ്തീയമായവയെയും തകര്‍ക്കുക എന്നതായിരുന്നു അവന്‍റെ ലക്ഷ്യം. അപ്രകാരം പല ക്രൈസ്തവ ദൈവാലയങ്ങളും അവന്‍ തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ടത്രേ. 20 വയസുള്ളപ്പോള്‍, ഇത്തരുണത്തില്‍ ഒരു ക്രൈസ്തവ ദൈവാലയം തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടു. ആ യുവാവിന്‍റെ ശരീരം അയാളുടെ സ്വന്തം മുറിയില്‍ ഉപേക്ഷിച്ച്, അരൂപിയായി ദൈവാലയത്തെ ലക്ഷ്യമാക്കി വായുവില്‍ ഉയര്‍ന്നു. അതിശക്തരായ ദുഷ്ടാരൂപികളുടെ വലിയൊരു സൈന്യത്തോടൊപ്പമാണ് അയാള്‍ ദൈവാലയം ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

അവര്‍ ദൈവാലയത്തിനു നേരെ മുകളിലെത്തിയപ്പോള്‍ അവര്‍ക്ക് അവിടേക്ക് അടുക്കാന്‍ സാധിക്കാത്തവിധം ശക്തമായ ഒരു പ്രകാശവലയം ആ ദൈവാലയത്തെ പൊതിഞ്ഞിരിക്കുന്നതാണ് അവര്‍ കണ്ടത്. പെട്ടെന്ന് ഒരുകൂട്ടം മാലാഖമാര്‍ ആകാശത്ത് പ്രത്യക്ഷപ്പെടുകയും അവര്‍ ഇയാളെയും ദുഷ്ടാരൂപികളെയും ആക്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ പൈശാചിക ശക്തികളെല്ലാം പരാജയപ്പെട്ട് ഓടിയൊളിച്ചു. ഇയാളെ മാത്രം ദൈവദൂതര്‍ തൂക്കിയെടുത്ത് ദൈവാലയത്തിനുള്ളിലേക്ക് കൊണ്ടുപോയി. ആറ് മാലാഖമാരുണ്ടായിരുന്നു അവര്‍. ദൈവാലയത്തിന്‍റെ മേല്‍ക്കൂരക്കുള്ളിലൂടെ ഇയാള്‍ ദൈവാലയത്തിനുള്ളില്‍, അള്‍ത്താരക്കുമുമ്പിലേക്ക് നിപതിച്ചു. തദവസരത്തില്‍ ദൈവാലയത്തില്‍ ശക്തമായ പ്രാര്‍ത്ഥനയും ദൈവാരാധനയും നടന്നുകൊണ്ടിരിക്കുകയായിരുന്നു.

പുരോഹിതന്‍ കണ്ണുതുറന്നുനോക്കുമ്പോള്‍ ഇയാള്‍ തന്‍റെ ശരീരത്തോടെ ദൈവാലയത്തിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. താന്‍ സ്വന്തം മുറിയില്‍ ഉപേക്ഷിച്ചിട്ടുപോന്ന ശരീരം എങ്ങനെ തന്‍റെ ആത്മാവോടു ചേര്‍ന്നു എന്ന് ഇപ്പോഴും അറിയില്ല എന്നാണ് അയാള്‍ പറഞ്ഞത്. പുരോഹിതനും ജനങ്ങളും ഒരുമിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ വലിയ വിറയലോടെ അനേകം ദുഷ്ടാരൂപികള്‍ ഈ യുവാവിന്‍റെ ശരീരത്തില്‍നിന്നും പുറത്തുപോയി. ഒടുവില്‍ സകല തിന്മയുടെ ശക്തികളില്‍നിന്നും വിമോചിതനായ ആ യുവാവ് ക്രിസ്തുവിനെ സ്വീകരിച്ച് അവിടുത്തെ സ്വന്തമായി ജീവിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ യേശുവിന്‍റെ സ്നേഹം പ്രഘോഷിക്കുന്ന സുവിശേഷകനാണ് അയാള്‍ എന്ന് സുവിശേഷകന്‍ ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു.

“നീതിമാന്‍റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16) എന്ന തിരുവചനത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. മാത്രമല്ല, എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന, അതിശക്തരായ സാത്താനിക ശക്തികളെയും തോല്പിച്ച് ഓടിക്കാന്‍ വിനീതരുടെ പ്രാര്‍ത്ഥനക്ക് സാധിക്കും. അതിനെല്ലാം ഉപരി, തിന്മ കയ്യടക്കി വച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ യേശുവിനുവേണ്ടി രക്ഷിച്ചെടുക്കാനും പ്രാര്‍ത്ഥനക്ക് ശക്തിയുണ്ട്.

അനേകനാളുകള്‍ പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാതെ വന്നാല്‍ ചിലപ്പോഴെങ്കിലും മടുപ്പോടെ നാം പ്രാര്‍ത്ഥന ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന ഫൈറ്റര്‍ വിമാനങ്ങളെ തകര്‍ക്കുന്ന ലേസറിനെക്കാള്‍ ശക്തമാണെന്നും തിന്മയെ പ്രഹരിച്ച് തകര്‍ക്കാനും നന്മയ്ക്ക് കവചമായി നിലകൊണ്ട് സംരക്ഷിക്കാനും പ്രാര്‍ത്ഥന പോലെ ശക്തമായ മറ്റൊന്നില്ല എന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.

നിരന്തരം ചോദിച്ചുകൊണ്ടിരുന്നാല്‍ ഉറപ്പായും ലഭിക്കും. തുറക്കുംവരെ മുട്ടിക്കൊണ്ടിരിക്കണം. അപ്പോള്‍ തുറക്കാതിരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നാല്‍ കണ്ടെത്തുകതന്നെ ചെയ്യും; സംശയമില്ല. ഇത് ഈശോയുടെ വാഗ്ദാനമാണ് (മത്തായി 7/7). അതിനാല്‍ ലേസര്‍ രശ്മികളെക്കാള്‍ ശക്തിയേറിയ പ്രാര്‍ത്ഥനയാല്‍ സകല തിന്മകളിന്മേലും വിജയം നേടാം.

കര്‍ത്താവേ, പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ്, നിരന്തരം പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസവും കൃപയും ഞങ്ങള്‍ക്ക് നല്കണമേ, ആമ്മേന്‍.

 

Share:

Ancimol Joseph

Ancimol Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles