Home/Enjoy/Article

മാര്‍ 20, 2024 86 0 Ann Maria Christeena
Enjoy

ഹേമലതടീച്ചര്‍ നിര്‍മിച്ച ‘കൊച്ചുസ്വര്‍ഗം’

കൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍.

മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്‍റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്‍റെ നൊവേനക്ക് പോയാല്‍ മാതാവിന്‍റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, “എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്‍റെ അമ്മ ആകാമോ?” എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്‍റെ ഈശോയ്ക്ക്.

പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ…. നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം.

എന്ന് സ്നേഹത്തോടെ നിന്‍റെ സ്വന്തം മരിയ

മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്‍റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം.

എന്തായാലും ഇന്‍റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള്‍ ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി.

‘കൊച്ചുസ്വര്‍ഗം’

അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്‍റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്‍റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് ‘കൊച്ചുസ്വര്‍ഗം’ എന്നാണ്.

നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്‍മാര്‍ വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, ‘അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ’ എന്ന്…. എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്,

ഹേമലത ടീച്ചറിന്‍റെ ക്ലാസിലേക്ക്.

സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ… അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്‍റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്‍റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്‍കി, ഹേമലത ടീച്ചറിലൂടെ, എന്‍റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ…

ഹേമലത ടീച്ചറുടെ ജീവിതം

തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന്‍ രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്‍റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്.

ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്‍റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു “വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?”

പിന്നീട് കോണ്‍വെന്‍റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു.

മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. “ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്” (2 കോറിന്തോസ് 5/17).

ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. “നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ” (1 കോറിന്തോസ് 1/18).

ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്‍റെ മക്കളാണ്.

സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍

ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്‍റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്‍റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്‍, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു.

ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, ‘ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!’

“എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ” (ഫിലിപ്പി 3/8-9).

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്‍റ് ചാപ്പലിന്‍റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു…. ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. “എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്‍റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്‍ക്കുന്നു. അവന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു.

രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍… ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. “ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7).

Share:

Ann Maria Christeena

Ann Maria Christeena

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles