Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Evangelize/Article

സെപ് 09, 2023 86 0 Fr. Mathew Manikathaza CMI
Evangelize

വെഞ്ചരിച്ച എണ്ണയുടെ വില…!

തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക.

കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്‍കുവാന്‍ എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്‍റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്‍റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല.

ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്‍റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്‍റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന്‍ ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു.

ധ്യാനം അവസാനിക്കുന്നതിന്‍റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്‍റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്‍റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു.

അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു.

പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്‍റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം… അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി.

മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു.

ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. “ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.

Share:

Fr. Mathew Manikathaza CMI

Fr. Mathew Manikathaza CMI

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles