Home/Evangelize/Article
Trending Articles
ഒക്ടോബര്‍ 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരു മണിക്കൂര്‍, അല്ല മല്പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ ആന്തരികസഹനം കൂടിവന്നു. വലിയ വിരസതയും വരള്‍ച്ചയും എനിക്ക് അനുഭവപ്പെട്ടു. മൂന്നാമത് ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. ഈ മണിക്കൂര്‍ യാതൊരു താങ്ങുമില്ലാതെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ശരീരം വിശ്രമത്തിനായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ ഒരു വിധത്തിലും കീഴ്പ്പെട്ടില്ല. കൈകള്‍ വിരിച്ചുപിടിച്ചു. ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മനോധൈര്യത്തോടെ പിടിച്ചുനിന്നു. കുറച്ചുസമയത്തിനുശേഷം, എന്റെ മോതിരം ഊരിയെടുത്ത് ഈശോയോടുള്ള നിത്യഐക്യത്തിന്റെ അടയാളമായ അതിലേക്കു നോക്കാന്‍ ഞാന്‍ ഈശോയോട് ആവശ്യപ്പെട്ടു. നിത്യവ്രതവാഗ്ദാനത്തിന്റെ ദിവസം എനിക്കുണ്ടായ വികാരവായ്പുകളെ ഈശോയ്ക്കു സമര്‍പ്പിച്ചു. കുറച്ചുസമയത്തിനുശേഷം എന്റെ ഹൃദയം സ്നേഹത്തിന്റെ തിരമാലയുടെ തരംഗങ്ങളാല്‍ പൂരിതമായി; ആത്മാവിന്റെ പെട്ടെന്നുള്ള പ്രവര്‍ത്തനം, ഇന്ദ്രിയങ്ങള്‍ ശാന്തമായി, എന്റെ ആത്മാവ് ദൈവസാന്നിധ്യത്താല്‍ പൂരിതമായി. എനിക്ക് ഇത്രമാത്രം അറിയാം: ഈശോയും ഞാനും മാത്രമായിരുന്നു അപ്പോള്‍.
എന്റെ നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് തിരു മണിക്കൂര്‍ ആരാധന നടത്തിയപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടപോലെ, ഈശോ എന്റെ സമീപം നില്ക്കുന്നതായി ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടും ശരീരം മുഴുവനും മുറിവിനാല്‍ ആവരണം ചെയ്യപ്പെട്ടും നയനങ്ങള്‍ രക്തത്താലും കണ്ണീരാലും നിറഞ്ഞൊഴുകിയും വിരൂപമാക്കപ്പെട്ട മുഖം തുപ്പലുകളാല്‍ ആവൃതമായും ഈശോ എന്റെ മുമ്പില്‍ നിന്നു. അപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു: മണവാട്ടി മണവാളന് സദൃശ്യയായിരിക്കണം. ആ വാക്കുകളുടെ അര്‍ത്ഥത്തിന്റെ വ്യാപ്തി എനിക്ക് മനസിലായി. ഇവിടെ ഒരു സംശയത്തിനും ഇടമില്ലായിരുന്നു. സഹനത്തിലും എളിമയിലുമാണ് ഈശോയുമായി സാദൃശ്യം പ്രാപിക്കേണ്ടത്.
കാണുക, മനുഷ്യരോടുള്ള സ്നേഹം എന്നോടെന്താണ് ചെയ്തത്? എന്റെ മകളേ, വളരെ ആത്മാക്കള്‍ എനിക്കു നിരസിക്കുന്നതെല്ലാം ഞാന്‍ നിന്റെ ഹൃദയത്തില്‍ കണ്ടെത്തുന്നു. നിന്റെ ഹൃദയം എന്റെ വിശ്രമസ്ഥലമാണ്. പലപ്പോഴും പ്രാര്‍ത്ഥനയുടെ അവസാനംവരെ ഞാന്‍ വലിയ കൃപകളുമായി കാത്തുനില്ക്കുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
Shalom Tidings
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു... നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു. ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ. "സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം" ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല. മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: "ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു" (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി. "ഈ വചനം നമുക്ക് ഉള്ളതാണ്!" ഞാന്‍ ഭാര്യയോട് പറഞ്ഞു. അതുകേട്ട് അവള് മറുപടി നല്കി, "ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്." പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു. കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി."
By: ജോബി ജോര്‍ജ്
Moreതിരുപ്പട്ടത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ സിസ്റ്ററിന് കത്തയക്കുന്നത് അനുചിതമാകുമോയെന്ന് ചിന്തിക്കാതെയാണ് അത് ചെയ്തത്... പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന് ആവശ്യപ്പെട്ടു. 'ഒരു ആത്മാവിന്റെ കഥ' എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു. പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു യാത്ര. അവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുടുംബം താമസിച്ചിരുന്ന വീടും 14 വയസുമുതല്‍ 24 വയസുവരെ വിശുദ്ധ ജീവിച്ചിരുന്ന മഠവുമെല്ലാം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് പെദ്രോ വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായ സിസ്റ്റര്‍ സെലിനെ കാണുകയും ചെയ്തു. അന്ന് രാത്രി ആ കര്‍മ്മലമഠത്തിന് സമീപമുള്ള പുരുഷന്മാരുടെ താമസസ്ഥലത്ത് അത്താഴസമയത്ത് പെദ്രോയ്ക്ക് അതാ ഒരു സമ്മാനം എത്തുകയാണ്. കവര്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മുടിച്ചുരുളായിരുന്നു. സെലിന് പെദ്രോയ്ക്കായി പ്രത്യേകം കൊടുത്തുവിട്ട സമ്മാനമായിരുന്നു അത്. "ആ രാത്രി സന്തോഷം നിമിത്തം എനിക്കുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?" എന്നാണ് അതേക്കുറിച്ച് പെദ്രോ ചോദിക്കുന്നത്. "കൊച്ചുത്രേസ്യയെയും സെലിനെയും കുറിച്ച് എന്തെല്ലാം വായിച്ചിട്ടുള്ളതാണ്! ഇപ്പോഴിതാ സെലിന് സമ്മാനിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് എനിക്ക് കിട്ടിയിരിക്കുന്നു! ഞാന്‍ സന്തോഷംകൊണ്ട് നിറഞ്ഞു. പിന്നീട് അത്താഴം കഴിച്ചോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അത്രയേറെ സംതൃപ്തനായിക്കഴിഞ്ഞിരുന്നു." നാളുകള്‍ക്കുശേഷം അവരുടെ ബാച്ചിലെല്ലാവരുടെയും തിരുപ്പട്ടം അടുത്തുവന്ന സമയം. 24 വയസ് തികയാത്തതിനാല്‍ കാനന്‍ നിയപ്രകാരം പെദ്രോയ്ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല എന്ന് അറിയിപ്പ് ലഭിച്ചു. അത് വളരെ സങ്കടകരമായിരുന്നു. ആ സമയത്തുതന്നെയാണ് സിസ്റ്റര്‍ സെലിന് തീര്‍ത്തും രോഗിയായിരിക്കുകയാണ് എന്ന് പെദ്രോ അറിയുന്നതും. സിസ്റ്ററിന് ഒരു കത്തയക്കാന്‍ പെദ്രോ തീരുമാനിച്ചു. "സിസ്റ്റര്‍ സെലിന്, മാര്‍ച്ച് 14-നുമുമ്പ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ മരിക്കുകയാണെങ്കില്‍ മാര്‍ച്ച് 14-ന് നടക്കുന്ന തിരുപ്പട്ടസ്വീകരണത്തില്‍ എനിക്കും പങ്കുചേരാന്‍ സാധിക്കണമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയോട് പറയണം." മരണാസന്നയായിരിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കത്തയക്കുന്നത് അനൗചിത്യമാണോ എന്നൊന്നും അന്ന് പെദ്രോ ചിന്തിച്ചില്ല. എന്തായാലും ആ കത്ത് അയച്ചതിനുശേഷം പെദ്രോയ്ക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള കര്‍ദിനാളിന്റെ പ്രത്യേക അനുമതി ലഭിച്ചു. അതിനുശേഷമാണ് ഫെബ്രുവരി 25-ന് സിസ്റ്റര്‍ സെലിന് മരിച്ചുവെന്ന് പെദ്രോ അറിയുന്നത്. താന്‍ പറഞ്ഞുവിട്ട കാര്യം സെലിന് കൊച്ചുത്രേസ്യയോട് പറഞ്ഞുവെന്ന് പെദ്രോയ്ക്ക് ഉറപ്പായി. 1959-ല്‍ നടന്ന ഈ സംഭവം പെദ്രോയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള സ്നേഹം ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ന് 64 വര്‍ഷത്തെ പൗരോഹിത്യജീവിതം പൂര്‍ത്തിയാക്കിയ 87കാരനാണ് ഫാ. പെദ്രോ തിക്സീറ കാവല്‍കാന്റെ. 'ദൈവത്തിന്റെ കരുണയുടെ ഫലമായും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥ്യത്താലും വൈദികനായവനാണ് ഞാന്‍,' അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
By: Shalom Tidings
Moreആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ? നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും. ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച. ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് 'കമ്യൂണിക്കേറ്റ്' ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം. അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്റെ സ്വപ്നം. പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, 'ക്ഷമ വേണം, സമയമെടുക്കും.' സമ്മാനം സമ്മാനമാകുന്നത് അതിന്റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്? പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. "കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/14)
By: Joy Mathew Planthra
Moreഅടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്സലൈറ്റ് പ്രവര്ത്തകന്.പക്ഷേ കോളേജിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ഈ യുവാവിന്റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ ഒരു ബൈബിളൊക്കെ സമ്മാനമായി കൊടുത്തെങ്കിലും, അത് വെറുതെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. ഒരു വര്‍ഷമെടുത്തു, അവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണാന്‍. ചില പ്രശ്നമുഹൂര്ത്തങ്ങള് വന്നപ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ മുറിയില്‍ ഒരു മൂലയില്‍ കിടന്ന ബൈബിളില്‍ ഉടക്കുകയും അതെടുത്ത് തുറന്ന് വായിക്കുകയും ചെയ്തു. പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ലത്, മറിച്ച് സ്നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്ന അനുഭവമായിരുന്നു. തന്റെ പ്രയാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ പറഞ്ഞ് തരുന്ന അനുഭവം! അങ്ങനെയാണ് വിശ്വാസത്തിലേക്ക് വന്നത്. പിന്നീട് ആറുവര്‍ഷത്തിന് ശേഷം മാമ്മോദീസാ സ്വീകരിച്ചു. വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയത്. ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല, അദ്ദേഹം പങ്കുവച്ച ഒരു സങ്കടമാണ്- ഏത് സുഹൃത്തുക്കള്‍ മൂലമാണോ താന്‍ വിശ്വാസത്തിലേക്ക് വന്നത്, അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചുകൊച്ച് ആര്‍ഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി. പാവങ്ങള്‍!! ഇതുപോലത്തെ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സുവിശേഷത്തില്‍ ഈശോ ശിഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വിജയകരമായി തങ്ങളുടെ സുവിശേഷദൗത്യം കഴിഞ്ഞ് വന്ന ശ്ലീഹന്മാരോട് ഈശോ പറയുകയാണ്, സന്തോഷിക്കാനുള്ള കാരണം മാറി പോകരുതെന്ന്. ”പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു, എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20). ആത്യന്തികലക്ഷ്യം മാറിപ്പോവുകയോ മറന്നു പോവുകയോ ചെയ്യരുതെന്ന് സാരം. ഇന്ന് എന്നിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. മരണംവരെ വിശ്വസ്തതരായിരിക്കണം. വളരുംതോറും, ബുദ്ധിമാന്മാരായി നിനച്ച് മണ്ടന്മാരായി പോവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നവരാവാം.
By: ഫാദർ ജോസഫ് അലക്സ്
Moreഐ.ടി രംഗത്തുള്ള ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളിലും പോവുക പതിവാണ്. അങ്ങനെയൊരു സന്ദര്‍ശനത്തിനായി കുറച്ചു നാളുകള്‍ക്കുമുമ്പ് എറണാകുളത്തിനുസമീപം നോര്‍ത്ത് പറവൂര്‍ ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ ചെന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സി.എം.സിയെയാണ് കാണേണ്ടിയിരുന്നത്. ഔദ്യോഗികമായി, ഐ.ടി ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സംസാരം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും താത്പര്യമുള്ള ആത്മീയവിഷയങ്ങളിലേക്ക് നീങ്ങി. ഒരു മിഷനറിയായി മിഷന്‍പ്രദേശങ്ങളില്‍ ത്യാഗപൂര്‍വം ജീവിച്ചതിന്റെ വിശേഷങ്ങളാണ് ആദ്യം സിസ്റ്റര്‍ പങ്കുവച്ചത്. മിഷന്‍ജീവിതം അവസാനിപ്പിച്ച് കേരളത്തിലെത്തിയപ്പോള്‍ സിസ്റ്ററിന് ഈ സ്കൂളിന്റെ പ്രിന്‍സിപ്പല്‍സ്ഥാനം അധികാരികള്‍ നല്കി. ദൈവഹിതപ്രകാരം പുതിയ നിയോഗം ഏറ്റെടുത്ത് സേവനം തുടങ്ങിയ സമയത്താണ് കോവിഡ് കടന്നുവരുന്നത്. സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം. അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍. ഓണ്‍ലൈന്‍ അധ്യാപനം മാത്രം നടന്നു. പക്ഷേ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് സിസ്റ്ററിന് നിര്‍ബന്ധമായിരുന്നു. അവരുടെ വീടുകളില്‍ പട്ടിണിയുണ്ടാകരുതെന്നും കാര്യങ്ങള്‍ക്ക് മുടക്കമുണ്ടാകരുതെന്നും കരുതി. പല സ്ഥാപനങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുകയും ഇല്ലാതെവരികയുമൊക്കെ ചെയ്ത സമയമായിരുന്നല്ലോ അത്. പക്ഷേ ഇവിടെ സ്റ്റാഫിന് മുഴുവന്‍ ശമ്പളവും നല്കാന് തീരുമാനമെടുത്തപ്പോള്‍ അതിനുള്ള വഴികളും കര്‍ത്താവ് തുറന്നുകൊടുത്തുവെന്നായിരുന്നു സിസ്റ്ററിന്റെ സാക്ഷ്യം. അറ്റുപോയ വിരലും ഉണ്ണീശോയും ഇതെല്ലാം പങ്കുവച്ചുകഴിഞ്ഞ് സിസ്റ്റര്‍ മറ്റൊരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ഒരിക്കല്‍ സ്കൂളില്‍ എല്‍.കെ.ജി- യു.കെ.ജി വിദ്യാര്‍ത്ഥികളുടെ ഒരു പരിപാടി നടക്കുന്ന സമയം. പരിപാടിക്കിടെ ഒരു അപകടം നടന്നു. ഒരു കുഞ്ഞിന്റെ കൈവിരല്‍ പകുതിയോളം അറ്റുപോയി. എല്ലാവരും പരിഭ്രാന്തിയിലായ നിമിഷങ്ങള്‍… അധ്യാപകര്‍ വേഗം കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. താമസിയാതെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ വന്നു. സാവധാനം, അപകടത്തെക്കുറിച്ച് അറിഞ്ഞ്, പുറത്തുനിന്നുള്ള ആളുകളും വരാന്‍ തുടങ്ങി. ആ അപകടം വര്‍ഗീയ പ്രശ്നമായി മാറുമോ എന്നുപോലും തോന്നുന്ന സാഹചര്യം, വലിയൊരു പ്രതിസന്ധി! അതിനിടെ ചില ആളുകള്‍ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി. സിസ്റ്റര്‍ സത്യാവസ്ഥ വിശദമാക്കാനും അവരെ അനുനയിപ്പിക്കാനും ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല. ഈ പ്രശ്നങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കേയാണ് ആശുപത്രിയില്‍നിന്ന് ഡോക്ടേഴ്സ് പറഞ്ഞ വിവരം അറിയുന്നത്, ‘കുഞ്ഞിന്റെ അറ്റുപോയ പകുതിവിരല് നിശ്ചിതസമയത്തിനുള്ളില്‍ കിട്ടിയാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് പഴയതുപോലെ ആക്കാം.” പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞിന്റെ വിരല്‍ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. അപകടം നടന്ന സ്ഥലത്തെല്ലാം അന്വേഷിച്ചിട്ടും വിരല്‍ കിട്ടുന്നില്ല. വലിയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. അവസാനം സിസ്റ്റര്‍ സ്വന്തം മുറിയില്‍ വന്നിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല. മേശപ്പുറത്ത് ഉണ്ണീശോയുടെ ഒരു രൂപം ഇരിക്കുന്നുണ്ട്. സ്കൂള്‍തന്നെയും ഉണ്ണീശോയുടെ പേരിലുള്ളതാണല്ലോ- ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍. അതിനാല്‍ സിസ്റ്റര്‍ പറഞ്ഞു: ”ഉണ്ണീശോയേ, നിന്റെയാണ് സ്കൂള്‍, നീതന്നെ നോക്കിക്കോണം. അതുപോലെ ഈ കുഞ്ഞും നിന്റെയാണ്. എന്താന്നുവച്ചാല് നീ ചെയ്തോണം.” അതുപറഞ്ഞുകഴിഞ്ഞപ്പോള് പെട്ടെന്ന് സിസ്റ്ററിന് ഇങ്ങനെ തോന്നുകയാണ്. അപകടം നടന്ന സ്ഥലത്ത് ഒന്നുകൂടി ചെല്ലണം. സിസ്റ്റര്‍ അവിടെച്ചെന്ന് ഒരു മൂലയിലേക്ക് നോക്കിയപ്പോള്‍, ഉണ്ണീശോ എന്തോ ചൂണ്ടിക്കാണിക്കുന്നതുപോലെ സിസ്റ്ററിന് തോന്നി. നോക്കിയപ്പോള്‍ അവിടെയൊരു പേപ്പര്‍. അത് മാറ്റിയപ്പോഴുണ്ട് അതിനടിയില്‍ ആ കുഞ്ഞിന്റെ അറ്റുപോയ വിരല്‍!! ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഈ വിരലിന്റെ ഭാഗം ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ഇനിയും സമയമുണ്ട്! അതോര്‍ത്തപ്പോള്‍ സിസ്റ്ററിന്റെ ഹൃദയം നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞു. അതിവേഗം ആ വിരലിന്റെ ഭാഗം അതേ പേപ്പറില്‍ത്തന്നെ പൊതിഞ്ഞെടുത്ത് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വിരല്‍ പഴയതുപോലെ ആക്കുകയും സൗഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവരികയും ചെയ്തു. ഉണ്ണീശോയുടെ സ്കൂളല്ലേ..! ഉണ്ണീശോ ഇടപെട്ട മറ്റൊരു സംഭവവും സിസ്റ്റര്‍ പങ്കുവച്ചു. ഒരിക്കല്‍ സ്കൂള്‍ വിടുന്ന സമയത്ത് ഒരു കുഞ്ഞിനെ കാണാതെ പോയി. സങ്കടകരമാണെന്നുമാത്രമല്ല, സ്കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെടാനും കാരണമായേക്കാവുന്ന സാഹചര്യം. അപ്പോഴും ഉണ്ണീശോയോട് സിസ്റ്റര്‍ പറഞ്ഞു, ”നിന്റെ സ്കൂളല്ലേ. എവിടെനിന്നായാലും കുഞ്ഞിനെ കണ്ടുപിടിച്ചു തന്നേക്കണം.” സ്കൂള്‍ ബസുകളെല്ലാം പോയി തിരികെ വരുന്നുണ്ട്. എല്ലാ ബസിലും നോക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണുന്നില്ല. ഒടുവില്‍ ഏറ്റവും അവസാനം ട്രിപ്പ് കഴിഞ്ഞ് തിരിച്ചുവന്ന ബസ് രണ്ടാം തവണയും പരിശോധിക്കുകയാണ്. അതാ പിന്‍സീറ്റിന്റെ മറവില്‍ ആ കുഞ്ഞ് ഒളിഞ്ഞിരിക്കുന്നു! അറിയാതെ കുഞ്ഞ് ഈ ബസില്‍ കയറിപ്പോയതാണ്. പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു. ഡ്രൈവര്‍ ആദ്യം നോക്കിയിട്ടൊന്നും കാണാതിരുന്നത് അതുകൊണ്ടാണ്. പ്രാര്‍ത്ഥനയോടെ രണ്ടാം തവണ നോക്കാന്‍ തോന്നിയത് വലിയൊരു അനുഗ്രഹമായി, കുഞ്ഞിനെ കണ്ടുകിട്ടി. തുടര്‍ന്ന് സിസ്റ്റര്‍ പറയുകയാണ്, ”ഉണ്ണീശോയുടെ കരങ്ങളില്‍ കൊടുത്ത ഒരു കാര്യവും ഉണ്ണീശോ ഈ സ്കൂളിന് നടത്തിത്തരാതിരുന്നിട്ടില്ല.” ആ സമയത്ത് എന്റെ മനസിലേക്ക് കടന്നുവന്നത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് പാപ്പ പറഞ്ഞ ഒരു വാക്യമാണ്, ”ഓരോ ക്രൈസ്തവ സ്ഥാപനങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ളതാണ്.” എത്രയോ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുവേണ്ടിയും മറ്റ് ജോലിക്കാര്‍ക്കു വേണ്ടിയും പ്രസ്തുത സ്ഥാപനത്തിന്റെ നാമഹേതുകവിശുദ്ധരുടെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ക്രൈസ്തവസ്ഥാപനങ്ങള് ക്രിസ്തുവിനെ പ്രഘോഷിക്കാനും അതുവഴി അനേകര്‍ക്ക് അനുഗ്രഹം പകരാനുമുള്ളതാണെന്ന് മറക്കാതിരിക്കാം. ദൈവമഹത്വത്തിനായി ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവുതന്നെ ആ സ്ഥാപനത്തിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളും. സിസ്റ്റര്‍ സ്മിത പങ്കുവച്ച അനുഭവങ്ങള്‍ അതാണല്ലോ വ്യക്തമാക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം, ”കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണമായി പ്രഖ്യാപിക്കുവാന്‍ വേണ്ട ശക്തി അവിടുന്ന് എനിക്ക് നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മയില്‍നിന്നും എന്നെ മോചിപ്പിച്ച് തന്റെ സ്വര്‍ഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേ ക്കും അവിടുത്തേക്ക് മഹത്വം! ആമ്മേന്‍” (2 തിമോത്തിയോസ് 4/17-18)
By: ജോര്‍ജ് ജോസഫ്
Moreമഠത്തില്‍ പലപ്പോഴായി കള്ളന് കയറുന്നു. ഒരിക്കല്‍ മോഷണശ്രമത്തിനിടെ ശബ്ദമുണ്ടായപ്പോള്‍ മദര്‍ റൊസെല്ലോ അത് കേട്ട് ഓടിച്ചെന്നു. കള്ളന് കലി കയറാതിരിക്കുമോ? മദറിനെ അയാള്‍ ആക്രമിച്ച് മുറിവേല്പിച്ചു. മറ്റ് സന്യാസിനികള്‍ ഓടിയെത്തിയപ്പോഴേക്കും കള്ളന് ഓടിരക്ഷപ്പെട്ടിരുന്നു. മുറിവേറ്റ മദറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. സന്യാസിനികള്‍ മുറിവിന് പരിചരണം നല്കി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ഞാന്‍ എനിക്ക് സംഭവിച്ചതിനെപ്രതിയല്ല കരയുന്നത്. ആ കള്ളന്റെ ആത്മാവിന്റെ കാര്യം ഓര്‍ത്തിട്ടാണ്. അന്ന് ആത്മാക്കളോടുള്ള സ്നേഹത്തെപ്രതി കരഞ്ഞ മദര്‍ റൊസെല്ലോയാണ് ഇന്നത്തെ വിശുദ്ധ റൊസെല്ലോ. ”ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു…” (2 പത്രോസ് 3/9).
By: Shalom Tidings
Moreമെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ യത്നിക്കുമ്പോള്‍ അവര്‍ക്കു മീതെ ഹെലികോപ്റ്ററുകള്‍ ഇരമ്പി നീങ്ങി. ഭീമാകാരമായ ഒരു കടന്നല്‍ക്കൂട് ഇളക്കിയ പ്രതീതിയായിരുന്നു മെജുഗോറിയയില്‍. ഇപ്പോള്‍ ദര്‍ശകരുടെ വിസ്താരങ്ങള്‍ നടത്തിപ്പോന്നത് പ്രാദേശിക പോലീസായിരുന്നില്ല, മറിച്ച് കേന്ദ്ര പോലീസായിരുന്നു. വിസ്താരങ്ങള്‍ കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതും ആയി. ഞങ്ങള്‍ മുതിര്ന്നവരായിരുന്നെങ്കില്, കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നിഗൂഢമായ ഏതെങ്കിലും ഇരുണ്ട തടവറയില്‍ ഒതുക്കിയിരുന്നേനേ… അല്ലെങ്കില്‍ എന്റെ മുത്തശ്ശന് അന്തര്‍ദ്ധാനം ചെയ്തതു പോലെ ഞങ്ങളെയും കാണാതെ ആയേനേ… അതുകൊണ്ടുതന്നെ, എത്രമാത്രം ക്രൂരര്‍ ആയിരുന്നെങ്കില്‍ പോലും, കുട്ടികളെ തടവിലാക്കിയാല്‍ പൊതുജനരോഷം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു നിലയ്ക്ക്, ഞങ്ങളുടെ യൗവനം ഞങ്ങള്‍ക്ക് സുരക്ഷ നല്കി. എന്നാലും, ഞങ്ങളെ ഭയപ്പെടുത്തുന്നതില്നിന്ന് അവരെ തടയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയിലും, ആവേശത്തിനും കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രഭാതവും ഒരു പുതിയ സാഹസത്തിന്റെയോ ആശ്ചര്യത്തിന്റെയോ വാഗ്ദാനവുമായാണ് വന്നത്. ചിലപ്പോള്‍, ഒരേ വൈകുന്നേരം തന്നെ ഞങ്ങള്‍ പലവട്ടം നാഥയെ ദര്‍ശിക്കാനിടയായി. പോലീസുകാര്‍ നിരന്തരം ഞങ്ങളെ പിന്തുടരുകയും ഞങ്ങളുടെ ക്രമം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍നിന്ന് രക്ഷപ്പെടുവാന്‍ ഞങ്ങള്‍ നിരന്തരം സമാഗമസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളിലൊരാളുടെ വീടിനു പുറകിലെ കാട്ടില്‍, കാടു കയറിയ ഒരു വയലിന്റെ നടുവില്‍, ഒരു തണല്മരത്തോട്ടത്തില്- എന്തുകൊണ്ടോ പ്രകൃതിയുടെ ഏകാന്തതയില്‍ നാഥയുടെ ദര്‍ശനങ്ങള്‍ അനുഭവിക്കുന്നത് സമുചിതമായി തോന്നി. വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സന്ദേശത്തില്‍ നാഥ പറയുകയുണ്ടായി, ”ഇന്ന് ഞാന്‍ നിങ്ങളെ പ്രകൃതിയെ നിരീക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടും.” വേറെ ഒരു സന്ദേശത്തില്‍, ”പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ സ്രഷ്ടാവായ ദൈവത്തിന് മഹത്വം നല്കുവാന് ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏറ്റവും ചെറിയ ഒരു പുഷ്പത്തില്ക്കൂടിപ്പോലും ദൈവം തന്റെ സൗന്ദര്യത്തെപ്പറ്റിയും തന്റെ സ്നേഹത്തിന്റെ ആഴത്തെപ്പറ്റിയും നമ്മളോട് സംസാരിക്കുന്നു.” 1981 ഓഗസ്റ്റ് 2ന്, നാഥ സാധാരണ സമയത്ത് പ്രത്യക്ഷപ്പെട്ടിട്ട് ആ വൈകുന്നേരം വീണ്ടും നാഥയെ കാത്തിരിക്കുവാന് ആവശ്യപ്പെട്ടു. ആദ്യകാലത്തുള്ള പല ദര്‍ശനങ്ങളുടെയും, ഇതിന്റെയും, ഓര്‍മ്മകള്‍ എനിക്ക് വ്യക്തമല്ല. എന്നാല്‍ നാഥ ഇങ്ങനെ പറഞ്ഞുവെന്ന് മരിയ രേഖപ്പെടുത്തി, ”നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഗുമ്നോയിലെ പുല്‍ത്തകിടിയില്‍ പോകൂ. ഒരു ഭയാനകമായ യുദ്ധം വിവൃതമാക്കപ്പെടുവാന് പോവുകയാണ്- എന്റെ മകനും സാത്താനും തമ്മിലുള്ള യുദ്ധം. മനുഷ്യാത്മാക്കള്‍ സന്ദിഗ്ധ സ്ഥിതിയിലാണ്.” അന്നുതന്നെ വൈകിട്ട്, ഞങ്ങള്‍ എന്റെ അങ്കിളിന്റെ വീടിന് സമീപം ഗുമ്നോ എന്നറിയപ്പെടുന്ന പ്രദേശത്തേക്കു പുറപ്പെട്ടു. ഞങ്ങളുടെ ഭാഷയില്‍ ഗുമ്നോ എന്നാല്‍ മെതിക്കളം എന്നാണ്്. ഏകദേശം നാല്‍പ്പത് ആളുകള്‍ ഞങ്ങളോടൊപ്പം ഗുമ്നോയില് സമ്മേളിച്ചു. അവിടുത്തെ ചുമന്ന മണ്ണില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ചീവീടുകള്‍ ചിലയ്ക്കുന്നതും കൊതുകുകള്‍ മുഖത്തിനു ചുറ്റും മൂളിക്കൊണ്ട് പാറി നടക്കുന്നതും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നു. പെട്ടെന്ന് നാഥ പ്രത്യക്ഷപ്പെട്ടു. ആളുകളില്‍ ചിലര്‍ അവര്‍ക്കു നാഥയെ സ്പര്‍ശിക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ അവരുടെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെ ആണോ സ്പര്‍ശിക്കേണ്ടത് അവര്‍ക്കു തന്നെ സമീപിക്കാമെന്ന് നാഥ പറഞ്ഞു. ഒന്നൊന്നായി, ഞങ്ങള്‍ ആളുകളുടെ കൈയില്‍ പിടിച്ച് അവരെ നാഥയുടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിനായി വഴികാട്ടി. ഞങ്ങള്‍ക്ക് അത് വിചിത്രമായ ഒരനുഭവമായിരുന്നു- ഞങ്ങള്‍ക്ക് മാത്രമേ നാഥയെ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തില്‍, നാഥയെ തൊടുവാനായി ആളുകളെ വഴികാട്ടുന്നത് അന്ധരെ നയിക്കുന്നത് പോലെയായിരുന്നു. അവരുടെ പ്രതികരണങ്ങള്‍ മനോഹരമായിരുന്നു, പ്രത്യേകിച്ചും കുട്ടികളുടെ. മിക്ക ആളുകള്‍ക്കും എന്തോ അനുഭവം ഉണ്ടായതുപോലെ തോന്നി. വളരെ കുറച്ചു പേര് വൈദ്യുതി കടന്നു പോകുന്നത് പോലെയുള്ള അനുഭൂതി രേഖപ്പെടുത്തി. മറ്റുള്ളവര്‍ വികാരനിര്‍ഭരരായി കാണപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ നാഥയെ സ്പര്ശിച്ചപ്പോള്, നാഥയുടെ വസ്ത്രത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ പാടുകളെല്ലാം കട്ടപിടിച്ചു കരിനിറത്തില്‍ വലിയ കറയായിമാറി. അത് കണ്ടതും ഞാന്‍ കരഞ്ഞു. ”നാഥയുടെ വസ്ത്രം!” മരിയയും നിലവിളിച്ചു. ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്ത പാപങ്ങളെ ആ കറകള്‍ സൂചിപ്പിക്കുന്നുവെന്ന് നാഥ വിശദീകരിച്ചു. പെട്ടെന്ന് നാഥ അപ്രത്യക്ഷയായി. കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിനുശേഷം, ഞങ്ങള്‍ ആ ഇരുട്ടില്‍ അവിടെ നിന്ന് ഞങ്ങള്‍ കണ്ടതൊക്കെ ആളുകളോട് വിവരിച്ചു. അവരും ഞങ്ങളുടെ അത്രത്തോളം തന്നെ അസ്വസ്ഥരായി. അവിടെയുള്ളവര്‍ എല്ലാവരും തന്നെ കുമ്പസാരത്തിനു പോകണമെന്ന് ആരോ നിര്‍ദേശം മുന്നോട്ടു വച്ചു. അടുത്ത ദിവസം, അനുതപിച്ചു ഗ്രാമീണര്‍ പുരോഹിതരുടെ പക്കലേക്കു പ്രവഹിച്ചു. ദിവസേനയുള്ള ഈ കൂടിക്കാഴ്ചകളില്‍ നാഥ പ്രാര്‍ത്ഥന, ഉപവാസം, കുമ്പസാരം, ബൈബിള്‍ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിന്നീട്, ആളുകള്‍ ഇവ നാഥയുടെ ‘പ്രധാന സന്ദേശങ്ങള്‍’ ആയി തിരിച്ചറിഞ്ഞു. അഥവാ, ഫാ. യോസോ അവയെ വിശേഷിപ്പിച്ചതു പോലെ, നാഥയുടെ ‘അഞ്ചു കല്ലുകള്‍.’ നാഥ നമ്മളോടു പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും പറയുമ്പോളും, അതിന് അതിനാല്‍ത്തന്നെ യാതൊരു പ്രയോജനവും ഇല്ല. വിശ്വാസം ജീവിക്കുന്നതിന്റെ ഫലം, സ്നേഹമാണ്. നാഥ തന്റെ ഒരു സന്ദേശത്തില്‍ പറഞ്ഞതുപോലെ, ”എല്ലാത്തിലുമുപരി തന്റെ കുട്ടികളെ സ്നേഹിക്കുന്ന ഒരമ്മയെന്ന പോലെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു. എന്റെ കുട്ടികളേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.” നാഥയുടെ സ്വര്‍ഗ്ഗീയമായ സൗന്ദര്യം ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ മനം കവര്‍ന്നിരുന്നു. ഒരു ദിവസം, പ്രത്യക്ഷീകരണത്തിനിടയില്‍, ഞങ്ങള്‍ നാഥയോടു ബാലിശമായ ഒരു ചോദ്യം ചോദിച്ചു: ”നാഥ ഇത്ര സൗന്ദര്യവതി ആയിരിക്കുന്നത് എങ്ങനെയാണ്?” നാഥ മൃദുവായി പുഞ്ചിരിച്ചു. ”ഞാന്‍ സൗന്ദര്യവതി ആയിരിക്കുന്നത് ഞാന്‍ സ്നേഹിക്കുന്നതിനാലാണ്,” നാഥ പറഞ്ഞു. ”നിങ്ങളും സൗന്ദര്യം ആഗ്രഹിക്കുന്നുവെങ്കില്‍, സ്നേഹിക്കുവിന്‍.” നാം ഉള്ളില്‍ വിശുദ്ധി പാലിക്കുന്നുണ്ടെങ്കില്‍, ഹൃദയം മുഴുവന്‍ സ്നേഹം നിറച്ചെങ്കില്‍, പുറത്തും നമ്മള് സൗന്ദര്യമുള്ളവരാകും. ആ രീതിയിലുള്ള സൗന്ദര്യമാണ് നാഥ നമുക്കും ആഗ്രഹിക്കുന്നത്. പരിശുദ്ധ കന്യകയുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചകളില്‍ നിന്നും, നാഥയ്ക്ക് മെജുഗോറിയയെക്കുറിച്ചുള്ള പദ്ധതികള്‍ ആ ഗ്രാമത്തിനു വേണ്ടിയോ, യുഗോസ്ലാവിയ മുഴുവനും വേണ്ടിയോ മാത്രം പരിമിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂമി മുഴുവന്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് നാഥ വന്നിരിക്കുന്നത്.
By: മിര്യാനാ സോള്‍ഡോ
More