Home/Enjoy/Article

ഏപ്രി 29, 2024 91 0 Brother Augustine Christy PDM
Enjoy

ദൈവഹിതമനുസരിച്ച് ജീവിക്കാന്‍ ആദ്യചുവട്

എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന ലേഖകന്‍ പ്രാര്‍ത്ഥനാനിയോഗം മാറ്റിയപ്പോള്‍…

ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ പോയി പലതവണയാണ് സംസാരിച്ചത്. ഇരുപത്തയ്യായിരം രൂപ മുടക്കി IELTS പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ ഉള്ളില്‍ എന്തോ ഒരു അതൃപ്തി മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഒരു കൃത്യത ഇല്ലാതിരുന്നതിനാല്‍ അതിനെ ഞാന്‍ കാര്യമായി എടുത്തില്ല. ഏതായാലും മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ഞാനും ചെയ്യാന്‍ തീരുമാനിച്ചു. എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണം. അതിനുവേണ്ടിയാണ് ആ നാളുകളില്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ വൈകാതെ ഉള്ളിലുണ്ടായിരുന്ന അതൃപ്തിയുടെ ആ കൊച്ചുസ്വരം ഞാന്‍ വിവേചിച്ചെടുക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന കുറച്ചുകൂടി വിശാലമാക്കി. പരീക്ഷ, ജോലി എന്നീ വിഷയങ്ങള്‍ മാത്രമായിരുന്ന പ്രാര്‍ത്ഥനയുടെ ലക്ഷ്യം അതില്‍നിന്നും മാറ്റി ദൈവഹിതം വെളിപ്പെടുത്തിക്കിട്ടാന്‍ എന്നതിന് വേണ്ടിയാക്കി.

മെല്ലെമെല്ലെ സാഹചര്യങ്ങളിലൂടെ ദൈവം എന്നെ നയിക്കുന്നതായി തിരിച്ചറിയാന്‍ സാധിച്ചു. ഉള്ളില്‍ത്തന്നെ മുഴുങ്ങുന്ന നേര്‍ത്ത സ്വരത്തിലൂടെയും ദൈവം ഉചിതസമയങ്ങളില്‍ അയച്ച വ്യക്തികളിലൂടെയും ഞാന്‍ അത് കണ്ടെത്തുകയായിരുന്നു. പിന്നെ വച്ചുനീട്ടിയില്ല. വേഗം വന്ന് സെമിനാരിയില്‍ ചേര്‍ന്നു. ബക്കറ്റില്‍ സോപ്പ് പതഞ്ഞു പൊങ്ങിയിരിക്കുമ്പോള്‍ അടിയിലുള്ള വെള്ളം കാണണമെങ്കില്‍ പത കൈകൊണ്ടു എടുത്തുമാറ്റണമല്ലോ? അത്തരത്തില്‍ പ്രാര്‍ത്ഥനകൊണ്ട് മനസിലെ പത എടുത്തുമാറ്റിയപ്പോഴാണ് കാര്യം പിടികിട്ടിയത്. അതായത് പ്രാര്‍ത്ഥന ആഴങ്ങളിലേക്ക് പ്രവേശിച്ചപ്പോഴാണ് വ്യക്തത കിട്ടിയത് എന്നര്‍ത്ഥം.

നമ്മള്‍ എടുക്കുന്ന തീരുമാനം ദൈവഹിതം തന്നെയാണെങ്കില്‍ ഒരുതരം ‘ഫീലിംഗ് ഗുഡ് ‘ നമുക്ക് അനുഭവിക്കാന്‍ പറ്റും. ആരോ കൂടെനിന്ന് സഹായിക്കുന്നതുപോലെ ഓരോ ഘട്ടത്തിലും അനുഭവപ്പെടുകയും ചെയ്യും. അത് നിരാശയോ ആത്മനാശമോ തകര്‍ച്ചയോ വരുത്തില്ലെന്നും പകരം അഭിവൃദ്ധിയും ആനന്ദവുമായിരിക്കുമെന്നും നമുക്കുതന്നെ മനസിലാകാന്‍ തുടങ്ങും. ഓരോ സംഭവങ്ങളുടെ പിന്നാമ്പുറത്തും ദൈവത്തിന്‍റെ കരസ്പര്‍ശം പ്രയാസം കൂടാതെ നമ്മള്‍ കണ്ടെത്തും.

കൊച്ചുകാര്യത്തില്‍പ്പോലും ഇതാണ് സംഭവിക്കുക. ദൈവഹിതം നിറവേറ്റുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഭയവും സംശയവും ഉണ്ടായിക്കൂടെന്നില്ല. അത്തരത്തില്‍ നിരാശപ്പെടുത്തുന്നതായി എന്തെങ്കിലും തോന്നുന്നുവെങ്കില്‍പ്പോലും അന്ത്യത്തില്‍ നന്മയായിരിക്കും സംഭവിക്കുക. പിന്നീടത് ദൈവം അനുവദിച്ചതായിരുന്നുവെന്നും അതിലൂടെ വലിയൊരു കാര്യം കര്‍ത്താവ് പഠിപ്പിച്ചെന്നും മനസിലാക്കാനാകും, ഉറപ്പ്!

ഒരാളുടെ വിവാഹത്തിന്‍റെ കാര്യം, വിദേശത്ത് പോകുന്ന കാര്യം, ആരംഭിക്കാന്‍ പോകുന്ന സംരംഭം, കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന ബിസിനസ് അങ്ങനെ വലിയ കാര്യങ്ങളില്‍ മാത്രമല്ല, കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും ഇത് പരിശീലിക്കുന്നതാണ് ദൈവഹിതം ജീവിക്കുന്നതിലെ ആദ്യത്തെ ചുവട്. ഇപ്പോള്‍ ഞാന്‍ ഇത് ചെയ്യണമോ, ഈ ഫോണ്‍ ഞാന്‍ എടുക്കട്ടെ, ഞാന്‍ അവനോട് ഇങ്ങനെ പറയുന്നതാണോ നിനക്കിഷ്ടം എന്നിങ്ങനെ അനുനിമിഷം ഈശോയോട് ഉള്ളില്‍ സംസാരിച്ചു ചെയ്യുന്നത് ജീവിതത്തിന്‍റെ ശീലമാക്കുക. ഒരു അഭിപ്രായം ചോദിക്കുന്നതുപോലെ.

ഉദാഹരണത്തിന്, ഈ ലേഖനം എഴുതാന്‍ പ്രേരണ ലഭിച്ചയുടനെ അത് ദൈവഹിതമാണോ എന്ന് ചോദിച്ചുറപ്പാക്കിയിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. ചിന്തിച്ചുനോക്കൂ, അല്ലെങ്കില്‍ പാഴായൊരു ശ്രമം ഞാന്‍ നടത്തുകയല്ലേ? ദൈവഹിതം നിറവേറ്റൂ. അത് നമുക്ക് ലാഭമേ വരുത്തൂ. ‘അവന്‍റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ് (1 യോഹന്നാന്‍ 5/14).

ഇതിനുവേണ്ടി മൂന്ന് കാര്യങ്ങള്‍കൂടി ഒപ്പം കരുതുക. അതില്‍ ഒന്നാമത്തേത് പ്രാര്‍ത്ഥനയാണ്.

പ്രാര്‍ത്ഥനയില്‍ സ്ഥിരത കൊണ്ടുവരിക, വിലകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക, പ്രാര്‍ത്ഥനയുടെ സ്വഭാവം കുറച്ചുകൂടി വിശാലമാക്കുക. ഇവയാണ് പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കേണ്ടത്.

മനഃസാക്ഷിയുടെ വിശുദ്ധീകരണത്തിനായി അടുക്കലടുക്കല്‍ കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന മുടങ്ങാതെ സ്വീകരിക്കുകയും ചെയ്യുക. രണ്ടാമത്തെ കരുതല്‍ ഇതാണ്.

വചനവായനയിലൂടെ ഹൃദയത്തില്‍ മുഴങ്ങുന്ന സ്വരം ശ്രവിക്കാന്‍ വ്യക്തിപരമായി പരിശീലിക്കുക എന്നത് മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും.

ഇവയ്ക്കെല്ലാം മുന്നോടിയായി കൊച്ചുകൊച്ചു കാര്യങ്ങളില്‍പോലും ദൈവഹിതം നിറവേറ്റുന്ന ശീലം ഉടനെ തുടങ്ങുക, ഇപ്പോള്‍ത്തന്നെ.

ഇവ ചെയ്യുന്ന ഒരാത്മാവ് താനേ ദൈവഹിതം എളുപ്പത്തില്‍ കണ്ടെത്തുകയും അതിന് വേഗത്തില്‍ വിധേയപ്പെടുകയും ചെയ്യും. അനുഗ്രഹം പ്രാപിക്കുക എന്ന വാതിലിന്‍റെ വിജാഗിരിയിരിക്കുന്നത് ദൈവഹിതം നിറവേറ്റുക എന്നതിലാണ്.

ഓര്‍ക്കുക, തീരുമാനമാണ് ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. അത് എപ്പോഴും ദൈവഹിതപ്രകാരമാകട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുന്നതാകട്ടെ. ദൈവം ഒപ്പം നില്‍ക്കുന്നതാകട്ടെ.

“നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/13-15). ډ

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles