Trending Articles
ഒരു ഇന്റര്‍വ്യൂവിനായി 2022 ആഗസ്റ്റില്‍ കോട്ടയത്തുനിന്ന് ആന്ധ്രാപ്രദേശിലെ എന്‍.ഐ.ടിയിലേക്ക് ട്രെയിന്‍യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്ന് അറിഞ്ഞതായതിനാല്‍ ആര്.എ.സി ടിക്കറ്റിലായിരുന്നു യാത്ര. എന്റെ സഹയാത്രികന്, പിന്നെ ഒരു ഉത്തരേന്ത്യന്‍ – ഇങ്ങനെ ഞാനുള്‍പ്പെടെ മൂന്നുപേര്‍മാത്രമാണ് ഞങ്ങളുടെ കാബിനില്‍.
കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍, രാത്രി ഏകദേശം പത്തുമണി സമയത്ത്, മൂന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ടിക്കറ്റില്ലാതെ കയറി. കാലിയായ കാബിനില്‍ ഇരിപ്പുറപ്പിച്ചതും പോരാഞ്ഞ് അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു. ഉള്ളിലൊരു ഭയം നിറഞ്ഞു. ഉടനെ ജപമാല കൈയിലെടുത്തു, ‘കൃപ നിറഞ്ഞ മറിയമേ’ ചൊല്ലാന്‍ തുടങ്ങി. മാതാവിനെ വിളിച്ച് അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, വേറേതോ കാബിനിലെ ടി.ടി.ആര് വരുന്നു. അവരുടെ കയ്യില്‍ ടിക്കറ്റില്ലെന്ന് മനസിലാക്കി ഫൈന്‍ നല്കി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴും എന്റെ ടിക്കറ്റ് ആര്.എ.സിതന്നെയാണ്. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞങ്ങളുടെ കാബിന് ഡ്യൂട്ടിയുള്ള ടി.ടി.ആര് വന്നു. എനിക്ക് വേറൊരു സീറ്റ് അലോട്ട് ചെയ്തു. അതാകട്ടെ മലയാളിയാത്രക്കാരുടെ അരികിലും. മാതാവ് കൂടെവന്ന അനുഭവം.
ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി. ഞാനൊരു കത്തോലിക്കയല്ല. പക്ഷേ എന്നെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചത് ശാലോമിലെ ലേഖനങ്ങളാണ്.
Emmanuel
രക്ഷകന്റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് സുവിശേഷങ്ങളല്ല, പഴയ നിയമമാണ് എന്നറിയാമോ? ഏറ്റവും നല്ല ഉദ്ധരണി ഏശയ്യാ 1/3 ആണ്, "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല." ആഴത്തില്‍ ചിന്തിച്ചാല്‍, സൃഷ്ടികളായ മൃഗങ്ങള്‍പോലും അവയുടെ യഥാര്‍ത്ഥ ഉടയവനെ തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ പോകുകയാണ്. പൂര്‍ണഹൃദയത്തോടെ രക്ഷകനെ തേടാനും അവിടുത്തെ കണ്ടെത്താനും സകല മനുഷ്യര്‍ക്കും ഇടയാകട്ടെ. "നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും" (ജറെമിയാ 29/13).
By: Shalom Tidings
Moreഎന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര് കേട്ടാല്‍ പറയും അതിന്റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്റെ ഒരു കാര്യവുമില്ല. കാരണം "പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല." അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം. എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും? സോളമന്റെ ജ്ഞാനം ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന് രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര് 3/16-28). രണ്ടു വേശ്യമാര് ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള് വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള് ഇവളുടെ കുഞ്ഞിന്റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള് മരിച്ച കുഞ്ഞിനെ എന്റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്റെ അടുത്തുകിടന്ന ജീവനുള്ള എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും. ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, "വേഗം ഒരു വാള് കൊണ്ടുവരിക." വാള് കൊണ്ടുവരപ്പെട്ടു. രാജാവ് കല്പിച്ചു. "കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക." ഇതു കേട്ടപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ രാജാവിന്റെ കാല്ക്കല് വീണ് കരഞ്ഞുപറഞ്ഞു. "മഹാരാജാവേ, കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ." മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, "കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക." അപ്പോള്‍ രാജാവ് കല്പിച്ചു. "കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ." അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല് വിജയം വരിച്ചു. അമ്മ = ത്യാഗം യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള് ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം. ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്റെ കുഞ്ഞിനെ മറ്റവള് മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്റെ സ്വന്തം മകന് തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള് മറ്റവള്‍ക്കു തന്റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് 'എന്റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്റെ ജീവന് നഷ്ടപ്പെടാതിരിക്കട്ടെ' എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന് അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്. വിട്ടുകൊടുക്കല്‍ = ത്യാഗം ഓരോ വിട്ടുകൊടുക്കലിന്റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്. എന്തുകൊണ്ട് കഴിയുന്നില്ല? മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള് ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. "ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്" എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു. ആരു വിട്ടുകൊടുക്കണം? ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള് വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന് അവന് വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ. യേശുവിന്റെ ഹൃദയം അമ്മയുടെ ഹൃദയം! അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്റെ പീഡാസഹനത്തിന്റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്റെ ഹൃദയം അമ്മയുടേതോ അപ്പന്റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. 'എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ' എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന് പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം. മാപ്പു നല്കുന്ന കോടതി സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. "ഏതു തെറ്റിനും മാപ്പു നല്കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്." ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ. പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി, അല്ലെങ്കില്‍ ദാസന് എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന് പാടിയത് "ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം" എന്ന്. തിരുക്കുടുംബത്തിന്റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം "അവന് (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന് ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2/14). ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.
By: Stella Benny
Moreശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം? അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള് അവരോടു ചോദിച്ചു: "കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്." എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള 'ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം' ആണെന്നു മനസിലാക്കുകയാണ്. ശുദ്ധത എന്ന പുണ്യത്തിന്റെ പ്രാധാന്യം നമ്മുടെ ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും" (മത്തായി 5/8). ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും. "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം. "നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന് പകര്ന്നവന് അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍ 1. പ്രാര്‍ത്ഥന പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. "ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം." പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും. 2. കൂദാശാസ്വീകരണം എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു. 3. സംസാരത്തിലുള്ള വിശുദ്ധി സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം "ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്" (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ. 4. കണ്ണുകളുടെ വിശുദ്ധി "കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും" (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും. അലസതയുള്ള മനസ് സാത്താന്റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ. 5. വിവേകം "സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും" (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ. സാത്താന്റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക. 6. ദൈവിക സുഹൃദ്ബന്ധങ്ങള്‍ നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. "വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും" (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക. 7. മരിയഭക്തി ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള് നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, "മറിയമേ സഹായിച്ചാലും." തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി. മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും! പ്രാര്‍ത്ഥന: സ്നേഹത്തിന്റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
By: Deepa Vinod
Moreകുട്ടിക്കാലത്തെ ഒരു സംഭവത്തിലൂടെ കര്‍ത്താവ് നല്കിയ വിലപ്പെട്ട ബോധ്യങ്ങള്‍ ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്കൂള്‍ വിട്ട ദിവസം. സാധാരണയായി സ്കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്കൂളില്‍നിന്നും ഇറങ്ങി കൂട്ടുകാരനൊപ്പം നടന്നു. വരുന്ന വഴിയില്‍ ഒരു സിനിമാതിയറ്ററുണ്ട്. അവിടെയെത്തിയപ്പോള്‍ പെട്ടെന്ന് ഒരു ആഗ്രഹം, 'സിനിമ കണ്ടാലോ?' അപ്പോഴാകട്ടെ കൃത്യം ഷോ തുടങ്ങുന്ന നേരവുമാണ്. പിന്നെ ഒന്നും ആലോചിച്ചില്ല. കൈയിലുള്ള നിസാരതുക ഉപയോഗിച്ച് ടിക്കറ്റ് എടുത്ത് ഞാനും കൂട്ടുകാരനുംകൂടി സിനിമ കണ്ടു. സിനിമ കഴിഞ്ഞ് തിരിച്ചിറങ്ങി കടയിലേക്ക് നടക്കുമ്പോള്‍ മനസ് ആകെ അസ്വസ്ഥമാകാന്‍ തുടങ്ങി. സമയം 5.30 ആയിട്ടുണ്ട്. സാധാരണയായി സ്കൂള്‍ വിട്ട് 4.15 ആകുമ്പോള്‍ കടയിലെത്തുന്ന ഞങ്ങള്‍ എന്തുകൊണ്ടാണ് താമസിച്ചത് എന്ന് വീട്ടുകാര്‍ അന്വേഷിക്കും. എന്ത് മറുപടി പറയുമെന്ന് ചിന്തിച്ച് പല കാരണങ്ങളും തേടി. അങ്ങനെ കടയിലെത്തി. കൗണ്ടറില്‍ മമ്മി ഇരിക്കുന്നു. പപ്പയെ കാണുന്നില്ല. അല്പം ആശ്വാസം. ഉടനെ മമ്മി ചോദിച്ചു, "എന്താടാ താമസിച്ചത്?" ധൈര്യം സംഭരിച്ച് ആദ്യത്തെ നുണ കാച്ചി. "ഇന്ന് സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു." മമ്മിക്ക് അത് വിശ്വാസമായില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസിലായി. മമ്മി അടുത്ത ചോദ്യം, "നിന്റെ സ്കൂളിലെ കുട്ടികള്‍ 3.30 ആയപ്പോള്‍ പോകുന്നത് കണ്ടല്ലോ?" മമ്മിയുടെ ചോദ്യങ്ങള്‍ക്ക് ഓരോ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനിന്നുകൊണ്ടിരിക്കുകയാണ് ഞാന്‍. പെട്ടെന്ന് പപ്പ അവിടെയെത്തി. പിന്നെ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടായിരുന്നില്ല, അടിയും വഴക്കുംമാത്രം! വേഗം മമ്മി ഇടപെട്ട് പപ്പയെ ശാന്തനാക്കി. ഞാന്‍ കരഞ്ഞുകൊണ്ട് മമ്മിയെ നോക്കി വീണ്ടും എന്നെ സ്വയം ന്യായീകരിക്കാന്‍ തുടങ്ങി, "എന്തിനാണ് പപ്പ എന്നെ അടിച്ചത്? ഇന്ന് ശരിക്കും സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. വേണമെങ്കില്‍ എന്റെ കൂട്ടുകാരോട് ചോദിച്ചുനോക്ക്." അതുകേട്ടതേ പപ്പയുടെ അടുത്ത അടി എനിക്ക് കിട്ടുമെന്ന് മനസിലായ മമ്മി വേഗം എന്നോട് പറഞ്ഞു, "നീ നുണ പറഞ്ഞതിനാ പപ്പ നിന്നെ അടിച്ചത്." അത് കേട്ടപ്പോള്‍ വീണ്ടും എന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമം തുടങ്ങുന്നതുകണ്ട് മമ്മി പെട്ടെന്നുതന്നെ എന്നോട് പറഞ്ഞു, "സിനിമ തുടങ്ങിക്കഴിഞ്ഞല്ലേ നീയും കൂട്ടുകാരനും ബാല്‍ക്കണിയിലെ സീറ്റുകളില്‍ പോയിരുന്നത്? അതിന് തൊട്ടുപിന്നില്‍ പപ്പ ഇരിക്കുന്നുണ്ടായിരുന്നു!!" ഞാന്‍ സ്തബ്ധനായി. പിന്നെ ഒന്നും പറയാനില്ലായിരുന്നു. ഞാന്‍ ചെയ്തതെല്ലാം വ്യക്തമായി കണ്ടതിനാലാണ് ഞാന്‍ പറഞ്ഞ കള്ളം പപ്പയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഈ 'സിനിമാക്കഥ' ഓര്‍മിപ്പിച്ചതിലൂടെ കര്‍ത്താവ് എനിക്ക് ചില ബോധ്യങ്ങള്‍ തന്നു. അത് മൂന്ന് വ്യത്യസ്ത തലങ്ങളെക്കുറിച്ചായിരുന്നു. ജഡികതലമാണ് ആദ്യത്തേത്. ഞാന്‍ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് സിനിമ കാണാന്‍ പോയത്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള പ്രലോഭനങ്ങള്‍ കടന്നുവരാറുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാതെവരുന്നു. റോമാ 8/8 ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്, "ജഡികപ്രവണതകളനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല." ലൗകികതലമാണ് രണ്ടാമത്തേത്. സിനിമ കണ്ടിട്ടും കണ്ടില്ല എന്ന് ഞാന്‍ നുണ പറഞ്ഞു. ചെയ്ത തെറ്റിനെ മറയ്ക്കാന്‍ വീണ്ടും വീണ്ടും തെറ്റുചെയ്യുന്ന അവസ്ഥ. അങ്ങനെ നാം ദൈവത്തില്‍നിന്ന് അകന്ന് നാശത്തിലേക്ക് പോകുകയും ചെയ്യുന്നു. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). മൂന്നാമത്തേത് ആത്മീയതലമാണ്. സിനിമ കണ്ടിട്ട് വന്നപ്പോള്‍ മമ്മിയുടെ ചോദ്യത്തിന് മറുപടിയായി സത്യം പറയുകയും 'തെറ്റിപ്പോയി, മേലില്‍ ചെയ്യുകയില്ല'ڔഎന്ന് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ പപ്പ എന്നെ ശിക്ഷിക്കുകയില്ലായിരുന്നു. "കള്ളം പറയുന്ന അധരങ്ങള്‍ കര്ത്താവിന് വെറുപ്പാണ്. വിശ്വസ്തതയോടെ പെരുമാറുന്നവര്‍ കര്‍ത്താവിനെ സന്തോഷിപ്പിക്കുന്നു" (സുഭാഷിതങ്ങള്‍ 12/22). പാപികളെ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടെ കര്‍ത്താവ്. പാപത്തില്‍ വീഴുമ്പോള്‍ സ്വയം ന്യായീകരിക്കാതെ പാപം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് തിരിച്ചുവരുമ്പോള്‍ കര്‍ത്താവ് നമ്മെ കൂടുതല്‍ സ്നേഹിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 32/5- "എന്റെ പാപം അവിടുത്തോട് ഞാന്‍ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോട് ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു." മറ്റൊരു ചിന്തകൂടി മനസിലേക്ക് വന്നു. ഞാന്‍ തിയറ്ററില്‍ കടന്നുചെല്ലുന്നതും സിനിമ കാണുന്നതും എല്ലാം എന്റെ അപ്പന് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അപ്പനെ കണ്ടില്ലെന്നേയുള്ളൂ. അതുകൊണ്ട് അപ്പനില്‍നിന്ന് രക്ഷപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലായിരുന്നു. ഇതുപോലെയാണ് നമ്മുടെ എല്ലാ പ്രവൃത്തികളും. നാം ചെയ്യുന്ന നന്മയും തിന്മയും എല്ലാം സ്വര്‍ഗത്തിലെ പിതാവ് കണ്ടുകൊണ്ടിരിക്കുന്നു. "ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു; എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്ന് മനസിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിച്ചറിയുന്നു; എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്ക് നന്നായറിയാം" (സങ്കീര്‍ത്തനങ്ങള്‍ 139/2-3). ഒന്നും അവിടുന്നില്‍നിന്ന് മറച്ചുവയ്ക്കുക സാധ്യമല്ല. അതിനാല്‍ത്തന്നെ വിശുദ്ധ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് നമുക്ക് അവിടുത്തെ മുമ്പിലേക്ക് ചെല്ലാം. അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും.
By: Joji Joseph
Moreആത്മാവിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള് തുടരുകയില്ല. വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, "ദൈവസ്നേഹവും ക്രിസ്തീയ പൂര്‍ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിലുമാണ്." പൂര്‍ണത പ്രാപിക്കാനായി, ആത്മീയ വരള്‍ച്ച മുഖേന ദൈവം സവിശേഷമായ ഒരു രീതിയില്‍ അവിടുന്ന് സ്നേഹിക്കുന്ന ആത്മാക്കളുമായി തന്നെത്തന്നെ ഗാഢമാംവിധം ഒന്നിപ്പിക്കുന്നു. ക്രമാതീതമായ ലൗകിക പ്രവണതകളോടുള്ള ഉറ്റബന്ധമാണ് ദൈവത്തോട് യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടുന്നതില്‍നിന്നും നമ്മെ തടസപ്പെടുത്തുന്നത്. അതിനാല്‍, ദൈവം ഒരു ആത്മാവിനെ അവിടുത്തെ സമ്പൂര്‍ണ സ്നേഹത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവളെ ആദ്യം സൃഷ്ടികളുമായുള്ള സകലവിധ ഉറ്റബന്ധങ്ങളില്‍നിന്നും സ്വതന്ത്രയാക്കാന്‍ പ്രയത്നിക്കുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി അവിടുന്ന് അവളില്‍നിന്നും ധനം, സല്‍പ്പേര്, ബന്ധുക്കള്‍, ശാരീരികാരോഗ്യം എന്നിങ്ങനെ ഭൗതികമായവ അല്പാല്പമായി എടുത്തുമാറ്റുന്നു. തുടര്‍ന്ന് എല്ലാവിധത്തിലുമുള്ള വൈരുധ്യങ്ങളും അപമാനങ്ങളും വന്നെന്നിരിക്കും. ആത്മാവിന് തന്നോടുതന്നെയും സൃഷ്ടികളോടുമുള്ള സകല ഉറ്റബന്ധങ്ങളും ഇല്ലാതാക്കുവാന്‍ കര്‍ത്താവ് ഉപയോഗപ്പെടുത്തുന്ന അസംഖ്യം മാര്‍ഗങ്ങളാണിവ. ദൈവത്തിന്റെ അതിശ്രേഷ്ഠരായ ദാസരുടെയും വിശുദ്ധരുടെയും ജീവിതങ്ങളില്‍ ആശ്വാസങ്ങളുടെ 'പാല്' പീഡനങ്ങളുടെ കൂടുതല്‍ 'കട്ടിയായ ആഹാര'ത്തിന് വഴിമാറുന്നത് നാം കാണുന്നു. കാല്‍വരി മലയിലേക്കുള്ള യാത്രയില്‍ കുരിശിന്റെ ഭാരം താങ്ങാന്‍ അവരെ പ്രാപ്തരാക്കുന്നത് ഇതാണ്. ആത്മീയ വരള്‍ച്ച സഹിച്ച വളരെ വിശുദ്ധനായ ഒരു വ്യക്തിക്ക് കുരിശിന്റെ വിശുദ്ധ യോഹന്നാന് ഇങ്ങനെ എഴുതി: "ഇപ്പോഴത്തെക്കാള്‍ കൂടുതല്‍ നല്ലൊരു അവസ്ഥയില്‍ നിങ്ങള്‍ മുമ്പ് ഒരിക്കലും ആയിരുന്നിട്ടില്ല. കാരണം, ഈയൊരു നിമിഷത്തിലെന്നതുപോലെ നിങ്ങള്‍ ഒരിക്കലും ഇത്രയും എളിമപ്പെട്ടിട്ടില്ല. ഈ ലോകത്തോട് നിങ്ങള്‍ മുമ്പൊരിക്കലും ഇത്രയും വിരക്തനായിരുന്നിട്ടില്ല. ഈ നിമിഷത്തിലെന്നതുപോലെ നിങ്ങളുടെ ദുരവസ്ഥ ഇത്രയും നന്നായി നിങ്ങള്‍ മുമ്പ് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ ഒരിക്കലും ഇത്രയും നിസംഗനായിരുന്നിട്ടില്ല. ഇതിനുമുമ്പൊരിക്കലും നിങ്ങള്‍ ഇത്രയും നിസ്വാര്‍ത്ഥനായിരുന്നിട്ടില്ല." ആത്മീയ വരള്‍ച്ചയുടെ മധ്യേയുള്ള പ്രത്യാശയുടെയും സമര്‍പ്പണത്തിന്റെയും പ്രകരണങ്ങള്‍ ദൈവത്തിന്റെ ഹൃദയത്തിന് എത്ര പ്രിയപ്പെട്ടതാണെന്നോ! അതിനാല്‍, വിശുദ്ധ ത്രേസ്യ പറയുന്നതുപോലെ, നമ്മുടെ അതിരറ്റ പ്രത്യാശ നാം നമ്മെത്തന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന ദൈവത്തില്‍ അര്‍പ്പിക്കാം.
By: Shalom Tidings
Moreഓരോ നിമിഷവും ഈശോയുടെ തോളുരുമ്മി നടന്ന്, കുടുംബജീവിതം സ്വര്‍ഗമാക്കിയ വീട്ടമ്മയുടെ അനുഭവങ്ങള്‍... രണ്ട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ നടക്കുമായിരുന്നു. എന്റെ ഭര്‍ത്താവ്, എന്റെ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ അങ്ങനെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിമാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നിലെ 'അഹം' വളരെയധികം പ്രബലമായിരുന്നു. ഞാന്‍ പറയുന്നതാണ് ശരി, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതായിരുന്നു എന്റെ മനോഭാവം. ഉപകാരമായ ദുരിതങ്ങള്‍ അങ്ങനെയിരിക്കേ 2013-ല്‍ എന്റെ ഒരു സഹോദരന് പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതെനിക്ക് വല്ലാത്തൊരു 'ഷോക്ക്' ആയിരുന്നു. ചേട്ടന്റെ മരണശേഷമാണ് മരണാനന്തരമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. 'മരണശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും? എന്റെ മരണശേഷമെങ്കിലും എനിക്ക് ചേട്ടനെ കാണാന്‍ സാധിക്കുമോ?' എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ ഞാന്‍ ഉള്ളില്‍ ചോദിച്ചുതുടങ്ങി. എങ്കിലും ആ അനുഭവവും നല്ലൊരു ദൈവബന്ധത്തിലേക്ക് എന്നെ നയിച്ചില്ല. പിന്നെയും ജീവിതത്തില്‍ പല സഹനങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ പതിയെപ്പതിയെ എന്നെ പിന്തുടരുന്ന ദൈവസ്നേഹം തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യര്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കാതെ തനിയെയാകുന്ന സമയങ്ങളിലാണല്ലോ നാം ഏറ്റവും കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കുക. അങ്ങനെയൊരവസ്ഥയിലാണ് ഞാനും ദൈവത്തെ തേടിയത്. എങ്കിലും പലപ്പോഴും പിന്തിരിഞ്ഞുനടക്കുകയും ചെയ്തു. പക്ഷേ ഞാന്‍ ദൈവത്തിലേക്ക് ഒരു ചുവട് വച്ചപ്പോള്‍ ഈശോ എന്നെ എത്തിച്ചത് സങ്കീര്‍ത്തനാരാധനാ കൂട്ടായ്മയിലായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും വായിക്കുന്നതും ഈശോയുടെ പ്രാര്‍ത്ഥനാപുസ്തകമായ സങ്കീര്‍ത്തനങ്ങളാണ്. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ മനസിന്റെ ഭാരം കുറഞ്ഞില്ലാതാകുന്നതും രോഗസൗഖ്യം ലഭിക്കുന്നതുമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം ക്രമപ്പെടാന്‍ തുടങ്ങുന്നു... സങ്കീര്‍ത്തനാരാധനാകൂട്ടായ്മയിലൂടെ ശാസനകളും സ്നേഹത്തലോടലുകളും എല്ലാം നല്കി പല രീതിയിലും ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈശോ എന്നെ പഠിപ്പിച്ചു. ഒരു കാര്യം ഈശോ പ്രത്യേകം മനസിലാക്കിത്തന്നു. എനിക്ക് മറ്റുള്ളവരെ ശരിയാക്കാന്‍ സാധിക്കില്ല. പകരം എന്നിലെ 'ഞാന്‍' ഇല്ലാതായാല്‍ എന്നിലൂടെ മറ്റുള്ളവരെ ഈശോക്ക് നേടാനാവും. അതിനാല്‍ത്തന്നെ 'ഞാന്‍ഭാവം' ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടങ്ങി. എളിമ ലഭിക്കാനായി നിരന്തരം പ്രാര്‍ത്ഥിച്ച് പരിശ്രമിച്ചിരുന്നു. അനുദിനജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മയിലൂടെ കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. അങ്ങനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞ് സ്തുതികളര്‍പ്പിച്ച് പുണ്യം ചെയ്യാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ഭര്‍ത്താവും മക്കളും പുണ്യാഭ്യസനത്തില്‍ പങ്കുചേര്‍ന്നു. അതോടെ കുടുംബത്തില്‍ വലിയ മാറ്റമാണുണ്ടായത്; സ്വര്‍ഗീയാനന്ദം കുടുംബത്തില്‍ നിറയുന്ന അനുഭവം! പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നല്ല, അതിനെല്ലാമുപരിയായ ഒരു ആനന്ദം കര്‍ത്താവ് സമ്മാനിക്കുന്നു. എന്ത് കാര്യവും സ്വര്‍ഗത്തിലെ 'അപ്പച്ചനോ'ട് പറഞ്ഞിട്ട് ചെയ്യുക എന്നത് ഒരു ശീലമായി. എന്ത് ചെയ്യുമ്പോഴും ഇത് ഈശോയ്ക്ക് ഇഷ്ടമാകുമോ എന്ന ചിന്ത പരിശുദ്ധാത്മാവ് തരും. അതിനാല്‍ത്തന്നെ പാപങ്ങളില്‍നിന്ന് കുറെയെങ്കിലും പിന്മാറാന് സാധിച്ചു. വിശുദ്ധിക്കായി ആഴത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. വിശുദ്ധ കുമ്പസാരത്തിന് ഏറെ പ്രാധാന്യം നല്കാന് ഈശോ എന്നെ ഒരുക്കി. ഈലോകചിന്തയില്‍നിന്നും മാറി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കുരുക്കുകളും പ്രതിസന്ധികളുമായി ശത്രു പിന്നാലെത്തന്നെയുണ്ടെങ്കിലും ഈശോ കരം പിടിച്ച് കൂടെ നടക്കുന്നു. ഈ യാത്രയില്‍ ഈശോ എനിക്ക് മനസിലാക്കിത്തന്ന മറ്റൊരു കാര്യം അപരന് എന്നെക്കാള്‍ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ഈശോയോട് ചേര്‍ന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ എന്ന പുണ്യം അഭ്യസിക്കുക എളുപ്പമായി. തെറ്റ് എന്റെ ഭാഗത്താണെന്ന് ചിന്തിക്കാന്‍ സാധിച്ചു. ആരെങ്കിലും അകാരണമായി ദേഷ്യപ്പെട്ടാലും കുറ്റപ്പെടുത്തിയാലും ഈശോയുടെ കുരിശോട് ചേര്‍ത്തുവയ്ക്കുക എന്നത് താരതമ്യേന എളുപ്പമായി. മക്കളാകെ മാറി! ഈശോയോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നതിനുമുമ്പ് മക്കളെ ഞാന്‍ എന്റേതുമാത്രമാക്കി വച്ചിരിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ എനിക്ക് സഹിക്കില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് അമ്മയ്ക്കൊപ്പമായിരുന്നപ്പോള്‍ അമ്മ ഒരു കാര്യം മനസിലാക്കിത്തന്നു. ഞാന്‍ സ്വര്‍ഗത്തിലെ അപ്പച്ചന്റെ മകളാണ് എന്നതുപോലെ അവരും അവിടുത്തെ മക്കളാണ്. അവര്‍ക്ക് അവരുടെ സ്വര്ഗീയപിതാവിനെ പരിചയപ്പെടുത്തി നല്കി അവിടുന്നിലേക്ക് നയിക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. ഇപ്രകാരം ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മക്കളെ പൂര്‍ണമായും ദൈവപിതാവിന് സമര്‍പ്പിച്ച് ബോധപൂര്‍വം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇടയ്ക്ക് എന്നിലെ 'അഹം' കയറിവരുമെങ്കിലും വീണ്ടും പരിശ്രമിക്കും. അങ്ങനെ മുന്നോട്ടുപോയപ്പോള്‍, എനിക്കുചുറ്റും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവവേദ്യമായി. ഭര്‍ത്താവിനെയും എന്നെയും മക്കള്‍ക്ക് മാതൃകകളായി പിതാവ് മാറ്റി. അവരെ ദൈവപിതാവിന് വിട്ടുകൊടുത്തപ്പോള്‍ ഞങ്ങളുടെ രൂപഭാവങ്ങള്‍ക്കുപകരം ദൈവികമായ രൂപഭാവങ്ങള്‍ അവരില്‍ വരുന്നത് കാണാന്‍ സാധിച്ചു. ഉദാഹരണത്തിന് ചെറുപ്പത്തില്‍, ദിവ്യബലിയില്‍ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിച്ചിരുന്നതെങ്കില് ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ അനുദിനദിവ്യബലിയര്‍പ്പിക്കുന്നു. എല്ലാ നോമ്പുകളും അര്‍ത്ഥപൂര്‍ണമായി എടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവും ഞാനും ദിവസത്തിലെ ജോലികള്‍ക്കിടയിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കും. അതുകണ്ട് വളരുന്നതിനാല്‍ മക്കളും ജപമാലപ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്വഭാവശുദ്ധിയിലും പ്രാര്‍ത്ഥനയിലും സത്പ്രവൃത്തികളിലുമെല്ലാം അവര്‍ മുന്നേറുന്നതുകാണുമ്പോള്‍, അവരെ ഇപ്രകാരം വളര്‍ത്തുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കും. എന്നാല്‍ ഇതെല്ലാം അവരെ ദൈവത്തിന് വിട്ടുകൊടുത്തതിനാല്‍ വന്ന മാറ്റങ്ങളാണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. സ്വര്‍ഗീയപിതാവിന്റെ മകളായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടുന്ന് ചോദിക്കാതെതന്നെ തരുന്ന സമ്മാനങ്ങളാണ് മറ്റെല്ലാം. സര്‍വ മഹത്വവും സ്തുതിയും ആരാധനയും പരിശുദ്ധ ത്രിത്വത്തിന്!
By: Jency Shammi
Moreഒരു വൈദികന് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും 'നിങ്ങള്‍ വൈദികനാണോ' എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും. 'അതെ' എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള് ചോദിച്ചു, "എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?" 'ഒരു അഞ്ച് മിനിറ്റ് കാക്കാമോ' എന്ന് പറഞ്ഞ്, ആ അച്ചന് സന്ദര്‍ശകരെ ബസിലിക്കായുടെ ഒരു ഭാഗം കാണാന്‍ വിട്ടു. എന്നിട്ട് ഈ പെണ്‍കുട്ടിയുടെ പക്കല്‍ ചെന്ന് കുമ്പസാരം കേട്ടു, പാപമോചനം കൊടുത്തു. വലിയ സന്തോഷത്തോടെയാണ് ആ കുട്ടി തിരികെ പോയത്. തുടര്‍ന്ന് ആ വൈദികന് പറഞ്ഞത് ഇതാണ്, "അച്ചാ, ബസിലിക്കായിലെ കുമ്പസാരത്തിന്റെ സമയം അന്ന് കഴിഞ്ഞിരുന്നു. ആ സമയത്തുതന്നെ ഈ അതിഥികള്‍ വരാനും അവരെയും കൊണ്ട് അനുതാപത്താല്‍ ഹൃദയം ഉരുകിയ ഈ ആത്മാവിന്റെ മുന്നില്‍ എത്താനും ഇടയായല്ലോ. വാസ്തവത്തില്‍ ഏതോ ഒരു ശക്തി എന്നെ അങ്ങോട്ട് നയിച്ചതാണച്ചാ, ആ ആത്മാവിനെ വീണ്ടെടുക്കാന്‍..." അതുകേട്ടപ്പോള്‍ ആ വൈദികനൊപ്പം ഞാനും ദൈവത്തിന് നന്ദി പറഞ്ഞു. അവള്‍ക്ക് ആത്മസൗഖ്യാനുഭവം കൊടുക്കാന്‍ ദൈവം തന്റെ പ്രതിനിധിയെ അവള്‍ക്കരികിലേക്ക് അയച്ചതോര്‍ത്ത്... പ്രസംഗിക്കാന്‍ ശിഷ്യരെ അയച്ചുകൊണ്ട് യേശു പറഞ്ഞതിങ്ങനെയാണ്, "...സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍..." (മത്തായി 10/7-8). ഹൃദയംകൊണ്ട് പിതാവിനെ അന്വേഷിച്ചാല്‍ ഏറ്റവും അടുത്തുള്ള തന്റെ കൃപാസ്രോതസുകള് അന്വേഷിക്കുന്നവന് മുന്നില്‍ പിതാവ് എത്തിച്ച് കൊടുക്കും.
By: Father Joseph Alex
Moreഒരു സ്ത്രീ വിശുദ്ധ കാതറിന് വളരെയധികം മാനഹാനി വരുത്തി. അവള്‍ക്ക് കാതറിനോട് അത്രയധികം കോപം തോന്നിയിരിക്കണം. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ കഠിനമായ രോഗാവസ്ഥയിലായി. അവളോട് പ്രതികാരം ചെയ്യാന്‍ കാതറിന് അനുയോജ്യമായ സമയം. കാതറിന് എന്തുചെയ്തെന്നോ? ദീര്‍ഘനാള്‍ രോഗിണിയായി കഴിഞ്ഞ അവളെ ഒരു പരിചാരികയെപ്പോലെ ശുശ്രൂഷിച്ചു. അതായിരുന്നു വിശുദ്ധ കാതറിന്റെ മധുരപ്രതികാരം.
By: Shalom Tidings
Moreആഫിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിബേഹോയില്‍ 1980- ല്‍ പല സ്ഥലങ്ങളിലായി മാതാവ് ചില കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുകയും ജനത്തോട് മാനസാന്തരപ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മാതാവിന്റെ ഈ ആഹ്വാനത്തെ തള്ളിക്കളയുന്നപക്ഷം സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാതാവ് വെളിപ്പെടുത്തലുകള്‍ നല്കി. രക്തം നിറഞ്ഞ ഒരു നദി. ... തലകളറ്റുപോയ ശരീരങ്ങള്‍... പരസ്പരം കൊല്ലുന്ന ജനങ്ങള്‍... കുഴിച്ചു മൂടാന്‍ ആരും ഇല്ലാതെ അനാഥമായി കിടക്കുന്ന ശവങ്ങള്... എന്നാല്‍, അതു സംഭവിക്കുകതന്നെ ചെയ്തു. 1994-ലെ വസന്തത്തില്‍, ഭീകരമായ ആഭ്യന്തരയുദ്ധം റുവാണ്ടയില്‍ പൊട്ടിപ്പുറപ്പെട്ടു. 10 ലക്ഷം ജനങ്ങളാണ് അന്ന് ആ കലാപത്തില്‍ കൊല്ലപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്ന മരണദൂതന്മാര് തന്റെ മകളെ കണ്മുന്നിലിട്ട് പിച്ചിച്ചീന്തുന്നതു കാണാന്‍ ഇമ്മാക്കുലിയുടെ പിതാവിന് ശക്തിയില്ലായിരുന്നു. അദ്ദേഹം മകളോട് തന്റെ ഒരു സുഹൃത്തിന്റെ ഭവനത്തില്‍ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭവനത്തില്‍ അവള്‍ക്കും മറ്റ് ഏഴ് പെണ്‍കുട്ടികള്‍ക്കും അഭയമായത് ഒരു അലമാരയ്ക്കു പിന്നിലെ, 12 ചതുരശ്ര അടി മാത്രം വീതിയുള്ള ഒരു കൊച്ചു ബാത്റൂം ആയിരുന്നു. നീണ്ട 91 ദിവസങ്ങളാണ് ഇടുങ്ങിയ ആ മുറിയില്‍ അവര്‍ കഴിഞ്ഞുകൂടിയത്. പിന്നീട് കലാപത്തിന്റെ അവസാനം പുറംലോകത്തേക്ക് അവള് ഇറങ്ങുമ്പോള്‍ കണ്മുന്നില് ശൂന്യത മാത്രം. മാതാപിതാക്കളും സഹോദരങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട് തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെല്ലാം കാരണക്കാരായവരോട് അവള് ക്ഷമിക്കുകയാണ്. ഇമ്മാക്കുലിയുടെ അതിജീവനത്തിന്റെയും ക്ഷമയുടെയും അടിസ്ഥാനം ആ 91 ദിവസങ്ങളില്‍ ഇടുങ്ങിയ ബാത്റൂമില്‍വച്ച് അവള് ജപിച്ചു കൂട്ടിയ ജപമാലകളായിരുന്നു എന്ന് 'ലെഫ്റ്റ് ടു ടെല്‍' എന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബാത്റൂം പ്രാര്‍ത്ഥനകള്‍! ഒരു അധ്യാപികയുടെ അനുഭവമാണ് അടുത്തത്. കടുത്ത നിരീശ്വരവാദിയാണ് അവളുടെ ഭര്‍ത്താവ്. അതിനാല്‍, പള്ളിയില്‍ പോകാനോ വീട്ടില്‍വച്ച് പ്രാര്‍ത്ഥിക്കാനോ അവള്‍ക്ക് അനുവാദമില്ല. എന്നാല്‍ വിശ്വാസിയായ ആ മകള്‍ക്ക് പ്രാര്‍ത്ഥിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലായിരുന്നു. അവള്‍ക്കും അഭയമായത് വീട്ടിലെ ബാത്റൂം ആണ്. പ്രാര്‍ത്ഥനയും വചനധ്യാനവുമെല്ലാം ആ നാലു ചുവരുകള്‍ക്കുള്ളില്‍ത്തന്നെ. അവിടെവച്ചു മാതാവിന്റെ ഒരു പുസ്തകം പോലും അവള് വിവര്‍ത്തനം ചെയ്തു. പിന്നീട്, അനേകര്‍ക്ക് ആ പുസ്തകം ഒരു അനുഗ്രഹമായി മാറി. ബാങ്കിലെ പ്രാര്‍ത്ഥന ഒരു ബാങ്കുദ്യോഗസ്ഥന്റെ അനുഭവമാണ്. രാവിലെ വളരെ ഉന്മേഷത്തോടെ പ്രാര്‍ത്ഥനാപൂര്‍വം ജോലി ആരംഭിക്കുന്ന അദ്ദേഹത്തിന് തന്റെ കൗണ്ടറില്‍ തിരക്കു വര്‍ദ്ധിക്കുന്നതനുസരിച്ച് അതെല്ലാം ചോര്ന്നുപോകുന്നതായി തോന്നും. കൗണ്ടറിനുമുന്നില്‍ നില്ക്കുന്നവരോട് സ്നേഹപൂര്‍വം ഇടപെടാന്‍ സാധിക്കാത്തവിധം പിരിമുറുക്കം നേരിടുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയ ഒരു പരിഹാരമാണ് വാഷ്റൂം പ്രാര്‍ത്ഥന. ഇടയ്ക്ക് വാഷ്റൂമില്‍ പോകുമ്പോള്‍, ഒന്നു സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ശക്തി വീണ്ടെടുക്കുന്ന അദ്ദേഹത്തിന് പിന്നീട് എല്ലാ ജോലികളും ഉന്മേഷത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ സാധിക്കുമായിരുന്നു. പ്രാര്‍ത്ഥനയെന്നു ചിന്തിക്കുമ്പോള്‍, പള്ളികളും ചാപ്പലുകളും പ്രാര്‍ത്ഥനാമുറികളുമെല്ലാമായിരിക്കും സ്വാഭാവികമായും നമ്മുടെ മനസ്സിലേക്കു വരിക. എന്നാല്‍, വാഷ്റൂമിലും നമുക്ക് പ്രാര്‍ത്ഥിക്കാം. ആരും കാണാതെ, ആരും കേള്‍ക്കാതെ ഒന്നു കരഞ്ഞു തീര്‍ക്കാന്‍ വാഷ്റൂമില്‍ കയറി ടാപ്പ് തുറന്നുവിട്ട് കരഞ്ഞുതീര്‍ത്തിട്ടുള്ളവര്‍ എത്രയോ പേരുണ്ടാകും. ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍, സ്കൂളിലോ കോളേജിലോ സഹപാഠികള്‍ക്കിടയില്‍, വിങ്ങുന്ന ഹൃദയവുമായി ഭാരപ്പെട്ടിരിക്കുമ്പോള്‍ ആരും കാണാതെ ഒന്നു കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഒരു ചാപ്പല്‍ അടുത്തുണ്ടാകണമെന്നില്ല. എന്നാല്‍, വാഷ്റൂമുകള്‍ കാണും. ആരും കാണാതെ കരഞ്ഞു പ്രാര്‍ത്ഥിക്കാനോ ദൈവസന്നിധിയില്‍ ഒന്നു നിലവിളിക്കാനോ സാധിക്കാതെ വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ ബാത്റൂമുകള്‍ ഒരു അഭയമാണ്. "തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്" (സങ്കീര്‍ത്തനങ്ങള്‍ 145/18). വാഷ്റൂമില്‍ ചിലവഴിക്കുന്ന നിസ്സാരമെന്നു തോന്നുന്ന അഞ്ചോ പത്തോ മിനിറ്റിനു പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും. അതുമാത്രമല്ല, വെറുതേ പാഴായിപ്പോയേക്കാവുന്ന ഈ അഞ്ചോ പത്തോ മിനിറ്റുകളും പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. വാഷ്റൂം പ്രാര്‍ത്ഥനകള്‍ എങ്ങനെ? കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ആത്മശരീര വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു അമ്മയെ എനിക്കറിയാം. "ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്; അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മ്മലമായ ശരീരം എനിക്കു ലഭിച്ചു" (ജ്ഞാനം 8/19-20) എന്ന തിരുവചനം ഏറ്റു പറഞ്ഞും കുഞ്ഞിനെക്കൊണ്ട് ഏറ്റു പറയിച്ചുമാണ് ആ പത്തു മിനിറ്റുകള്‍ അവര്‍ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെ കുളി ശരീരത്തെ ശുചിയാക്കുമ്പോള്‍, പ്രാര്‍ത്ഥന ആത്മാവിനെയും ശുചിയാക്കുന്നു. ക്ഷമിക്കാനും എളിമപ്പെടാനും പാടുപെടുമ്പോള്‍, ബാത്ത്റൂമില്‍ കയറി, "സ്നേഹമാം ദൈവമേ അങ്ങെന്നില്‍ അനുദിനവും വളരേണമേ, ഞാനോ കുറയേണമേ" എന്ന ഈരടികള്‍ മനസ്സില്‍ ആലപിക്കുമ്പോള്‍ നാം വിടുതല്‍ പ്രാപിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. നമുക്കറിയാവുന്ന 'നന്മനിറഞ്ഞ മറിയമേ', 'എത്രയും ദയയുള്ള മാതാവേ' തുടങ്ങിയ കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍, സുകൃതജപങ്ങള്‍, ഈരടികള്‍ എന്നിവയും ഈ സമയങ്ങളില്‍ ഉരുവിടാം. മുകളില്‍ പറഞ്ഞ ബാങ്കുദ്യോഗസ്ഥനെപ്പോലെ സ്തുതിച്ചു പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്നറിയാത്ത നമ്മളെ വേണ്ടതുപോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനോട് ആവശ്യപ്പെട്ടാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കപ്പെടും. വാഷ്റൂമുകളില്‍ പാഴായിപ്പോകുന്ന സമയം പ്രാര്‍ത്ഥിക്കാനുള്ള ഓര്‍മ്മ അവിടുന്ന് നമ്മിലുണര്‍ത്തും. എന്തിനുവേണ്ടി, എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കും. അതിനാല്‍, ആത്മാവിനോടു പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവേ, എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ. എവിടെയും എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രാര്‍ത്ഥന നിറയ്ക്കേണമേ. ആമ്മേന്‍.
By: Anu Jose
Moreഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു. ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്ത്താക്കന്മാര് അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് "ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും" (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ. എന്റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് - ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്സി നഴ്സിങ്ങ് കോഴ്സിനുള്ള പരീക്ഷയായിരുന്നു അത്. സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള് പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള് സെലക്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു. സാധാരണയായി അഡ്മിഷന് എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്. ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള് ആകെ തളര്‍ന്നു. അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള് എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്മെന്റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം. ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, "സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ." മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന് കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള് ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം. കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, "നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന് എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും." അവള് കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക. മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, "മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്." അവര്‍ പറഞ്ഞതനുസരിച്ച് അവള് അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള് നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള് ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന് കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).
By: Thomas Thalapuzha
Moreരോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്‍കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം. ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്‍കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക. കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്ത്ഥനകള്ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും. മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്ത്ഥനകളില് പങ്കെടുക്കാന്‍. ഓരോ രോഗശാന്തിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.
By: Mon. C.J. Varkey
Moreയു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന് ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്. പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.
By: Shalom Tidings
Moreകുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്സായി ജോലി ചെയ്യുന്ന സമയം. നഴ്സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്. അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള് എന്നോടുള്ള നിഷ്കളങ്ക സ്നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്. ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള് സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു. നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്പില് ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്പില് വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്. ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്ക്. ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്കളങ്കസ്നേഹത്തിന് ഈശോ തന്ന സ്നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില് കേള്‍ക്കാം. അല്പസമയത്തിനുള്ളില്ത്തന്നെ അവള് എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള് മാറി മാറി നോക്കിക്കൊണ്ടു കണ്ണീര് വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള് എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള് ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു. ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള് ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള് ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.” ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5). യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന് മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54). യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ലെന്ന് സ്വന്തം ജീവന് കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
By: Ann Maria Christeena
Moreപരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും. ”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്; അപ്പോള്‍ അവന് നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)
By: Shalom Tidings
More