Trending Articles
ഒരു സിസ്റ്റര്‍ മദറിനെക്കുറിച്ച് പങ്കുവച്ച അനുഭവം. മഠത്തിലെ പൂന്തോട്ടത്തിനായി ഒരു പുല്ലുവെട്ടി വേണം. അതിനെക്കുറിച്ച് മദര്‍ മേരി ലിറ്റിയോട് പറഞ്ഞപ്പോള്‍ മദര്‍ നിര്‍ദേശിച്ചത് ഇങ്ങനെ: ”നിങ്ങള്‍ എന്നോട് ചോദിക്കാതെ നമ്മുടെ അമ്മയോട് (പരിശുദ്ധ മറിയത്തോട്) ചോദിക്ക്, അമ്മ തരും.” അങ്ങനെ പറഞ്ഞ് മദര്‍ ചിരിച്ചു. സിസ്റ്റര്‍ കരുതി പണമില്ലാത്തതുകൊണ്ടായിരിക്കും എന്ന്. എങ്കിലും മദര്‍ പറഞ്ഞതല്ലേ എന്നുകരുതി പ്രാര്‍ത്ഥിച്ചു.
പിറ്റേ ദിവസം. സമീപവാസിയായ ഒരു സ്ത്രീ മഠത്തില്‍ വന്നു. പരിചയമുള്ളവരാണ്, മഠത്തെ സഹായിക്കാറുമുണ്ട്. അവര്‍ കുടുംബമായി അമേരിക്കയിലേക്ക് പോകുകയാണ്. അതിനാല്‍ യാത്ര പറയാന്‍ വന്നതാണ്. പോകാന്‍ നേരം കൈയിലിരുന്ന ഒരു പൊതി മഠത്തില്‍ ഏല്പിച്ചിട്ട് പറഞ്ഞു, ”ഒരു പുല്ലുവെട്ടിയാണ്. വീട്ടില്‍ വച്ചിട്ടുപോയാല്‍ തുരുമ്പെടുത്ത് പോകും. ഇവിടെ വല്ല ഉപകാരത്തിനും കൊണ്ടെങ്കിലോ എന്നോര്‍ത്ത് കൊണ്ടുവന്നതാ.” അതുകേട്ട് മദറും മക്കളും ചിരിച്ചു.
***** ***** ***** *****
ഒരിക്കല്‍ സന്യാസസമൂഹത്തിലെ ഒരു മഠത്തിന് സമീപത്തുള്ള കുടുംബത്തില്‍ വലിയൊരു പ്രശ്നമുണ്ടായി. ആ സമയത്ത് മദര്‍ അവിടത്തെ സന്യാസിനികളെയെല്ലാം ഒന്നിച്ചുകൂട്ടി ആ പ്രശ്നത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു. ‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്നേഹമില്ല. ക്ഷമിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല…’ എന്നിങ്ങനെ നിരവധി കാരണങ്ങളായിരുന്നു സന്യാസിനികള്‍ പറഞ്ഞത്. പക്ഷേ മദര്‍ പറഞ്ഞു, ”ആ വീട്ടിലെ അസമാധാനത്തിനും പ്രശ്നങ്ങള്‍ക്കും കാരണം നമ്മുടെ പ്രാര്‍ത്ഥനക്കുറവാണ്. അതിനാല്‍ ഇന്നുരാത്രി നമുക്ക് ആ കുടുംബത്തിനുവേണ്ടി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ജാഗരിച്ചുപ്രാര്‍ത്ഥിക്കാം.” മദറിന്റെ നിര്‍ദേശപ്രകാരം അവര്‍ ആ രാത്രി മാറിമാറി ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ത്ഥിച്ചു. ആ കുടുംബത്തിലെ പ്രശ്നം പരിഹരിക്കപ്പെട്ടു, അവിടെ സമാധാനം നിറഞ്ഞു.
***** ***** ***** *****
മദര്‍ മേരി ലിറ്റി ക്യാന്‍സര്‍ബാധിതയായ സമയത്ത് സര്‍ജറി നിശ്ചയിച്ചു. സര്‍ജറിക്കുമുമ്പ് ആശുപത്രിക്കിടക്കയിലായിരുന്ന ഒരു ദിവസം. മദര്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു. കൂടെയുള്ള സിസ്റ്റര്‍ കാരണമന്വേഷിച്ചപ്പോള്‍ മദര്‍ പറയുകയാണ്, ”എനിക്ക് നല്ല സന്തോഷമാണ്, കാരണം ഇന്നലെ രാത്രിയില്‍ ഞാനൊരു കാഴ്ച കണ്ടു. അത് സ്വപ്നമാണോ എന്നെനിക്കറിയില്ല. ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ ചെയ്ത പാപമെല്ലാം ഒരു സ്ക്രീനില്‍ കാണുന്നപോലെ എന്റെ മുമ്പില്‍ കണ്ടു. ഞാനൊരു വലിയ പാപിയാണ്, ഇത്രയേറെ പാപങ്ങള്‍ ചെയ്ത ഞാനിനി എന്തുചെയ്യും എന്ന് വിചാരിച്ചു. എന്റെ ഈശോയേ എന്ന് വിളിച്ച് ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ എന്റെ മുന്നില്‍ വലിയൊരു കടല്‍ കണ്ടു. കടലിനും എനിക്കുമിടയില്‍ പാപങ്ങളാകുന്ന വലിയ പാറ. ഈശോ എന്നോട് പറഞ്ഞു, നിന്റെ പാപങ്ങളെല്ലാം ഈ കടലിലേക്ക് തള്ളിയിടൂ. എന്റെ കരുണക്കടലില്‍ അവയെല്ലാം ഇല്ലാതാകും. എനിക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യമായിരുന്നില്ല അത്. എങ്കിലും ഈശോ പറഞ്ഞതുകൊണ്ട് എന്റെ സര്‍വശക്തിയുമെടുത്ത് ഞാന്‍ ആ പാറ കടലിലേക്ക് ആഞ്ഞുതള്ളി. പാറ കടലില്‍ മുങ്ങിപ്പോയി. അതുകഴിഞ്ഞപ്പോള്‍മുതല്‍ എനിക്ക് വലിയ സ്വസ്ഥതയും സമാധാനവുമാണ്. ഈശോയുടെ കരുണയ്ക്ക് പറ്റാത്തതായി ഒന്നുമില്ലല്ലോ.”
Shalom Tidings
ദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. എന്റെ ഭവനത്തില്‍ മദ്യപാനത്തിന്റെ ഒട്ടനവധി തകര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം? ഈശോ തന്ന ഉത്തരം വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്റെ സ്പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്. എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്ഘപ്രഭാഷണത്തിനൊടുവില് അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്. ”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്പെഷ്യാലിറ്റി നഴ്സ്’ ആക്കി മാറ്റി. എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്കിയ മറുപടിയായിരുന്നു ഈ ‘സ്പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന് 13/7). ”അണ്ണീ, നിങ്ങള്‍ ദൈവമാണ്!” ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി. ഉച്ചവരെ ഞാന്‍ എന്റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്കി. ഈശോ നല്കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നല്കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി. പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍. ”എന്റെ ഭര്‍ത്താവിന്റെ ജീവന് തിരിച്ചു തന്നതിന് നന്ദി!” ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!! ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10). മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന് കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ വിജയം. യേശുവും യോഹന്നാനും ദാവീദും യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന് 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി. വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര് പൊഴിച്ചത് അവിടെ അവന് നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന് വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍… ജസ്സെയുടെ പുത്രന്മാരില് ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന് കിന്നരവായനയില് നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന് നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്റെ രാജാവായി വാഴിക്കാനായിരുന്നു. രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള് നടന്നടുക്കുകയാണ്. നമുക്ക് മുന്പില് കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്റെ കൃപ മാത്രം മതി!
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്പട്ടശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി. വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്നിന്ന് നാല് പേര് കര്‍ദിനാള്‍മാരും 14 പേര് ആര്‍ച്ച്ബിഷപ്പുമാരും 37 പേര് ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.
By: Shalom Tidings
Moreതന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‍കേണ്ടത്?’ കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?” ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്റെ അടിമയുമായിത്തീര്ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല് അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?” ”ഏതിനാല്‍ ഒരുവന് തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍” (2 പത്രോസ് 2/19)
By: Shalom Tidings
Moreസമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന് വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു, ”കിഡ്നി സ്റ്റോണ്‍ ആണ്, അതാണ് ഇത്രയും വേദന!” അന്ധാളിച്ചുനിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ”സാരമില്ല, നാല് ദിവസത്തെ മരുന്നുകൊണ്ട് ശരിയാകുന്നതേയുള്ളൂ.” അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. മരുന്നുകള്‍ നല്‍കിത്തുടങ്ങി. പക്ഷേ വേദന കുറയാന്‍ അല്പസമയം എങ്കിലും എടുക്കുമല്ലോ. അതിനാല്‍ അസ്വസ്ഥതയും വേദനയും സഹിച്ച് ജനലഴികളില്‍ പിടിച്ച് ആയാസപ്പെട്ട് ചിന്തയിലാണ്ട് നില്‍ക്കുകയാണ് ഞാന്‍. നാലുദിവസം പോയിട്ട് നാലുമിനിറ്റ് പോലും ആ വേദന താങ്ങാന്‍ കഴിയില്ലെന്ന് തോന്നി. ആശുപത്രിയുടെ നാലാം നിലയിലുള്ള ആ മുറിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചാലോ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസില്‍ നിറഞ്ഞു. ഈ അസുഖം അത്ര മാരകമൊന്നുമല്ല എന്ന് അറിയാം, പക്ഷേ മരിക്കണം എന്ന തോന്നല്‍. അങ്ങനെ താഴേക്ക് ചാടാന്‍ മുറിയില്‍ തനിയെ ആകുന്നതിനായി തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. പക്ഷേ ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എപ്പോഴും ഓരോ കാരണങ്ങള്‍കൊണ്ട് മുറിയില്‍ ആരെങ്കിലും കാണും. നഴ്സുമാര്‍, പരിചയമുള്ളവര്‍… അങ്ങനെ ആരെങ്കിലും… സമയം കടന്നുപോയി. കട്ടിലില്‍ കിടന്ന ഞാന്‍ മയക്കത്തിലേക്ക് നീങ്ങി. പന്ത്രണ്ടുമണിക്കകം ഗാഢമായ ഉറക്കമായി. പിറ്റേന്ന് ആറുമണിക്കാണ് എഴുന്നേറ്റത്. അപ്പോഴേക്കും വേദന മാറിയിരുന്നു. ആത്മഹത്യാചിന്തയും പോയി. അതോടെ മനസില്‍ ചില വീണ്ടുവിചാരങ്ങള്‍… രാവും പകലുമില്ലാതെ മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന പണത്തിനുപിന്നാലെ ഓടുന്ന എനിക്ക് വയറുവേദനയുടെ മുമ്പില്‍ പിടിച്ചുനില്ക്കാനായില്ലല്ലോ. ആത്മഹത്യയിലേക്ക് വീഴാതെ സംരക്ഷിച്ചത് ദൈവംതന്നെയല്ലേ… എന്റെ നന്മ ആഗ്രഹിച്ച കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിറഞ്ഞു. ഗവണ്മെന്റ് സിവില്‍ സര്‍ജനായ ഇച്ചാച്ചന്, ഭക്തയും വീട്ടമ്മയുമായ അമ്മച്ചി, മികച്ച നിലയില്‍ പഠിച്ചവരും സന്യാസജീവിതത്തിലേക്ക് കടന്നവരും ഉള്‍പ്പെടെയുള്ള പതിനൊന്ന് സഹോദരങ്ങള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യ… എന്നിട്ടും എനിക്ക് കാലിടറിയല്ലോ… ബിരുദപഠനം കഴിഞ്ഞ് കാസര്‍ഗോഡ് വന്നതും ബിസിനസിലും കൃഷിയിലും വ്യാപൃതനായതും സാവധാനം പണത്തോടുള്ള താത്പര്യത്താല്‍ 1985-ല്‍ മദ്യവ്യവസായം ആരംഭിച്ചതുമെല്ലാം മനസില്‍ തെളിഞ്ഞു. ഒടുവിലായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാവേരി ബാര്‍… ഇനി ഈ പോക്ക് അപകടമാണെന്ന് മനസ് മന്ത്രിച്ചു. ആശുപത്രിയില്‍നിന്ന് മടങ്ങിയിട്ടും ഉറക്കമില്ലാത്ത രാവുകള്‍. നാളുകളായി പ്രിയപ്പെട്ടവര്‍ പറയാറുള്ളത് അനുസരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നാം ആഴ്ചയില്‍ പാലായ്ക്കടുത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി പോയി. എന്നോടൊപ്പം ഇച്ചാച്ചനും അമ്മച്ചിയും ധ്യാനത്തിന് വന്നു. അഞ്ചുദിവസത്തെ ധ്യാനമാണ്. ഒന്നരദിവസവും അരോചകമായി തോന്നി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ ക്ലാസെടുക്കാനെത്തി. ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ 49/15 വചനം ഉദ്ധരിച്ചുകൊണ്ട് ദൈവസ്നേഹത്തെക്കുറിച്ചുള്ള ക്ലാസ്. ദൈവം ആപത്തുകളില്നിന്ന കാത്തുരക്ഷിച്ച സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അച്ചന് ആവശ്യപ്പെട്ടു. കൗതുകം തോന്നിയ ഒരു ടോര്‍ച്ച് സ്വന്തമാക്കി അതുപയോഗിച്ച് നടന്ന രാത്രിയെക്കുറിച്ച് ഞാനോര്‍ത്തു. ആ ടോര്ച്ചുനിമിത്തം പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തെ ‘ഭാഗ്യം’ എന്നാണ് ഞാന്‍ വിളിച്ചത്. ദൈവപരിപാലനയെന്ന് മനസിലാക്കിയില്ല. പക്ഷേ, അന്നത്തെ പാപാവസ്ഥയില്‍ മരണത്തിലൂടെ നിത്യനാശത്തിലേക്ക് പോകാതെ കര്‍ത്താവ് കാക്കുകയായിരുന്നു എന്ന് അന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ദൈവപ്രമാണങ്ങളെക്കുറിച്ച് കേട്ടു. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ വേദനിപ്പിച്ചവരോട് മനസാ മാപ്പുചോദിച്ചും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിച്ചും നല്ലൊരു കുമ്പസാരം നടത്താന്‍ സാധിച്ചു. ദൈവവചനത്തെക്കുറിച്ച് മനസിലാക്കി. ആത്മാവില്‍ സന്തോഷം കണ്ടെത്താന്‍ ദൈവവചനങ്ങള്‍ കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞു. ധ്യാനത്തിന്റെ രണ്ടാം ദിവസം രാത്രി കൗണ്‍സലിംഗിനായി ഫാ. ജയിംസ് മഞ്ഞാക്കലിന്റെയരികില് പോയി. പരിചയപ്പെട്ട് താമസിയാതെതന്നെ ബൈബിള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിട്ട് അച്ചന്റെ ചോദ്യം, ”ഔസേപ്പച്ചന് എന്താണ് ജോലി?” ബാര്‍ നടത്തുന്നു എന്ന് പറയാന്‍ മടി. അതിനാല്‍ ഞാന്‍ പറഞ്ഞു, ”കാസര്‍ഗോഡ് ഒരു ഹോട്ടലും ലോഡ്ജും നടത്തുകയാണച്ചാ.” അതങ്ങോട്ട് മുഴുവനായി വിശ്വസിക്കാന്‍ അച്ചന് സാധിക്കാത്തതുപോലെ… വീണ്ടും ചോദിച്ചു, ”വേറെ എന്തെങ്കിലും വരുമാനമാര്ഗമുണ്ടോ?” ദര്ശനവരമുള്ള ആളല്ലേ, എല്ലാം മനസിലായിക്കാണുമോ എന്ന ഭയത്തോടെ ഞാന്‍ ബാറിന്റെ കാര്യം തുറന്നുപറഞ്ഞു. അതുകേട്ടതേ അച്ചന് കസേരയില്‍നിന്നെഴുന്നേറ്റ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”എന്റെ ഈശോയേ, അങ്ങ് കുരിശില്‍ മരിച്ചത് ഈ മകനുവേണ്ടിക്കൂടിയാണല്ലോ. അങ്ങ് ഈ മകന് പാപബോധം കൊടുക്കണമേ. ബാര്‍ അടച്ചുപൂട്ടാനുള്ള കൃപ കൊടുക്കണമേ.” തുടര്‍ന്ന് കുറെനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ബൈബിള്‍ തുറന്ന് വചനമെടുത്തു. മര്‍ക്കോസ് 9/42 ആണ് ലഭിച്ചത്- ”വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” വചനത്തിന്റെ വെളിച്ചത്തില്‍ ബാര്‍ അടച്ചേതീരൂ എന്ന മട്ടില്‍ അച്ചന് സംസാരിക്കാന്‍ തുടങ്ങി, ”മദ്യവ്യവസായം ഒരു വലിയ പാപമാണ്. പതിനായിരങ്ങളെ നിരാശയിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഈ പാപത്തിന്റെ ഭാരം ഔസേപ്പച്ചന് ഇനി ചുമക്കരുത്.” ”ബാറില്‍നിന്നുള്ള വരുമാനത്തെ കേന്ദ്രീകരിച്ചാണ് ജീവിതം മുഴുവന്‍ ഓടുന്നത്. വീടുപണിയുന്നതിന് കുറ്റിയടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ഉടനെതന്നെ കൊടുത്തുതീര്‍ക്കാനുമുണ്ട്,” ഞാന്‍ എന്റെ ന്യായങ്ങള്‍ നിരത്തി. ആ വിഷമതകളൊന്നും അച്ചനില്‍ അയവ് വരുത്തിയില്ല. തുടര്‍ന്ന് നിയമപരമായി ലൈസന്‍സോടെയാണ് ബാര്‍ നടത്തുന്നതെന്നും വ്യാജമദ്യം വില്ക്കുന്നില്ലെന്നും ഞാന്‍ ന്യായീകരിച്ചു. കര്‍ക്കശമായ മറുപടിയാണ് വന്നത്, ”ലോകനിയമങ്ങള്ക്കനുസരിച്ചാണെങ്കില് ലോകത്തിന്റെ വഴിക്കുതന്നെ പോകാം. പ്രശ്നങ്ങളുമായി ദൈവത്തിന്റെ പക്കല്‍ അണയേണ്ടതില്ലല്ലോ.” വീണ്ടും, മുഖം രക്ഷിക്കാനായി ഞാന്‍ പറഞ്ഞു, ”അച്ചാ, ഈ ബാര്‍ കാസര്‍ഗോഡാണ്. അവിടെയാണെങ്കില്‍ മദ്യപിക്കാനെത്തുന്നത് മുഴുവന്‍ മറ്റ് മതസ്ഥരാണ്, ക്രിസ്ത്യാനികളല്ല. പിന്നെന്താ കുഴപ്പം?” അതുകേട്ട് അച്ചന് ക്ഷോഭിച്ചു, ”നീ അങ്ങനെയാണോ കരുതിയത്? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയാണ് കുരിശില്‍ മരിച്ചത്. ആരുടെയും നാശത്തിന് നീ കാരണമാകരുത്!” ഞാന്‍ വീണ്ടും ചിന്തിച്ചു, ‘മകളെ കെട്ടിക്കാനില്ലേ? വീടുപണിയണ്ടേ? സമൂഹത്തില്‍ അംഗീകാരം വേണ്ടേ?’ എന്നെല്ലാമുള്ള ഒരു പ്രലോഭനസ്വരമാണ് അപ്പോള്‍ കേട്ടത്. ആശയക്കുഴപ്പത്തിലായ ഞാന്‍ പറഞ്ഞു, ”ബാര്‍ അടയ്ക്കാനൊന്നും പോകുന്നില്ല. എനിക്കും ജീവിക്കണം!” എന്റെ സംഘര്‍ഷം മനസിലാക്കിയ അച്ചന് പറഞ്ഞു, ”ടെന്‍ഷനടിക്കണ്ട. ഇപ്പോള്‍ പോയി കിടന്നുറങ്ങുക. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഇവിടത്തെ ചാപ്പലില്‍ പോയി ക്രൂശിതനായ യേശുവിന്റെ മുഖത്ത് നോക്കി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നിനക്ക് ബോധ്യങ്ങള്‍ തരും.” അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റ് പോയി പ്രാര്‍ത്ഥിച്ചില്ല. പിന്നീട് എഴുന്നേറ്റപ്പോള്‍ പശ്ചാത്താപം തോന്നി. കൈയില്‍ കെട്ടിയിരുന്ന നല്ല റാഡോ വാച്ച് അഞ്ചുമണിക്ക് നിന്നുപോയതും എന്നെ ചിന്തിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്മുതല് വാച്ച് വീണ്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അന്ന്, ധ്യാനത്തിന്റെ മൂന്നാം ദിവസം, മാനസാന്തരാനുഭവത്തിലേക്ക് ഞാന്‍ കടന്നുവന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മനസില്‍ നിറഞ്ഞു. ആത്മാഭിഷേകത്തിന്റെ ലഹരിയെക്കുറിച്ച് മനസിലായി. ഒടുവില്‍ മദ്യപാനത്തില്‍നിന്നും പിന്തിരിയാനും ബാര്‍ അടയ്ക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. അതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പോലീസും രാഷ്ട്രീയക്കാരും സുഹൃത്തുക്കളുംവരെ എതിരായി. ഭീഷണികള്‍പോലും വന്നു. എന്നാല്‍ എന്റെ തീരുമാനത്തില്‍നിന്ന് പിന്നിലേക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഫലം തന്നു. എതിര്‍ത്തുനിന്നിരുന്ന ചില തൊഴിലാളിനേതാക്കള്‍ അനുനയത്തിലായി. തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കി തിരികെ വിടാന്‍ തീരുമാനവുമായി. അങ്ങനെ 1989-ല്‍ തുടങ്ങിയ ബാര്‍ 1990 മാര്‍ച്ച് 31-ന് പൂട്ടിയതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ്… എന്നിലെ മാറ്റം സുഹൃത്തുക്കളുള്‍പ്പെടെ മറ്റ് ചിലരുടെയും മാനസാന്തരത്തിന് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വചനം പ്രഘോഷിക്കാനുള്ള കൃപ നല്കി ദൈവം എന്നെ അനുഗ്രഹിച്ചു. തെരുവില്‍ സുവിശേഷം പറയാനും കൃപ നല്കി. പലയിടത്തും എന്റെ സാക്ഷ്യം പങ്കുവയ്ക്കാറുമുണ്ട്. ദൈവത്തോടൊത്തുള്ള ജീവിതം എത്രയോ അര്‍ത്ഥപൂര്‍ണമാണെന്ന് ഇന്ന് ഞാന്‍ നന്നായി അറിയുന്നു. മദ്യലോകത്തെക്കാള് ലഹരി ആത്മാവ് നമുക്ക് തരും. കോതമംഗലം രൂപതയിലെ തലയനാട് ഇടവകാംഗമാണ് ഔസേപ്പച്ചന്. ദൈവശുശ്രൂഷയില്‍ സജീവമാണ്. തന്റെ മാനസാന്തരകഥ വിവരിക്കുന്ന ‘മദ്യലോകത്തില്നിന്ന് ആത്മലഹരിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കോഴിക്കോട് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സാലിയും വിവാഹിതരായ ടീന, ജോര്‍ജ് എന്നീ രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. മൂത്ത മകനായ സോണി അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി.
By: ഔസേപ്പച്ചന് പുതുമന
More