Home/Encounter/Article

ജൂണ്‍ 08, 2020 2141 0 സ്റ്റെല്ല ബെന്നി
Encounter

കൊല്ലപ്പെട്ടവന്‍റെ പിന്നാലെ

വെളിപാടിന്‍റെ പുസ്തകം അഞ്ചാം അധ്യായം പന്ത്രണ്ടും പതിമൂന്നും വാചകങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:”കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.” “സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിയ്ക്കടിയിലും സമുദ്രത്തിലുമുള്ള എല്ലാ സൃഷ്ടികളും ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. സിംഹാസനസ്ഥനും കുഞ്ഞാടിനും എന്നേക്കും സ്തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും”

ആരാണ് ഈ കൊല്ലപ്പെട്ട കുഞ്ഞാട്? അത് കര്‍ത്താവായ യേശുതന്നെയാണ്. വിശുദ്ധ സ്നാപക യോഹന്നാനാണ് ഈ ദൈവത്തിന്‍റെ കുഞ്ഞാടിനെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. യേശു തന്‍റെ അടുക്കലേക്ക് വരുന്നതുകണ്ട് സ്നാപകയോഹന്നാന്‍ ഇപ്രകാരം പറഞ്ഞു: “ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹന്നാന്‍ 1:29). അവന്‍ തുടര്‍ന്നു “എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം എനിക്ക് മുമ്പേതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇവനെ ഇസ്രായേലിന് വെളിപ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്ന് ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്നും ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് ഞാന്‍ കണ്ടു എന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി” (യോഹന്നാന്‍ 1:30-32). യോഹന്നാന്‍ ഇപ്രകാരം തുടര്‍ന്നു പറഞ്ഞു. ജലംകൊണ്ട് സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു” (യോഹന്നാന്‍ 1:33-34). വെളിപാടിന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊല്ലപ്പെട്ട കുഞ്ഞാട് ദൈവപുത്രനായ യേശുതന്നെയാണെന്ന് മുകളില്‍ ഉദ്ധരിച്ച ദൈവവചനത്തിലൂടെ നമുക്ക് വ്യക്തമാക്കുന്നു.

കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തിയവന്‍

എന്നാല്‍ സ്നാപകയോഹന്നാന്‍ യേശുവിനെ ചൂണ്ടിക്കാണിച്ച് ‘ഇവനാണ് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ എന്ന് സാക്ഷ്യപ്പെടുത്തിയ സമയത്ത് യേശുക്രിസ്തു കൊല്ലപ്പെട്ടവനല്ലായിരുന്നു. എന്നാല്‍ അവന്‍റെ മരണത്തെക്കുറിച്ച് അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: “അവന്‍ ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ച് നിങ്ങളുടെ (യഹൂദരുടെ) കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചുകൊന്നു” (2:23). അങ്ങനെ അവന്‍ കൊല്ലപ്പെട്ടവനായിത്തീര്‍ന്നു. എന്നാല്‍ തുടര്‍ന്നു വരുന്ന വാചകങ്ങളില്‍ ദൈവം ഇപ്രകാരം അവന്‍റെ ഉത്ഥാനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു. “എന്നാല്‍ ദൈവം അവനെ മൃത്യുപാശത്തില്‍നിന്നും വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം അവന്‍ മരണത്തിന്‍റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു” (2:24). അങ്ങനെ അവന്‍ കൊല്ലപ്പെട്ടെങ്കിലും ജീവിക്കുന്നവനായി. അങ്ങനെ കൊല്ലപ്പെട്ടിട്ടും ജീവിക്കുന്നവനായ കുഞ്ഞാടാണ് (കര്‍ത്താവായ യേശു). ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന്‍ യോഗ്യനാണെന്ന് വെളിപാടു പുസ്തകത്തിലെ വരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ക്രൂശിതനായ ക്രിസ്തു (കൊല്ലപ്പെട്ട കുഞ്ഞാട്) എന്‍റെ ജീവിതത്തില്‍

യേശുവിനെ പല രൂപത്തിലും ഭാവത്തിലും പല പ്രായത്തിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നാളിതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സ്നേഹിച്ചതും എന്നെ കൂടുതല്‍ സ്നേഹിച്ചതും ക്രൂശിതനായ യേശുവാണെന്ന് എനിക്ക് തോന്നിപ്പോകുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ” (ഗലാത്തിയാ 6:14) എന്ന് കുരിശിന്‍റെ വഴികളിലൂടെ സ്വജീവിതംകൊണ്ട് നടന്നുനീങ്ങി വിജയം വരിച്ച മറ്റനേകം സാക്ഷികളോടൊപ്പം എനിക്കും പറയാന്‍ കൊതി തോന്നുന്നുണ്ടെന്നത് ഒരു സത്യമാണ്.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍റെ ഒരു ആത്മീയ സഹോദരി എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഇങ്ങനെയൊരു ദര്‍ശനം കണ്ടു. ക്രൂശിതനായ യേശു എന്നെ ചുംബിക്കുന്നു! പിന്നീടുള്ള എന്‍റെ ജീവിതയാത്രയില്‍ മെല്ലെ മെല്ലെ ആണെങ്കിലും എന്‍റെ നാഥനായ ക്രൂശിതനെയും അവന്‍ ചുമന്നതും തൂങ്ങിമരിച്ചതുമായ കുരിശിനെയും ആഴത്തില്‍ സ്നേഹിക്കാന്‍ പഠിച്ചു.

ക്രൂശിതനെന്നെ നിരുപാധികം ക്ഷമിക്കാന്‍ പഠിപ്പിച്ചു. സ്നേഹിക്കാന്‍ പഠിപ്പിച്ചു, എളിമപ്പെടാന്‍ പഠിപ്പിച്ചു, പരിഹാരം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു, അനേകരുടെ ആത്മരക്ഷക്കായി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. നിത്യരക്ഷയെ ലക്ഷ്യമാക്കി ഓടാന്‍ പഠിപ്പിച്ചു. അനേകരെ ആ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ പഠിപ്പിച്ചു. ലോകത്തോടും അതിന്‍റെ സുഖങ്ങളോടും ‘നോ’ എന്നു പറയാന്‍ പഠിപ്പിച്ചു. അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അവന്‍ (ക്രൂശിതന്‍) എനിക്കുവേണ്ടി ചെയ്തുതന്നു. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

പൈശാചിക ആക്രമണങ്ങളില്‍

ഒരിക്കല്‍ ഞാന്‍ നീണ്ട പ്രാര്‍ത്ഥനകള്‍ക്കുശേഷം തളര്‍ന്ന് കിടന്ന് ഉറങ്ങുകയായിരുന്നു. നല്ല ഉറക്കത്തിലേക്ക് കടക്കുന്നതിന്‍റെ തൊട്ടുമുമ്പ് ഏതോ ഒരു പൈശാചികശക്തി എന്നെ ശക്തമായി ആക്രമിച്ച് കീഴ്പ്പെടുത്തി ശ്വാസംമുട്ടിച്ച് കൊല്ലുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്‍റെ സര്‍വശക്തിയും ഉപയോഗിച്ച് ഞാന്‍ മനസുകൊണ്ടും ആത്മാവുകൊണ്ടും യേശുവേ യേശുവേ എന്ന് പലവട്ടം വിളിച്ചു കരഞ്ഞു. അപ്പോഴതാ എന്‍റെ ഉള്ളിലിരുന്നാരോ ക്രൂശിതനായ യേശുവേ, ക്രൂശിക്കപ്പെട്ട യേശുവേ എന്ന് വിളിക്കാന്‍ പറഞ്ഞുതരുന്നു (പരിശുദ്ധാത്മാവായിരിക്കും). ഞാന്‍ അങ്ങനെ വിളിച്ചു കരഞ്ഞു. ക്രൂശിതനായ യേശുവേ, ക്രൂശിക്കപ്പെട്ട യേശുവേ എന്ന് ഞാന്‍ വിളിച്ച നിമിഷത്തില്‍ത്തന്നെ തിന്മയുടെ ആ ദുര്‍ഭൂതം എന്നെ വിട്ട് എവിടെയോ ഓടിമറഞ്ഞു. ഞാന്‍ ഉറക്കത്തില്‍നിന്നും എഴുന്നേറ്റു. വിയര്‍ത്തു കുളിച്ചെഴുന്നേറ്റ ഞാന്‍ പുതിയൊരു വെളിപ്പെടുത്തലിന്‍റെയും വിജയത്തിന്‍റെയും ആശ്വാസത്തിലായിരുന്നു. ‘യേശുവേ’ എന്ന ഒറ്റവിളിയാല്‍ ലഭിക്കാത്ത വിജയം ക്രൂശിക്കപ്പെട്ട യേശുവേ എന്ന ഒറ്റ വിളിയാല്‍ ലഭിക്കും. കാരണം പിശാചിന്‍റെ ആധിപത്യത്തെ യേശു നിര്‍വീര്യപ്പെടുത്തിയത് കുരിശിലെ തന്‍റെ ബലിയാലാണ്. ക്രൂശിക്കപ്പെട്ട യേശുവിന്‍റെ (കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ) ശക്തി അതാണ്. വചനം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനത്രങ്ങളാക്കി”
(കൊളോസോസ് 2:15). ‘നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്’ എന്ന വചനത്തിന്‍റെ അര്‍ത്ഥവും ശക്തിയും ഞാന്‍ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ആ പോരാട്ടത്തിന്‍റെ നിമിഷങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ കൊല്ലപ്പെട്ട കുഞ്ഞാടിലാണ്, ക്രൂശിതനായ ക്രിസ്തുവിലാണ്
ദൈവം മഹത്വവും ശക്തിയും ജ്ഞാനവും ആധിപത്യവും അതിന്‍റെ പൂര്‍ണതയില്‍ പ്രകടമാകുന്നത് (വെളിപാട് 5:12) എന്ന് ആ പൈശാചിക ആക്രമണത്തിലൂടെ എനിക്ക് മനസിലാക്കിത്തന്നു.

ക്രൂശിതന്‍റെ സുവിശേഷം

വിശുദ്ധ പൗലോസ് ശ്ലീഹാ തന്‍റെ പ്രഘോഷണ ജീവിതകാലയളവില്‍ മുഖ്യമായും പ്രഘോഷിച്ചത് ക്രൂശിതനായ യേശുവിനെക്കുറിച്ചായിരുന്നു. കാരണം ആ പ്രഘോഷണത്തിലാണ് ദൈവത്തിന്‍റെ ശക്തിയും ജ്ഞാനവും ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് എന്ന് പരിശുദ്ധാത്മാവ് അദ്ദേഹത്തെ പഠിപ്പിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളതും അതുതന്നെയെന്ന് അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു. “നിങ്ങളുടെ ഇടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ ,മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു” (1 കോറിേന്താസ് 2:2). “നിങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ, ദൈവത്തിന്‍റെ ശക്തി ആകാനായിരുന്നു അത്” (1 കോറിന്തോസ് 2:5). അദ്ദേഹം വീണ്ടും ഇപ്രകാരം തന്‍റെ പ്രഘോഷണ ജീവിതത്തിന്‍റെ ശൈലിയെക്കുറിച്ച് വ്യക്തമാക്കുന്നു. “യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവര്‍ക്ക് യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ, ക്രിസ്തു (ക്രൂശിതനായ ക്രിസ്തു) ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ ജ്ഞാനവുമാണ്” (1 കോറിന്തോസ് 22:24).

ക്രൂശിതനായ യേശുവിനെക്കുറിച്ചും യേശുവിന്‍റെ പീഡാനുഭവങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമുള്ള പ്രഘോഷണങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ക്രൂശിതനെക്കുറിച്ചും അവന്‍ നല്‍കുന്ന രക്ഷയെക്കുറിച്ചും ഉള്ള പ്രഘോഷണങ്ങളല്ലാതെ മറ്റൊന്നും മാനസാന്തരത്തിലേക്കും രക്ഷയിലേക്കും പടുത്തുയര്‍ത്തലിലേക്കും സാധാരണ ജനങ്ങളെ നയിക്കുകയില്ല എന്ന സത്യം നമ്മള്‍ വിസ്മരിച്ചുപോകുന്നു. “നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയേത്ര!”(1 കോറിന്തോസ് 1:18).

ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമുള്ള ധ്യാനം അനേകം വിശുദ്ധാത്മാക്കളെ വിശുദ്ധിയുടെ ഉന്നത തലങ്ങളില്‍ എത്തിച്ചേരാന്‍ സഹായിച്ചിട്ടുണ്ട്. ദൈവം അവര്‍ക്കു നല്‍കിയ വലിയൊരുകൃപയായിരുന്നു ആ ധ്യാനം. വലിയ നോമ്പുകാലത്തെ കുരിശിന്‍റെ വഴികളിലൂടെ കടന്നുപോകുമ്പോള്‍ നോമ്പുകാലത്തെ നിര്‍ബന്ധിത ഭക്താഭ്യാസമായിമാത്രം അതിനെ കാണാതെ യേശുവിന്‍റെ പാടുപീഢകളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് പാപത്തെയും പാപവഴികളെയും വിട്ടൊഴിയുവാനും ക്രൂശിതന്‍റെ കൈകള്‍ പിടിച്ചുതൂങ്ങി പുണ്യത്തിന്‍റെ ചുവടുകള്‍ വച്ച് നിത്യതയുടെ ആനന്ദത്തിലേക്കും ഉയിര്‍പ്പിന്‍റെ മഹത്വത്തിലേക്കും നടന്നടുക്കുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles