Home/Evangelize/Article
Trending Articles
യു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന് ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്.
പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.
Shalom Tidings
രോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്‍കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം. ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്‍കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക. കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്ത്ഥനകള്ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും. മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്ത്ഥനകളില് പങ്കെടുക്കാന്‍. ഓരോ രോഗശാന്തിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.
By: Mon. C.J. Varkey
Moreകുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്സായി ജോലി ചെയ്യുന്ന സമയം. നഴ്സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്. അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി. അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള് എന്നോടുള്ള നിഷ്കളങ്ക സ്നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്. ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള് സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു. നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്പില് ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്പില് വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു. പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്. ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്ക്. ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്കളങ്കസ്നേഹത്തിന് ഈശോ തന്ന സ്നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില് കേള്‍ക്കാം. അല്പസമയത്തിനുള്ളില്ത്തന്നെ അവള് എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള് മാറി മാറി നോക്കിക്കൊണ്ടു കണ്ണീര് വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള് എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള് ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു. ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള് ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള് ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.” ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5). യേശുവിന്റെ ശിഷ്യന്മാരില് പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന് മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54). യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ലെന്ന് സ്വന്തം ജീവന് കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
By: Ann Maria Christeena
Moreപരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും. ”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്ക്കുവിന്; അപ്പോള്‍ അവന് നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)
By: Shalom Tidings
More”ഞാന്‍ സ്വര്‍ഗരാജ്ഞിയായ മാതാവിനെ കണ്ടു!” സന്തോഷകരമായ ഈ അനുഭവം കാതറൈന് പലരോടും പറഞ്ഞു. ബാല്യത്തില്‍ത്തന്നെ ദര്‍ശനങ്ങളിലൂടെ കാതറൈന് ദൈവികമായ അറിവുകളും ഉള്‍ക്കാഴ്ചകളും ലഭിച്ചിരുന്നു. സ്വര്‍ഗ്ഗരാജ്ഞിയായ ദൈവമാതാവിനെ പലപ്പോഴും ദര്‍ശിച്ചു. കര്‍ത്താവിനോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടുമെല്ലാം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അവള്. വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ അവള് വിവരിക്കുന്നതുകേട്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്കിലും, ചില കേള്‍വിക്കാരുടെ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും ലളിതമനസുള്ള അവളുടെ മനസ്സമാധാനത്തെ ഉലച്ചു. സാവധാനം കാതറൈന് ഒരു കാര്യം മനസിലാക്കി, എല്ലാം എല്ലാവരോടും പങ്കുവയ്ക്കാനുള്ളതല്ല. അതിനുശേഷമാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് നല്ലതെന്ന തീരുമാനത്തില്‍ അവള് എത്തിയത്. 1774 സെപ്തംബര്‍ 8-നായിരുന്നു ജര്‍മ്മനിയില്‍ കോസ്ഫെല്‍ഡ് എന്ന സ്ഥലത്തുനിന്ന് ഏകദേശം ഒന്നരമൈല്‍ ദൂരെയുള്ള ഫ്ളാംസകെ എന്ന ഗ്രാമത്തില്‍ ആന്‍ കാതറൈന് എമറിച്ച് എന്ന കാതറൈന് ജനിച്ചത്. ബര്‍ണ്ണാര്‍ഡ് എമറിച്ച്, ആന്‍ഹില്ലര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ ദരിദ്രമായ ഒരു കര്‍ഷക കുടുംബമായിരുന്നു അവരുടേത്. എന്നാല്‍ നന്മയിലും ഭക്തിയിലും അവര്‍ സമ്പന്നരായിരുന്നു. നന്മതിന്മകളെ സ്വഭാവേന തിരിച്ചറിയാനുള്ള സ്വാഭാവികവും ആത്മീയവും ആയ സിദ്ധി ശൈശവം മുതലേ കാതറിന് ഉണ്ടായിരുന്നു. വളരെ അസാധാരണമായ അനുഗ്രഹങ്ങളും ദൈവത്തില്‍നിന്ന് അവള്‍ക്ക് ലഭിച്ചു. എങ്കിലും, സാധാരണ കര്‍ഷക പെണ്‍കുട്ടിയെപ്പോലെ കഠിനാദ്ധ്വാനം ചെയ്താണ് അവള് ജീവിച്ചത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും പാഠശാലയിലായിരുന്നു പഠനം. അത്യാവശ്യത്തിനുമാത്രം ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്തു. പതിവായി അവള് രാത്രി വളരെ സമയം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. ഒരു സന്യാസിനി ആകണം എന്ന് വളരെ ചെറുപ്പം മുതല്‍ ആഗ്രഹിച്ച കാതറൈന് പ്രായപൂര്‍ത്തി ആയപ്പോള്‍ മൂന്ന് മഠങ്ങളില്‍ പ്രവേശനം അന്വേഷിച്ചു. എന്നാല്‍ കുടുബത്തിലെ ദാരിദ്ര്യവും ആ മഠങ്ങളുടെ അവസ്ഥയും തടസമായിരുന്നു. ആന്തരികപ്രചോദനത്താല്‍ പ്രേരിതയായി തയ്യല്‍ ജോലിയിലും സംഗീതപഠനത്തിലും ഏര്‍പ്പെട്ട് സല്‍പ്രവൃത്തികളിലും പ്രാര്‍ത്ഥനയിലും മുഴുകി കോഫെല്‍ഡില്‍തന്നെ അവള് കഴിഞ്ഞുകൂടി. പിന്നീട് ഡല്‍മനിലെ അഗസ്റ്റീനിയന്‍ സന്യാസിനികള്‍ അവളെ സ്വീകരിക്കാന്‍ സന്നദ്ധരായതോടെ സന്യാസം സ്വീകരിക്കണമെന്ന കാതറൈന്റെ ആഗ്രഹം സഫലമായി. 1802 നവംബര്‍ 13ന് ആന്‍ കാതറൈന് നോവിഷ്യേറ്റില്‍ പ്രവേശിച്ചു. 1803 നവംബര്‍ 13-ന് കാതറൈന് ഈശോയുടെ മണവാട്ടിയായി വ്രതം ചെയ്തു. ഇരുപത്തിയൊമ്പത് വയസായിരുന്നു അപ്പോള്‍. മെലിഞ്ഞും ക്ഷീണിച്ചും കാണപ്പെട്ട ആന്‍ കാതറൈന് മഠത്തിലെ ജീവിതകാലത്ത് പലവിധ രോഗങ്ങള്‍ക്കും അടിപ്പെട്ടു. ശാരീരികവും മാനസികവുമായ ക്ലേശങ്ങളെല്ലാം അവള് വളരെ ക്ഷമയോടെ സഹിച്ചു. അവളുടെ സഹനങ്ങള്‍ മനസിലാക്കാന്‍ കഴിയാതെ പോയ ചിലര്‍ അവളെ കുറ്റപ്പെടുത്തിയെങ്കിലും അവരോട് തികഞ്ഞ സ്നേഹത്തോടെയാണ് കാതറൈന് പെരുമാറിയിരുന്നത്. തീക്ഷ്ണമായ പരസ്നേഹത്തിന്റെ ഫലമായി ലഭിച്ചവയായിരുന്നു അവളുടെ അസുഖങ്ങള്‍ ഏറെയും. ക്ഷമയോടെ സഹിക്കുന്നതിന് സാധിക്കാത്തവരുടെ രോഗങ്ങളും പാപങ്ങളും അവള് ഏറ്റെടുത്തിരുന്നു. പാപത്തിന് പരിഹാരം ചെയ്യുന്നതിനായും മറ്റുള്ളവരുടെ വേദനകള്‍ക്ക് ശമനം ലഭിക്കുന്നതിനായും തന്നെത്തന്നെ അവള് ദൈവതൃക്കരങ്ങളിലേക്ക് വിട്ടുകൊടുത്തിരുന്നു. അവളുടെ ബലി സ്വീകരിച്ചുകൊണ്ട് തന്റെ പീഡാനുഭവത്തിന്റെ യോഗ്യതയില്‍ പങ്കുചേരാനും തിരുമുറിപ്പാടുകള്‍ കാതറൈന്റെ ശരീരത്തിലും നല്‍കാനും അവിടുന്ന് തിരുമനസ്സായി. 1812 ഡിസംബര്‍ 29-ാം തിയ്യതി ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അവള് യേശുനാഥന്റെ സഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നാഥനോടുകൂടി സഹിക്കുവാന്‍ തന്നെയും അനുവദിക്കണമെന്ന് അപേക്ഷിച്ച്, കൈകള്‍ നീട്ടി, സ്നേഹപാരവശ്യത്തോടെ അവളുടെ ചെറിയ മുറിയില്‍ കിടക്കുകയായിരുന്നു. ഈശോയുടെ അഞ്ച് തിരുമുറിവുകളെ മനസില്‍ കണ്ടുകൊണ്ട് സ്വര്‍ഗസ്ഥനായ പിതാവേ എന്ന ജപം അഞ്ചു പ്രാവശ്യം അവള് ചൊല്ലി, ഹൃദയം ദൈവസ്നേഹത്താല്‍ ഉജ്ജ്വലിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു. ഒരു പ്രകാശം അവളുടെ നേര്‍ക്ക് ഇറങ്ങിവന്നു. അതിനുള്ളില്‍ ക്രൂശിതനായ രക്ഷകന്റെ രൂപം അവള് കണ്ടു. യേശുവിന്റെ തിരുമുറിവുകള്‍ തീജ്വാലപോലെ പ്രകാശിച്ചപ്പോള്‍ അവളുടെ ഹൃദയം സന്തോഷത്താലും ദുഃഖത്താലും നിറഞ്ഞു കവിഞ്ഞു. കര്‍ത്താവിനോടൊത്ത് സഹിക്കുവാനുള്ള അവളുടെ ആഗ്രഹത്തെ ഈ ദര്‍ശനം പൂര്‍വ്വാധികം വര്‍ദ്ധിപ്പിച്ചു. രക്തത്തിന്റെ നിറമുള്ള അമ്പുപോലെ കൂര്‍ത്ത കതിരുകള്‍, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകളില്‍നിന്നും പുറപ്പെട്ട്, കൈകാലുകളിലും ശരീരത്തിന്റെ വലതുവശത്തും തുളച്ചു കയറുന്നതായി അവള്‍ക്കനുഭവപ്പെട്ടു. മുറിവുകളില്‍നിന്നും രക്തത്തുള്ളികള്‍ ഒഴുകുവാന്‍ തുടങ്ങി. അവള് ബോധരഹിതയായിത്തീര്‍ന്നു. ബോധം തെളിഞ്ഞപ്പോള്‍ തന്റെ ഉള്ളംകൈയ്യില്‍നിന്നും രക്തം ഒഴുകുന്നത് ആശ്ചര്യത്തോടെയാണ് അവള് കണ്ടത്. തിരുമുറിവുകള്‍ ഏറ്റുവാങ്ങിയശേഷം കൂടുതല്‍ രോഗിയായിത്തീര്‍ന്ന അവള്‍ക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കുക പ്രയാസമായിത്തീര്‍ന്നു. 1813 ആഗസ്റ്റ് 25-ന് അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ മധ്യസ്ഥനായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാള്‍ദിവസം ദിവ്യനാഥന് കാതറൈന് പ്രത്യക്ഷപ്പെട്ട് വലതുകൈകൊണ്ട് അവളുടെ ശരീരത്തില്‍ ഒരു കുരിശ് വരച്ചു. അപ്പോള്‍മുതല്‍ അവളുടെ ഹൃദയഭാഗത്ത് മൂന്നിഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള കുരിശടയാളം ഉണ്ടായി. ആദ്യം ബുധനാഴ്ചകളിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഈ കുരിശടയാളത്തില്‍ നിന്ന് രക്തം ഒഴുകിത്തുടങ്ങി. 1814 ആയപ്പോള്‍ രക്തത്തിന്റെ ഒഴുക്ക് ഇടയ്ക്കിടെ മാത്രമായി. പക്ഷേ കുരിശ് എല്ലാ വെള്ളിയാഴ്ചകളിലും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരുന്നു. അനേകം ഡോക്ട്ടര്‍മാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും ആന്‍ കാതറൈന് എമറിച്ച് എന്ന സന്യാസിനിയെ സന്ദര്‍ശിച്ച് അവളില്‍ നടക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ കണ്ട് ബോധ്യപ്പെട്ടു. വിവരിക്കാന്‍ സാധിക്കാത്ത സഹനം തിരുമുറിവുകള്‍ അവള്‍ക്കു നല്കി. ചിലപ്പോള്‍ രഹസ്യമായ വഴക്കുകളും പരസ്യമായ അധിക്ഷേപങ്ങളും ഡോക്ടര്‍മാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും അവള്‍ക്ക് ലഭിച്ചിരുന്നു. നാളുകള്‍ കഴിയുന്നതനുസരിച്ച് വേദന വര്‍ദ്ധിച്ചുകൊണ്ടിരുന്നെങ്കിലും അതില്‍ അവള് നിര്‍വൃതി കണ്ടെത്തി. രക്തം അവളുടെ മുഖത്തും കഴുത്തിലും ഒഴുകിയെത്തുകയും ചിലപ്പോള്‍ അവളുടെ തലമുണ്ട് അതില്‍ നനയുകയും ചെയ്തിരുന്നു. 1819 ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച അവളുടെ അഞ്ച് മുറിവുകളില്‍നിന്നും രക്തം ഒഴുകി. യേശുവിന്റെയും മറിയത്തിന്റെയും ജീവിതം, തിരുസഭയുടെ അവസ്ഥ മുതലായ കാര്യങ്ങളെക്കുറിച്ചും വ്യക്തിപരമായ പല അനുഭവങ്ങളെക്കുറിച്ചും ദര്‍ശനങ്ങളിലൂടെ അവള് മനസ്സിലാക്കി. 1823-ലെ പെസഹാവ്യാഴാഴ്ചയും ദുഃഖവെള്ളിയാഴ്ചയും അതായത്, മാര്‍ച്ച് 27നും 28നും അവള്‍ക്ക് പീഡാനുഭവത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ലഭിക്കുകയും, തത്സമയം അവളുടെ മുറിവുകളില്‍നിന്ന് രക്തം പ്രവഹിക്കുകയും ചെയ്തു. ഈശോയുടെ പരസ്യജീവിതകാലത്തു നടന്ന (സ്വര്‍ഗാരോഹണം വരെ) സംഭവങ്ങള്‍ക്ക് പുറമെ, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം, അപ്പസ്തോലന്മാരുടെ ഏതാനും ആഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ അവള് കാണുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അവള്‍ക്ക് ലഭിച്ച ദര്‍ശനങ്ങള്‍ വെറുമൊരു ആധ്യാത്മിക അനുഭൂതിയായിട്ടുമാത്രമല്ല അവള് കണക്കാക്കിയത്, ക്രിസ്തുവിന്റെ യോഗ്യതകള്‍ തിരുസഭയ്ക്ക് നല്‍കുന്നതിനായി അരൂപിയില്‍ നിറഞ്ഞ് ദൈവത്തോട് നടത്തിയ ഹൃദയംഗമമായ പ്രാര്‍ത്ഥനയായിട്ടാണ്. ലഭിച്ചിരുന്ന ദര്‍ശനങ്ങള്‍ ഒരിക്കലും അവളുടെ ക്രിസ്തീയജീവിതത്തിന്റെ ബാഹ്യരൂപത്തെ സ്വാധീനിച്ചിരുന്നതായി നാം കാണുന്നില്ല. അവളുടെ ജീവിതത്തില്‍ അവയ്ക്കു വലിയ പ്രാധാന്യം നല്കപ്പെട്ടിരുന്നുമില്ല. എമറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: ‘നിങ്ങള്‍ വായിക്കേണ്ടത് ബൈബിള്‍ മാത്രമാണ്. അതില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു.’ 1823 അവസാനമായപ്പോള്‍, ഇനിയും ഏറെനാള്‍ താന്‍ ഈ ലോകത്തില്‍ കാണുകയില്ല എന്ന് അവള് മനസ്സിലാക്കി. വളരെ ക്ഷീണിതയായിരുന്നെങ്കിലും ദര്‍ശനങ്ങളുടെ വിവരണം പൂര്‍ത്തിയാക്കുവാന്‍ അവള് ആഗ്രഹിച്ചു ആ വര്‍ഷത്തെ നോമ്പുകാലധ്യാനവിഷയമായി യേശുവിന്റെ പീഡാനുഭവം അവള് തെരഞ്ഞെടുത്തു. ‘യേശുവിന്റെ പീഡാനുഭവരംഗങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ രണ്ട് വാല്യങ്ങളില്‍ നമ്മള് വായിക്കുന്നത് ഈ ധ്യാനവേളകളില്‍ അവള്‍ക്കുണ്ടായ ദര്‍ശനങ്ങളാണ്. എമറിച്ചിന്റെ ജീവിതത്തിലെ അവസാനത്തെ പതിനാലു ദിവസം അവള്‍ക്കു സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനവര്‍ഷത്തെ ഏതാനും സംഭവങ്ങളുടെ വിവരണം നമുക്ക് ലഭിച്ചിട്ടില്ല. 1824 ഫെബ്രുവരി 9-ാം തീയതി രാത്രി 8.30-ന് അവളുടെ സഹനജീവിതം സമാപിച്ചു. 49 വയസായിരുന്നു അവള്‍ക്കപ്പോള്‍. പിന്നീട് അവളുടെ ജീവിതം തിരുസഭ പഠനവിധേയമാക്കി. അതിന്റെ ഫലമായി 2004 ഒക്ടോബര്‍ 3-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ ആന്‍ കാതറൈന് എമറിച്ചിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
By: Shalom Tidings
More