Home/Enjoy/Article

മാര്‍ 23, 2024 96 0 Shalom Tidings
Enjoy

കുപ്പത്തൊട്ടിയിലെ രത്‌നങ്ങള്‍ തേടി…

നട്ടുച്ചനേരത്താണ് യാചകനായ ആ അപ്പച്ചന്‍ വീട്ടിലെത്തുന്നത്. എഴുപത്തഞ്ചിനോടടുത്ത് പ്രായം കാണും. വന്നപാടേ മുഖവുരയില്ലാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഹാ പൊള്ളുന്ന ചൂട്. മോളേ എനിക്ക് കുടിക്കാനെന്തെങ്കിലും തരണേ.” ഞാനുടനെ അകത്തുപോയി ഉപ്പ് ഇട്ട നല്ല കഞ്ഞിവെള്ളം ഒരു കപ്പ് അപ്പച്ചന് കുടിക്കാന്‍ കൊണ്ടുപോയി കൊടുത്തു. ഒറ്റവലിക്ക് അപ്പച്ചനതു കുടിച്ചുതീര്‍ത്തു. ഞാന്‍ ചോദിച്ചു, അപ്പച്ചന് വിശക്കുന്നുണ്ടാകുമല്ലോ. കുറച്ച് ഭക്ഷണം എടുക്കട്ടെ? ”വേണം മോളേ, വേണം. നന്നായി വിശക്കുന്നുണ്ട്. ഇന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല.” ഞാന്‍ വേഗം അകത്തുപോയി ചോറും കറികളുമൊക്കെയായി തിരികെ വന്നു. സിറ്റൗട്ടിലെ കസേരയില്‍ ഇരുന്നുകൊള്ളാന്‍ ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹമതു ചെയ്തില്ല. താഴെ നിലത്ത് പടഞ്ഞിരുന്നു.

ആര്‍ത്തിയോടുകൂടി ഭക്ഷണം വാരിക്കഴിക്കുന്നതിനിടയില്‍ ഞാനദ്ദേഹത്തോട് ചോദിച്ചു, ”അപ്പച്ചന് പാടാനറിയാമോ? ഞാന്‍ ഭക്ഷണമെടുക്കാന്‍ പോകുന്നതിനിടയില്‍ മൂളിപ്പാട്ട് പാടുന്നതുകേട്ടല്ലോ.” അപ്പച്ചന്‍ പറഞ്ഞു. ”പാടാനറിയാം മോളേ, പക്ഷേ കേള്‍ക്കാനാരുമില്ല. തെണ്ടി നടക്കുന്നവന്‍ പാട്ടുപാടിയാല്‍ ആരു കേള്‍ക്കാനാ?” മറുപടിയായി ഞാന്‍ ഇപ്രകാരം പറഞ്ഞു. ”അപ്പച്ചന്‍ പാടിക്കോളൂ, ഞാന്‍ കേള്‍ക്കും. ഊണുകഴിഞ്ഞ് പോകുന്നതിനുമുമ്പ് അപ്പച്ചന്‍ നല്ലൊരു പാട്ട് പാടിയിട്ടേ പോകാവൂ.” ”പാടാം മോളേ, പാടാം. കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ പാടാനെന്താ വിഷമം. അതൊരു സന്തോഷമല്ലേ.”

ഊണുകഴിഞ്ഞ് പാത്രമെല്ലാം കഴുകി തിരിച്ചേല്‍പിച്ച് അപ്പച്ചന്‍ നിലത്തുതന്നെ പടഞ്ഞിരുന്നു. ”ഇനി പാടിക്കോ അപ്പച്ചാ, കേള്‍ക്കാന്‍ ഞാന്‍ റെഡി.” അപ്പച്ചന്‍ പാട്ടു തുടങ്ങി. മാതാവിന്റെ നല്ലൊരു പാട്ട്. വളരെ പഴയതാണെന്നുമാത്രം. വളരെ മനോഹരമായി അദ്ദേഹമതു പാടി മുഴുമിപ്പിച്ചു. എനിക്ക് ആശ്ചര്യമായി. പ്രായത്തിന്റെ ആധിക്യമൊന്നും അദ്ദേഹത്തിന്റെ സ്വരത്തെ തെല്ലും ബാധിച്ചിട്ടില്ല. സുന്ദരമായി അദ്ദേഹമതു പാടിത്തീര്‍ത്തു. ഞാന്‍ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു. ”അപ്പച്ചാ, വളരെ മനോഹരമായിരിക്കുന്നു. ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്നുവല്ലോ. എന്താ മാതാവിന്റെ പാട്ടു പാടിയത്? മാതാവിനോട് വലിയ ഇഷ്ടമാണ് അല്ലേ? ‘അതെ, മാതാവിനോട് വലിയ ഇഷ്ടംതന്നെ. പക്ഷേ ഇപ്പോഴിതുപാടാന്‍ കാരണമുണ്ട്.

മാതാവ് ചെയ്തതാണ് മോളിപ്പോള്‍ ചെയ്തത്. എന്നോട് മറ്റാരും ഇന്നുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല.” അദ്ദേഹം തുടര്‍ന്നു പറഞ്ഞു, ”എന്റെ മോളേ, കെസ്റ്ററു പാട്ടു പാടിയാല്‍ അതു കേള്‍ക്കാനാളുണ്ട്. കയ്യടിക്കാനാളുണ്ട്. ഏറ്റുപാടാനാളുണ്ട്. പാടിനടക്കാനാളുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റിലും കടത്തിണ്ണയിലും അന്തിയുറങ്ങുന്ന ഈ തെരുവുതെണ്ടി പാട്ടു പാടിയാല്‍ അത് ആരു കേള്‍ക്കാനാ? എന്നാല്‍ മോളിപ്പോള്‍ ചെയ്തത് വലിയ കാര്യമാ. തെണ്ടിക്കേറിവന്ന എന്നോട് ഇങ്ങോട്ടു ചോദിച്ചു പാട്ടു പാടിച്ചു. താല്‍പര്യത്തോടെ കേട്ടിരുന്നു. അഭിനന്ദനം പറഞ്ഞു. മോളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കാദ്യമായി തോന്നി കെസ്റ്ററിനെക്കാള്‍ ഭാഗ്യവാനാണ് ഞാനെന്ന്. നന്ദി മോളേ, നന്ദി. തന്ന ചോറിനെക്കാള്‍ ഒത്തിരി വലിപ്പമുണ്ട് ഈ നല്ല വാക്കിന്.”

അപ്പച്ചന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനും ഞെട്ടിത്തരിച്ചു നിന്നുപോയി. ”കെസ്റ്ററു പാട്ടുപാടിയാല്‍ കേള്‍ക്കുവാനാളുണ്ട്, ഏറ്റുപാടാനാളുണ്ട്, പാടി നടക്കാനും കയ്യടിക്കാനും ആളുണ്ട്. പക്ഷേ ഈ തെരുവുതെണ്ടി പാട്ടുപാടിയാല്‍ ആരു കേള്‍ക്കാനാ?” ആ ചോദ്യം എന്റെ കര്‍ണപുടത്തിലും ഹൃദയത്തിലും വീണ്ടും വീണ്ടും വന്നു തറയ്ക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ അപ്പച്ചനെക്കൊണ്ട് ഒന്നുരണ്ട് പാട്ടുകൂടി പാടിച്ചു. അതിലൊന്ന് സിനിമാപാട്ടായിരുന്നു. അതു കേട്ട് ഞാനദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ കണ്ണില്‍നിന്നും സന്തോഷത്തിന്റെയും നന്ദിയുടെയും കണ്ണീര്‍കണങ്ങള്‍ പൊഴിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാനും നല്ല ദൈവത്തിന് നന്ദി പറഞ്ഞു. പോകാന്‍നേരം കൈകള്‍ കൂപ്പി അദ്ദേഹമിപ്രകാരം പറഞ്ഞു, ”ഇന്നെന്റെ ജീവിതത്തിലെ ഒരു ഭാഗ്യദിവസമാ. ഞാന്‍ വളരെ നാള്‍ ദാഹിച്ചതെന്തോ അത് എന്നെ തേടിവന്ന ദിവസം.” സംതൃപ്തമായ മനസോടെ തിരിഞ്ഞുനോക്കാതെ ആ മനുഷ്യന്‍ നടന്നു നീങ്ങുമ്പോള്‍ ഞാനും കര്‍ത്താവിനോടു ചോദിച്ചു. ”കര്‍ത്താവേ ഇങ്ങേര് ആരാണ്? ഇനിയെന്നെങ്കിലും ഇദ്ദേഹം തിരികെ ഈ വഴിക്ക് വരുമോ?”

കൂടെയുണ്ട് നിനക്കു ചുറ്റിലുമായി

ഞാന്‍ തിരിഞ്ഞ് മുന്‍വശത്തുള്ള തിരുഹൃദയ രൂപത്തിലേക്ക് നോക്കി. അപ്പോള്‍ ഈശോ പറഞ്ഞു, ”അയാള്‍ ഒരിക്കല്‍കൂടി തിരികെ വരാനായി നീ കാത്തിരിക്കേണ്ട. നിനക്കു ചുറ്റിലുമായി അദ്ദേഹമുണ്ട്. നിന്റെ ഈ വീട്ടില്‍, നീ ഇടപെടുന്ന സമൂഹത്തില്‍, നിന്റെ അയല്‍ക്കാരില്‍, നീ അംഗമായ ഇടവകയില്‍, ഇനിയും ദാനം തേടിവരുന്ന അനേകരില്‍ ആ അപ്പച്ചനുണ്ട്. അദ്ദേഹം ഞാന്‍തന്നെയാണ്. അംഗീകാരത്തിന്റെ, പരിഗണനയുടെ, സാന്ത്വനത്തിന്റെ ഒരു വാക്കും ഒരു നോക്കും തേടി നിനക്കു ചുറ്റും ആ മനുഷ്യന്റെ രൂപത്തില്‍ ഞാനുണ്ട്. നീ എന്നെ ഒന്നു തിരിച്ചറിഞ്ഞ് ഈ മനുഷ്യനോട് ചെയ്തതുപോലെ ഒന്നു ചെയ്യാന്‍ തുടങ്ങിയാല്‍ മതി, അനേകരുടെ കണ്ണുകളില്‍ നക്ഷത്രപ്പൂക്കള്‍ വിരിയിക്കാന്‍ നിനക്കു കഴിയും.”

കുപ്പത്തൊട്ടിയിലെ രത്‌നങ്ങള്‍ തേടി

പേരും പെരുമയും അംഗീകാരവും പ്രശസ്തിയും അഭിലഷണീയമായ ഗുണഗണങ്ങളും ഉള്ളവരെ കയ്യടിച്ച് അംഗീകരിക്കുവാനും അനുകരിക്കാനുമെല്ലാം അനേകരുണ്ടാകാം. എന്നാല്‍ കുപ്പത്തൊട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന രത്‌നങ്ങളെ തിരയാനും കഴുകിത്തുടച്ചെടുത്ത് അംഗീകരിച്ചുയര്‍ത്താനും അധികമാരും മെനക്കെടാറില്ല. അവര്‍ തഴയപ്പെടുക എന്നുള്ളതാണ് ലോകത്തിന്റെ സാമാന്യ നിയമം. എന്നാല്‍ ഒന്നു ചിന്തിക്കണേ, ലോകത്തെ കീഴടക്കിയ അനേക രത്‌നങ്ങള്‍ ഇവര്‍ക്കിടയില്‍നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്നവനും കറുത്ത വര്‍ഗക്കാരുടെ വിമോചകനുമായ അബ്രാഹം ലിങ്കണ്‍ അതീവ ദരിദ്രനും തെരുവുവിളക്കിന്റെ വെട്ടത്തിലിരുന്ന് ഗൃഹപാഠങ്ങള്‍ ചെയ്തു പഠിച്ച് ഉയര്‍ന്നവനുമായിരുന്നു. അനേക പ്രാവശ്യം രാഷ്ട്രീയരംഗത്ത് പരാജയങ്ങള്‍മാത്രം ഏറ്റുവാങ്ങിയ അദ്ദേഹം 66-ാം വയസില്‍ അമേരിക്കന്‍ പ്രസിഡന്റായിത്തീരുന്നതുവരെ ജീവിതത്തില്‍ പരാജയങ്ങള്‍ കൊയ്തവരില്‍ മുന്‍പന്തിയില്‍ത്തന്നെ ആയിരുന്നു.

പാറമടയില്‍നിന്നും പത്രോസിന്റെ സിംഹാസനത്തിലേക്കുയര്‍ത്തപ്പെട്ട് സഭയുടെ ഉച്ചകോടിയില്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഒരു കുപ്പക്കുഴിയിലെ രത്‌നമായിരുന്നില്ലേ?

സെമിനാരി വിദ്യാഭ്യാസകാലത്ത് മണ്ടന്മാരില്‍ മരമണ്ടന്‍ എന്നു പേരു കേള്‍പ്പിച്ച് ദൈവകാരുണ്യത്തിന്റെ അളവുകോലില്‍മാത്രം വൈദികപട്ടം ഏറ്റുവാങ്ങി കുമ്പസാരക്കൂട്ടില്‍നിന്നും വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ ജോണ്‍ മരിയ വിയാനിയും കുപ്പക്കുഴിയിലെ രത്‌നമായിരുന്നു!.
യേശുതന്നെയും അങ്ങനെയായിരുന്നില്ലേ. യേശുവിന്റെ സ്വന്തം വീട്ടുകാരോ നാട്ടുകാരോ പുരോഹിതഗണമോ യേശുവിനെ ഒരിക്കലും അംഗീകരിച്ചില്ല. അവന്റെ വായില്‍നിന്നും ഉതിര്‍ന്നുവന്ന കൃപാവചനങ്ങള്‍ കേട്ടപ്പോള്‍ സ്വന്തക്കാരും സ്വന്തനാട്ടുകാരും ചോദിച്ചു. ഇവന്‍ ആ തച്ചന്റെ മകനല്ലേ. മറിയമല്ലേ ഇവന്റെ അമ്മ. ഇവന്റെ സഹോദരന്മാരും സഹോദരിമാരും നമ്മളോടൊപ്പമില്ലേ. പിന്നെങ്ങനെ ഇവന് ഈവക വലിയ കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു?

നമുക്കു ചുറ്റും അവരുണ്ട്

ഇന്നും നമുക്ക് ചുറ്റുമുണ്ട് നാം ഒരിക്കലും അംഗീകരിക്കാന്‍ തയാറാകാത്ത കുപ്പക്കുഴിയിലെ രത്‌നകല്ലുകള്‍. ഭാര്യയുടെ രൂപത്തിലാകാം, ഭര്‍ത്താവിന്റെ രൂപത്തിലാകാം, മക്കളുടെ രൂപത്തിലാകാം. സന്യാസഭവനത്തിലെ അവഗണിക്കപ്പെട്ടതും മാറ്റിനിര്‍ത്തപ്പെട്ടതുമായ ഒരു എളിയ സന്യാസിനിയുടെ രൂപത്തിലാകാം. ജീവിതത്തില്‍ എന്തെങ്കിലുമൊരു പാളിച്ച സംഭവിച്ച് സമൂഹം മാറ്റിനിര്‍ത്തിയിരിക്കുന്ന ഒരു വൈദികന്റെ രൂപത്തിലാകാം, അനേകവട്ടം പരിശ്രമിച്ചിട്ടും പാപജീവിതം ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരു പാപിയുടെ രൂപത്തിലാകാം അവരിന്നു നിലകൊള്ളുന്നത്. അവരെയൊന്നു കൈയിലെടുത്തംഗീകരിച്ച് നീ ഒത്തിരി വലിയവന്‍, വിലപ്പെട്ടവന്‍ എന്ന് ചെവിയിലോതി, ഒന്നു കഴുകിത്തുടച്ച് പുറത്തു കൊണ്ടുവന്നാല്‍ അവരെല്ലാവരും മുന്‍കണ്ട രത്‌നങ്ങള്‍പോലെയായിത്തീരും.

ഈ 2024 നമ്മുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന്റെ വര്‍ഷമായിരിക്കട്ടെ. നമ്മുടെ ഒരു നോക്കിലൂടെ, ഒരു വാക്കിലൂടെ, ഒരു സ്പര്‍ശനത്തിലൂടെ, ഒരു ചേര്‍ത്തുപിടിക്കലിലൂടെ, അംഗീകാരത്തിലൂടെ, സൗഖ്യം പ്രാപിക്കേണ്ട, പുനരുദ്ധരിക്കപ്പെടേണ്ട, ഒരു ലോകം നമുക്കു ചുറ്റുമുണ്ട്. സുഖപ്പെടുത്തുന്നവന്‍ കര്‍ത്താവായ യേശുവാണ്. പക്ഷേ സൗഖ്യത്തിന്റെ ചാലകങ്ങളായിത്തീരേണ്ടത് ഇതെഴുതുന്ന എന്റെയും ഇതു വായിക്കുന്ന നിങ്ങളുടെയും ജീവിതങ്ങളാണ്. നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിക്കാന്‍ യേശുവിന് കാലുകളില്ല. നമ്മുടെ കാലുകളെ അവിടുത്തേക്ക് സ്‌നേഹപൂര്‍വം സമര്‍പ്പിക്കാം. മുറിവേറ്റതും അവഗണിക്കപ്പെട്ടതുമായ ലോകത്തെ കരുണയോടെ വീക്ഷിക്കുവാന്‍ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല.

സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് ഭയപ്പെടേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയാന്‍ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവുകളും കൈകളുമില്ല. കുപ്പത്തൊട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന അമൂല്യരത്‌നങ്ങളെ കണ്ടുപിടിക്കാനും കരങ്ങളിലെടുക്കുവാനും കഴുകിത്തുടച്ച് സമൂഹമധ്യേ കൊണ്ടുവരുവാനും നമ്മുടേതല്ലാതെ അവിടുത്തേക്ക് വിശാലഹൃദയവും കൈകളുമില്ല.
അതിനാല്‍ നമ്മുടെ കാതുകളും കണ്ണുകളും ഹൃദയവും നമ്മുടെ ഇച്ഛാശക്തിയും അവിടുത്തേക്ക് സമര്‍പ്പിക്കാം. ”ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാത്തിയാ2/20) എന്ന് പൗലോസ് ശ്ലീഹായെപ്പോലെ അവകാശപ്പെടുവാന്‍ കരുത്തും യോഗ്യതയുമുള്ള ഒരു ജീവിതം നമുക്ക് ലഭിക്കാന്‍വേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

അപ്പോള്‍ ഈ ചെറിയവരില്‍ ഒരുവന് നീയിതു ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ അംഗീകാരവചനം, സ്വര്‍ഗത്തിന്റെ അവകാശപത്രം നല്‍കി അന്ത്യദിനത്തില്‍ നമ്മെ ഉയര്‍ത്തും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles