Trending Articles
ലോകത്തില്‍ വിവിധതരം കെണികളുണ്ടെന്ന് മനസിലാക്കിയ വിശുദ്ധ അന്തോനീസ് വിലപിച്ചു, “ദൈവമേ, ഞാനെങ്ങനെ രക്ഷപ്പെടും?” അപ്പോള്‍ ദൈവാത്മാവ് മറുപടി നല്കി, “എളിമയിലൂടെ!”
“വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്” (സുഭാഷിതങ്ങള്‍ 22/4)
Shalom Tidings
നിങ്ങളുടെ ശുശ്രൂഷകളില്‍, പ്രാര്‍ത്ഥനാ ജീവിതത്തില്‍ പ്രതിസന്ധി അനുഭവിക്കുന്നുവോ? ഇന്നൊരു പിന്മാറ്റത്തിന്റെ വക്കിലാണോ? ഈ ലേഖനം നിങ്ങളെ സഹായിക്കും 'ചങ്കരനിപ്പോഴും തെങ്ങേല്‍ത്തന്നെ' എന്ന പഴമൊഴി ഇതു വായിക്കുന്ന മിക്കവരുംതന്നെ കേട്ടിട്ടുണ്ടാവും. പക്ഷേ 'സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ' എന്ന പുതുമൊഴി അധികമാര്‍ക്കും പരിചയമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് നമ്മളില്‍ പലരുടെയും ഇന്നത്തെ തിരുത്തപ്പെടേണ്ട ജീവിതവും കാഴ്ചപ്പാടുകളുമാണ്. ചുങ്കക്കാരന് സക്കേവൂസിനെ തിരുവചനം വായിക്കുന്ന എല്ലാവര്ക്കും തീര്‍ച്ചയായും പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കുംതന്നെ സക്കേവൂസ് എന്ന സക്കായിയെ വളരെ ഇഷ്ടവുമാണ്. കര്‍ത്താവിനെ ഒരുനോക്കു കാണാന്‍വേണ്ടി അവന് ഓടുന്നതും പൊക്കം കുറവായതിനാല്‍ സിക്കമൂര്‍ വൃക്ഷത്തിന്റെമേല്‍ വലിഞ്ഞു കയറുന്നതും യേശുവിനെ കാത്ത് മരക്കൊമ്പില്‍ ഇരിക്കുന്നതും യേശുകര്‍ത്താവ് അവനെ ഒറ്റ വാക്കുകൊണ്ട് താഴെ ഇറക്കുന്നതും ഒരുനോക്കു കാണാന്മാത്രം കൊതിച്ചവന്റെ വീട്ടില്‍ ഒരു ദിവസം കര്‍ത്താവ് താമസിക്കുന്നതും സക്കേവൂസിന്റെ അത്ഭുതകരമായ മാനസാന്തരവും ധീരമായ പരിഹാരം ചെയ്യലുമെല്ലാം മനംകവരുന്ന സംഭവങ്ങള്‍തന്നെ. അതില്‍ പ്രസാദിച്ച പൊന്നുതമ്പുരാന് 'ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു' എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും ആരുടെയും മനസില്‍ തങ്ങിനില്ക്കും. പൊന്നുതമ്പുരാന് സക്കായിയോട് പറഞ്ഞതുപോലൊരു വാക്ക് എന്നോടും എന്റെ കുടുംബത്തോടും പറഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കാം ഞാനും നിങ്ങളുമൊക്കെ. പക്ഷേ ഞാനെന്ന സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ ആണോ? ആണെങ്കില്‍ കര്ത്താവിന് എന്നോട് എങ്ങനെ ആ വാക്ക് പറയാന്‍ പറ്റും!? ഞാനൊന്നു താഴെ ഇറങ്ങി വന്നിട്ടുവേണ്ടേ ആ വാക്ക് എന്നോടും എന്റെ കുടുംബത്തോടും പറയാന്‍. 'ഇന്നീ കുടുംബത്തിനു രക്ഷ കൈവന്നിരിക്കുന്നു' എന്ന മനോഹരമായ വാക്ക് നമ്മളോരോരുത്തരുടെയും കുടുംബത്തെ നോക്കി പറയാന്‍ യേശുകര്‍ത്താവ് ആത്മാര്‍ത്ഥമായും കൊതിക്കുന്നുണ്ട്. അതിനുവേണ്ടിയിട്ടാണല്ലോ അവിടുന്ന് സ്വര്‍ഗംവിട്ട് ഈ ഭൂമിയില്‍ വന്നതും സ്വയം ബലിയായി തന്നെ സമര്‍പ്പിച്ചതും. പക്ഷേ സക്കായി ചെയ്ത ധീരമായ പ്രവൃത്തികള്‍ ചെയ്യാന്‍ നാം തയാറാകുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്. 'സക്കേവൂസ് ഇറങ്ങിവരൂ. എനിക്ക് ഇന്ന് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു' എന്ന യേശുവിന്റെ വചനം കേട്ട് സക്കേവൂസ് ആ നിമിഷത്തില്‍ത്തന്നെ സിക്കമൂര്‍ വൃക്ഷത്തില്‍നിന്നും ഊര്‍ന്നിറങ്ങി യേശുവിന്റെ പാദത്തിങ്കലെത്തി. ആ ഊര്‍ന്നിറങ്ങല്‍ വെറുമൊരു മരത്തില്‍നിന്നുള്ള ഊര്‍ന്നിറങ്ങല്‍ മാത്രമായിരുന്നില്ല. അവനെ അവനാക്കിയിരുന്ന സകലതില്‍നിന്നുമുള്ള ഊര്‍ന്നിറങ്ങലായിരുന്നു. പാപത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും ജഡസ്വഭാവങ്ങളില്‍നിന്നും തട്ടിപ്പറിയില്‍നിന്നും അന്യായമായ വെട്ടിപ്പിടിക്കലില്‍നിന്നും എല്ലാമുള്ള ഒരു ഊര്‍ന്നിറങ്ങല്‍. അവന് ധീരതയോടെതന്നെ അതു ചെയ്തു. സക്കേവൂസിന്റെ വീട്ടിലെത്തി അവന്റെ ആതിഥ്യം സ്വീകരിച്ച് അവനെ സ്നേഹിച്ചുകൊണ്ട് അവിടെ കഴിയുന്ന യേശു, ഒരിക്കല്‍പോലും സക്കേവൂസിനോടു പറയുന്നില്ല 'നിന്റെ പോക്ക് ശരിയല്ല കേട്ടോ, നീ രക്ഷപെടണമെങ്കില്‍ മാനസാന്തരപ്പെടണം' എന്ന്. ഈശോ അവനോടും അവന്റെ കുടുംബത്തോടും ഒപ്പമായിരുന്നുകൊണ്ട് അവരെ സ്നേഹിക്കുകമാത്രം ചെയ്തു. ആ സ്നേഹത്തെ ആവോളം അനുഭവിച്ച സക്കേവൂസ് സ്വയം തിരിച്ചറിയുന്നു, ഞാന്‍ ശരിയല്ല. എന്റെ പോക്കു ശരിയല്ല എന്നൊക്കെ. തിരുത്തണം എന്ന് യേശു ഒരിക്കലെങ്കിലും പറയുന്നതിനുമുമ്പേ അവന് അവന്റെ ജീവിതത്തെ തിരുത്തിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇതുവരെ ചെയ്ത വഴിവിട്ട ജീവിതത്തിന് പരിഹാരം ചെയ്യാന്‍ തീരുമാനിക്കുകയും ആ തീരുമാനം ധീരതയോടെ സമൂഹമധ്യത്തില്‍ വച്ചുതന്നെ യേശുവിനെ അറിയിക്കുകയും ചെയ്യുന്നു. അവന് പറഞ്ഞു, "കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു" (ലൂക്കാ 19/8). നിര്‍ണായകമായ ഈ വാക്കുകള്‍ സക്കേവൂസിന്റെ വായില്‍നിന്നും പുറത്തുവന്നതിനുശേഷം മാത്രമാണ് "ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു" എന്ന വാക്കുകള്‍ യേശുവില്‍നിന്നും പുറപ്പെട്ടത്. ഞാനെന്ന സക്കായി ഇന്നെവിടെ? 'എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ നിന്റെ വരവിനായ് കാത്തിരിപ്പൂ...' എന്ന മനോഹരമായ ഒരു ഗാനമുണ്ട്. ആ ഗാനത്തിന്റെ ഈരടികള്‍ പാടി ഞാനെന്ന സക്കായി എന്റെ സ്വാര്‍ത്ഥതയും പാപജീവിതവുമായ വടവൃക്ഷത്തിന്‍കൊമ്പില്‍ യേശുവിനെയും കാത്തിരുന്ന് ഉറങ്ങിപ്പോയിരിക്കുന്നുവോ? യേശു പലവട്ടം ആ വഴി വന്നിട്ടുണ്ടാകാം. എന്റെ പേര് വിളിച്ചിട്ടുണ്ടാകാം. പക്ഷേ സക്കേവൂസ് നടത്തിയ ധീരമായ പ്രതികരണം യേശുവിന്റെ വിളിക്കുമുമ്പില്‍ നല്കാന് എനിക്കിനിയും കഴിഞ്ഞിട്ടുണ്ടാവില്ല. ഞാന്‍ തട്ടിപ്പറിച്ചതും അനീതിപരമായി വെട്ടിപ്പിടിച്ച് കയ്യടക്കി വച്ചിരിക്കുന്നതും തിരികെ കൊടുക്കുവാന്‍ ഞാനെന്ന സക്കായി തയാറായിട്ടുണ്ടാവില്ല, അന്യായ ലാഭത്തിലൂടെ എന്റെ തലയ്ക്കു മുകളില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറായിട്ടുമുണ്ടാവില്ല. പിന്നെങ്ങനെ 'ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു' എന്ന വാക്ക് എന്റെ ഭവനത്തെ നോക്കിപ്പറയാന്‍ നീതിമാനായ യേശുവിന് കഴിയും? കര്‍ത്താവായ യേശുവിന് തീര്‍ച്ചയായും ആ വാക്ക് നമ്മെ നോക്കിയും നമ്മുടെ കുടുംബത്തെ നോക്കിയും പറയാന്‍ നമ്മളെക്കാള്‍ വലിയ ആഗ്രഹമുണ്ട്. പക്ഷേ ഞാനെന്ന സക്കായി മരത്തില്‍നിന്നിറങ്ങി ധീരമായ കാല്‍വയ്പുകളോടെ ചുങ്കക്കാരന് സക്കേവൂസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ പാവം യേശുതമ്പുരാന്‍ എന്തുചെയ്യും? അവിടുന്നാകെ വിഷമവൃത്തത്തിലായിപ്പോകും എന്നതു തീര്‍ച്ച. ലൗകിക സമ്പത്തു മാത്രമല്ല അന്യായമായി വെട്ടിപ്പിടിച്ച ലൗകിക സമ്പത്ത് തിരികെ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമായാല്‍ പോരാ ഈ പരിഹാരം ചെയ്യല്‍. മറ്റുള്ളവര്‍ക്ക് അര്‍ഹമായ ആദരവ്, അംഗീകാരം, സ്നേഹം, പരിഗണന, ചേര്‍ത്തുനിര്‍ത്തല്‍, ശുശ്രൂഷ, പരസ്പരമുള്ള താങ്ങല്, പങ്കുവയ്ക്കല്‍ എന്നീ തലങ്ങളില്‍ സ്വന്തം കുടുംബാംഗങ്ങളോടും സ്വന്തം സമൂഹത്തില്‍ ഉള്ളവരോടും നാം തികഞ്ഞ അനീതി പുലര്‍ത്തിയിട്ട് കുടുംബത്തിലും നാമായിരിക്കുന്ന സമൂഹത്തിലും സമാധാനവും രക്ഷയും ഉണ്ടാകണമെന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കര്ത്താവിന് എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കാനാവും? തന്റെ നാമം നിരന്തരം ഉരുവിടുകയും തന്നോട് നീതിവിധികള്‍ ആരായുകയും ചെയ്യുന്ന പല കുടുംബങ്ങളെയും സമൂഹങ്ങളെയും നോക്കി കര്‍ത്താവ് നിസഹായതയോടെ നെടുവീര്‍പ്പിടുകയാണിന്ന്. പ്രിയപ്പെട്ട സക്കായിമാരേ, നമ്മള് ഇന്ന് അള്ളിപ്പിടിച്ചിരിക്കുന്ന മരക്കൊമ്പുകളില്‍നിന്ന് ഒന്ന് ഊര്‍ന്ന് താഴെയിറങ്ങി യേശുവിന്റെ പാദത്തിങ്കലെത്തിയാല്‍ നിങ്ങളുടെ ഭവനത്തിനും സമൂഹങ്ങള്‍ക്കും രക്ഷ സുനിശ്ചിതമാണ്. അവന് പറയുന്നത് ചെയ്യാന്‍ തയാറാകുമോ? ശിമയോനോട് കാണിച്ച കാര്‍ക്കശ്യം യേശുവിന്റെ പീഡാനുഭവ വേളയില്‍ സ്വന്ത ജീവരക്ഷയെപ്രതി യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ പത്രോസിനോടും തന്നെത്തന്നെ ഉപേക്ഷിച്ച് താന്താങ്ങളുടെ വഴിക്ക് രക്ഷ തേടിപ്പോയ തന്റെ ശിഷ്യഗണത്തോടും യേശുകര്‍ത്താവ് നിരുപാധികം ക്ഷമിച്ചു. തന്റെ ഉയിര്‍പ്പിനുശേഷം ശിമയോനും കൂട്ടരും തന്റെ പീഡാനുഭവസമയത്ത് ചെയ്ത തള്ളിപ്പറച്ചിലിനെക്കുറിച്ച് യാതൊരു പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലോ പറയാതെ തിബേരിയൂസ് കടല്ക്കരയില് അവര്‍ക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന കര്‍ത്താവിനെ യോഹന്നാന് ഇരുപതാം അധ്യായത്തില്‍ നാം കണ്ടെത്തുന്നു. പെറ്റമ്മയെക്കാള്‍ സ്നേഹത്തോടെ അവിടുന്ന് അവരെ ഊട്ടിപ്പോറ്റി പരിചരിച്ച് വീണ്ടും തന്റെ സ്നേഹത്തിലേക്കും താനുമായിട്ടുള്ള ഐക്യത്തിലേക്കും തിരികെ കൊണ്ടുവരുന്നു. പക്ഷേ... ഒരു കാര്യത്തില്‍ അവിടുന്ന് കാര്‍ക്കശ്യം കാട്ടുന്നു. പ്രാണരക്ഷയെപ്രതിയാണെങ്കിലും മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ ശിമയോനെക്കൊണ്ട് മൂന്നുപ്രാവശ്യം എല്ലാവരെക്കാളും അധികമായി തന്നെ സ്നേഹിക്കുന്നുവെന്ന് ശിഷ്യന്മാരുടെ സമൂഹമധ്യത്തില്‍വച്ച് തിരുത്തിപ്പറയിക്കുന്നു. മൂന്നു പ്രാവശ്യം ഏതു നാവുകൊണ്ട് തള്ളിപ്പറഞ്ഞോ ആ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരുത്തിപ്പറയിക്കുന്നു. ഇതൊരു പരിഹാരം ചെയ്യിക്കല്‍ കൂടിയായിരുന്നു. ആ പരിഹാരം ചെയ്യിക്കലിന്റെ കാര്യത്തില്‍ അവിടുന്ന് തികച്ചുമൊരു കര്‍ക്കശക്കാരനായിരുന്നു. ആ ഏറ്റുപറച്ചിലിനുശേഷമാണ് അവിടുന്ന് ശിമയോന് പത്രോസിനെ താന്‍ രക്തം ചിന്തി വീണ്ടെടുത്ത സഭയുടെ അജപാലകനായി നിയോഗിക്കുന്നത്. ഇത് മറ്റു ശിഷ്യര്‍ക്ക് ശിമയോന്റെ ഭരണത്തിന്മേല് ഒരിക്കലും ഉതപ്പുണ്ടാകാതിരിക്കുന്നതിനുവേണ്ടിക്കൂടിയായിരുന്നു. ദൈവശുശ്രൂഷകരോട് ഒരു വാക്ക് നിങ്ങളുടെ ശുശ്രൂഷാജീവിതത്തില്‍ ഒരുവന് പ്രതിസന്ധി അനുഭവിക്കുന്നുവോ? വലയും വള്ളവുമെടുത്ത് വീണ്ടും മീന്‍ പിടിക്കാന്‍ പോയ ശിമയോന് പത്രോസിനെയും സഹശിഷ്യരെയുംപോലെ നിങ്ങളും ഇന്നൊരു പിന്മാറ്റത്തിന്റെ വക്കിലെത്തി നില്ക്കുകയാണോ? ഒരുപക്ഷേ ശെമയോന് ചെയ്തതുപോലുള്ള ഒരു തെറ്റുതിരുത്തലും പരിഹാരം ചെയ്യലും നിങ്ങളുടെ ശുശ്രൂഷാജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ മേഖലകളില്‍ അനിവാര്യമായിരിക്കാം. മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ അതേ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരിച്ചു പറയിച്ച കര്‍ത്താവ് നമ്മുടെ സഹശുശ്രൂഷകരുമായിട്ടുള്ള ബന്ധങ്ങളിലും നമ്മുടെ കുടുംബാംഗങ്ങളുമായിട്ടുള്ള ബന്ധങ്ങളിലുമൊക്കെ ഇതുപോലുള്ള ഒരു തിരുത്തിപ്പറയലും പരിഹാരം ചെയ്യലും ആവശ്യപ്പെടുന്നുണ്ടാകാം. "കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരെയാക്കുവിന്‍" (മത്തായി 3/3) എന്ന സ്നാപകന്റെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളെയും യഥാര്‍ത്ഥമായ നീതിയിലേക്കു നയിക്കട്ടെ. അപ്പോള്‍ നീതിമാനായ യേശുവിന് സാക്ഷ്യം നല്കാന് തക്കവിധം നമ്മുടെ ജീവിതങ്ങളും കുടുംബങ്ങളും പ്രകാശപൂര്‍ണമായി മാറും. അത്തരത്തിലുള്ള ഒരു പുനര്‍നവീകരണത്തിലേക്കും രൂപാന്തരീകരണത്തിലേക്കും നമ്മുടെ ജീവിതങ്ങളെ പരിശുദ്ധാത്മാവ് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 'ആവേ മരിയ.'
By: Stella Benny
Moreലേഖകന്‍ വെറുത്തിരുന്ന ഭക്ഷണസാധനങ്ങള്‍ പിന്നീട് രുചികരമായി അനുഭവപ്പെട്ടത് എങ്ങനെ? "ദൈവം അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല." സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും ദൈവത്തിനൊരു പദ്ധതിയുണ്ട്. പല സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ചില കുറവുകള്‍ തിരിച്ചറിയാനും ഇത്തരം ചില സംഭവങ്ങള്‍ കാരണമാകും. അപ്രകാരം എന്റെ ഉള്ളില്‍ ദൈവകൃപക്ക് തടസമായി കിടന്നിരുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈശോ അനുവദിച്ച ചില അനുഭവങ്ങള്‍ കുറിക്കട്ടെ. എനിക്ക് ചേമ്പും ചേനയുംപോലുള്ള ചില ഭക്ഷണസാധനങ്ങളോട് വെറുപ്പായിരുന്നു. ഇത് ഞാന്‍ പണിക്കുപോകുന്ന ഏത് വീട്ടില്‍നിന്ന് കിട്ടിയാലും, സ്വന്തം വീട്ടില്‍നിന്നായാല്‍പോലും, ഞാന്‍ കഴിക്കാറില്ല. വചനപ്രഘോഷണവും പണിയുമായി നല്ല തിരക്കുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ അധികജോലി ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും പറ്റാത്തവിധം ക്ഷീണം തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു ദിവസം വീട്ടിലിരുന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു. കാപ്പി കുടിക്കാന്‍ സമയമായപ്പോള്‍ ഭാര്യ ചേമ്പ് പുഴുങ്ങിയതുമായി വന്നു. ഇതുകണ്ടപ്പോഴേ എനിക്ക് വെറുപ്പായി. ഞാന്‍ പണിക്ക് പോകുമായിരിക്കും എന്നു കരുതിയാണ് ചേമ്പ് പുഴുങ്ങിയത്. കാരണം എനിക്കത് ഇഷ്ടമല്ലായെന്ന് ഭാര്യയ്ക്കറിയാം. അന്ന് വേറൊന്നും വീട്ടില്‍ ഇല്ലായിരുന്നുതാനും. എനിക്കരിശം വന്നു. വേറെ ഏതെങ്കിലും വീട്ടില്‍ചെന്നാല്‍ മറ്റ് വല്ലതും കിട്ടുമെന്നുകരുതി ഞാന്‍ മറ്റൊരു വീട്ടില്‍ ചെന്നു. ചെന്ന വീട്ടിലെ ആള് ഒരു കരിസ്മാറ്റിക്കുകാരനായിരുന്നു. നല്ല ദര്‍ശനമുള്ളയാള്‍. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു, ചൂടാറുംമുമ്പ് നമുക്ക് കാപ്പി കുടിക്കാം. ഞാനിപ്രകാരം ചിന്തിച്ചു, ഞാന്‍ വീട്ടില്‍നിന്ന് ചൂടായിട്ടാണ് വന്നതെന്ന് ദര്‍ശനത്തില്‍ കിട്ടിയതായിരിക്കാം. ഞാനൊന്നും മറുത്തു പറഞ്ഞില്ല. പക്ഷേ ഉടന്‍തന്നെ ഒരുപാത്രം ചേമ്പ് പുഴുങ്ങിയതുമായി വന്നപ്പോഴാണ് എനിക്ക് മനസിലായത്, ദര്‍ശനമല്ല ചേമ്പ് ചൂടോടെ തിന്നാമെന്ന അര്‍ത്ഥത്തിലാണത് പറഞ്ഞതെന്ന്. പിറ്റേ ആഴ്ചയും ഇതുപോലെതന്നെ ഒരനുഭവം ഉണ്ടായി. അന്ന് ചേന പുഴുങ്ങിയതായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ട് പണിക്കു പോകാനിറങ്ങി. എന്റെ ഉള്ളില്‍നിന്നൊരു സ്വരം - ഇന്ന് ഏത് വീട്ടില്‍ ചെന്നാലും ഇതുമാത്രമേ കിട്ടുകയുള്ളൂ. ഞാനേതാണ്ട് അമ്പതോളം വീടുകളില്‍ പണിക്കു പോകുന്നതായതിനാല്‍ ചേമ്പില്ലാത്ത പറമ്പിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എല്ലാ പറമ്പിലും ചേമ്പ് നില്‍ക്കുന്നത് എന്റെ ഭാവനയില്‍ തെളിഞ്ഞുവന്നു. ഒരേയൊരു പറമ്പുമാത്രമേ ചേമ്പില്ലാത്തതായി എനിക്കറിയാവൂ- അത് കോണ്‍വെന്റാണ്. അന്ന് കുര്‍ബാന കഴിഞ്ഞപ്പോഴേ സിസ്റ്റര്‍ തേങ്ങയിടുന്ന കാര്യം പറഞ്ഞതായിരുന്നു. ക്ഷീണമായതിനാല് ഞാനത് മാറ്റിവച്ചതാണ്. അതിനാല്‍ അവിടെ പണിക്കുപോകുന്നതായിരിക്കും ഭംഗിയെന്നു കരുതി മഠത്തില്‍ ചെന്നു. സിസ്റ്റര്‍ എന്നോടിപ്രകാരം പറഞ്ഞു "ചമ്മന്തി അരക്കുന്ന താമസമേ ഉള്ളൂ, കാപ്പി കുടിച്ചിട്ട് പണിക്കിറങ്ങാം." എനിക്ക് സന്തോഷവും സമാധാനവുമായി. ചമ്മന്തിയും ചേനയും ചേരുകയില്ലല്ലോ? ചമ്മന്തിയും ദോശയുമാണെങ്കില്‍ ചേരും. എനിക്കേറ്റവും ഇഷ്ടമുള്ളതാണ് ദോശ. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പ്ലെയിറ്റില്‍ ചേനയും കാന്താരിമുളക് അരച്ചതുമായി വന്നപ്പോഴാണ് എനിക്കക്കിടി പറ്റിയെന്നറിഞ്ഞത്. പിറ്റേദിവസം മുതല്‍ നോമ്പാരംഭിക്കുകയാണ്. എല്ലാ ദിവസവും കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുമായിരുന്നു. 14 സ്ഥലങ്ങളില്‍ 14 നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സ്ഥലത്തെ എന്റെ നിയോഗമിതായിരുന്നു "എന്റെ ഈശോയേ, ഈ ചേമ്പും ചേനയുമെനിക്കൊരു പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള കൃപയെനിക്കു തരണം." അമ്പതുദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. അമ്പത്തിയൊന്നാം ദിവസം ഒരു കോണ്‍വെന്റില്‍ പ്രസംഗിക്കാന്‍ ചെന്നു. സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, ആറുമണിക്ക് കയറിയാല്‍ ഒമ്പതു മണിക്കേ ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് കാപ്പി കുടിച്ചിട്ട് പ്രസംഗിക്കാം. കാപ്പിയുമായി സിസ്റ്റര്‍ വരുന്നത് കണ്ടപ്പോഴേ ഞാന്‍ ഞെട്ടിപ്പോയി. ഒരു പ്ലെയിറ്റു നിറയെ ചേനയും മറ്റൊരു പ്ലെയിറ്റില്‍ പഴംപൊരിയും! പഴംപൊരി എനിക്ക് വളരെ ഇഷ്ടപ്പെട്ട പലഹാരമാണ്. ഞാന്‍ ഈശോയോട് ഇപ്രകാരം പറഞ്ഞു "എങ്കിലും എന്റെ ഈശോയേ, ഒരു ദിവസമല്ല അമ്പതു ദിവസമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അമ്പത്തിയൊന്നാം ദിവസംതന്നെ ഇതുവേണമായിരുന്നോ?" അവിടെവച്ച് ഞാന്‍ ഈശോയ്ക്കൊരു വാക്കുകൊടുത്തു. എനിക്കിഷ്ടമുള്ള പഴംപൊരി ഞാനെടുക്കില്ല, ഇഷ്ടമില്ലാത്ത ചേന ഞാന്‍ തിന്നും. അങ്ങനെ അന്ന് ചേന കഴിച്ചു, ആ ചേനയുടെ രുചി വിവരിക്കാന്‍ വാക്കുകളില്ല. പിറ്റേദിവസം മുതല്‍ എന്റെ ഇടവകയില്‍ ധ്യാനം. ധ്യാനത്തിന്റെ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് അച്ചന് ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ സമാധാനം ആശംസിക്കുമ്പോള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി ചിരിച്ചുകൊണ്ടുവേണം സമാധാനം ആശംസിക്കാന്‍. അച്ചനെ അനുസരിച്ചുകൊണ്ട് ഞാന്‍ ആദ്യം വലതുവശത്തു നില്ക്കുന്ന ആളിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് സമാധാനം ആശംസിച്ചു. ഇടതുവശത്തു നില്ക്കുന്ന ആളിന്റെ മുഖത്തുനോക്കി ചിരിക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം അതൊരു ചേമ്പായിരുന്നു. അതായത് വലതുവശത്തു നില്ക്കുന്നയാള് ദോശയും പഴംപൊരിയും; എനിക്കിഷ്ടമുള്ളയാള്‍. എന്നാല്‍ ഇടതുവശത്തു നിന്നയാള്‍ എനിക്ക് വെറുപ്പുള്ളയാള്‍. ഇവിടെ ഞാനൊരു സത്യം മനസിലാക്കി. ചേന എനിക്ക് രുചികരമായി തോന്നിയത് ചേനക്ക് മാറ്റം വന്നതുകൊണ്ടല്ല. എന്നില്‍ മാറ്റം വന്നതുകൊണ്ടാണ്. അങ്ങനെയെങ്കില്‍ എനിക്ക് പിണക്കമുള്ളവരെ നോക്കി ചിരിക്കാന്‍ സാധിക്കുന്നതിനായി മാറ്റം വരുത്തേണ്ടത് എന്നിലാണ്. ചേനയും ചേമ്പും വെറുപ്പോടെ നോക്കുന്നതുപോലെ ഈ സമൂഹത്തില്‍നിന്നും ഞാന്‍ പലരെയും മാറ്റിനിര്‍ത്തുന്നുണ്ടെന്നുള്ള സത്യം ഞാന്‍ മനസിലാക്കി. ഇവിടെ എന്നിലേക്ക് കടന്നുവന്ന വചനം ഇതായിരുന്നു. യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാന്‍ വന്നപ്പോള്‍പോലും ഈശോ യൂദാസിനെ വിളിച്ചത് സ്നേഹിതാ എന്നാണ് (മത്തായി 26/50). മറ്റുള്ളവരോടുള്ള നമ്മുടെ വെറുപ്പിനെ മാറ്റി നമുക്കും ഈശോയെപ്പോലെയാകാം.
By: Thankachan Thundiyil
Moreപോളണ്ട്: ഫാത്തിമ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്ത് പോളണ്ടില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരന് ജാകുബ് കാര്‍ലോവിക്സ്. 5600 കിലോമീറ്ററാണ് ഈ തീര്‍ത്ഥാടനത്തിനായി ജാകുബ് 221 ദിവസംകൊണ്ട് നടന്നത്. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുചേരുമായിരുന്നു. ദിവ്യബലിക്ക് അത്രമാത്രം പ്രാധാന്യം ജാകുബ് നല്കുന്നു. ഓരോ പുതിയ കിലോമീറ്റര്‍ താണ്ടുമ്പോഴും ലോകസമാധാനത്തിനും പ്രിയപ്പെട്ടവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കുംവേണ്ടി ഒരു 'നന്മനിറഞ്ഞ മറിയമേ' സമര്‍പ്പിച്ചിരുന്നു. യാത്രയ്ക്കായി പണവും വസ്ത്രങ്ങളുംമാത്രമല്ല ഭക്ഷണംപോലും കരുതിയിരുന്നില്ല എന്നതും ശ്രദ്ധേയമായി. ഹെയര്‍ഡ്രസ്സറായ ജാകുബ് തന്റെ തൊഴിലുപകരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു. അതിനാല്‍ യാത്രയ്ക്കിടെ സാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍ സ്വന്തം തൊഴില്‍ ചെയ്ത് അല്പം പണം നേടി. ചുരുക്കത്തില്‍, പരിശുദ്ധ അമ്മയോടുചേര്‍ന്ന് ദൈവികപരിപാലനയില്‍മാത്രം ആശ്രയിച്ചുള്ള യാത്ര. പ്രത്യേകമധ്യസ്ഥനായി വിശുദ്ധ ഡോണ്‍ ബോസ്കോയും. 'ദുഃഖിതനായ വിശുദ്ധന് ഒരു യഥാര്‍ത്ഥ വിശുദ്ധനല്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജാകുബിന് വഴികാട്ടിയായി. 2022 ജൂലൈ 17നായിരുന്നു യാത്ര ആരംഭിച്ചത്. കൈകളില്‍ ജപമാലയും വഹിച്ച് 10 രാജ്യങ്ങളിലൂടെ അദ്ദേഹം നടന്ന് സഞ്ചരിച്ചു. ഓരോ രാജ്യങ്ങളിലെയും വിവിധ ഗ്രാമങ്ങളില്‍നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതത്രേ. പലരും ജാകുബിനെ സ്വന്തം വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചു. യാത്രാനുഭവങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഫ്രാന്‍സില്‍വച്ച് നടന്നത് നാടകീയമായ ഒരു സംഭവം! പാഞ്ഞുവന്ന ഒരു ബി.എം.ഡബ്ളിയു കാര്‍ അദ്ദേഹത്തിന്റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി! മുഖംമൂടി ധരിച്ച കുറച്ചുപേര്‍ പുറത്തിറങ്ങി ഡിക്കി തുറന്ന് മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം നല്കിയ ശേഷം അതിവേഗം പോയി! ഇപ്രകാരം ദൈവികപരിപാലനയുടെ അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു യാത്ര. ഇനിയും അനേകം മരിയന്‍ കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്യണമെന്നാണ് ജാകുബിന്റെ ആഗ്രഹം.
By: Shalom Tidings
Moreദൈവത്തിന് നാം നല്കുന്ന സമ്മതത്തിന്റെ മൂല്യവും ശക്തിയും വെളിപ്പെടുത്തുന്ന അനുഭവം എന്റെ നിത്യവ്രതത്തിന്റെ മൂന്നാം വര്‍ഷം ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ എന്നെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കണമെന്ന് കര്‍ത്താവ് എനിക്ക് മനസിലാക്കിത്തന്നു. ഒരു ബലിവസ്തുവായി അവിടുത്തെ മുമ്പില്‍ എപ്പോഴും ഞാന്‍ നില്‍ക്കണം. ആദ്യമെല്ലാം വളരെ ഭയപ്പെട്ടു. ഞാന്‍ തീര്‍ത്തും നികൃഷ്ടയാണെന്ന് ഞാനറിഞ്ഞു. ഞാന്‍ കര്‍ത്താവിനോട് വീണ്ടും പറഞ്ഞു: "ഞാന്‍ ഒരു നികൃഷ്ടജീവിയാണ്; എങ്ങനെ എനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകാന്‍ സാധിക്കും?" നാളെ നിന്റെ ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് ഞാനത് മനസിലാക്കിത്തരും. ഈ വാക്കുകള്‍ എന്റെ ആത്മാവില്‍ ആഴമായി പതിഞ്ഞു, എന്റെ ഹൃദയവും ആത്മാവും വിറകൊണ്ടു. ആരാധനക്കായി വന്നപ്പോള്‍... ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. ആ നിമിഷത്തില്‍ എന്റെ ബുദ്ധി അതിശയകരമാംവിധം പ്രകാശിതമായി. എനിക്ക് ഒരു ആത്മീയദര്‍ശനം ലഭിച്ചു; അത് ഒലിവുമലയില്‍ ഈശോക്കുണ്ടായ ദര്‍ശനംപോലെയായിരുന്നു. ആദ്യം ശാരീരികമായ സഹനം, തുടര്‍ന്ന് എല്ലാ സാഹചര്യങ്ങളും അതിന്റെ തീവ്രത കൂട്ടി; പിന്നീട് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത ആത്മീയസഹനങ്ങള്‍ അതിന്റെ പൂര്‍ണവ്യാപ്തിയില്‍. എല്ലാം ഈ ദര്‍ശനത്തില്‍ കടന്നുവന്നു: തെറ്റിദ്ധാരണകള്‍, സല്‍പ്പേരിന് കളങ്കം, ഞാനിവിടെ ചുരുക്കിപ്പറയുകയാണ്, ഈ സമയത്ത് ഞാന്‍ മനസിലാക്കിയ കാര്യങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു പിന്നീട് ഞാന്‍ കടന്നുപോയ അനുഭവങ്ങള്‍. അവ അത്രക്ക് സുവ്യക്തമായിരുന്നു. എന്റെ പേര് 'ബലി' എന്നായി. ദര്‍ശനം അവസാനിച്ചപ്പോള്‍ ഞാന്‍ വിയര്‍ത്തുകുളിച്ചു. ഇതിന് സമ്മതം നല്കിയില്ലെങ്കിലും, ഞാന്‍ രക്ഷിക്കപ്പെടുമെന്നും അവിടുത്തെ കൃപാവര്‍ഷം കുറയുകയില്ലെന്നും അവിടുന്നുമായി ഈ ഉറ്റസമ്പര്‍ക്കം തുടര്‍ന്നുകൊണ്ടുപോകുമെന്നും ഈശോ എനിക്ക് വെളിപ്പെടുത്തിത്തന്നു. ഞാന്‍ ഈ ബലിസമര്‍പ്പണത്തിന് തയാറായില്ലെങ്കിലും, അതുമൂലം ദൈവത്തിന്റെ ഔദാര്യം കുറയുന്നില്ല. ബലിയര്‍പ്പണത്തിനായുള്ള ബോധപൂര്‍വവും സ്വതന്ത്രവുമായ എന്റെ സമ്മതത്തെ ഈ മുഴുവന്‍ രഹസ്യവും ആശ്രയിച്ചിരിക്കുന്നുവെന്ന് കര്‍ത്താവ് മനസിലാക്കിത്തന്നു. ദൈവത്തിന്റെ മഹിമപ്രതാപത്തിന്റെ മുമ്പില്‍ ഈ സ്വതന്ത്രവും ബോധപൂര്‍വവുമായ പ്രവൃത്തിയിലാണ് മുഴുവന്‍ ശക്തിയും മൂല്യവും അടങ്ങിയിരിക്കുന്നത്. ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളൊന്നുംതന്നെ എന്നില്‍ നിറവേറിയില്ലെങ്കിലും, കര്‍ത്താവിന്റെ സമക്ഷം എല്ലാം പൂര്‍ത്തീകരിക്കപ്പെട്ടപോലെയാണ്. ആ നിമിഷം, അഗ്രാഹ്യമായ മഹത്വത്തിലേക്ക് ഞാന്‍ ഉള്‍ച്ചേരുന്നതായി അനുഭവപ്പെട്ടു. എന്റെ സമ്മതത്തിനായി ദൈവം കാത്തിരിക്കുന്നതായി തോന്നി. എന്റെ ആത്മാവ് കര്‍ത്താവില്‍ നിമഗ്നമായി. ഞാന്‍ പറഞ്ഞു: "അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നില്‍ സംഭവിക്കട്ടെ. അങ്ങേ തിരുമനസിന് ഞാന്‍ കീഴ്വഴങ്ങുന്നു. ഇന്നുമുതല്‍ അങ്ങേ തിരുമനസാണ് എന്റെ പോഷണം, അങ്ങേ കൃപയുടെ സഹായത്താല്‍ അവിടുത്തെ കല്പനകളോട് ഞാന്‍ വിശ്വസ്തയായിരിക്കും. അവിടുത്തെ ഇഷ്ടംപോലെ എന്നോട് വര്‍ത്തിക്കുക. ഓ കര്‍ത്താവേ, എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ യാചിക്കുന്നു." പെട്ടെന്ന്, പൂര്‍ണഹൃദയത്തോടും പൂര്ണമനസോടും ബലിയര്‍പ്പണത്തിന് സമ്മതം നല്കിയപ്പോള്, ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. എന്റെ ആത്മാവ് ദൈവത്തില്‍ നിമഗ്നയായി. പറഞ്ഞറിയിക്കാന്‍ വയ്യാത്തവിധം ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞൊഴുകി. അവിടുത്തെ മഹത്വം എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അസാധാരണമാംവിധം ദൈവവുമായി ഞാന്‍ സംയോജിക്കപ്പെട്ടു. ദൈവം എന്നില്‍ സംപ്രീതനായി എന്ന് ഞാനറിഞ്ഞു... ഞാന്‍ പ്രത്യേകമായി സ്നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ടു... ദൈവം തന്റെ പൂര്‍ണ ആനന്ദത്തോടെ അതില്‍ വസിക്കുകയായിരുന്നു. ഇത് ഒരു തോന്നലല്ല, ഒന്നിനും മറയ്ക്കാന്‍ സാധിക്കാത്ത ബോധപൂര്‍ണമായ സത്യമാണ്... എന്റെ ആത്മാവില്‍ ധൈര്യവും ശക്തിയും സംജാതമായി. ആരാധന കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടിരുന്നതെല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശക്തി ലഭിച്ചു. ഞാന്‍ ഇടനാഴിയിലേക്ക് വന്നപ്പോള്‍ ഒരു പ്രത്യേകവ്യക്തിയില്‍നിന്ന് വലിയ സഹനവും എളിമപ്പെടുത്തലും എന്നെ കാത്തിരിക്കുകയായിരുന്നു. വളരെ മനോദാര്‍ഢ്യത്തോടുകൂടി അത് സ്വീകരിച്ചുകൊണ്ട് ഈശോയുടെ ഏറ്റം മാധുര്യമുള്ള തിരുഹൃദയത്തെ ഗാഢമായി ആലിംഗനം ചെയ്തു. ഞാന്‍ എന്തിനുവേണ്ടി സമര്‍പ്പിച്ചുവോ അതിന് ഞാന്‍ തയാറാണെന്ന് അവിടുത്തേക്ക് മനസിലാക്കിക്കൊടുത്തു.
By: Shalom Tidings
Moreമര്‍ത്തായെപ്പോലെ സദാ കര്‍മനിഷ്ഠരായ സന്യാസിനികളും മറിയത്തെപ്പോലെ ധ്യാനനിഷ്ഠരായ സന്യാസിനികളും ഒന്നിച്ചുവസിക്കുമ്പോള്‍ ഒരു കൂട്ടര് മറ്റേ കൂട്ടരെ കുറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിശുദ്ധ അമ്മത്രേസ്യ നല്കിയ നിര്‍ദേശം. പ്രിയ സഹോദരിമാരേ, വിശുദ്ധ മര്‍ത്താ പുണ്യവതിയായിരുന്നെങ്കിലും അവള് ധ്യാനനിഷ്ഠയായിരുന്നെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അനേകം പ്രാവശ്യം സ്വീകരിച്ച് സല്‍ക്കരിക്കാനും അവിടുത്തോടൊപ്പം മേശയ്ക്കിരുന്ന് ഭക്ഷിക്കാനും ഭാഗ്യം സിദ്ധിച്ച ആ ധന്യയെപ്പോലെ ആയിത്തീരാന്‍ കഴിയുന്നത് എത്ര അഭികാമ്യം? മറിയം മഗ്ദലേനായെപ്പോലെ നിങ്ങളെല്ലാം ധ്യാനനിര്‍ലീനരായിരുന്നാല്‍ ആ ദിവ്യാതിഥിക്ക് ആര് ഭക്ഷണം തയാറാക്കും? ഈ സമൂഹം വിശുദ്ധ മര്‍ത്തായുടെ ഭവനമാണെന്ന് ഓര്‍ക്കുക. ഇവിടെ എല്ലാത്തരക്കാരും വേണം. കര്‍മിഷ്ഠജീവിതത്തിന് നിയുക്തരായവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കുന്നവരെക്കുറിച്ച് പിറുപിറുക്കരുത്; ധ്യാനനിഷ്ഠര്‍ അതിനുത്തരം പറയാതെ മൗനമവലംബിച്ചാലും കര്‍ത്താവ് അവരുടെ ഭാഗം വാദിക്കും. അവര്‍ തങ്ങളെത്തന്നെയും മറ്റ് സമസ്തവും വിസ്മരിക്കുന്നതിന്റെ മുഖ്യമായ നിദാനം അതാണ്. അതോടൊപ്പം കര്ത്താവിന് ഭക്ഷണം തയാറാക്കാനും ആരെങ്കിലും വേണമെന്ന കാര്യം മറക്കരുത്; അതിനാല്‍ മര്‍ത്തായെപ്പോലെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതണം. കര്‍ത്താവ് നിയോഗിക്കുന്നതിലെല്ലാം സംതൃപ്തിയടയുന്നതും അതേ സമയം അവിടുത്തെ ശുശ്രൂഷികളാകാന്‍ യോഗ്യതയില്ലെന്ന് കരുതുന്നതുമാണ് യഥാര്‍ത്ഥ എളിമയെന്ന് നിങ്ങള്‍ അറിയണം. ധ്യാനിക്കുന്നതും മാനസികമായും വാചികമായും പ്രാര്‍ത്ഥിക്കുന്നതും മഠത്തില്‍ ആവശ്യമുള്ള മറ്റ് സേവനങ്ങള്‍ അനുഷ്ഠിക്കുന്നതും എല്ലാക്കാര്യങ്ങള്‍ക്കുംവേണ്ടി അധ്വാനിക്കുന്നതും നമ്മോടൊന്നിച്ച് വസിക്കാനും ഭക്ഷിക്കാനും ഉല്ലസിക്കാനും വരുന്ന ദിവ്യാതിഥിയായ ഈശോയുടെ ശുശ്രൂഷയാണെങ്കില്‍ ഏതില്‍ ഏര്‍പ്പെടേണ്ടിവന്നാലും നമുക്കെന്താണ് വ്യത്യാസം?
By: Shalom Tidings
Moreപാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില് മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- "ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും." പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു. ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്. പാപനിദ്രയില്‍നിന്ന് ഉണരുന്നു. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു. പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു. ധൂര്ത്തപുത്രന് ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്‍കുന്നതിന്റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു. ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
By: Shalom Tidings
Moreഒരു തൂവാലമതി ആത്മാക്കളെ ആകര്‍ഷിക്കാന്‍... അട്ടപ്പാടിയില്‍ നിന്നും പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോവുകയാണ് ഞാന്‍. കുണ്ടും കുഴിയും നിറഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയാണ് യാത്ര. ഞാന്‍ ബസ്സിന്റെ ഏറ്റവും പിന്‍ഭാഗത്തെ സീറ്റിലാണ് ഇരിക്കുന്നത്. ഇടയ്ക്കുവച്ച് രണ്ടു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറി. രണ്ടുപേരും പിന്‍ഭാഗത്തെ സീറ്റിന്റെ അടുത്താണ് നില്‍ക്കുന്നത്. കുറച്ചുദൂരം ചെന്നതോടെ അതില്‍ ഒരു പയ്യന് ഛര്‍ദ്ദിക്കാന്‍ വന്നു. ഉടനെ ആംഗ്യം കാണിച്ച് അവന് സീറ്റിന്റെ വിന്‍ഡോ ഭാഗത്തേക്ക് തലനീട്ടി. എന്റെ തൊട്ടടുത്തിരിക്കുന്നയാള്‍ നീങ്ങി കൊടുക്കാന്‍ തുടങ്ങിയതേ ആ പാവം പയ്യന് ഛര്‍ദിച്ചു. അദ്ദേഹം ഇരിക്കുന്ന സീറ്റിലും ബസിന്റെ ജനാലയിലുമായി അവശിഷ്ടങ്ങള്‍ വീണു. സത്യം പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഉടനെ മനസ്സില്‍ ശക്തമായ ഒരു തോന്നല്‍ വന്നു. കയ്യിലുള്ള തൂവാല എടുക്കുക. സീറ്റ് തുടയ്ക്കുക. ഞാന്‍ പോക്കറ്റില്നിന്നും തേച്ചുമടക്കിയ എന്റെ വെള്ളത്തൂവാല മനസ്സില്ലാമനസ്സോടെ എടുത്ത് അവന് ഇരിക്കാന്‍ പോകുന്ന സീറ്റ് തുടച്ചു. ഉടനെ ആത്മാവില്‍ അടുത്ത സ്വരം. തൂവാലയുടെ മടങ്ങിയിരിക്കുന്ന ഭാഗം നിവര്‍ത്തി ആ ഭാഗം കൊണ്ട് അവന്റെ വായയും താടിയും അവശിഷ്ടങ്ങള്‍ പറ്റിയ മുഖഭാഗവും തുടയ്ക്കുക... ഞാന്‍ അല്‍പ്പം വിമ്മിട്ടപ്പെട്ടിട്ടാണെങ്കിലും അത് ചെയ്തു. ക്രൂശിക്കാന്‍ കൊണ്ടുപോകുന്ന ക്രിസ്തുവിന്റെ തിരുമുഖം തൂവാലകൊണ്ട് തുടയ്ക്കുന്ന വെറോനിക്കയുടെ മുഖം അന്നേരം എന്റെ ഭാവനയില്‍ വന്നു. ശേഷം ബസ്സിന്റെ ജനാലയും കമ്പികളും തുടച്ചശേഷം ആ തൂവാല ഞാന്‍ കളഞ്ഞു. അന്നേരം ഞാന്‍ അനുഭവിച്ചത് നഷ്ടബോധമായിരുന്നില്ല, പിന്നെയോ ആത്മലാഭമാണ്. കാരണം, എന്റെയടുത്ത് ഇപ്പോള്‍ ഇരിക്കുന്ന ആ മകനെയും ബസ്സില്‍ കയറിയ അവന്റെ സുഹൃത്തിനെയും ഞാന്‍ ഉടനെ നേടാന്‍ പോവുകയാണ്. അവര്‍ക്ക് ഒരുകാര്യം അറിയണം. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്തത് ? എന്റെ ഉത്തരം സിംപിള്‍! ക്രിസ്തുവിന്റെ സ്നേഹം എനിക്ക് പ്രചോദനം നല്കുന്നു!!! ഒപ്പം ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ യേശുവിനെക്കുറിച്ച് ആ മകനോട് പങ്കുവച്ചു. ഞാന്‍ നിന്നില്‍ ആരെ കണ്ടെന്നും എന്താണ് ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് എന്നുമെല്ലാം. ഒപ്പം അവന്റെ കൂടെയുള്ള കൂട്ടുകാരനോടും. ഇരുവരും കണ്ണിമ വെട്ടാതെ ഹൃദയം ചേര്‍ത്തുവെച്ച് എല്ലാം കേട്ടുകൊണ്ടിരുന്നു. ആധുനിക കാലഘട്ടത്തില്‍ എങ്ങനെ ക്രിസ്തുവിനെ കൊടുക്കാം എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്റെ ഈ കൊച്ചനുഭവമാണ്. ഒരു തൂവാല കൊണ്ട് ഒരു ആത്മാവിനെ നേടാമെങ്കില്‍, ഒന്ന് ചിന്തിച്ചുനോക്കൂ... സ്വന്തമായി കയ്യിലുള്ള 'പൊട്ടന്‍ഷ്യല്‍' എത്രയെന്ന്! നമ്മുടെ കൈകളിലും തേച്ചു മടക്കി പോക്കറ്റിലിട്ടിരിക്കുന്ന ധാരാളം തൂവാലകളില്ലേ? അനുഭവങ്ങളായും സമയമായും കഴിവുകളായും എടുക്കാതിരിക്കുന്ന വെള്ളത്തൂവാലകള്‍. ആത്മാവിന്റെ പ്രേരണയനുസരിച്ച് അതെടുക്കുക. കാരണം പറഞ്ഞ്, വേണ്ടവര്‍ക്ക് അവ കൊടുക്കുക. ഓര്‍ക്കുക, വിശ്വാസം ഒരു ദാനമാണ്. "നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിന് നീ അഹങ്കരിക്കുന്നു?" (1 കോറിന്തോസ് 4/7) ഒരു കാര്യം കൂടി പറയട്ടെ, "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2/ 14-17).
By: Brother Augustine Christy PDM
Moreരസകരമായ ഒരു സംഭവവും അത് നല്കിയ ആത്മീയ ഉള്‍ക്കാഴ്ചകളും നമുക്കെതിരെ ഈങ്ക്വിലാബ് മുഴക്കുന്നവരെ നമ്മുടെ പ്രതിയോഗികളായിട്ടാണ് നാം വിലയിരുത്തുന്നത്. അങ്ങനെയാണ് നാം അവരെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാറുമുള്ളത്. പക്ഷേ എന്തുകൊണ്ടാണ് ഈ ഈങ്ക്വിലാബുകള്‍ എന്ന് നാം ചിന്തിക്കാന്‍ മെനക്കെടാറില്ല. എന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം ഞാനിവിടെ കുറിക്കട്ടെ. ഒരു ദിവസം ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ശാലോം മാസിക എഡിറ്റു ചെയ്യുകയാണ്. ഞാന്‍ മുറിയില്‍ കയറി വാതിലടച്ചിരുന്ന് ഏകാഗ്രതയോടെ ജോലി ചെയ്യുന്നു. പക്ഷേ ആ മുറിയുടെ ഒരു വശത്തുള്ള ജനലുകള്‍ തുറന്നാണ് ഇട്ടിരിക്കുന്നത്. കുറെനേരം കഴിഞ്ഞപ്പോള്‍ മൂന്നുപേര്‍ അടങ്ങുന്ന ഒരു കുട്ടിപ്പട്ടാളം ജനലിനു പിന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ മൂന്നുപേരും ഹാസ്യച്ചുവ കലര്‍ത്തി ഇപ്രകാരം വിളിച്ചു പറഞ്ഞു. "ഈങ്ക്വിലാബ് സിന്ദാബാദ് അമ്മ നീതി പാലിക്കുക. കരിനയങ്ങള്‍ അവസാനിപ്പിക്കുക. ഒന്നുകില്‍ ഞങ്ങളെ കളിക്കാന്‍ വിടുക അല്ലെങ്കില്‍ ഞങ്ങടെകൂടെ കളിക്കാന്‍ കൂടുക. മാസിക എഴുത്ത് അവസാനിപ്പിക്കുക. ടിവിയുടെ കോഡ് വയര്‍ തിരികെ തരിക. സ്റ്റെല്ല ബെന്നി നീതി പാലിക്കുക. തോല്ക്കുകയില്ല, തോല്ക്കുകയില്ല ഇനിയും ഞങ്ങള്‍ തോല്ക്കുകയില്ല. ഈങ്ക്വിലാബ് സിന്ദാബാദ്." മറ്റാരുമല്ല, എന്റെ രണ്ട് മക്കളും അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടിയുമാണ് ഈ കുട്ടിപ്പട്ടാളം. എന്താണ് എന്റെ നീതികേട് എന്ന് അറിയേണ്ടേ. മക്കള്‍ അപ്രതീക്ഷിതമായിട്ടാണ് ഒരാഴ്ച ക്ലാസില്ലാതെ വീട്ടിലിരിക്കുവാന്‍ ഇടയായത്. ഈ അവസരം നോക്കി അടുത്ത പ്രദേശത്തുള്ള ആണ്‍കുട്ടികളെല്ലാവരുംകൂടി വീടിന് തൊട്ടുമുമ്പിലുള്ള അധികം ഗതാഗതമില്ലാത്ത റോഡില്‍ ക്രിക്കറ്റ് കളിക്കാന്‍ ഒന്നിച്ചുകൂടി. പക്ഷേ ചില പ്രത്യേക കാരണങ്ങള്‍കൊണ്ട് അവരോടൊന്നുചേരാന്‍ ഞാന്‍ അവരെ വിട്ടില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാനും സഹായിയും ചിലപ്പോഴൊക്കെ അവരുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്. ഇത്തവണ ഞങ്ങള്‍ രണ്ടുപേരും വളരെ ജോലിത്തിരക്കിലായതുകൊണ്ട് അതും നടന്നില്ല. വീട്ടില്‍ ടിവിയുണ്ട്. പക്ഷേ എന്റെ മേല്നോട്ടത്തിലല്ലാതെ ടിവി കാണാന്‍ ഞാന്‍ അവരെ സമ്മതിക്കാറില്ല. ദോഷകരമായ ചാനലുകള്‍ കാണും എന്നതാണ് എന്റെ പേടി. അതുകൊണ്ട് ടിവിയുടെ കോഡ് വയര്‍ ഊരിയെടുത്ത് അതും അകത്തുവച്ചു പൂട്ടിയിട്ടാണ് എന്റെ കതകടച്ചിരുന്നുള്ള മാസിക എഡിറ്റിങ്ങ്! ഈ പാവം കുട്ടികള്‍ പിന്നെന്തു ചെയ്യും? എത്ര സമയം കഥപുസ്തകം വായിക്കും. പുറത്താണെങ്കില്‍ ഉശിരന്‍ ക്രിക്കറ്റുകളി നടക്കുന്നു. എന്റെ ഈ വിവേകരഹിതവും നീതിരഹിതവുമായ പ്രവൃത്തിയാണ് അവരെ ഈങ്ക്വിലാബ് വിളിപ്പിച്ചത്. ആദ്യം ഞാന്‍ അവരെ വഴക്കു പറഞ്ഞോടിക്കാന്‍ നോക്കി. പക്ഷേ നടന്നില്ല. അവരുടെ ഈങ്ക്വിലാബിന്റെ സ്വരം കൂടിക്കൂടി വന്നപ്പോള്‍ ഞാന്‍ വലിയ നീതിമതി ചമഞ്ഞ് കര്‍ത്താവിനോടു ചോദിച്ചു, "കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം? മാസിക അടുത്ത ദിവസങ്ങളില്‍ പ്രസില്‍ പോകേണ്ടതാണ്. ഒരൊറ്റയാള്‍ വൈകിയാല്‍ തുടര്‍ന്നു ചെയ്യേണ്ട മറ്റ് എല്ലാവരുടെ ജോലികളും വൈകും." കര്‍ത്താവ് മുഖംനോട്ടമില്ലാതെ എന്നോടൊറ്റപ്പറച്ചില്‍, "നീ എഴുത്ത് നിര്‍ത്ത്. നീതി അവരുടെ പക്ഷത്താണ്. നീ എഴുന്നേറ്റുചെന്ന് ടിവിയുടെ കോഡുവയര്‍ തിരികെ കൊടുക്കുക. അവരെ കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി നല്ല ചാനലുകള്‍ മാത്രം വയ്ക്കാനും അമ്മയ്ക്ക് ശല്യമുണ്ടാകാതെ സ്വരം കുറച്ചുവയ്ക്കാനും ഒക്കെ പറയുക. നന്നായി പ്രവര്‍ത്തിച്ചാല്‍ ഒരു പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്യുക. നിന്റെ പക്ഷത്തെ നീതികേട് തിരുത്തുക. സമാധാനം ഉണ്ടാകും!" ഇനി അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടി എന്തിനാണ് സമരം ചെയ്യാന്‍ വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അവളുടെ വശത്തും ന്യായമുണ്ട്. കുട്ടികള്‍ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ പണികളുണ്ട് വീട്ടില്‍. പുറത്തു കളിക്കാന്‍ വിടാത്തതുകൊണ്ട് ചേച്ചി ഞങ്ങളുടെ കൂടെ കളിക്കാന്‍ കൂടണം എന്നായിരിക്കും കുട്ടികളുടെ അടുത്ത ഡിമാന്റ്. കളിക്കാന്‍ കൂടല്‍ അവള്‍ക്കിഷ്ടമുള്ള പണിയാണെങ്കിലും അതിനുപോയാല്‍ നേരത്തും കാലത്തും അടുക്കളയിലെ പണികള്‍ തീരില്ല. പിന്നെ അതാകാം അസമാധാനത്തിനുകാരണം. അതുകൊണ്ടാണ് അവളും തമാശക്കാണെങ്കിലും കൊടി പിടിക്കാനും സിന്ദാബാദ് മുഴക്കാനും കൂടിയത്. ഇപ്പോള്‍ അവരെയെല്ലാവരെയും വെറുതെ വിടാനും അവര്‍ പറഞ്ഞത് തികച്ചും ന്യായമായിരുന്നുവെന്ന് സമ്മതിക്കുവാനും നിങ്ങള്‍ക്ക് കഴിയും. എന്തുകൊണ്ടണ്ട് ഈങ്ക്വിലാബ്? ദൈവവചനം പറയുന്നു "നീതികേട് നിന്റെ കൂടാരത്തില്‍ പാര്‍പ്പിക്കരുത്." മുകളിലിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നീതികേടുകളാണ് താഴെയുള്ള പലരെക്കൊണ്ടും ഈങ്ക്വിലാബ് വിളിപ്പിക്കാന്‍ കാരണമാകുക. പക്ഷേ നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണ നമ്മള് മഹാ നീതിമാന്മാരും ശ്രേഷ്ഠന്മാരും ആണെന്നും ഈങ്ക്വിലാബ് മുഴക്കുന്നവര്‍ നീതിരഹിതരും ചുട്ട അടി മേടിക്കേണ്ടവരുമാണ് എന്നതുമാണ്. ഈ വീക്ഷണത്തോടുകൂടി നാം കൊടുക്കുന്ന ചുട്ട അടികള്‍ കൂടുതല്‍ വലിയ അസമാധാനത്തിനും കൂടുതല്‍ ഉച്ചത്തിലുള്ള ഈങ്ക്വിലാബിനും മാത്രമേ കാരണമാകൂ. മറുവശം കാണാത്ത മുന്നേറ്റം മാതാപിതാക്കന്മാരെ അനുസരിക്കുക, അവര്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ട് അനുഗ്രഹത്തിന് പാത്രമാവുക എന്ന കല്പന മോശവഴി കര്‍ത്താവ് തന്റെ ജനത്തിന് നല്‍കിയതാണ്. അതു തികച്ചും സത്യവും ന്യായയുക്തവുമാണ്. പക്ഷേ അതിന് മറ്റൊരു പിന്‍പുറമുണ്ട്. ആ പിന്പുറത്തെ പരിശുദ്ധാത്മാവ് വിശുദ്ധ പൗലോസിലൂടെ അനാവരണം ചെയ്യുന്നുണ്ട്. അത് മക്കളെ പ്രകോപിപ്പിച്ച് അവരെ കോപിഷ്ഠരാക്കി മാറ്റരുത്, അവരെക്കൊണ്ട് ഈങ്ക്വിലാബ് വിളിപ്പിക്കരുത് എന്നതാണ്. ഇത് പറയാത്തത് നമ്മുടെ പ്രബോധനങ്ങളിലുള്ള ഭാഗികമായ ഒരു അപൂര്‍ണതയാണ്. തന്മൂലം പ്രസ്തുത വചനം ഞാനിവിടെ കുറിക്കട്ടെ. "കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരേ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യകല്പന ഇതത്രേ. പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍" (എഫേസോസ് 6/1-4). കുട്ടികളില്‍ പ്രകോപനം ഉണ്ടാക്കരുതെന്ന രണ്ടാമത്തെ ഭാഗം നാം മിക്കപ്പോഴും അവഗണിക്കുകയോ സൗകര്യപൂര്‍വം ഒഴിവാക്കുകയോ ചെയ്യുന്നു. ഇതാണ് വലിയ ഈങ്ക്വിലാബുവിളികളായി നമുക്കെതിരെ തിരിച്ചടിക്കുന്നത്. അത്തരം വളരെ ഈങ്ക്വിലാബുകള്‍ ഈ കാലഘട്ടത്തില്‍ നീതിക്കുവേണ്ടിയുള്ള മുറവിളികളായി മുഴങ്ങിക്കേള്‍ക്കാറുമുണ്ട്. അവയെല്ലാം അമര്‍ച്ച ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങള്‍ കൂടുതല്‍ വലിയ നീതികേടിലേക്കും അസമാധാനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുകയേ ഉള്ളൂ എന്ന് നാം മിക്കപ്പോഴും തിരിച്ചറിയാറുമില്ല. സമാധാനം നീതിയുടെ ഫലം! "നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും" (ഏശയ്യാ 32/17). ഈ സമാധാനം നമുക്ക് അടിച്ചമര്‍ത്തലുകളിലൂടെ സംജാതമാക്കാവുന്ന ഒന്നല്ല. അതൊരിക്കലും ക്രിസ്തുവിന്റെ പഠനവുമല്ല. ഒരുപക്ഷേ നിവൃത്തികേടിന്റെ പേരില്‍ അനീതി പ്രവര്‍ത്തിക്കുന്ന അധികാരിയെ നാം അനുസരിച്ചേക്കാം. പക്ഷേ അണികളുടെ ഹൃദയം അവനെ പുറന്തള്ളിക്കൊണ്ട് അവനെതിരെ പോരാടിക്കൊണ്ടിരിക്കും. ക്രിസ്തീയ അധികാരത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിപ്പിച്ചത് മനസിലാക്കണമെങ്കില്‍ അവിടുത്തെ വചനങ്ങളിലേക്ക് തിരിയണം. "വിജാതീയരുടെമേല്‍ അവരുടെ പിതാക്കന്മാര് ആധിപത്യം അടിച്ചേല്പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ അങ്ങനെ ആയിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന് ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവന്‍ ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ. ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്" (ലൂക്കാ 22:25). പിതാക്കന്മാരേ നിങ്ങള്‍ മക്കളെ പ്രകോപിപ്പിക്കരുത് എന്നു വചനം പറയുന്നുവെങ്കില്‍, നേതാക്കന്മാരേ നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് അണികളെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണത്. ഭര്ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് ഭാര്യമാരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. അഭിഷിക്തരേ, നിങ്ങള്‍ നിങ്ങളാല്‍ നയിക്കപ്പെടുന്നവരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. "അനുസരണം വിധേയത്വം" എന്നതിന്റെ മറ പിടിച്ച് തങ്ങളുടെ കീഴിലുള്ളവരോട് എന്തും പറയാം, എന്തും ചെയ്യാം ഏതു നിലപാടും സ്വീകരിക്കാം എന്ന ഒരു തെറ്റായ ധാരണയുടെ പുറത്താണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കില്‍ ആ പഠനം ഒരിക്കലും യേശുവിന്റെ വാക്കുകളില്‍നിന്നോ പ്രവൃത്തികളില്‍നിന്നോ ഉള്ളതല്ല. അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പേരുപറഞ്ഞ് നാമെന്തിന് നീതിമാനായ യേശുവിന്റെ മുഖം വികൃതമാക്കുന്നു? ഒരു നാണയത്തിന്റെ ഇരുമുഖങ്ങള്‍ ഒരു നാണയത്തിന് രണ്ടുമുഖങ്ങളുണ്ട്. ആ രണ്ടുമുഖങ്ങളിലെയും ലിഖിതങ്ങള്‍ സത്യമായാല്‍ മാത്രമേ നാണയത്തിന് അതിന്റേതായ വിലയുണ്ടാകൂ. അല്ലെങ്കില്‍ ആ നാണയം കള്ളനാണയമായിട്ടേ നാം കണക്കാക്കൂ. വിധേയത്വത്തെയും അനുസരണത്തെയും സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവം നല്‍കിയിട്ടുള്ള എല്ലാ പ്രബോധനങ്ങളും മുന്‍പറഞ്ഞ നാണയത്തിന്റെ സത്യസന്ധമായ രണ്ടുമുഖങ്ങളും വ്യക്തമാക്കുന്നതാണ്. "ഭാര്യമാരേ നിങ്ങള്‍ കര്ത്താവിന് എന്നതുപോലെ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുവിന്‍" (എഫേസോസ് 5/22) എന്നു പറഞ്ഞവന്‍തന്നെയാണ് ആ നാണയത്തിന്റെ മറ്റേവശവും സത്യമായും വെളിപ്പെടുത്തുന്നത്. അത് ഇതാണ്. ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കുവാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം.... അതുപോലെ ഭര്ത്താക്കന്മാര് ഭാര്യയെ സ്വന്തശരീരത്തെ എന്നതുപോലെ സ്നേഹിക്കണം (എഫേസോസ് 5:25,28). സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ മുമ്പില്‍ വിധേയപ്പെടാന്‍ ഏതൊരു ഭാര്യക്കും വളരെ എളുപ്പമാണ്. അതുപോലെതന്നെ അനുസരിക്കുകയും വിധേയപ്പെടുകയും ചെയ്യുന്ന ഒരു ഭാര്യയെ സ്നേഹിക്കുവാന്‍ ഏതൊരു ഭര്‍ത്താവിനും എളുപ്പമാണ്. പ്രിയപ്പെട്ടവരേ, ആദ്യംതന്നെ നമ്മുടെ കൈയിലുള്ള നാണയം കള്ളനാണയമോ അതോ വിലയുള്ളതോ എന്ന് പരിശോധിച്ചു നോക്കുക. വിലയുള്ളതെങ്കില്‍ അതേപ്രതി കര്‍ത്താവിനു നന്ദി പറയുക. അതല്ല കള്ളനാണയമാണ് നമ്മുടെ കൈവശമുള്ളതെങ്കില്‍ വിട്ടുപോയത് നമുക്ക് കൂട്ടിച്ചേര്‍ക്കാം. തിരുത്തേണ്ടത് തിരുത്താന്‍ തയാറാകാം. ഓരോരുത്തനും അര്‍ഹിക്കുന്നത് കൊടുക്കുന്നതാണ് യഥാര്‍ത്ഥ നീതി. എന്തെങ്കിലുമൊക്കെ ഔദാര്യരൂപത്തില്‍ കൊടുത്ത് അപരന്റെ വായടപ്പിക്കാന്‍ നോക്കുന്നതല്ല. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവന് നികുതി. ചുങ്കം അവകാശപ്പെട്ടവന് ചുങ്കം, ആദരം അര്ഹിക്കുന്നവന് ആദരം. ബഹുമാനം നല്കേണ്ടവന് ബഹുമാനം (റോമാ 13/7). ഇതിന്റെ കൂടെ നമുക്ക് കൂട്ടിച്ചേര്‍ക്കാം: സ്നേഹം അര്ഹിക്കുന്നവന് സ്നേഹം, പ്രോത്സാഹനം അര്ഹിക്കുന്നവന് പ്രോത്സാഹനം, കരുണയര്‍ഹിക്കുന്നവന് കരുണ, അംഗീകാരം അര്ഹിക്കുന്നവന് അംഗീകാരം. അപ്പോള്‍ ഈങ്ക്വിലാബ് പോയ്മറയും. കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും സഭയിലും എല്ലാം യാഥാര്‍ത്ഥ്യമാകും. "കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും.... നീതി അവിടുത്തെ മുമ്പില്‍ നടന്ന് അവിടുത്തേക്ക് വഴിയൊരുക്കും" (സങ്കീര്‍ത്തനങ്ങള്‍ 85/10-13). നീതിനിറഞ്ഞ പുതിയ നാളേക്കായി പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് കാത്തിരിക്കാം. 'ആവേ മരിയ.
By: Stella Benny
Moreവിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും പ്രശ്നങ്ങള്‍മാത്രം. പക്ഷേ അവള് ആവര്‍ത്തിച്ചുപറഞ്ഞത് പരിശുദ്ധ ദൈവമാതാവ് തനിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുതന്ന കാര്യങ്ങള്‍മാത്രം. ഒരിക്കലും അവള് വാക്കുമാറ്റി പറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ പ്രശ്നങ്ങളില്‍നിന്നെല്ലാം മോചിതയാകുമായിരുന്നു എന്നറിഞ്ഞിട്ടും ഒരിക്കലും അവളതിന് തയാറായില്ല. നാളുകള്‍ കഴിഞ്ഞാണ് തിരുസഭ ലൂര്‍ദിലെ ദര്‍ശനങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചത്. ഇന്ന് ദൈവാലയങ്ങളോടുചേര്‍ന്ന് നാം ലൂര്‍ദിലെ ദര്‍ശനത്തിന്റെ മാതൃകയില്‍ ഗ്രോട്ടോകള്‍ പണിയുന്നു. അമലോത്ഭവയായ മാതാവിനെ വണങ്ങുന്നു. എന്നാല്‍ അന്ന് താന്‍ തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലും സ്വന്തം സുരക്ഷ നോക്കാതെ ദൈവം നല്കിയ ബോധ്യത്തില്‍ ഉറച്ചുനിന്ന ബര്‍ണദീത്തയെ ഓര്‍ക്കുക. വാസ്തവത്തില്‍ ദൈവവചനം ജീവിച്ചുകാണിക്കുകയായിരുന്നു അവള്. മത്തായി 5/37- "നിങ്ങളുടെ വാക്കുകള്‍ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു."
By: Shalom Tidings
More"സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും"
By: Shalom Tidings
Moreമക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ 'ശില്പം' പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള് സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള് സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന് അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു. ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്, അത് തിരികെ നല്‍കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന് ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന് ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. "അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു" (1 രാജാക്കന്മാര് 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്ത്താവിന് നല്‍കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
By: Shalom Tidings
Moreഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്. ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ഗ്രാന്റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്റ്മായോടും ആന്റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന് ഞാന്‍ തീരുമാനിച്ചു. 2012-ലെ ഈസ്റ്റര്‍തലേന്ന് എന്റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കനാകാനുള്ള കാരണങ്ങള്‍ ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും. കത്തോലിക്കാവിശ്വാസത്തിന്റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് 'അഹ'ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്നിന്ന് രക്ഷിച്ച് അതിന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍. അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. "ശത്രുക്കളെ സ്നേഹിക്കുക," "ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്" തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ മുറിയാത്ത പിന്തുടര്ച്ചയില്, പത്രോസിന്റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്.... താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്‍കുമെങ്കിലും കത്തോലിക്കാസഭ തന്റെ പ്രബോധനങ്ങളില്‍ സത്യത്തിന്റെ കാവലാളായിത്തന്നെ നില്ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന് സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള് ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്റെ തൂണെന്ന് വിശ്വസിക്കാനാവില്ല. യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്! എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു. കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്. ഇനിയും കാരണങ്ങള്‍ ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും. അകത്തോലിക്കരായ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
By: Dartanian Edmonds
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreതന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍ 2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈശോ തൊട്ടപ്പോള്‍!! അടുത്ത ദിവസത്തെ ഒരു സെഷന് നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു 'ഫീല്‍.' പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു. ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. "നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്" (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു. ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ... കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന് ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു. "...നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു." കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു. ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍... പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്ച്ചയിടാന് തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്ച്ചയിടാന് എടുക്കുന്നത്. സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു. രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള് തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി. അമ്പരപ്പിച്ച ഫോണ്‍വിളി അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്. സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി. തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, "കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കാ 6/38).
By: Tresa Tom T
More