Home/Enjoy/Article

ഏപ്രി 29, 2024 58 0 Mangala Francis
Enjoy

ആ ഇടതുകരം എന്റെ തലയിണയായിരുന്നു…

തലവേദന കാരണം ഒന്നും ചെയ്യാനാകാതെ,ആരോടും മിണ്ടാനാകാതെ കിടന്നപ്പോള്‍ ഈശോയോട് സംസാരിച്ചു. വിലപ്പെട്ട ചില രഹസ്യങ്ങളാണ് ഈശോ പറഞ്ഞുകൊടുത്തത്.

“തന്‍റെ ആറു മക്കളും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണം വരിക്കുന്നത് കണ്ട ശേഷവും ആ അമ്മ ഏഴാമത്തെ മകനോട് പറഞ്ഞു: “സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക. മരണം വരിക്കുക” (2 മക്കബായര്‍ 7/29). ബൈബിളിലെ മക്കബായരുടെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നു… ഒരമ്മയ്ക്ക് ഇങ്ങനെ പറയാനാകുമോ? ചിന്തിക്കാനാവുമോ? ഇഞ്ചക്ഷനെടുക്കാനായി സൂചി കുഞ്ഞുങ്ങളുടെ കൈയിനടുത്ത് വരുമ്പോള്‍ത്തന്നെ മനസു പിടയും… പിന്നെങ്ങനെ? ചിന്തിക്കുന്തോറും സംശയം ഏറിയതേയുള്ളൂ…

വിശുദ്ധ കൊച്ചുത്രേസ്യയുടെ നവമാലിക തുറന്ന് വായിച്ചപ്പോള്‍ കിട്ടിയതാകട്ടെ രക്ഷസാക്ഷിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍! “ആരാധ്യനായ എന്‍റെ മണവാളാ, അങ്ങയെപ്പോലെ പ്രഹരിക്കപെടുവാനും ക്രൂശിക്കപെടുവാനും ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ബര്‍ത്തലോമ്യായെപ്പോലെ തോലുരിയപ്പെട്ടു മരിക്കാന്‍, വിശുദ്ധ യോഹന്നാനെപ്പോലെ തിളച്ച എണ്ണയില്‍ ആഴ്ത്തപ്പെടുവാന്‍, വേദസാക്ഷികളെ ഏല്‍പിച്ച സകല പീഡകളും സഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ഇരുപത്തിമൂന്നു വയസോളം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നു!! ചിന്തിക്കാന്‍പോലും സാധിക്കുന്നില്ല!

വൈകുന്നേരമായപ്പോള്‍ പതിവില്ലാതെ ഒരു തലവേദന… രാവിലത്തെ വായനയുടെ തീക്ഷ്ണതയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി എന്നൊക്കെ നിയോഗം വച്ച് വേദന സഹിക്കാമെന്നു തീരുമാനിച്ചെങ്കിലും അധികം വൈകാതെ വേദനാസംഹാരി കഴിക്കേണ്ടി വന്നു. തലവേദന കാരണം ഒന്നും ചെയ്യാനാകാതെ, ആരോടും മിണ്ടാനാകാതെ കിടക്കുമ്പോള്‍ ഈശോയോട് സംസാരിക്കാമെന്നു കരുതി.

ഈശോയോട് മനസില്‍ തോന്നിയ സംശയംതന്നെ ചോദിച്ചു, “ആ ഏഴു മക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധ കൊച്ചുത്രേസ്യായ്ക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനാ ഇതു സാധിക്കുന്നത്? ഒരു തലവേദന പോലും എനിക്ക് താങ്ങാനാകുന്നില്ല.”

ഈശോ അടുത്തു വന്നിരുന്നപോലെ തോന്നി. നെറ്റിയില്‍ തലോടി പതിയെ ചിരിച്ചു കൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. കുറെ നാളുകള്‍ക്കുമുമ്പ് കഴുത്തുവേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ കുറച്ചു ദിവസത്തേക്ക് തലയണ ഉപയോഗിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? പക്ഷേ തലയണ ഇല്ലാതെ ഒരു ദിവസം പോലും ഉറങ്ങാനേ പറ്റാത്തതു കൊണ്ട് അതനുസരിച്ചില്ലല്ലോ. മരുന്നു കഴിച്ച് വേദന മാറ്റി, അല്ലേ?”

അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഈശോ തുടര്‍ന്നു. “എന്നാല്‍ കഴിഞ്ഞ അമ്പതു നോമ്പില്‍ ഒരു കൊച്ചു ത്യാഗമായി തലയണ ഉപയോഗിക്കാതിരുന്നില്ലേ. എന്നിട്ട് അതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഉറക്കം നഷ്ടപ്പെട്ടുമില്ല, ഒരു അസ്വസ്ഥതയും ഉണ്ടായുമില്ലല്ലോ, അതെന്താ?”‘

ഈശോ അങ്ങനെ ചോദിച്ചപ്പോള്‍ അതു ശരിയാണല്ലോ എന്നാലോചിച്ച് ഇത്തിരി അഹങ്കാരത്തോടെതന്നെ മറുപടി പറഞ്ഞു: “നോമ്പില്‍ പക്ഷേ, എന്‍റെ സ്വന്തം ഇഷ്ടത്താലെ ഈശോയ്ക്കുവേണ്ടി എടുത്ത തീരുമാനമല്ലേ, അതുകൊണ്ട്…”

ഈശോ വീണ്ടും ചിരിച്ചെന്ന് തോന്നി. അടുത്തിരിക്കുന്ന ബൈബിള്‍ എടുക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉത്തമഗീതം ആണ് കിട്ടിയത്. “അവന്‍റെ ഇടതുകരം എന്‍റെ തലയണ ആയിരുന്നെങ്കില്‍!” (ഉത്തമഗീതം 8/3). ഒന്നും മിണ്ടാനാകാതെ കണ്ണടച്ചിരുന്നു. ഇങ്ങനൊരു വചനം ഇതുവരെയും ശ്രദ്ധിച്ചിട്ടില്ലല്ലോ!

ഞാന്‍ തിരിച്ചറിയുകയായിരുന്നു; ആ ദിവസങ്ങളിലെല്ലാം എനിക്കു തലയണയായി എന്നും ഈശോയുടെ ഇടതുകരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍പ്പോലും ഉറക്കം നഷ്ടപ്പെടാതിരുന്നത്. ഈശോയെക്കൂടാതെ, ഈശോയുടെ സാന്നിധ്യം ഇല്ലാതെ ഈശോ നല്‍കുന്ന കൃപകള്‍പോലും സ്വീകരിക്കാനാകില്ലെന്ന് എനിക്ക് നന്നായി മനസിലായി. അമ്പതുനോമ്പില്‍ തലയണ വേണ്ടെന്നുവയ്ക്കാന്‍ എന്‍റെ മനസില്‍ തോന്നിച്ചത് ഈശോ ആയിരുന്നു. എന്നിട്ട് തന്‍റെ ഇടതുകരം എനിക്ക് തലയണയായി തന്നു.

ഇപ്പോള്‍ എനിക്കറിയാം, ആ ഏഴുമക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനെ അത് സാധിച്ചെന്ന്… ഒന്നിലും, നന്മയുടേതായ ചിന്തകളില്‍പ്പോലും, അഹങ്കരിക്കാന്‍ നമുക്കവകാശമില്ല. സിസ്റ്റര്‍ നതാലിയയോട് ഈശോ പറഞ്ഞ പോലെ- “എന്‍റെ മകളേ, ഞാന്‍ അതില്‍ വസിക്കുന്നെങ്കില്‍ മാത്രമേ ഒരാത്മാവ് വിശുദ്ധമായിരിക്കൂ…”

വിശുദ്ധ കൊച്ചുത്രേസ്യയും ‘നവമാലിക’യില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “യേശുതന്നെ എന്‍റെ പാവപ്പെട്ട കുഞ്ഞുഹൃദയത്തിന്‍റെ അടിത്തട്ടില്‍ മറഞ്ഞിരുന്ന് ഓരോ നിമിഷവും ഞാന്‍ ചെയ്യണമെന്ന് താന്‍ തിരുമനസ്സാകുന്നത് എന്നില്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ ചിന്തിക്കണമെന്നു താന്‍ തിരുമനസ്സാകുന്നതെല്ലാം എന്നെക്കൊണ്ടു ചിന്തിപ്പിക്കുകയും ചെയ്യുകയാണെന്ന് തികച്ചും സരളമായ രീതിയില്‍ ഞാന്‍ കരുതുന്നു.”

ഈശോ നമ്മില്‍ വസിക്കുമ്പോള്‍മാത്രമേ ഏത് സാഹചര്യങ്ങളിലും ഈശോയെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.

ഓര്‍മ്മയിലേക്ക് പല മുഖങ്ങളും കടന്നു വന്നു. ഫാനിന്‍റെ കാറ്റുപോലും അസഹനീയ വേദന ഉണ്ടാക്കുന്ന അവസരത്തിലും വേദനസംഹാരികള്‍ കഴിക്കാതെ കണ്ണടച്ചിരുന്ന് എന്‍റെ ഈശോ എന്നു വിളിച്ച് സഹിച്ചിരുന്ന ഒരു സഹോദരന്‍റെ മുഖം. ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയാമായിരുന്നിട്ടും വേദന മൂലം ഒന്നു നിവര്‍ന്നിരിക്കാന്‍പോലും സാധിക്കാതിരുന്നപ്പോഴും ബൈബിള്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്തുപിടിച്ച് സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് കടന്നുപോയ പ്രിയകൂട്ടുകാരിയുടെ മുഖം.

ഈ ഭൂമിയില്‍ ഇനി രണ്ട് ദിവസം കൂടി മാത്രം എന്നു തിരിച്ചറിഞ്ഞപ്പോഴും ഒരിറ്റ് കണ്ണീര്‍ പൊഴിക്കാതെ, പുഞ്ചിരിയോടെ; നിയന്ത്രണമില്ലാതെ കരയുന്ന ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച്, നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച്, ഞാന്‍ ഈശോയുടെ അടുക്കലേക്കല്ലേ പോകുന്നത് എന്നു പറഞ്ഞ് സന്തോഷത്തോടെ കടന്നുപോയ ഞങ്ങളുടെ അപ്പച്ചന്‍റെ മുഖം. അങ്ങനെ എത്രയോ മുഖങ്ങള്‍…

ഈശോയേ, ഇന്ന് ഞാനറിയുന്നു, ആ മുഖങ്ങളിലെല്ലാം നിറഞ്ഞു നിന്നത് അവിടുത്തെ തിരുമുഖമായിരുന്നെന്ന്…

ഒരു കൊച്ചു തലവേദനപോലും പരാതികളില്ലാതെ സഹിക്കണമെങ്കില്‍ ഈശോയേ അങ്ങ് ഞങ്ങളില്‍ വസിക്കണമെന്ന്. അതിനിനിയും എത്രയോ എത്രയോ വളരേണ്ടിയിരിക്കുന്നു…

Share:

Mangala Francis

Mangala Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles