Trending Articles
ആശ്ചര്യപ്പെടുത്തുന്ന സമ്പാദ്യത്തെക്കുറിച്ച് അറിയാം, സ്വന്തമാക്കാം
ഒരു പ്രസംഗമധ്യേ വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരു വനവാസിയുടെ കഥ പറഞ്ഞു. പണ്ടൊരിക്കല്‍ ആ വനവാസി ഒരു ഓക്കുവൃക്ഷത്തിന്റെ പൊത്തില്‍ തന്റെ ‘രാജകീയമന്ദിരം’ പണിതുണ്ടാക്കി. അതിന്റെ ഉള്ളില്‍ അദ്ദേഹം മുള്ളുകള്‍ വിരിച്ചു. തലയ്ക്കുമീതെ മൂന്ന് വലിയ കല്ലുകള്‍ കെട്ടിത്തൂക്കി. അനങ്ങുകയോ തിരിയുകയോ ചെയ്താല്‍ ആ കല്ലുകള്‍ തന്റെ തലയില്‍ മുട്ടണം. മുള്ളുകള്‍ ശരീരത്തില്‍ കൊണ്ടുകയറണം. അതായിരുന്നു ഉദ്ദേശ്യം. ആ സംഭവം ഉദ്ധരിച്ചുകൊണ്ട് ആത്മപരിത്യാഗം എന്തുമാത്രം വിലയേറിയതാണെന്ന് വിശദീകരിക്കുകയായിരുന്നു വിശുദ്ധ വിയാനി.
ആരും കാണാതെ ചെയ്യാവുന്ന ആത്മ പരിത്യാഗങ്ങള്‍ ഏറെ പ്രിയംകരമാണെന്നും വിശുദ്ധന് പറയുന്നു. ഉദാഹരണമായി, നിശ്ചിത സമയത്തിനു കാല്‍മണിക്കൂര്‍ മുമ്പേ ഉണരുക, രാത്രിയില്‍ അല്പസമയത്തേക്ക് ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക മുതലായവ. ഇരിപ്പ് അത്ര സുഖകരമല്ലെന്നു കണ്ടാലും അതേപടി ഇരിക്കുക; യാത്ര ചെയ്യുമ്പോള്‍ ആകര്ഷങ്ങളായവയില് ദൃഷ്ടികള്‍ ഉറപ്പിക്കാതിരിക്കുക -തുടങ്ങിയവയൊക്കെ നമുക്ക് ചെയ്യാവുന്നതാണെന്നും വിശുദ്ധന് ഓര്‍മ്മിപ്പിക്കുന്നു.
ഇപ്രകാരം മുന്നേറുന്നതിനായി വിശുദ്ധ വിയാനി നിര്‍ദ്ദേശിക്കുന്ന പ്രായോഗികമാര്‍ഗങ്ങള്‍ വളരെ ലളിതമാണ്. സഞ്ചരിക്കുമ്പോള്‍ മിശിഹാ കുരിശും വഹിച്ചുകൊണ്ടു നമ്മുടെ മുമ്പേ നടക്കുന്നതായി മനസ്സാ ദര്‍ശിക്കാം. അല്ലെങ്കില്‍, നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെയോ നമ്മോടുകൂടെ സഞ്ച രിക്കുന്ന കാവല്മാലാഖയെയോ കാണുന്നതായി സങ്കല്പിക്കാം. ഇങ്ങനെയുള്ള ഒരു ആന്തരിക ജീവിതം വളരെ മനോഹരമാണ് ! ഇത് നമ്മെ ദൈവത്തോടു യോജിപ്പിക്കുന്നു.
എന്നാല്‍ ഇപ്രകാരം ജീവിക്കുമ്പോള്‍ പിശാച് അനേകായിരം ഭാവനകള്‍ വരുത്തി നമ്മെ വ്യതിചലിപ്പിക്കുവാന് ശ്രമിക്കും. എന്നാല്‍ ഒരു നല്ല ക്രൈസ്തവന് പരിപൂര്‍ണ്ണതയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കും.
പുണ്യാത്മാക്കള്‍ ആത്മപരിത്യാഗത്തി നുള്ള അവസരങ്ങളെ എല്ലായിടത്തും അന്വേഷി ച്ചിരുന്നു. പരിത്യാഗങ്ങളുടെ മധ്യേ അവര്‍ അവര്‍ണ്ണനീയമായ ആനന്ദം ആസ്വദിക്കുകയും ചെയ്തിരുന്നു. സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹിക്കുന്നെങ്കില്‍ സര്‍വഥാ സുഖം അന്വേഷിച്ചുപോകരുത്. പിശുക്കന്മാര് തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സകല കഴിവുകളും പ്രയോഗിക്കുന്നതുപോലെതന്നെ സ്വര്‍ഗ്ഗീയ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ വിശുദ്ധരും ശ്രമിക്കും. എപ്പോഴും അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കും. വിധി ദിവസത്തില്‍ അവരുടെ പുണ്യസമ്പത്ത് കണ്ട് നാം ആശ്ചര്യപ്പെട്ടുപോകുമെന്നും വിശുദ്ധ ജോണ്‍ വിയാനി ഓര്‍മ്മപ്പെടുത്തുന്നു.
Saint John Maria Vianney
ആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’17 വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങള്‍ മാറിമാറി കയറിയിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍മാര്‍ എന്നെ ഒരു ഉന്മാദ-വിഷാദരോഗിയായി മുദ്രകുത്തി. ഷോക് ട്രീറ്റ്മെന്റ് ഒഴികെയെല്ലാം അവര്‍ എന്നില്‍ പരീക്ഷിച്ചു. പക്ഷേ, സൗഖ്യത്തിന്റെ പ്രതീക്ഷ അവര്‍ക്കും അസ്തമിച്ചപ്പോള്‍ വിഷാദത്തിനുള്ള മെഡിസിന് സ്ഥിരമായി കഴിക്കാന്‍ നിര്‍ദേശിച്ച് അവര്‍ എന്നെ ‘നൈസാ’യി ഒഴിവാക്കി. എല്ലാ ദിവസവും ഉറങ്ങുംമുമ്പ്, ഉറക്കത്തില്‍ എന്നെ തിരിച്ചു വിളിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം ഓരോ പ്രഭാതത്തെയും ഞാന്‍ അത്രമാത്രം ഭയപ്പെട്ടു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ ദൈവാലയത്തിലേക്ക് പോയി. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, ഓരോ ദിവ്യബലിയും എന്നെ വൈകാരികമായും ആത്മീയമായും സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാണ്. പ്രഭാതങ്ങളെ എനിക്കിന്ന് ഭയമില്ല. ദിവ്യകാരുണ്യത്തില്‍ ഞാന്‍ സ്വീകരിക്കുന്ന ഉയിര്‍ത്തെഴുന്നേറ്റ ഈശോയുമായി ഞാന്‍ ഐക്യപ്പെടും, അങ്ങനെ അവിടുന്ന് എന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എത്ര സജീവമായാണോ ഞാന്‍ ദിവ്യബലിയില്‍ പങ്കുചേരുന്നത്, അത്രമാത്രം അവിടുന്ന് എന്നില്‍ നിറയുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നത് ഞാന്‍ അനുഭവിക്കുന്നു.’ സത്യമായും ദൈവാലയവും തിരുക്കര്‍മ്മങ്ങളും സൗഖ്യത്തിന്റെ ഉറവിടങ്ങളാണ്.’ അതിനാല്‍ ഒരു വൈദികന് പങ്കുവച്ച സംഭവം നമ്മെ ആശങ്കപ്പെടുത്തണം. ഒരു ദു:ഖവെള്ളിയാഴ്ച, ദൈവാലയത്തിലെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ കൊച്ചുകുട്ടികളുടെ വലിയ ബഹളം. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഈശോ നമുക്കുവേണ്ടി സഹിച്ച പീഡകളെ ധ്യാനിക്കാനും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനുമുള്ള ദുഖവെള്ളിയാഴ്ച, ഒരു പിതാവ് മക്കളോടൊപ്പം ദൈവാലയനടയില്‍ ഇരുന്ന് മൊബൈലില്‍ സ്ക്രോള്‍ ചെയ്ത് രസിക്കുകയും രണ്ടു കുഞ്ഞുങ്ങളെ കാണിച്ച് രസിപ്പിക്കുകയും ചെയ്യുന്നു. മൊബൈലിലെ കോമഡികള്‍ കണ്ട് തുള്ളിച്ചാടി ആര്‍ത്തു ചിരിക്കുന്ന കുഞ്ഞുങ്ങള്‍..! "ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും” (ജോബ് 8/13) എന്ന തിരുവെഴുത്ത് ഭയത്തോടെ ഓര്‍ക്കണം. പള്ളിക്കുള്ളില്‍, സൗഖ്യത്തിന്റെ, അനുഗ്രഹങ്ങളുടെ വലിയ വിരുന്ന് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയോ മക്കളെ പങ്കെടുപ്പിക്കുകയോ ചെയ്യാതെ നമുക്കും മക്കള്‍ക്കും എങ്ങനെ മേരി ആന്‍-നെപ്പോലെ സൗഖ്യവും ഉയര്‍ച്ചയും സംലഭ്യമാകും? സ്വന്തം മക്കള്‍ക്ക്, അടുത്ത തലമുറയ്ക്ക് ഏതുവിധത്തിലുള്ള സന്ദേശമായിരിക്കും ഇത്തരം മാതാപിതാക്കള്‍ നല്‍കുന്നത്…! ന്യൂജനറേഷനെ എന്തിനുമേതിനും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി ഗൗനിക്കേണ്ടതല്ലേ? ‘…എന്റെ വിശുദ്ധദിവസത്തില്‍ സ്വന്തം ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; … കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താല്പര്യങ്ങള് അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും’ (ഏശയ്യാ 58/13,14).
By: ആൻസി മോൾ ജോസഫ്
Moreഇറാക്ക്: ഇറാക്കിന്റെ നിനവേ സമതലപട്ടണങ്ങളിലും മൊസൂളിലും ഐ.എസ്.ഐ.എസ് ഭീകരര്‍ ആധിപത്യമേറ്റെടുത്തപ്പോഴത്തെ നോവിക്കുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇ.ഡബ്ളിയു.ടി.എന്‍ ഡോക്യൂയമെന്ററി തയാറാക്കിയിരിക്കുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള ഇറാക്കിലെ ക്രൈസ്തവജീവിതത്തിന് ഐ.എസ്.ഐ.എസ് 10 വര്‍ഷംകൊണ്ട് ഏല്പിച്ച ആഘാതങ്ങളും അതിനെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ക്രൈസ്തവികതയും കണ്ടറിയാന്‍ സഹായിക്കുന്ന ഡോക്യുമെന്ററിയാണ്, Christians Fight To Survive: ISIS in Iraq. നിനവേയുടെ താഴ്വാരങ്ങളിലെ അനേകം ക്രൈസ്തവര്‍ ഐ.എസ്.ഐ.എസ് അധിനിവേശത്തിന് കീഴില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഇര്‍ബില്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബാഷര്‍ മാത്തി വാര്‍ദ, മൊസൂള്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബനഡിക്തൂസ് യൗനാന്‍ ഹാനോ , നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സിറിയന്‍ കത്തോലിക്കാ ആശ്രമത്തിന്റെ പ്രസിഡന്റ് ഫാ. മാസിന് മട്ടോക്ക എന്നിവരുടെ പങ്കുവയ്ക്കലുകളും ശ്രദ്ധേയമാണ്. ഒരു മണിക്കൂറാണ് ഡോക്യൂമെന്ററിയുടെ ദൈര്‍ഘ്യം. തകര്‍ക്കപ്പെട്ട ദൈവാലയങ്ങളുടെയും ഗ്രാമങ്ങളുടെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളും ഡോക്യൂയമെന്ററിയില് കാണാം.
By: Shalom Tidings
Moreപ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല് വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു. അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും ഒത്തുപോകാന്‍ കഴിയാതെ അല്പനാളുകള്ക്കകം ആ ജോലി ഉപേക്ഷിച്ച് പോരേണ്ടിവന്നു. പിന്നീട് വന്നത് പ്രളയകാലം. അന്ന് ജീസസ് യൂത്തിനോടും സഭാകൂട്ടായ്മയോടുമൊപ്പം ഈശോയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ ലഭിച്ചിരുന്നു. സന്നദ്ധസേവനങ്ങളില്‍ സജീവമായി. പക്ഷേ ജോലിയില്ലാത്തത് വലിയ പ്രശ്നമായി അവശേഷിച്ചു. അന്നാളുകളിലെല്ലാം പ്രാര്‍ത്ഥന എന്നാല്‍ ഈശോയോട് ‘വഴക്ക്’ ആയിരുന്നു. ‘നീ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാണ്? ശരിക്കും ഈശോ, നീയുണ്ടോ?’ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍. പക്ഷേ വഴക്ക് കൂടാനായിട്ടാണെങ്കിലും ഓടിയണയാന്‍ ഉണ്ടായിരുന്നത് ആ സന്നിധിതന്നെ. പിന്നീട് കൊവിഡ് കാലത്തും ഇടുക്കി രൂപത യുവജനകൂട്ടായ്മയോടുചേര്ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്നാളുകളില്‍ നേരില്‍ കണ്ടറിഞ്ഞ, കൊവിഡ് രോഗികളുടെയും പ്രിയപ്പെട്ടവര്‍ മരിച്ചവരുടെയുമെല്ലാം ദൈവാനുഭവങ്ങള്‍ എന്നെയും ഏറെ സ്വാധീനിച്ചു. എങ്കിലും ഒരു ജോലി ലഭിക്കാത്തതിനാല്‍ ആകെ മടുപ്പ് അനുഭവപ്പെട്ടിരുന്നു. കുറച്ചുനാളുകള്‍ക്കകം കാനഡയിലേക്ക് വരാന്‍ അവസരം ഒരുങ്ങി. ഇവിടെയെത്തിയപ്പോഴും പ്രതിസന്ധികള്‍ ഏറെയായിരുന്നു. കൂട്ടുകാരോ പ്രിയപ്പെട്ടവരോ ഒന്നുമില്ലാത്ത ഏകാന്തതയായിരുന്നു ഏറ്റം വിഷമകരം. നാട്ടിലും ഇവിടെയും ഒരുപോലെയുള്ളത് ക്രൂശിതനായ ഈശോയും മാതാവും മാത്രമാണെന്നാണ് എനിക്ക് തോന്നിയത്. അതിനാല്‍ എല്ലാം പറയാന്‍ അവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറെ സങ്കടപ്പെട്ട് ഏതെങ്കിലും പള്ളിയില്‍ ഇരിക്കുമ്പോള്‍ ആരിലൂടെയെങ്കിലും അവിടുന്ന് ഇടപെടും. ഉദാഹരണത്തിന്, പലപ്പോഴും, ഒരു പരിചയവുമില്ലാത്തവര്‍ വന്ന് തോളില്‍ത്തട്ടി പേര് ചോദിച്ച് പരിചയപ്പെടും. എന്നിട്ട് പറയും, "ടോമിന്, എവെരിതിംഗ് വില്‍ ബി ആള്‍റൈറ്റ്-എല്ലാം ശരിയാകും!” അങ്ങനെയൊക്കെ ഈശോ എന്നോട് സംസാരിക്കുന്ന അനുഭവമുണ്ടായപ്പോള്‍ ഈശോ യഥാര്‍ത്ഥത്തില്‍ ആ കുരിശില്‍ കിടക്കുകയല്ല പലരുടെയും രൂപത്തില്‍ ഇറങ്ങിനടക്കുകയാണ് എന്നെനിക്ക് തോന്നി. അതുകൊണ്ട് ‘നീ ശരിക്കും ആ ക്രൂശില്ത്തന്നെയാണോ ഉള്ളത്?’ എന്ന് അതിശയത്തോടെയും സ്നേഹത്തോടെയും ചോദിച്ചിട്ടുണ്ട്. കാനഡയില്‍ നില്‍ക്കാനുള്ള സ്റ്റേ ബാക്ക് അനുമതി തീരാറായ സമയം. പ്രാര്‍ത്ഥിക്കുകയും പലരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തുകഴിഞ്ഞ് അതെപ്പറ്റിയുള്ള ആകുലത ഞാന്‍ ഉപേക്ഷിച്ചു. ഒടുവില്‍, രണ്ടുദിവസംമാത്രം അവശേഷിക്കേ അവിടെനില്ക്കാനുള്ള സമയം നീട്ടിക്കൊണ്ട് ‘എക്സ്റ്റന്‍ഷന്‍’ ലഭിച്ചു! ഇങ്ങനെയുള്ള അനുഭവങ്ങള്‍ എന്നെ ദൈവവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്രമാത്രം ഈശോയുടെ സ്നേഹം അനുഭവിക്കുമ്പോള്‍ വചനം സത്യമാണെന്ന് എനിക്കുറപ്പ്, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). ‘
By: ടോമിന് അഗസ്റ്റിന്, കാനഡ
Moreനിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന POTS (Ptosural Orthtosatic Tachycardia Syndrome) എന്ന അസുഖമായിരുന്നു അവള്‍ക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്കാന് അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദൈവാലയത്തിന് സമീപമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടാണ് അവള് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. നിത്യരാധന ചാപ്പല്‍ വന്നതില്‍പ്പിന്നെ സാധിക്കുമ്പോഴെല്ലാം അവിടെ പോയി ഈശോയോട് ‘ഹായ്’പറയുന്നത് ശീലമാക്കി. ദിവ്യകാരുണ്യത്തിന് മുന്നില്‍ മുട്ടുകുത്തുമ്പോഴെല്ലാം അവള് സംസാരിക്കാന്‍ ശ്രമിച്ചത് അവള്‍ക്ക് ചിരപരിചയമുള്ള ഒരു വ്യക്തിയോടായിരുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് അവളുടെ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു. ചെറുപ്പം മുതലേ നല്ല ആരോഗ്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നില്ല ജൂലിയ. കൗമാരത്തിലേക്ക് കടന്നപ്പോള്‍ ആരോഗ്യം പിന്നെയും വഷളായി. ഹൃദയമിടിപ്പിനെയും രക്തസമ്മര്‍ദ്ദത്തിനെയും ബാധിക്കുന്ന POTS കാരണം, കിടക്കുകയോ ഇരിക്കുകയോ ചെയ്തിട്ട് എഴുന്നേല്ക്കുമ്പോഴും, അധികനേരം നിവര്‍ന്നിരിക്കുമ്പോഴും, അവള് ബോധരഹിതയാകാന്‍ തുടങ്ങി. ആദ്യം വോക്കറിന്റെ സഹായത്തോടെ നടന്ന അവള് പിന്നീട് വീല്‍ചെയറിലായി. കുറച്ചുനാള്‍കൂടി കഴിഞ്ഞപ്പോള്‍ ഡ്രിപ്പിട്ട് വീട്ടില്‍ത്തന്നെ കിടപ്പും ആയി. പരിചാരികയുടെ സഹായത്തോടെയായിരുന്നു ജീവിതം. അവളുടെ കൂട്ടുകാര്‍ കോളേജിലായപ്പോഴും ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുത്തു തുടങ്ങിയപ്പോഴും ജൂലിയ, ഹോസ്പിറ്റല്‍ അപ്പോയ്ന്റ്മെന്റുകളും ട്രീട്മെന്റുകളുടെയും ലോകത്തായിരുന്നു. അവളും പക്ഷേ പഠിക്കുകയായിരുന്നു, കുരിശിന്റെ സ്കൂളില്‍! 2017 ഏപ്രില്‍ 1 ശനിയാഴ്ച. ജൂലിയ അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആരാധനചാപ്പലില് പോയി. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ പിന്നില്‍, വ്യായാമത്തിന് ഉപയോഗിക്കുന്ന ഒരു മാറ്റിലാണ് കിടന്നത്. ഇതുവരെ തന്റെ പ്രാര്‍ത്ഥനക്ക് YES എന്നുത്തരം തരാത്ത ഈശോയോട്, ആ മാറ്റില്‍ തന്റെ വീട്ടുകാര്‍ക്ക് പിന്നിലായി കിടന്നുകൊണ്ട് കുസൃതിയോടെ അവളിങ്ങനെ പറഞ്ഞു, "ഈശോയേ, ഇന്ന് ഏപ്രില്‍ 1 അല്ലേ? നമുക്ക് ഇവരെയൊക്കെ ഒന്ന് പറ്റിച്ചാലോ? നീ എന്റെ കൂടെ നില്‍ക്കാമോ? എന്റെ അസുഖം മാറിയെന്ന് ഇവരെയൊക്കെ ഒന്ന് തോന്നിപ്പിക്കണം.” ജൂലിയയെ അമ്പരപ്പിച്ചു കൊണ്ട് ഈശോ സമ്മതിച്ചു. അവള്‍ക്ക് പക്ഷേ വലിയ വ്യത്യാസമൊന്നും ശരീരത്തില്‍ തോന്നിയില്ല. വീണെങ്കിലോ എന്ന് വിചാരിച്ച് അവള് തനിയെ നടക്കാന്‍ ശ്രമിച്ചില്ല. താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്, ഇപ്പോള്‍ പറഞ്ഞത് തന്റെ മനസ്സല്ല, ശരിക്കും ഈശോതന്നെയാണെന്ന് ഒരു സ്ഥിരീകരണം അവള്‍ക്ക് വേണമായിരുന്നു. അതിനാല്‍ ഈശോയോട് പറഞ്ഞു, "എനിക്ക് യഥാര്‍ത്ഥത്തില്‍ സൗഖ്യം ലഭിച്ചിട്ടുണ്ടെങ്കില്‍, എഴുന്നേല്‍ക്കാനും നടക്കാനുമായി എനിക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്ന് പറയാമോ?” വാസ്തവത്തില്‍ ഈശോ അത് പറഞ്ഞതാണ്, പക്ഷേ തന്റെ ഹൃദയത്തിന് പുറത്ത് താന്‍ ഒന്നും കേട്ടിരുന്നില്ല എന്നാണ് ജൂലിയ അതെക്കുറിച്ച് പറയുന്നത്. അപ്പോഴേക്കും ചാപ്പലില്‍നിന്ന് പോകാന്‍ സമയമായിരുന്നു. അവളുടെ അമ്മ കളിയായി, മാറ്റില്‍ നിലത്തു കിടക്കുന്ന അവളോട് യോഹന്നാന് 5/8ല്‍ പറയും പോലെ പറഞ്ഞു, "എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക!” ഇതാണ് തനിക്കുള്ള അടയാളം എന്ന് ജൂലിയക്ക് മനസ്സിലായി. അവള് എഴുന്നേറ്റ് തന്റെ മാറ്റ് ചുരുട്ടി, ദിവ്യകാരുണ്യത്തെ വണങ്ങി, അവളുടെ മാതാപിതാക്കളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. അധികം വഴി നടക്കാനില്ലായിരുന്നെങ്കിലും, ഒരു മുറിക്കുള്ളില്‍ നടക്കുന്നത് പോലും അവള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയമായിരുന്നു അത്. വീട്ടിലേക്ക് തനിയെ നടക്കുന്നത് അസാധ്യവുമായിരുന്നു. ആവശ്യമെങ്കില്‍ പിടിക്കാനായി അവളുടെ അമ്മ അവളുടെ കൂടെത്തന്നെ നടന്നു, എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ കയറ്റാനായി കാറെടുത്തു ഡാഡി പിന്നിലും വന്നു. അതിന്റെ ഒന്നും ആവശ്യമില്ലെന്ന് അവള് അവരോട് പറഞ്ഞു, അവള് യഥാര്‍ത്ഥത്തില്‍ സുഖപ്പെട്ടിരുന്നു!അവളുടെ രോഗസൗഖ്യം അവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളെയും ഞെട്ടിപ്പിച്ചു. തുടര്‍ന്നുള്ള കുറേ ദിവസങ്ങള്‍ എല്ലാവരുടെയും മുഖത്തെ അത്ഭുതം കാണാന്‍ രസമായിരുന്നുവെന്ന് ജൂലിയ പറയുന്നു. POTS അങ്ങനെ എളുപ്പം മാറിപ്പോകുന്ന ഒരസുഖമല്ല, അതുകൊണ്ട് തീര്‍ച്ചയായും അതൊരു അത്ഭുതം തന്നെയായിരുന്നു. അവള്‍ക്ക് അസുഖം കാരണം തുടരാന്‍ കഴിയാതിരുന്ന ഡാന്‍സ് സ്റ്റുഡിയോയിലേക്ക് ഉടന്‍തന്നെ അവള് തിരിച്ചു വന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി ഒരു ക്ലാസ് ആരംഭിച്ചു, സുഖമില്ലാതിരുന്നപ്പോള്‍ അവള് ഏറെ ആഗ്രഹിച്ച ഒന്ന്. ഏഴ് കൊല്ലങ്ങള്‍ക്കിപ്പുറവും ജൂലിയ സന്തോഷവതിയായി ജീവിതം നയിക്കുന്നു. നമുക്കായി അവള്‍ക്കൊരു സന്ദേശമുണ്ട്,”’ബൈബിള്‍ കാലങ്ങളിലേക്ക് മാത്രമായി ഒതുങ്ങുന്നതല്ല അത്ഭുതങ്ങള്‍. യോഹന്നാന് 5/8-ലെ തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ അതേ ഈശോ, വിശുദ്ധ കുര്‍ബ്ബാനയിലെ അവന്റെ യഥാര്‍ത്ഥമായ സാന്നിധ്യത്തിലൂടെ, കാലങ്ങള്‍ക്കിപ്പുറം അതേ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞു. എന്നെ കിടപ്പിലാക്കിയ അസുഖത്തില്‍നിന്ന് സൗഖ്യം നല്‍കിയതില്‍ ഞാന്‍ അളവറ്റ നന്ദിയുള്ളവളാണ്. ദൈവം എത്ര നല്ലവന്‍!” ഒരു കുഞ്ഞിനെപ്പോലെ പ്രത്യാശിച്ച, വിശ്വസിച്ച, പ്രാര്‍ത്ഥിച്ച, ജൂലിയയുടെ അനുഭവം നമ്മുടെയും കണ്ണ് തുറപ്പിക്കട്ടെ. നമ്മുടെ കൂടെയുള്ള നിറസാന്നിധ്യമായി, നമ്മുടെ ബാലിശചിന്തകള്‍ പോലും എപ്പോഴും കേള്‍ക്കുന്ന കൂട്ടുകാരനായി നമുക്കവനെ സ്നേഹിക്കാം.
By: ജില്‍സ ജോയ്
More